കോവിഡിനെ ഭയക്കാതെ, ഉദരത്തിൽ വളരുന്ന കുഞ്ഞിനെപ്പോലും മറന്ന് ഐറിഷ്‌കാരന്റെ ജീവൻ തിരിച്ചുപിടിച്ച മലയാളി നഴ്‌സ്‌

54

Shaiju Narayan

അയർലണ്ടിലെ തെരുവോരത്ത് കുഴഞ്ഞു വീണ ഐറിഷ്‌കാരന് സി പി ആർ കൊടുക്കുന്ന മലയാളി നഴ്‌സ്‌.. കോവിഡിനെ ഭയക്കാതെയും ഉദരത്തിൽ വളരുന്ന കുഞ്ഞിനെപ്പോലും മറന്ന് ഐറിഷ്‌കാരന്റെ ജീവൻ തിരിച്ചുപിടിച്ച മലയാളി നഴ്‌സ്‌… സംഭവം ഇങ്ങനെ

 

കോവിഡ് എന്ന വൈറസ് യൂറോപ്പിനെ മാത്രമല്ല ലോകത്തെ മൊത്തമായി ഭീതിപ്പെടുത്തുകയാണ്. കാണുന്നത് കൂടുതലും മരണവാർത്തകൾ. പ്രവാസികളായ മലയാളി നഴ്സുമാർ മനസ്സിൽ ഭീതിയുണ്ടെകിലും ജോലിയോടുള്ള ആത്മാർത്ഥത വിട്ടുകളയാതെ ആശുപത്രി എന്ന പോർ മുഖത്തു നിലയുറപ്പിച്ചിരുന്നു. പലരുടെയും അനുഭവങ്ങൾ നാം കേട്ടിട്ടും ഉണ്ട്. നമ്മൾ ഒരുപാട് കേട്ട ഒരു കഥയുണ്ട് … അത് ഒരു നല്ല സമറിയക്കാരന്റെ കഥയാണ്. ഈ അനുഭവത്തിൽ ഒരു നല്ല സമറിയക്കാരിയായി എത്തിയിരിക്കുന്നത് റിന്‍സി ബാബു എന്ന അയർലണ്ടിലെ നഴ്‌സ്‌ ആണ്. മല്ലപ്പള്ളിക്കാരിയായ റിൻസി നല്ല സമറിയക്കാരി ആയത് അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ സിറ്റിക്ക് അധികം അകലെയല്ലാത്ത ആളൊഴിഞ്ഞ ഒരു വഴിയിലാണ്.

അൽപ്പം മുമ്പിലായി ഒരു വളര്‍ത്തു നായയുമായി നടന്നു പോവുകയായിരുന്ന ഒരു ഐറിഷ്‌കാരൻ മുമ്പോട്ട് മുഖം കുത്തി നിലത്ത് വീണത് പെട്ടന്നായിരുന്നു. മുഖമടച്ചുള്ള വീഴ്ചയിൽ സാമാന്യം വലിയ ശരീരമുള്ള ആ ഐറിഷ്‌കാരന് ഒന്നനങ്ങാന്‍ പോലും സാധിക്കുന്നില്ല എന്ന വസ്തുത റിന്‍സി പെട്ടെന്ന് തിരിച്ചറിഞ്ഞു.വീടുകിടക്കുന്ന ആളെ സഹായിക്കണം എന്ന തീരുമാനമെടുത്തെങ്കിലും വീണു കിടക്കുന്ന ആളുടെ കൂടെയുള്ള നായയുടെ നോട്ടത്തിൽ മനസ്സ് അൽപ്പം പതറിഎന്ന് റിൻസി ഓർമ്മിച്ചെടുത്തു.
മലയാളി നഴ്‌സുമാരുടെ കൂടെപ്പിറപ്പായ സഹാനുഭൂതിയിൽ ഓടി ചെന്ന് വീണയാളെ സഹായിക്കണം എന്ന് കരുതിയെങ്കിലും അതിന് തന്നെ കൊണ്ട് തനിയെ ആവില്ലെന്ന യാഥാർത്യം മനസ്സിലാക്കി. തന്റെ ഉദരത്തിൽ വളരുന്ന പന്ത്രണ്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞുവാവയെക്കുറിച്ചു ഓർത്തതും വീണുകിടക്കുന്ന വലിയ ശരീര പ്രകൃതിയുള്ള മനുഷ്യനും തന്റെ ശ്രമങ്ങളെ വിജയിപ്പിക്കാൻ ഉതകുന്നതല്ല എന്ന് റിൻസി തിരിച്ചറിഞ്ഞു.

ഒന്ന് ഉച്ചത്തില്‍ വിളിച്ച് ആരോടെങ്കിലും സഹായം ചോദിക്കണമെന്ന് വെച്ചാലും ലോക്ക്‌ ഡൗൺ ആയതിനാല്‍ ഒരൊറ്റ മനുഷ്യരെയും പരിസരത്തെങ്ങും കാണാനുമില്ല. ഏഴരയ്ക്ക് ഡ്യൂട്ടിയ്ക്ക് കയറേണ്ടതാണ്. ലൂക്കന്‍ എയില്‍സ്ബറിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ബസ് കിട്ടാന്‍ വൈകി. ഹൂസ്റ്റണ്‍ സ്റ്റേഷനില്‍ ഇറങ്ങി അതിവേഗം ലുവാസ് ലൈനിന് സമീപത്ത് കൂടി നടക്കുകയായിരുന്നു റിന്‍സി.അയര്‍ലണ്ടിലെ സെന്റ് ജെയിംസസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മല്ലപ്പള്ളി നൂറോമ്മാവ് പാറയ്ക്കല്‍ കുടുംബാംഗം റിന്‍സി ബാബുവിന് കൺ മുന്‍പില്‍ പിടഞ്ഞു വീണ ഒരു മനുഷ്യ ജീവനെ കണ്ടപ്പോള്‍ താൻ ജോലിയ്ക്ക് പോവുന്നത് വൈകിയാണെന്ന ചിന്ത പറന്നകന്നിരുന്നു.

ആര്‍ യൂ ഓ കെ’ യെന്ന് പലവട്ടം വിളിച്ചു ചോദിച്ചെങ്കിലും യാതൊരു മറുപടിയും കിട്ടിയില്ല. സമയം കടന്നു പോകുകയാണ്. നിര്‍ണ്ണായകമായ അര മിനുട്ടോളം കടന്നു പോയി. നായയെ അവഗണിച്ച് അയാളുടെ അടുത്തേയ്ക്ക് ചെല്ലാന്‍ തീരുമാനിച്ചപ്പോഴേയ്ക്കുമാണ് ഒരു ആംബുലന്‍സ് ദൂരെ നിന്നും പാഞ്ഞു വരുന്നത് റിന്‍സി കണ്ടത്.രണ്ടും കല്‍പ്പിച്ച് റോഡിന്റെ നടുവിലേക്ക് കയറി നിന്ന് രണ്ട് കൈകളും ഉയര്‍ത്തി. ഭാഗ്യത്തിന് ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി വന്നു. തൊട്ടടുത്തുള്ള സെന്റ് പാട്രിക്‌സ് മെന്റല്‍ ഹോസ്പിറ്റലില്‍ നിന്ന് ഒരു രോഗിയെ എടുക്കാന്‍ വന്നതായിരുന്നു അയാള്‍.ഓടി വീണു കിടക്കുന്ന ആളുടെ അടുത്തെത്തി. രണ്ട് പേരും ചേര്‍ന്ന് നേരെയാക്കി, തറയില്‍ കിടത്തി. പള്‍സ് നോക്കി. ജീവന്റെ തുടിപ്പ് അവശേഷിക്കുന്നില്ലെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നിയത്. 999 ലേയ്ക്ക് വിളിച്ച് പറഞ്ഞതോടൊപ്പം നഴ്‌സ് ആണെന്ന് പറഞ്ഞതോടെ സി പി ആര്‍ കൊടുക്കാമോ എന്ന് ഡ്രൈവര്‍ ചോദിച്ചു. റിൻസിയെ സഹായിക്കാൻ ഡ്രൈവറും കൂടി. ജീവനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല എന്ന തിരിച്ചറിവ് മനസിനെ വല്ലാതെ വിഷമിപ്പിച്ചു.

999 വിളിച്ചെങ്കിലും ആംബുലന്‍സ് വന്നിട്ടില്ല. വിലയേറിയ സമയങ്ങൾ കടന്നു പോകുന്നു. എമർജൻസി പാരാമെഡിക്‌സ് എപ്പോള്‍ വരുമെന്ന് അറിയില്ല താനും. വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് മറ്റൊരു രോഗിയെ അടിയന്തരമായി കൊണ്ടുപോകേണ്ടതാണ്. എങ്കിലും ആ ആംബുലന്‍സില്‍ ഉണ്ടായിരുന്ന എ ഇ ഡി മിഷ്യന്‍ എടുത്ത് ഷോക്ക് കൊടുത്ത് അവസാന ശ്രമം നടത്തിയത് വിജയിച്ചു. രണ്ട് മിനിട്ടുകള്‍ക്ക് ശേഷം പള്‍സ് തിരിച്ചെത്തിയിരിക്കുന്നു.ദൈവവം കരുണ കാണിച്ചിരിക്കുന്നു….. മുട്ട്കുത്തി നിലത്തിരിക്കുകയായിരുന്ന റിന്‍സി അതോടെ എഴുന്നേറ്റു. അപ്പോഴേയ്ക്കും ആംബുലന്‍സിന്റെ സൈറണും കേള്‍ക്കാമായിരുന്നു. ഇതിനിടെ ആ വഴി നടന്നു പോവുകയായിരുന്ന സെന്റ് ജെയിംസസിലെ തന്നെ മറ്റൊരു സീനിയര്‍ നഴ്‌സും സഹായത്തിനെത്തി. എല്ലാവരും ചേര്‍ന്ന് അജ്ഞാതനായ ആ മനുഷ്യനെ ആംബുലന്‍സിലേയ്ക്ക് കയറ്റുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ റിന്‍സിയോട് നന്ദി അറിയിച്ചു. ഒരു ജീവന്‍ വീണ്ടെടുത്തതിന്….ഇനി ഞങ്ങള്‍ നോക്കി കൊള്ളാം.

യാതൊരു അസുഖവും തോന്നിക്കാത്ത വിധത്തില്‍ ഒരു പത്തടി മുമ്പിലാണ്. സ്പീഡിലായി അദ്ദേഹം നടന്നിരുന്നത്.. റിന്‍സി പറയുന്നു. കോവിഡ് 19 ന്റെ പേടിയില്‍ ലോകജനത പരസ്പരം സംശയദൃഷ്ടിയോടെ നോക്കി നില്‍ക്കുന്ന സമയത്താണ് നേഴ്‌സായ റിന്‍സി ബാബുവിന്റെ സാഹസം ചര്‍ച്ചയാവുന്നത്. ഗർഭിണയായിരിക്കുന്ന ഒരാളും കോവിഡ് രോഗിയുമായോ സംശയിക്കുന്നവരുമായോ ഒരു തരത്തിലുള്ള സമ്പർക്കവും പാടില്ല എന്ന് നിദ്ദേശം ഉള്ളപ്പോൾ ആണ് റിൻസി ഇത്തരത്തിലുള്ള ഒരു റിസ്‌ക് എടുത്തത്. ‘കോവിഡ് രോഗികള്‍ പെട്ടന്ന് വീണു മരിക്കുന്ന സംഭവങ്ങളൊക്കെ വായിച്ചിട്ടുണ്ട്. യാതൊരു സുരക്ഷയുമില്ലാതെയാണ് സി പി ആര്‍ കൊടുത്തത്… പക്ഷെ അതൊന്നും ഓര്‍ക്കാനുള്ള സമയം അല്ലായിരുന്നു അത്. രോഗിയെ കണ്ടാൽ തന്നെത്തന്നെ മറക്കുന്ന മലയാളി നഴ്‌സുമാരുടെ സഹാനുഭൂതി.

‘ ഞാന്‍ അയാളെ ഒഴിവാക്കി കടന്നു പോയാല്‍ അയാള്‍ക്ക് ഈ ലോകത്തിലേയ്ക്ക് ഇനി തിരിച്ചെത്താന്‍ കഴിയില്ലെന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസിലായിരുന്നു, ഞാന്‍ ദൈവത്തിന് നന്ദി പറയുന്നത് ആ നിമിഷത്തില്‍ തന്നെ അയാളെ സഹായിക്കാന്‍ എന്നെ അനുവദിച്ചതിനാണ്, റിന്‍സി പങ്കുവെക്കുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി നൂറോമ്മാവ് പാറയ്ക്കല്‍ അനുപ് തോമസാണ്, റിന്‍സിയുടെ ഭര്‍ത്താവ്. ദുബായിയില്‍ സിവില്‍ എഞ്ചിനിയര്‍ ആയിരുന്ന അനൂപ് ഒരു മാസം മുമ്പാണ് അയര്‍ലണ്ടില്‍ എത്തിയത്.
‘വഴിയില്‍ ആംബുലന്‍സ് തടയാനുള്ള ധൈര്യമൊക്കെ എങ്ങനെ കിട്ടിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല….ഒരു ജീവന്‍ രക്ഷിക്കാന്‍ അത്രയ്‌ക്കെങ്കിലും ചെയ്യാനായല്ലോ എന്ന സന്തോഷമുണ്ട്. ഡൽഹിയിലെ ഫരീദാബാദില്‍ ജനിച്ചു വളര്‍ന്ന റിന്‍സി ഐറിഷ് മലയാളികളുടെ അഭിമാനമാവുകയായിരുന്നു.