Nikhil Paily
ക്യാൻസർ ബാധിച്ചു മരണപെട്ട പിതാവിന്റെ ശരീരം ആശുപത്രിയിൽ നിന്നും വീട്ടിലേക്കു കൊണ്ടു പോകാൻ വീട്ടിലെ ഡ്രൈവറോട് പറയവേ “ശമ്പളകുടിശിക തീർത്തു തരാതെ വണ്ടി എടുക്കില്ല ” എന്നും പറഞ്ഞു ഇറങ്ങി പോകുന്ന ഡ്രൈവറെയും, കരയുന്ന അമ്മയെയും നോക്കി എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്നൊരു പതിനാറു കാരൻ ചെക്കൻ . നാടകങ്ങളും സീരിയലുകളും ഷോകളും എല്ലാം ചെയ്തു അന്നോളം സമ്പാദിച്ച മുഴുവൻ സമ്പാദ്യവും ആശുപത്രി കിടക്കയിൽ അമ്മക്ക് വേണ്ടി ചിലവഴിച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചു വരാതെ യാത്ര പറഞ്ഞു പോകുന്ന അമ്മയെയും , അമ്മയുടെ മരണശേഷം വിഷാദ രോഗത്തിന് അടിമപ്പെട്ട സഹോദരിയെയും കൊണ്ടു അധികം “കനം” ഇല്ലാത്തൊരു പേഴ്സും ആയി ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് കാലു കുത്തിയ ആ ഇരുപത്താറുകാരൻ പയ്യൻ.
തലമുടിയിൽ പുരട്ടുവാൻ ജെൽ വാങ്ങുവാൻ ക്യാഷ് ഇല്ലാതെ പശയും വെള്ളവും കൊണ്ടു അഡ്ജസ്റ്റ് ചെയ്തിരുന്ന, തന്റെ വിവാഹത്തിനു പോലും സിനിമ സൈറ്റുകളിൽ വാടകക്ക് കിട്ടിയിരുന്ന കോട്ട് ഇട്ടു കൊണ്ടു അഡ്ജസ്റ്റ് ചെയ്യേണ്ടിയിരുന്ന മനുഷ്യന് .സിനിമകളിൽ ആദ്യാവസരങ്ങൾ തേടി വരുന്ന കാലത്ത് പോലും ” അഭിനയിക്കുന്നതിനു മുൻപ് സ്ക്രിപ്റ്റ് വായിച്ചു കേൾക്കണം ” എന്ന് വാശി പിടിച്ചിരുന്ന, പിന്നണിപ്രവർത്തകരെ കാണുമ്പോൾ ഇരുപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുകയും തലയിലെ തൊപ്പി ഊരുകയും ഗ്ലാസ് മാറ്റുകയും ചെയ്തു അമിത വിനയം കാണിച്ചിരുന്ന മറ്റു നടന്മാർക്കിടയിൽ ഈ വക ഒരു പരിപാടിയും കാണിക്കാതെ തന്റെ അഭിനയം ക്യാമറക്ക് മുന്നിൽ മാത്രം എന്ന് വിശ്വസിച്ചിരുന്ന നടനു !
ബിഗ് ബി ക്കു പിന്മുറക്കാർ ആയി മാധ്യമങ്ങൾ വാഴ്ത്തികൊണ്ടിരുന്ന പ്രമുഖ നിർമാതാവിന്റെ മകൻ അമീർ ഖാനും, പ്രമുഖ സാഹിത്യകാരന്റെ മകനായ സൽമാൻ ഖാനും പിറകെ പിന്തുണക്കാൻ ആരുമില്ലാതെ ഒറ്റക്ക് കടന്നു വന്ന മൂന്നാമത്തെ ഖാന്!! സ്ത്രീ താരങ്ങളെ മാത്രം ഉപയോഗിച്ച് പരസ്യം ചെയ്തു പ്രോഡക്റ്റ് സെയിൽ ചെയ്തു കൊണ്ടിരുന്ന ബാത്ത് സോപ്പു പോലുള്ള പ്രോഡക്റ്റുകളുടെ ആഡുകളിലേക്ക് ആദ്യമായി കയറി നിന്ന പുരുഷന് .ആരോരുമറിയാതെ മുംബയുടെയും ഡൽഹിയുടെയും ഷൂട്ടിംഗ് ലേകേഷനുകളിൽ അലഞ്ഞു നടന്നു നടന്നു ലോകത്തെ ഏറ്റവും ഫാൻ ബേയ്സ് ഉള്ള നടന്റെ രാജസിംഹസനത്തിൽ കയറിയിരുന്ന മനുഷ്യന്..ഇന്ന് 57 ആം പിറന്നാൾ .
മന്നത്ത് വീടിന്റെ ടെറസിന് മുകളിൽ ഇരു കൈകളും ചരിച്ചു പിടിച്ചു അയാൾക്ക് മാത്രം സ്വന്തമായുള്ള ആ ട്രേഡ് മാർക്ക് ചിരിയോടെ അയാൾ തന്റെ ആരാധകർക്കു വേണ്ടി പ്രത്യക്ഷപ്പെടുന്ന ദിനം. ഒരു വാക്കു പോലും മനസിലാവില്ലെങ്കിലും അയാൾ ഉള്ളത് കൊണ്ടു മാത്രം 19 ഇഞ്ച് ടി വി യിൽ ഓടികൊണ്ടിരുന്ന ഹിന്ദി സിനിമകൾക്കും , സീരിയലുകൾക്കും, ഷോകൾക്കും മുൻപിൽ ഒരു തലമുറയെ പിടിച്ചിരുത്തിയ ഒരേ ഒരാൾ !!നടപ്പിലും ..സംസാരത്തിലും…വേഷത്തിലും ..ആറ്റിട്യൂഡിലും …കോൺഫിഡൻസിലും …എല്ലാം മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കുന്ന അയാളെ നോക്കി ഒരു തലമുറ വിളിച്ചു ബാദ്ഷാ ….ഇന്ത്യൻ സിനിമയുടെ രാജകുമാരൻ .