രാഹുൽഗാന്ധിയെ പുച്ഛിക്കുന്നതിന് മുമ്പ് മാഡം പറയണമായിരുന്നു, അവർ എന്തുകൊണ്ട് നടക്കുന്നു എന്ന്

0
359

Shahul Hameed

തെരുവിലൂടി നടക്കുന്ന മനുഷ്യരോട് സംസാരിച്ച രാഹുൽ ഗാന്ധിയോടായി . ” അവരുടെ ഒപ്പമിരുന്ന് അവരുടെ സമയം പാഴാക്കുന്നത് എന്തിനാണ്. പെട്ടി വാങ്ങി പിടിച്ച് അവരുടെ ഒപ്പം നടന്നുകൂടേ ” ? എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് സമാധാനമായിരിക്കാം. രാഹുൽ ഗാന്ധി അവരുടെ സമയം പാഴാക്കിയിട്ടില്ല. വാഹനങ്ങളിൽ അവർക്ക് യാത്രാ സൗകര്യമൊരുക്കിയ വിവരവും വായിച്ചിരുന്നു വാർത്തകളിൽ. അപ്പൊഴും കുറച്ച് ചോദ്യങ്ങൾ മിച്ചമാവുകയാണല്ലോ. സമയം കിട്ടുന്നതനുസരിച്ച് ഉത്തരം തന്നാൽ മതിയാവും.

അവരെന്തുകൊണ്ടാണ് നടന്നുതുടങ്ങേണ്ടിവന്നത്? ആയിരിക്കുന്നിടത്ത് തന്നെ തുടരുകയെന്ന് പറഞ്ഞ് നടത്തിയ പ്രസംഗത്തിൽ അവർക്കായി എന്താണൊരുക്കിയിരിക്കുന്നതെന്ന് ഒരു വാക്കെങ്കിലും പറഞ്ഞിരുന്നുവോ? ഉവ്വെന്നാണുത്തരമെങ്കിൽ പറയൂ.അവർക്ക് എന്തുകൊണ്ടാണ് നടക്കേണ്ടിവന്നത് ? പന്ത്രണ്ട് വയസുള്ള കുട്ടി നടന്നു തളർന്നുവീണു. നൂറ് കിലോമീറ്ററുകൾ നടന്നും യാത്ര പൂർത്തിയാക്കാനാവാതെ വഴിയിൽ തളർന്നുവീണവരുണ്ട്. റെയിൽ പാളത്തിൽ കിടന്നുറങ്ങവേ ട്രെയിൻ വന്ന് ജീവൻ കൊണ്ടുപോയവരുണ്ട്. അവർക്ക് എന്തുകൊണ്ടാണ് നടക്കേണ്ടിവന്നത്?

ട്രക്കപകടങ്ങളിൽ പൊലിഞ്ഞ ജീവനുകളുണ്ട്. ബസ്സ് പാഞ്ഞുകയറിയപ്പൊ ജീവിതം അവസാനിച്ചവരുണ്ട്. സൈക്കിളിൽ യാത്ര തുടങ്ങി അവസാനിപ്പിക്കാൻ കഴിയാതെവന്നവരുണ്ട്. ദയവായി പറയൂ. അവർക്ക് എന്തുകൊണ്ടാണ് വഴിയിലിറങ്ങേണ്ടിവന്നത്? പെട്ടിയുടെ മുകളിൽ കിടത്തി അതും വലിച്ച് നീങ്ങുന്ന അമ്മമാരെക്കണ്ടു.

കൈവണ്ടിയിൽ തളർന്നുറങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടു. കാലിൻ്റെ വെളളയിലെ തൊലി പൊട്ടി ഞൊണ്ടി ഞൊണ്ടി നീങ്ങുന്ന കുഞ്ഞിനെക്കണ്ടു. ഒക്കത്ത് ഒരു കുഞ്ഞുമായി നീങ്ങുന്ന കുഞ്ഞിനെയും കണ്ടു..പൊരിവെയിലത്തിറങ്ങാൻ അവർ എന്തുകൊണ്ടാണ് തീരുമാനിച്ചത്?അവർക്ക് എന്തുകൊണ്ടാണ് നടക്കേണ്ടിവന്നത്?

വഴിയിൽ അപകടം കാത്തിരിക്കുന്നുവെന്നറിഞ്ഞിട്ടും മറ്റുള്ളവരുടെ മരണവാർത്തയറിഞ്ഞിട്ടും അവരെന്തുകൊണ്ടാണ് തെരുവിലിറങ്ങിയത്? എന്തുകൊണ്ടാണ് കൊവിഡിൻ്റെ അപകടമറിഞ്ഞിട്ടും അവർ പുറത്തിറങ്ങാൻ തീരുമാനിച്ചത്? ഉത്തരമറിയാമെങ്കിൽ പറയൂ.അവർക്ക് എന്തുകൊണ്ടാണ് നടക്കേണ്ടിവന്നത്?