പ്രജ്ഞാസിംഗിന്റെ രോഗാവസ്ഥയിൽ സന്തോഷിക്കരുത്, സംഘികളെപ്പോലെ ആകരുത്

0
80

ഷാജഹാൻ ടി അബ്ബാസ്

പ്രജ്ഞാസിംഗ് താക്കൂറിനു കണ്ണിനു കാൻസർ ആണെന്നും അതുമൂലം അസഹനീയമായ വേദനയാണ് താൻ അനുഭവിക്കുന്നതെന്നും അവർതന്നെ പറയുന്നു . അതിൽ ആഹ്ലാദിച്ചു വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എന്തെങ്കിലും പറയുന്നത് എന്നത് സംഘുപരിവാർ ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന മുസ്ലിംകളുടെ ക്വാളിറ്റിയാണ് എന്ന് പറയാനാണ് എനിക്കിഷ്ടം.
എന്നാലും അവരുടെ ദുരിതത്തിൽ മനസ്സുകൊണ്ടെങ്കിലും ആരെങ്കിലും സന്തോഷിക്കുന്നുവെങ്കിൽ അവരോട് : ബോൺ കാൻസർ ബാധിച്ചു വേദനകൊണ്ടു പുളയുന്ന ഒരു സഹോദരിയെ 15 വർഷങ്ങൾക്ക് മുമ്പ് ഞാൻ സന്ദർശിച്ചിരുന്നു. എങ്ങിനെയെങ്കിലും ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു എന്നത് മാത്രമായിരുന്നു അവരുടെ ആഗ്രഹം. ജീവിതത്തിൽ എല്ലാവിധ ഇസ്ലാമിക മൂല്യങ്ങളും കൃത്യമായി പാലിച്ചിരുന്ന അവർക്ക് ആ മാരകരോഗം വന്നത് എന്തെങ്കിലും ദൈവശിക്ഷയാണ് എന്ന് ആരും പറയില്ലല്ലോ. പ്രജ്ഞാസിംഗ് താക്കൂറിനെന്നല്ല ലോകത്ത് ഒരു മനുഷ്യനും ദൈവ ശിക്ഷയായി മാരക രോഗം വരുമെന്ന് ഒരു വിശ്വാസിയും ധരിക്കേണ്ടതില്ല. ദൈവത്തിന്റെ തീരുമാനം മാത്രമാണതൊക്കെ. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ അഹമ്മദ് ദീദാത്ത് വർഷങ്ങളോളം കിടന്നകിടപ്പിൽ കിടന്നത് ദൈവ ശിക്ഷയായിരുന്നില്ലല്ലോ !

RSS എന്നത് പ്രജ്ഞാസിംഗ് താക്കൂറോ നരേന്ദ്ര മോദിയോ അമിത് ഷായോ യോഗിയോ സാക്ഷാൽ മോഹൻ ഭഗവതോ അല്ല. അതൊരു മാനസികാവസ്ഥയാണ്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഉന്മൂലനം ചെയ്യണം എന്ന് വിശ്വസിക്കുന്ന ഏറ്റവും അപകടകരമായ മാനസികാവസ്ഥ. ആ സംവിധാനത്തിനകത്തെത്തിയാൽ ഏത് മിതവാദിയായ മനുഷ്യനും വർഗ്ഗീയ വാദിയാവും എന്നതിന് തെളിവാണ് കപിൽ മിശ്രയും നജ്മ ഹെപ്തുള്ളയും. ആത്യന്തികമായി നശിക്കേണ്ടത് RSS നേതാക്കന്മാരല്ല, RSS എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ്. ജർമ്മനി അടക്കി ഭരിച്ച നാസി പാർട്ടി ഹിറ്റ്ലറുടെ അന്ത്യത്തോടെ തകർന്നത് പോലെ ഇന്ത്യയിൽ ബിജെപി അധികാരം നഷ്ടപ്പെടുന്നതോടെ RSS ഉം നശിക്കും. പിന്നെ ഇപ്പോൾ ജർമ്മനിയിൽ നാസിയാണ് എന്ന് പുറത്തുപോലും പറയാൻ കഴിയാത്തത്ര മാനക്കേടോടെ അവരും ന്യൂനാൽ ന്യൂനപക്ഷമാവും. അങ്ങിനെ ഇന്ത്യ വീണ്ടും ലോകത്തിനു മുന്നിൽ വിജയിക്കും. ലോകത്തുതന്നെ ഏറ്റവും പുരാതനമായ മനുഷ്യ സംസ്കൃതിയുടെ ഉടമകളായ ഭാരതത്തിന് ജയിച്ചേ മതിയാവൂ. ഭാരതം ജയിക്കുകതന്നെ ചെയ്യും. അത് സമയത്തിന്റെ മാത്രം പ്രശ്നമാണ്. ഈ സമയവും കടന്നുപോവും.