കണ്ടുമറന്ന കഥകളിലെ അറ്റ്ലി ജയം

ബി എൻ ഷജീർ ഷാ

അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പേര് പരിഹസിക്കുന്ന ഒരു സംവിധായകൻ ആണ് അറ്റ്ലി. ഓരോ അറ്റ്ലി സിനിമകൾ പുറത്തു വരുമ്പോഴും അയാളുടെ നിറത്തിനെ ചൊല്ലി വരെ ചില നടന്മാരുടെ ഫാൻസ്‌ അറ്റ്ലിയെ പരിഹസിക്കുന്നത് കാണാറുണ്ട്. ശങ്കർ എന്ന ഒരു വന്മരത്തിന്റെ ശിഷ്യനായി സിനിമാ ലോകത്ത് എത്തിയ അറ്റ്ലി ഇതുവരെ അഞ്ചു സിനിമകൾ ആണ് സംവിധാനം ചെയ്‍തത്. ഇതിൽ ഒരു സിനിമ പോലും പരാജയമായിട്ടില്ല എന്ന് മാത്രമല്ല 100 ൽ തുടങ്ങി അഞ്ഞൂറ് കോടി ക്ലബ്ബ് വരെ അയാൾക്ക് സ്വന്തം. അവസാനം ഇറങ്ങിയ ജവാൻ തിയറ്ററുകൾ പൂരപ്പറമ്പ് ആക്കി ആയിരം കോടിയിലേയ്ക്ക് കുതിയ്ക്കുകയാണ്. എങ്കിൽ ആശാന് കിട്ടാത്ത ആ ആയിരം കോടി ക്ലബ് ശിഷ്യൻ കൈക്കലാക്കും എന്ന് പ്രതീക്ഷിക്കാം.

രാജാ റാണി എന്ന പ്രണയ ചിത്രത്തിലൂടെയാണ് അറ്റ്ലി സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ ആകുവാൻ സഹായിച്ച സിനിമകളിൽ ഒരെണ്ണം ആണ് രാജ റാണി. അപ്പോൾ അറ്റ്ലിക്ക് നേരെ ആരും പരിഹാസവും കുറ്റപ്പെടുത്തലുമായി രംഗത്ത് വന്നില്ല. ഒരു വിജയ ചിത്രം എന്ന നിലയിൽ സിനിമ വന്നു പോയ്. തുടർന്ന് വിജയിയുടെ കൂടെ തെറി എന്ന സിനിമ. തെറി 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചപ്പോൾ ചിലർ ചെറുതായി മുറുമുറുക്കാൻ തുടങ്ങി. എന്നാൽ അതിനു പിന്നാലെ മേക്കിങ് കൊണ്ട് വിസ്‌മയം ഒരുക്കിയ മെർസൽ റിലീസ് ആയി വമ്പൻ ഹിറ്റ് ആയപ്പോളേയ്ക്ക് ചിലർക്കൊക്കെ ഇരിക്കപൊറുതി ഇല്ലാതായി. മെർസൽ മുതൽക്കാണ് വ്യാപകമായ രീതിയിൽ അറ്റ്ലിക്ക് എതിരെ ഹേറ്റ് ക്യാംപെയിൻ ആരംഭിച്ചത്. അതിനു ചുക്കാൻ പിടിച്ചത് തമിഴ് നാട്ടിലെ ഒരു പ്രമുഖ നടന്റെ ഫാൻസും കേരളത്തിലെ ഒരു പ്രമുഖ നടന്റെ ഫാൻസും ആണ് എന്നത് പരസ്യമായ രഹസ്യം.

അറ്റ്ലി ഭയങ്കര കോപ്പി അടി ആണ്. പുള്ളിയുടെ സിനിമകളിൽ ലോജിക്ക് ഇല്ല ഇതൊക്കെയാണ് ഇവർ നിരത്തുന്ന ന്യായങ്ങൾ. അതെ സമയം ഈ കൂട്ടർ തന്നെ കെ ജി എഫ് പോലുള്ള സിനിമകൾ കാണുമ്പോൾ സിനിമക്ക് എന്തിനാണ് ലോജിക്ക് എന്ന് മറുചോദ്യവും ചോദിക്കും. ഏറെ ജനപ്രിയൻ ആയ ലോകേഷ് പോലും തന്റെ സിനിമകളിൽ നന്നായി ഹോളിവുഡ് സീനുകൾ പോലും അടിച്ചു മാറ്റി വെക്കുന്നുണ്ട്. മാസ്റ്ററിലെ ഭാവാനിയുടെ ബാക്ക് സ്റ്റോറി തന്നെ ഗുണ്ടേല എന്ന ഇൻഡനേഷ്യൻ കോമിക്കിൽ നിന്നും അതുപോലെ ചുരണ്ടിയതാണ്. സത്യത്തിൽ ഇക്കാലത്ത് അടിച്ചുമാറ്റാൽ നടത്താത്ത ഒരു പുതിയ സംവിധായകരും ഇല്ല. എന്നാൽ അത് ജനങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ പ്രസന്റ് ചെയ്യിക്കുക എന്നതാണ് അവരുടെ വിജയം. അതിൽ മറ്റാരേക്കാളും മുന്നിൽ ഇപ്പോൾ അറ്റ്ലി തന്നെയാണ്. കാരണം ഏറെക്കുറെ അടിച്ചുമാറ്റൽ ആയിരുന്നിട്ടും അയാളുടെ അവസാന മൂന്നു ചിത്രങ്ങളും വമ്പൻ ഹിറ്റുകളാണ്. അതിൽ തന്നെ ജവാൻ ഒരു രക്ഷയും ഇല്ലാത്ത അഭിപ്രായങ്ങളും കളക്ഷനും ആണ് നോർത്തിൽ വാരുന്നത്.

ജവാൻ ഇറങ്ങിയ ദിവസം കേരളത്തിലെ സ്വയം ഭൂക്കൾ ആയി കുറച്ചു പ്രമുഖ റിവ്യൂസ് ഇടുന്നവർ സിനിമയെ കൊന്നു കൊലവിളിച്ചാണ് രംഗത്ത് വന്നത്. അത് അറ്റ്ലിയെ ഇഷ്ടമില്ലാത്ത മറ്റേ ഫാൻസുകാർ ഏറ്റെടുത്തു് ആദ്യ ദിവസം തന്നെ പടം പൊട്ടി അറ്റ്ലി ചന്ദ്രനിൽ എത്തി എന്നൊക്കെ പോസ്റ്റ് ഇട്ടു സന്തോഷിച്ചു. അവരെയൊക്കെ പൊട്ട കിണറ്റിലെ താവളകളായി മാത്രമേ കാണുവാൻ കഴിയു. എത്രയൊക്കെ നെഗറ്റിവ് അടിച്ചു വിട്ടിട്ടും ഇപ്പോഴും സിനിമക്ക് കേരളത്തിൽ സഹിതം പ്രേക്ഷകർ ഉണ്ട് എങ്കിൽ ജനങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ സിനിമ എടുക്കാൻ അയാൾക്ക് അറിയാവുന്നത് കൊണ്ടാണ്. സിനിമയിൽ ഉപയോഗിച്ച മറ്റു സിനിമകൾ എല്ലാം കണ്ടത് കൊണ്ട് എനിക്കും ശരാശരി അനുഭവമാണ് സിനിമ നൽകിയത് എന്നിരുന്നാലും പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ധൈര്യപൂർവ്വം വെടിപ്പായി തന്നെ പറഞ്ഞതിന് അറ്റ്ലി കയ്യടി അർഹിക്കുന്നു. കൂടാതെ ആൾക്കൂട്ടത്തെ സിനിമയിൽ വളരെ നന്നായി ഉപയോഗിക്കാൻ ഉള്ള കഴിവ് അറ്റ്ലിക്ക് നല്ലതുപോലെ ഉണ്ട്. കാണുമ്പോൾ ഈസിയായി തോന്നുമെങ്കിലും ആൾക്കൂട്ട രംഗങ്ങൾ ചിത്രീകരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

മെർസൽ ബിഗിൽ ജവാൻ ഈ മൂന്ന് മാസ് മസാല സിനിമയിലും ഭരിക്കുന്നവർക്ക് എതിരെ പച്ചക്ക് അവർ കാണിക്കുന്ന തെണ്ടിത്തരങ്ങൾ വിളിച്ചു പറയാൻ അയാൾ കാണിക്കുന്ന ധൈര്യം തന്നെയാണ് ഇക്കാലത്ത് മറ്റാർക്കും ഇല്ലാത്തത്. അവാർഡുകളും ആനുകൂല്യങ്ങളും കിട്ടാൻ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും സോപ്പിട്ടു നടക്കുന്ന മലയാള സിനിമാക്കാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ധൈര്യം ആണ് അയാൾ വീണ്ടും വീണ്ടും കാണിക്കുന്നത്. അത് ജനങ്ങളിൽ എത്തിക്കാൻ വിജയ് ഷാരൂഖ് പോലുള്ള വമ്പൻ താരങ്ങളെ തന്നെ കൂട്ട് പിടിച്ചു കൊണ്ട് നിശബ്ദമായ ഒരു വിപ്ലവം ആണ് അറ്റ്ലി തുടരുന്നത്. ജയിലർ വിക്രം പോലുള്ള കണ്ടു മറന്ന കഥകൾ ഉള്ള സിനിമകൾ കയ്യടിച്ചു സ്വീകരിച്ച നമുക്ക് അറ്റ്ലി അത്തരത്തിൽ ചെയ്യുമ്പോൾ മാത്രം പണ്ണൽ എന്ന് പരിഹാസ രൂപേണ പറയുമ്പോഴും തന്റെ അടുത്ത മെഗാ പ്രോജക്റ്റുകൾക്ക് ഉള്ള തിരക്കിൽ ആണ് അയാൾ. ഒരു കാര്യം ഉറപ്പ് ബോളിവുഡ് അത്ര പെട്ടന്ന് ഒന്നും ഇനി അറ്റ്ലിയെ സൗത്തിലേയ്ക്ക് വിടില്ല. അറ്റ്ലിയുമായി വീണ്ടും സിനിമ ചെയ്യണം എന്ന് srk തന്നെ പറഞ്ഞു കഴിഞ്ഞു… സൽമാൻ ഋതിക്ക് ഒക്കെ ഡേറ്റ് കൊടുക്കാൻ തയ്യറാവുകയും ചെയ്യും…

നമുക്ക് ബ്രില്യൻറ്സ് പ്രകൃതി എന്നൊക്കെ പറഞ്ഞു ഊറ്റം കൊണ്ട് പടക്കങ്ങൾ പൊട്ടിച്ചു തെക്കോട്ടു നോക്കി കളിയാക്കൽ തുടർന്നുകൊണ്ട് ഇരിക്കാം… ഇത്തരത്തിലുള്ള കളിയാക്കലുകൾ ഭയന്നാണ് ഇതുപോലുള്ള മാസ് മസാലാ സിനിമകൾക്ക് കാശ് മുടക്കാൻ ഇപ്പോൾ മലയാള നിർമ്മാതാക്കൾ ഭയക്കുന്നത് എന്നത് ആരും തിരിച്ചറിയുന്നില്ല… അതുപോലെ നടന്മാരും ആ വഴിക്ക് പോകാത്തതും അതുകൊണ്ടാണ്.. നമ്മൾ ആർ ആർ ആർ, കെ ജി എഫ് , വിക്രം, ജയിലർ , ജവാൻ പോലുള്ള അന്യഭാഷാ ചിത്രങ്ങൾ കണ്ടു സ്‌മൃതിയടയാം…

നന്ദി…
ബി എൻ ഷജീർ ഷാ…

You May Also Like

‘ബൈനറി’യുടെ വിജയം, നടൻ രാജേഷ് മല്ലർ കണ്ടിയുടെയും, കോഴിക്കോട് നിന്നും മറ്റൊരു താരോദയം

‘ബൈനറി’യുടെ വിജയം, നടൻ രാജേഷ് മല്ലർ കണ്ടിയുടെയും, കോഴിക്കോട് നിന്നും മറ്റൊരു താരോദയം. പി.ആർ.സുമേരൻ. കൊച്ചി:…

ക്രൂശിക്കപ്പെട്ട ഒരു കലാകാരൻ പതിറ്റാണ്ടുകൾക്ക് ശേഷം ഓസ്കർ വേദിയിൽ മികച്ച നടനുള്ള അവാർഡ് നേടുന്നു

DrArsha M Dev കുട്ടിക്കാലത്ത് ഏറ്റവുമധികം ത്രസിപ്പിച്ച “മമ്മി” ത്രയത്തിലെ റിക്ക് ഒ കോണലിനെ അനശ്വരമാക്കിയ…

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍- പെൻഡുലം റിലീസായി

പെൻഡുലം ജൂൺ 16-ന്. വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ…

ഏറ്റവും ലളിതമായ രീതിയിൽ ഒരു ക്ലാസ്സിക്‌ ത്രില്ലർ അവതരിപ്പിക്കുക, അതാണ്‌ ഈ സിനിമ

Shameer KN ഏറ്റവും ലളിതമായ രീതിയിൽ ഒരു ക്ലാസ്സിക്‌ ത്രില്ലെർ അവതരിപ്പിക്കുക, അതാണ്‌ ഈ സിനിമ…