Shahzad K Abdul Majeed (ശഹ്സാദ്)

അബ്ബാസും പൗരത്വവും
വിധേയത്വത്തിന്റെ ശരീര ഭാഷയും
•• •• •• •• •• ••

കുവൈത്തിലായിരുന്നു. ഗള്‍ഫിലെത്തി ആദ്യം ജോലി ലഭിച്ച വര്‍ക്ഷോപ്പിലെ കഠിനദിനങ്ങളിലൊന്ന്. വെയില്‍ കത്തുന്നൊരു നട്ടുച്ചയില്‍നിന്ന് ഒരാള്‍ പെട്ടെന്ന് ഞങ്ങളുടെ വര്‍ക്ഷോപ്പിലേക്ക് പാഞ്ഞുവന്നു. ഇറാഖിയാണ്. കൂടെയുണ്ടായിരുന്നു ആരോ പറഞ്ഞു.
അയാളുടെ തല പൊട്ടി ചോര കുതിച്ചു കൊണ്ടിരുന്നു. മുഖം മുഴവന്‍ രക്തത്തിന്റെ പല പല വൃത്തങ്ങള്‍. ജീവിതം മുഴവന്‍ ഓടിക്കൊണ്ടിരുന്ന തെരുവുനായയെപ്പോലെ അയാള്‍ അണക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ കിതപ്പോടെ നിന്ന്, എന്തോ പറയാന്‍ ശ്രമിക്കുമ്പോഴേക്ക് അയാ്ല തേടി അവര്‍ ഓടിക്കയറി.

പൊലീസുകാര്‍. അവരും കിതയ്ക്കുന്നുണ്ടായിരുന്നു. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത ലാത്തിയായിരുന്നു അവരുടെ കൈയില്‍. അവരെ കണ്ടതും കണ്ണുപൊത്തി നിലവിളിച്ചു കൊണ്ടിരുന്നു അയാളുടെ മുട്ടുകാലുകള്‍ക്ക് നേരെ ആ ലാത്തികള്‍ തുരുതുരാ പറന്നു. നിലത്തേക്ക് വീണ അയാളുടെ കാല്‍മുട്ടുകള്‍ അവര്‍ അടിച്ചു പൊട്ടിച്ചു. ചോരയുടെയും നിലവിളികളുടെയും ഇടയിലൂടെ അവരയാളെ റോഡിലേക്ക് വലിച്ചിഴച്ചു. ഇത്തിരി അകലെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലേക്ക് പഴഞ്ചാക്കുപോലെ വലിച്ചെറിഞ്ഞു. വല്ലാത്തൊരു സ്വരത്തില്‍ അയാള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഒരു ബലിപെരുന്നാള്‍ ദിനത്തില്‍,മുറിഞ്ഞു തുടങ്ങിയ കഴുത്തുമായി ചോരയൊലിപ്പിച്ചു കൊണ്ടു പാഞ്ഞ അറവുമാടിന്റെ അതേ സ്വരം ഓര്‍മ്മ വന്നു.

ബിതുന്‍
••••••••••

ബിതുന്‍ എന്ന വാക്ക് ആദ്യമായി കേട്ടത് അന്നാണ്. പേപ്പട്ടിയെപ്പോലെ ഒരു മനുഷ്യനെ തല്ലുന്നത് കണ്ടുനിന്നതിന്റെ പേടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നവരാണ് ആ പേര് പറയുന്നത്.
നാട്ടില്‍ ഇത്തരം ഒരു സംഭവം നടന്നാല്‍, ഇടപെട്ടില്ലെങ്കിലും ചുരുങ്ങിയത് പത്തു പേരെങ്കിലും കാഴ്ചക്കാരായിട്ടുണ്ടാകും. ഇവിടെ മറ്റു കടക്കാരോ യാത്രക്കാരോ സഹപ്രവര്‍ത്തകരോ ആരും തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. അറിയാതെ കാഴ്ച്ചക്കാരനായിമാറിയ എന്നെ കൂടെയുള്ള മലയാളി അയാളുടെ ജോലിയില്‍ സഹായിക്കാനെന്നോണം അങ്ങോട്ട് വിളിച്ചു.
‘നോക്കിനിന്നാല്‍ നിനക്കും കിട്ടും. നീ നിന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കൂ’ അടക്കിപ്പിടിച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. അവര്‍ പോയിക്കഴിഞ്ഞപോള്‍ ഞാനയാളോട് കാര്യം തിരക്കി. കാര്യമായൊന്നും അയാള്‍ പറഞ്ഞില്ല. എങ്കിലും ചിലതൊക്കെ മനസിലായി.

തല്ലുകിട്ടിയയാള്‍ ഒരു ബിതുന്‍ ആണത്രേ. ഒരു രാജ്യത്തും പൌരത്വം ഇല്ലാത്തവന്‍.
ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നുമൊക്കെയായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍, യുദ്ധങ്ങളിലും മറ്റും അഭയാര്‍ഥിയായി എത്തുന്നവര്‍, പൊലീസ് കേസുകളില്‍പ്പെട്ട് നാടുവിട്ടവര്‍, ജോലി തേടി അതിര്‍ത്തി കടന്നവര്‍ തുടങ്ങി അനധികൃതമായി എത്തിപ്പെട്ടവരെയാണ് ബിതുന്‍ എന്ന് വിളിക്കുന്നതെന്ന് ആകാംക്ഷ നിറഞ്ഞ അനേകം ചോദ്യങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി.

ഏതോ കുവൈത്തി സ്തീയോട് അപമര്യാദയായി പെരുമാറിയതിനാണ് ആ ചെറുപ്പക്കാരന് മര്‍ദനമേറ്റതെന്ന് കൂടെ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പറഞ്ഞ് അറിഞ്ഞു.
രണ്ടു മൂന്ന് മാസങ്ങള്‍ മാത്രമേ ഞാന്‍ കുവൈറ്റില്‍ ജോലിചെയ്തുള്ളൂ. പെട്ടെന്ന് തന്നെ നാട്ടിലേക്കു രക്ഷപ്പെട്ടു. തീരെ ചെറുപ്രായത്തില്‍ ഗള്‍ഫില്‍ എത്തിപ്പെട്ടതാണ്. ചെന്നത്തിയത് ആ വര്‍ക്ഷോപ്പിലും. കണ്‍മുന്നില്‍ വന്നുപെട്ട പലതും ഇതുമാതിരി ചോരയിറ്റുന്ന സംഭവങ്ങളായിരുന്നു. അത്രയൊന്നും സഹിക്കാന്‍ ആവുന്ന പ്രായമല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

അബ്ബാസ് എന്ന ഡ്രൈവർ
••••••••••••••••••

കുറേ കാലം കഴിഞ്ഞ് വീണ്ടും ഗള്‍ഫിലെത്തി. ഇത്തവണ ഒമാനായിരുന്നു. രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. അവിടെ ബിതുന്‍ എന്ന പദം കേട്ടിരുന്നില്ല. പിന്നീട് ഷാര്‍ജയില്‍ വെച്ചാണ് ആ വാക്ക് കേള്‍ക്കന്നത്. അബ്ബാസ് എന്ന ഇറാന്‍ യുവാവില്‍ നിന്നും.
ഒരു അറബിക് മാഗസിനില്‍ ഫോട്ടോഗ്രഫറായിട്ടായിരുന്നു ഇത്തവണത്തെ വരവ്. ഞങ്ങളുടെ ടീമിന്റെ ഡ്രെെവര്‍ ആയിരുന്നു അബാസ്. എന്നും രാവിലെ 7 മണിക്ക് അജ്മാനിലെ എന്റെ താമസ സ്ഥലത്തുനിന്ന് ദുബായിലേക്ക്. കെട്ടിടങ്ങളില്‍ നിന്ന് കെട്ടിടങ്ങളിലേക്കും തിരിച്ചു അജ്മാനിലെക്കും ഓടിയെത്തുമ്പോള്‍ രാത്രി പന്ത്രണ്ടോ ഒരു മണിയോ ആവും.

വീണ്ടും രാവിലെ കൃത്യ സമയത്ത് തന്നെ അവനെത്തിയിരിക്കും. കൃത്യ സമയത്തെത്തിയില്ലെങ്കില്‍ മാഗസിന്‍ എഡിറ്റര്‍ ആയ ഇറാഖി സ്ത്രീയുടെ തെറിയഭിഷേകമാവും. അവനോടെന്തോ സ്വകാര്യമായ പകയുണ്ടോ എന്ന് തോന്നിക്കും വിധമായിരുന്നു ഇറാഖിലെ യസീദി വംശജയായ സ്ത്രീയുടെ പെരുമാറ്റം. അവിടെ എത്തിയ കാലത്ത് അറബിയില്‍ കുറച്ചു വാക്കുകള്‍ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. അവര്‍ പറയുന്നതൊന്നും എനിക്ക് മനസിലായില്ല. അബാസിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. പക്ഷെ ഞങ്ങള്‍ തമ്മില്‍ എങ്ങിനെയൊക്കെയോ ആശയവിനിമയം നടന്നിരുന്നു. ഞാന്‍ പറയുന്നത് അവനും അവന്‍ പറയുന്നത് എനിക്കും എങ്ങിനെ മനസിലാക്കാന്‍ കഴിഞ്ഞു എന്ന് ഇപ്പോഴും എനിക്കറിയില്ല. ഒരു കാര്യവും പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല. അതിനു മുമ്പേ അവന്‍ ചെയ്തിരിക്കും. ജോലിയില്‍ കയറിയ ആദ്യത്തെ രണ്ടു മാസം എന്തിനും ഏതിനും അബാസ് ഒപ്പമുണ്ടായിരുന്നു.

അബാസ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഷാര്‍ജയില്‍ തന്നെ. ഷാര്‍ജയുടെയും അജ്മാനിന്റെയും അതിർത്തി പ്രദേശത്ത് മക്കന്നൂര്‍ എന്നൊരിടമുണ്ട് (ഉച്ചാരണം ശരിക്കും അതു തന്നെയാണോ എന്നറിയില്ല. പറഞ്ഞു കേള്‍ക്കാറുള്ളത് അങ്ങനെയാണ്. ഷാര്‍ജയും അജ്മാനും നടത്തുന്ന അതിർത്തി തർക്കങ്ങളിലൂടെയും ഈ സ്ഥലം അറിയപ്പെടുന്നു ). അവിടെയാണ് അവന്റെ വീട്. നാലാംതരം വരെയേ പഠിച്ചിട്ടുള്ളൂ. നന്നായി അറബി സംസാരിക്കുന്നതിനാല്‍ ഏതു നാട്ടുകാരനാണെന്ന് മനസിലാക്കാന്‍ പ്രയാസം. കാഴ്ചയിൽ ഒരു ബദുവിനെ പോലെ തോന്നിക്കുന്നതിനാലും ഷാര്‍ജയില്‍ ഒരുപാടു ബദുക്കള്‍ ഉള്ളതിനാലും അബാസ് ഒരു ബദു ആയിരിക്കും എന്ന് തന്നെ കരുതി. അവനെന്നെ സാവധാനം അറബി പഠിപ്പിച്ചു കൊണ്ടിരുന്നു. ഞാനവനെ ഇംഗ്ലീഷും.

പിന്നീടുള്ള സംസാരങ്ങളില്‍ അവനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അവന്റെ കുടുംബം ബലൂചിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയതാണ്. ബാബ ഏതോ വീട്ടില്‍ വേലക്കാരനായിരുന്നു. സഹോദരന്‍ മൂസ പോലീസുകാരുടെ നോട്ടപ്പുള്ളിയാണ്. അജ്മാനില്‍ നിന്ന് ഷാര്‍ജ് വഴി മദ്യം ദുബായ് അതിര്‍ത്തിയില്‍ എത്തിക്കലായിരുന്നു മൂസയുടെ ജോലി. അതിര്‍ത്തി വിടുംവരെ അജ്മാന്‍ സി ഐ ഡി സംരക്ഷണം നല്കുും. എന്നാല്‍ മദ്യം നിരോധിച്ച ഷാര്‍ജയിലൂടെ ദുബായ് അതിര്‍ത്തി വരെ മദ്യം എത്തിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തം. പിടിക്കപ്പെട്ടാലും ആരും സഹായത്തിനു വരില്ല. എന്നാല്‍ ജോലി പൂര്‍ത്തിയാക്കിയാല്‍ ഒരു മാസം ലാവിഷായി കഴിയാനുള്ളത് ഒരു ദിവസം കൊണ്ട് കിട്ടും. നാട്ടില്‍ കാശുകാരായി വിലസുന്ന അനവധി മലയാളികളും ഈ ജോലി ചെയ്യുന്നുണ്ടത്രേ. അഡ ബിസ്നസ് എന്നാണ് മലയാളിവൃത്തങ്ങളില്‍ അറിയപ്പെടുന്നത്. മൂസയെ ഇതുവരെ പോലീസിനു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് അബാസ് പറയുന്നത്. ആഴ്ചയില്‍ മൂന്നു ട്രിപ്പ് എങ്കിലും പോവാറുണ്ടത്രേ. ഇതുപോലെ ഒരുപാടു മൂസമാര്‍ മക്കനൂരില്‍ കഴിയുന്നു.

അബ്ബാസിനൊപ്പം യാത്രചെയ്യുമ്പോള്‍ ഒരു പോലീസ് ചെക്കിംഗ് ഉണ്ടായി. അന്നാണ് വീണ്ടും ബിതുന്‍ എന്ന വാക്ക് കേള്‍ക്കുന്നത്. വണ്ടി തടഞ്ഞ പോലീസുകാര്‍ എല്ലാവരുടെയും ഐ.ഡി ആവശ്യപെട്ടു. അബ്ബാസിന്റെ ഐ.ഡി കണ്ടപ്പോള്‍ അവര്‍ പുറത്തിറങ്ങി നില്‍ക്കാന്‍ പറഞ്ഞു. പിന്നെയവര്‍ വണ്ടി മുഴുവനായും പരിശോധിച്ചു. ഏറെ നേരം അവിടെ നിര്‍ത്തിയ ശേഷം പിന്നീട് വിട്ടയച്ചു.
മറ്റു വണ്ടികളൊന്നും ഇങ്ങനെ പരിശോധിച്ചില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. അവനൊന്നും പറഞ്ഞില്ല. ഐ.ഡി കാര്‍ഡ് എന്റെ കൈയിലേക്ക് തന്നു. ഞാനത് നോക്കി. അതില്ലവന്റെ പേരും പിതാവിന്റെ പേരുമുണ്ട്. നാഷനാലിറ്റി എന്നിടത്ത് അറബിയില്‍ ബിതുന്‍ എന്ന് എഴുതിയിരിക്കുന്നു. വേറെ വിവരങ്ങള്‍ ഒന്നും ഇല്ല. ഓഫീസില്‍ എത്തിയ ശേഷം ഡിക്ഷനറി എടുത്തു നോക്കിയപ്പോള്‍ ബിതുന്‍ എന്ന അറബി വാക്കിന്റെ അര്‍ഥം കണ്ടു. ‘വിതൌട്ട് നാഷനാലിറ്റി’ എന്നതാണ് വിതൌട്ട് എന്നര്‍ഥമുള്ള ബിതുന്‍ ആയി മാറിയത്.

ഒമാനില്‍ ആ വാക്ക് കേള്‍ക്കാതിരുന്നതിന്റെ കാരണം അപ്പോഴാണ് മനസിലായത്. ബലൂചികള്‍ക്ക് അവിടെ പൌരത്വം ലഭിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ അവിടെയുമുണ്ടാവുമായിരുന്നു, ബിതുന്‍.

ഇടമില്ലാത്തവരുടെ ഇടങ്ങള്‍
•••••••••••••••••••••

ബലൂചിസ്ഥാന്‍, ബര്‍മ, സോമാലിയ സാന്‍സിബാര്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ക്ക്
ഷാര്‍ജ ഭരണകൂടം ഒരുക്കികൊടുത്ത താമസസ്ഥലങ്ങള്‍. ഇന്നവിടെ എത്ര രാജ്യക്കാരുണ്ടെന്ന് പറയാന്‍ പ്രയാസം. പക്ഷെ ഉള്ളവര്‍ ഏതു തരക്കാരാണെന്ന് ചോദിച്ചാല്‍ ഏതാണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാവും. പൊതുബോധം ഇവരെ സമീപിക്കുന്നത് ഒരു പോലാണ്. ജീവിതത്തെ ഇവരില്‍ പലരും സമീപിക്കുന്നതും. ഇവിടെനിന്ന് വിദ്യാഭ്യാസം നേടിയവര്‍ നല്ല ജോലികളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തി പുറത്തേക്കു പോവുന്നു. ശേഷിക്കുന്നവര്‍ ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുന്നവരായി തീരുന്നു. ഭരണാധികാരികള്‍ പോലും സ്വന്തം കാര്യസാധ്യങ്ങള്‍ക്ക് അവരെ ഉപയോഗപ്പെടുത്താറുണ്ടെന്ന് കേള്‍ക്കു. ഇതിനാലാണത്രെ അവര്‍ പല കേസുകളിലും രക്ഷപ്പെടാറുള്ളത്. രാത്രി വൈകിയാല്‍ കാറിലായാലും അല്ലാതെയും മക്കന്നൂര്‍ വഴി പോകരുതെന്നാണ് പഴയ ആളുകള്‍ പുതിയവര്‍ക്ക് കൊടുക്കുന്ന ഉപദേശം.

വളരെ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നവരെന്നാണ് ബലൂചികളെ കുറിച്ച് പറയുക. ഒമാനില്‍ ഞാന്‍ താമസിച്ചിരുന്ന ഗല്ലിക്ക് (തെരുവ്) ഹമരിയ എന്നു പേര്. ബംഗാളി മുക്ക് എന്ന് മലയാളികള്‍ വിളിക്കും. ബലൂചികളും ബംഗ്ലാദേശികളുമായിരുന്നു അവിടെ കൂടുതല്‍. അവര്‍ തമ്മില്‍ എന്നും വഴക്കും ബഹളവുമായിരുന്നു. രാത്രി വൈകിയാല്‍ പിടിച്ചുപറിക്കാരും സജീവം.

വീണ്ടും അബ്ബാസ്
•••••••••••••••••••••

നമുക്ക് അബ്ബാസിലേക്ക് മടങ്ങാം. ഒരു ദിവസം പതിവുപോലെ അബ്ബാസിനെ കാത്തു നിന്ന എനിക്ക് ടാക്സി വിളിച്ചു ഓഫീസിലേക്ക് പോവേണ്ടി വന്നു. അബ്ബാസിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. ഓഫീസില്‍ എത്തിയപ്പോള്‍ എഡിറ്ററായ ഇറാഖി സ്ത്രീ അറബിയില്‍ എന്തൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നു. ചുറ്റും രണ്ടുമൂന്നു സ്ത്രീകള്‍ അവര്‍ക്കരികില്‍ നിന്ന് എന്തൊക്കെയോ പറയുന്നു. ഞാന്‍ ശ്രദ്ധിക്കാതെ കാബിനിലേക്ക് പോയി.അപ്പോഴവര്‍ സംസാരം നിര്‍ത്തി അങ്ങോട്ടേക്ക് വന്നു. കഴിഞ്ഞ ദിവസം കാറില്‍ വെച്ച് അവരുടെ വിലപിടിപ്പുള്ള ഫോണ്‍ നഷ്ടപ്പെട്ടത്രേ. അബ്ബാസാണ് അതെടുത്തതെന്ന് അവര്‍ പോലീസില്‍ പരാതി കൊടുത്തു. അബാസ് പോലിസ് കസ്റഡിയില്‍ ആണത്രേ. അവനെ പിരിച്ചുവിട്ടു. രാവിലെ പതിനൊന്നു മണിക്ക് ശേഷമായിരുന്നു അവര്‍ പറയുന്നതു പ്രകാരം ഫോണ്‍ നഷ്ടപ്പെട്ടത്. അന്ന് മുഴുവന്‍ ഞാന്‍ അബ്ബാസിനൊപ്പമുണ്ടായിരുന്നു. രാവിലെ അവര്‍ മകളോടൊപ്പം കാറില്‍ കയറി ഒരു സ്റാര്‍ ഹോട്ടലിനു മുന്നില്‍ ഇറങ്ങുകയായിരുന്നു. ആരോടോ ഫോണില്‍ സംസാരിച്ച് അവര്‍ ഹോട്ടല്‍ ലോബിയിലേക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടതാണ്. പിന്നെ അവര്‍ ഞങ്ങളുടെ കൂടെ വന്നിരുന്നില്ല. ഞാന്‍ ഇക്കാര്യം എം. ഡി.യെ ധരിപ്പിച്ചു. അദ്ദേഹം ഇടപെട്ട് അബാസിനെ സ്റ്റേഷനില്‍നിന്ന് പുറത്തിറക്കി. ജോലിയിലേക്ക് തിരിച്ചു വിളിച്ചെങ്കിലും അബാസ് വേണ്ടെന്ന് വെച്ചു. പിന്നീട് ഇടക്കിടെ അബ്ബാസിനെ കാണാറുണ്ടായിരുന്നു. അവനിപ്പോള്‍ അറബ് സിനിമകളുടെ ലൈറ്റ്ബോയി ആയി ജോലിചെയ്യുകയായിരുന്നു. കുറേയായി വിവരമൊന്നുമില്ല. ഇപ്പോള്‍ അവനെവിടെയായിരിക്കും? തീര്‍ച്ചയായും അത്ര ശുഭസാധ്യതകളല്ല, അവനെ പോലെ ഒരാളുടെ മുന്നിലുണ്ടാവുക.

കൈറ്റ് റണ്ണര്‍
••••••••••••••••
അടുത്തിടെ വായിച്ച, ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണര്‍ എന്ന നോവലിലാണ് പിന്നീട് മറ്റൊരു ബിതുനെ പരിചയപ്പെടുന്നത്. സ്വന്തം രാജ്യത്ത് പൌരത്വം ചോദ്യംചെയ്യപ്പെടുന്ന ഹസാരെകളുടെ കഥ കൂടിയാണ് ആ നോവല്‍. പൌരത്വം എന്ന സാങ്കേതികതയല്ല അവിടെ വിഷയം. വംശീയതയാണ്. അഫ്ഗാനിലെ ഹസാരകള്‍ മുസ്ലിംകള്‍ തന്നെയാണ്. എന്നാല്‍, അവരവിടെ ആര്‍ക്കും വേണ്ടാത്തവരാണ്. ആര്‍ക്കും എവിടെയും ആക്രമിക്കാവുന്നവര്‍. ഏതു നേരവും വലിച്ചെറിയപ്പെടാവുന്നവര്‍. ഹസാരകളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഏറെ കാലമായ കൊണ്ടു നടന്ന ഒരു സംശയത്തിന് മറുപടിയായി.

ഇറാന്റെ അധീനതയിലുള്ള കിഷ് ദ്വീപില്‍ ഒരിക്കല്‍ ചെന്നുപെട്ടപ്പോള്‍ കുറേ അഫ്ഗാനികളെ പരിചയപ്പെട്ടിരുന്നു. എനനാല്‍, അഫ്ഗാനികളുടെ മുഖഛായയോ ശരീരഭാഷയോ ആയിരുന്നില്ല അവര്‍ക്ക്. ഒരുതരം ചൈനീസ് മുഖഛായ. അവര്‍ ഹസാരകളായിരുന്നെന്നും വിധേയത്വത്തിന്റെ ശരീര ഭാഷ അവര്‍ക്ക് സഹജമായതെങ്ങനെ എന്നും ഇപ്പോള്‍ ബോധ്യമാവുന്നു.

•• ശഹ്സാദ് •••••• DEC-2011••

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.