ജാതി അറിയേണ്ടവർക്ക് : ക്ഷമിക്കണം, മേയറുടെ അല്ല

0
137

Shahina nafeesa

ജാതി അറിയേണ്ടവർക്ക് : ക്ഷമിക്കണം, മേയറുടെ അല്ല.

പാലക്കാട്‌ കുഴൽമന്ദം എന്ന സ്ഥലത്ത് ജാതിക്കൊലക്ക് ഇരയായ അനീഷ് എന്ന യുവാവിന്റെയും അയാൾ പ്രണയിച്ച് വിവാഹം കഴിച്ച ഹരിതയുടെയും ജാതി ആണ് ഉദ്ദേശിച്ചത്. അനീഷ് വിശ്വകർമ സമുദായത്തിൽ(കൊല്ലൻ ) പെട്ടയാളാണ്. ഔദ്യോഗികമായി ഇതര പിന്നോക്ക വിഭാഗം (ഒബിസി ). ഹരിത വെള്ളാളപിള്ള സമുദായത്തിൽ പെട്ട വ്യക്തിയാണ്. തമിഴ്‌നാട്ടിൽ അവരും ഒബിസി ആണ്.
ഹരിതയുടെ വീട്ടുകാർ സമ്പന്നരാണെന്ന് അന്നാട്ടുകാർ പറയുന്നു. അനീഷ് താരമത്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്. ഇരു കൂട്ടരും പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി compromise ആയതാണെന്നും പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകൾ വീട്ടുകാർ തിരിച്ചു നൽകിയിരുന്നു എന്നും അറിയുന്നു. പക്ഷേ അനീഷിനെ കൊല്ലുമെന്ന് ഹരിതയുടെ വീട്ടുകാർ പലരോടും പറഞ്ഞിരുന്നു എന്നും അറിയാൻ കഴിഞ്ഞു. Compromise ആയി എന്ന് അവർ ഭാവിച്ചതാവാം. അപ്പോഴും കൊന്നു കളയണം എന്ന് തന്നെ ആയിരിക്കാം ഉദ്ദേശിച്ചത്.

ഇവരുടെ ജാതി മാധ്യമ വാർത്തകളിൽ നിന്ന് കിട്ടില്ല എന്നത് കൊണ്ട് കൂടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ‘ഇതര സമുദായ’ത്തിൽ പെട്ട യുവതി /യുവാവ് എന്നിങ്ങനെയാണ് വാർത്തകൾ വരിക. ഏതാനും വർഷം മുൻപ് പാലക്കാട്‌ തന്നെ ഒരു കൂട്ട ആത്മഹത്യ നടന്നിരുന്നു. ഒരു കുടുംബത്തിലെ നാല് പേർ. അച്ഛനുമമ്മയും രണ്ട് പെൺമക്കളും. കാരണം ഒന്നും വാർത്തകളിൽ ഉണ്ടായിരുന്നില്ല. കൊച്ചി എഡിഷനിൽ വന്ന വാർത്തയിലെ ഒരു വരി -ഒരേ ഒരു വരി ആ വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചു. ആ കുടുംബത്തിൽ ഒരംഗം ബാക്കി ആയിരുന്നു എന്നായിരുന്നു ആ വാർത്തയിൽ ഉണ്ടായിരുന്നത്. അവരുടെ മകൻ. അയാൾ പുറത്ത് പോയ നേരത്താണ് ഇവർ ഇത് ചെയ്തത്. അതെന്ത് കൊണ്ടായിരിക്കാം എന്ന് അറിയാനുള്ള താല്പര്യം കൊണ്ട് പ്രാദേശിക പേജുകൾ തപ്പി എടുത്തു വായിച്ചു. അതിൽ ഒരു വിവരം കൂടി ഉണ്ടായിരുന്നു. മകൻ ‘അന്യ സമുദായത്തിൽ’ പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണത്രെ കുടുംബം ആത്മഹത്യ ചെയ്തത്. അതിൽ കൂടുതൽ വിവരങ്ങൾ ഒന്നും പ്രാദേശിക പേജിലും ഉണ്ടായിരുന്നില്ല.
സ്ഥലത്തെ ഡി വൈ എസ് പി യെ വിളിച്ചു. പെൺകുട്ടി ദളിത് ആയിരുന്നു.

ഗൾഫിൽ ജോലി ചെയ്തിരുന്ന മകൻ നാട്ടിൽ എത്തി വിവാഹം കഴിക്കാൻ തീരുമാനിച്ച കാര്യം വീട്ടുകാരെ അറിയിച്ചു. അവരുടെ എതിർപ്പ് മറി കടന്ന് അയാൾ വിവാഹത്തിന് ഒരുങ്ങി. പത്തൊമ്പതും പതിനഞ്ചും വയസ്സുള്ള പെണ്മക്കളെ കൊന്ന് അച്ഛനും അമ്മയും തൂങ്ങി മരിച്ചു. ആത്മഹത്യാ കുറിപ്പും 80000 രൂപയും വീട്ടിൽ നിന്ന് കണ്ടെടുത്തു. ആ തുക സംസ്കാര ചടങ്ങുകൾക്ക് ഉപയോഗിക്കണം എന്നും അതിനായി മകന്റെ കയ്യിൽ നിന്ന് പത്ത് പൈസ വാങ്ങരുത് എന്നുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. ഇനി അവരുടെ ജാതി കൂടി അറിയണം. അവർ ഈഴവരായിരുന്നു. ആ മരിച്ച മനുഷ്യൻ പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. ആ യുവാവിന്റെ ഫോൺ നമ്പർ ചോദിച്ചപ്പോൾ തരാൻ ആ ഉദ്യോഗസ്ഥൻ തയ്യാറായെങ്കിലും നമ്പർ വാങ്ങി അയാളെ വിളിക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായില്ല. ആ യുവാവിനെയും ആ പെൺകുട്ടിയെയും ഞാൻ എപ്പോഴും ഓർക്കും. പക്ഷെ അവർ എങ്ങനെ അതിജീവിച്ചിട്ടുണ്ടാകും എന്ന് ചോദിക്കാൻ ധൈര്യം ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് ആ യുവാവ്. ജാതിയുടെ പേരിൽ, മരണാനന്തര ചടങ്ങുകളിൽ നിന്ന് പോലും അയാളെ ബഹിഷ്‌കൃതനാക്കി കടന്ന് പോയ അച്ഛനുമമ്മയും കൂടപ്പിറപ്പുകളും. അയാൾ പിന്നീടുള്ള ജീവിതം എങ്ങനെ ആയിരിക്കാം ജീവിക്കുന്നത് എന്നറിയില്ല.

ജാതി എത്ര സങ്കീർണമായ പ്രതിഭാസമാണെന്ന് അവധാനതയോടെ ആലോചിക്കാൻ ഈ സമയത്തെങ്കിലും നമുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഉത്ഭവിച്ച കാലത്തെ അതേ അവസ്ഥയിലല്ല ജാതി വൈറസ് പ്രവർത്തിക്കുന്നത്. അതിന് പല കാലങ്ങളിലായി മ്യൂട്ടേഷൻ സംഭവിച്ചിട്ടുണ്ട്.