ഗാർഹികപീഡനങ്ങളുടെയും വിഷാദത്തിന്റെയും ഗ്രാഫ് കുത്തനെ ഉയർന്നേക്കാവുന്ന ഒരു പരീക്ഷണഘട്ടത്തെ കൂടിയാണ് നമ്മൾ നേരിടുന്നത്

0
144

Shahina nafeesa എഴുതുന്നു

കഴിഞ്ഞ ദിവസങ്ങളിലായി ഇൻബോക്സിൽ വരുന്ന ചില മെസേജുകൾ ആണ് ഈ കുറിപ്പിടാൻ എന്നെ പ്രേരിപ്പിക്കുന്നത് .’വീട് ഒരു നരകമാണെന്നും ഈ കൊറോണക്കാലം കഴിയുമ്പോഴേക്കും ഞാൻ ബാക്കി ഉണ്ടാവില്ലെ’ന്നും വിഷമിക്കുന്ന സ്ത്രീകളുടെ /പെൺകുട്ടികളുടെ മെസേജുകൾ .വീട്ടിലിരുപ്പ് കാലം ഏറെ കഠിനമാകുന്നത് സ്ത്രീകൾക്കാണ് എന്ന കാര്യത്തിൽ സംശയമില്ല .
ഗാർഹികപീഡനങ്ങളുടെയും വിഷാദത്തിന്റെയും ഗ്രാഫ് കുത്തനെ ഉയർന്നേക്കാവുന്ന ഒരു പരീക്ഷണഘട്ടത്തെ കൂടിയാണ് നമ്മൾ നേരിടുന്നത് . ഇക്കാര്യം കണക്കിലെടുത്ത് സ്ത്രീകൾക്ക് വേണ്ടി പ്രത്യേകമായി തന്നെയുള്ള കൗൺസിലിംഗ് /ഹെൽപ് ഡെസ്കുകൾ ആവശ്യമുണ്ട് .ട്രാൻസ് മനുഷ്യർ കൂടുതൽ ഗുരുതരമായ മാനസിക പിരിമുറുക്കവും ഗാർഹിക പീഡനവും നേരിടേണ്ടി വന്നേക്കും .
പുരുഷന്മാർക്ക് മുഴുവൻ സമയവും വീട്ടിൽ അടച്ചിരിക്കേണ്ടി വരികയും മദ്യം കിട്ടാതെ വരികയും ഒക്കെ ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈകാരിക പിരിമുറുക്കം ഗാർഹികപീഡനത്തിലേക്ക് നയിക്കാം .ഈ വയലൻസ് അനുഭവിക്കേണ്ടി വരുന്നവർക്ക് വേണ്ടി കൂടുതൽ പിന്തുണസംവിധാനങ്ങൾ ഉണ്ടാക്കേണ്ടതുണ്ട് .ഇക്കാര്യത്തിൽ സാമൂഹ്യക്ഷേമ മന്ത്രികൂടിയായ ടീച്ചർ ശ്രദ്ധ പതിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . ഇത് വായിക്കുന്ന പുരുഷന്മാർക്ക് , ‘ഇതാണോ ഇപ്പോൾ വലിയ പ്രശ്നം ‘ എന്ന് തോന്നാം .നിങ്ങൾ അനുഭവിക്കാത്ത ജീവിതം നിങ്ങൾക്ക് കെട്ടുകഥയാണ് എന്നത് കൊണ്ട് മാത്രമാണ് നിങ്ങൾക്ക് അത് തോന്നുന്നത്. വളരെ പരിമിതമായ രീതിയിൽ വ്യക്തിപരമായി ചെയ്യാൻ കഴിയുന്ന കാര്യം ഞാൻ ഇവിടെ പങ്ക് വെക്കുന്നു . കൗൺസിലിംഗിൽ പ്രൊഫഷണൽ വൈദഗ്ധ്യം ഉള്ള ആളല്ല ഞാൻ ,പക്ഷേ ഒരു കാര്യം ചെയ്യാമെന്ന് കരുതുന്നു . പ്രിയപ്പെട്ട സ്ത്രീകളേ , ട്രാൻസ് സുഹൃത്തുക്കളേ , നിങ്ങൾക്ക് വൈകാരിക സമ്മർദ്ദം താങ്ങാനാവുന്നില്ല എന്ന് തോന്നിയാൽ,ആരോടെങ്കിലും ഒക്കെ ഒന്ന് മിണ്ടണമെന്ന് തോന്നിയാൽ , ചുറ്റും ആരുമില്ലല്ലോ എന്ന് കരുതരുത് . ഇൻബോക്സിൽ ഒരു മെസേജ് ഇടൂ , നമ്പർ തരൂ , ഞാൻ വിളിക്കാം . നമുക്ക് മിണ്ടാം .നിങ്ങൾക്ക് കൗൺസിലിംഗ് ആവശ്യമുണ്ട് എന്ന് തോന്നുന്നു എങ്കിൽ അതിന് പറ്റിയ വ്യക്തികളുടെ കോൺടാക്ട് നമ്പറുകൾ തരികയും ചെയ്യാം .
ഒരിക്കലും നിങ്ങൾ ഒറ്റക്കാണെന്ന് കരുതരുത് . ശരീരങ്ങൾ തമ്മിലാണ് അകലം . മനസ്സുകൾ തമ്മിൽകെട്ടിപ്പിടിക്കാം . ഒന്നിച്ചു നിൽക്കാം .അവസാനത്തെ കൊറോണ രോഗിയും ആശുപത്രി വിട്ടുവെന്നും കേരളത്തിൽ ഒരാൾ പോലും മരിച്ചില്ലെന്നും നമ്മുടെ ഗവണ്മെന്റിനു പ്രഖ്യാപിക്കാൻ കഴിയുന്ന ആ ദിവസം വരും . ആ പ്രതീക്ഷയിലും ശുഭാപ്തിവിശ്വാസത്തിലും നമുക്ക് ഈ ഇരുണ്ട കാലത്തെ മറികടക്കാം .