Shaji Francis
“കലയിൽ പുതുമ തേടിയുള്ള പ്രയാണത്തിൽ എന്തിനെയൊക്കെ നാം നഷ്ടപ്പെടുത്തണം, വലിച്ചെറിയണം എന്നത് ആരാണ് നമുക്ക് പറഞ്ഞു തരുന്നത്?!”
– അകീര കുറൊസാവ
പരിമിതമായ മാറ്റങ്ങൾ എല്ലാക്കാലവും എല്ലാ സമൂഹങ്ങളിലും ഉണ്ടായിട്ടുണ്ട്, സിനിമ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും. എന്നാൽ ചില “ബ്രഹ്‌മാണ്ഡ” മാറ്റങ്ങൾക്ക് ഇന്നത്തെ കാലവും, നാം ഓരോരുത്തരും സാക്ഷ്യം വഹിക്കുന്നു. “മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്” എന്ന മലയാള ചലച്ചിത്രം അത്തരത്തിൽ ഒരു ബ്രഹ്‌മാണ്ഡ മാറ്റം കുറിക്കുന്നു, അല്ലെങ്കിൽ കുറിക്കാൻ ആഗ്രഹിക്കുന്നു.
(ഇതുവരെ ആ ചിത്രം കാണാത്തവർക്കായി)
എല്ലാത്തരം തിന്മകളുടെയും (“തിന്മ” എന്ന പദം ഇന്നത്തെ കാലത്ത് ഉപയോഗിക്കാമോ എന്ന് തീർച്ചയില്ല; “സ്വാഭാവസവിശേഷത” എന്ന് പറയുന്നതാവും ഉചിതം), Okay, എല്ലാത്തരം സ്വാഭാവസവിശേഷതകളുടെയും വിളനിലമായ നായകഥാപാത്രം (വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മുകുന്ദനുണ്ണി) തൻ്റെ വക്കീൽ പണിയിൽ പലരെയും ചതിച്ചും ചൂഷണം ചെയ്തും വഞ്ചിച്ചും കൊലപ്പെടുത്തിയും അപരാജിതനായി വലിയ നിലയിൽ എത്തുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.
മുകുന്ദനുണ്ണി ഒരിടത്തും (കഥാന്ത്യം ഉൾപ്പടെ) പിടിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, ഇയാളുടെ എല്ലാവിധ “സ്വാഭാവസവിശേഷത”കളും അറിയാവുന്ന നായികാകഥാപാത്രം, ഇന്നത്തെ കാലത്ത് അപ്രസക്തമായ “സ്വഭാവ വൈകല്യങ്ങൾ” (“നന്മകൾ” എന്ന് പണ്ട് ആരൊക്കെയോ വിളിച്ചിരുന്ന കാര്യങ്ങൾ) യഥേഷ്ടം ഉള്ള ഒരു ഡോക്ടർ കഥാപാത്രത്തിന്റെ പ്രണയാഭ്യർത്ഥന നിരസിച്ച്, മുകുന്ദനുണ്ണിയെ വിവാഹം ചെയ്യുകയും, ക്ലൈമാക്സിൽ മറ്റൊരു കഥാപാത്രം പറയുന്ന ഒരു “ആദർശ” ഡയലോഗിന് കൌണ്ടർ ആയി “ഇങ്ങനെ ഊമ്പിത്തിരിഞ്ഞ് ഇരിക്കുമ്പോൾ ഇത്തരം ചിന്തകൾ ഒരു ആശ്വാസത്തിന് നല്ലതാണ്!” എന്ന് പറയുക കൂടി ചെയ്യുന്നു. മുകുന്ദനുണ്ണിയുടെ ചതി / വഞ്ചന / വെട്ടിപ്പ് / ചൂഷണം / കൊലപാതകം ആദിയായ “സ്വാഭാവസവിശേഷതകൾ” അയാളെ വലിയ ഉയരങ്ങളിൽ എത്തിക്കും, അതിനാലാണ് താൻ ഡോക്ടറേക്കാൾ അയാളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നും ഈ നായികാകഥാപാത്രം നേരത്തെ പറഞ്ഞു വെക്കുന്നു.പിന്നെ, പരസ്യപ്പെടുത്തിയ “ഡാർക്ക് കോമഡി” എന്ന genreൽ പെടാൻ ചിത്രത്തിൽ ഉടനീളം ചില മേമ്പടികളും അവതരണ രീതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
“മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്” മലയാള സിനിമയിൽ ഒരു ബ്രഹ്‌മാണ്ഡ മാറ്റം കുറിക്കുന്നു, അല്ലെങ്കിൽ കുറിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഞാൻ പറയുന്നതിന്റെ കാരണങ്ങൾ:(കാലഹരണപ്പെട്ട ചില പദങ്ങൾ അവയുടെ “പ്രാചീന” അർത്ഥത്തിൽ ഇവിടെ ഉപയോഗിക്കുന്നു. ഉദാ: നന്മ, തിന്മ, ആദർശം, മൂല്യം, മാതൃക, സന്ദേശം…!!)
1. തിന്മയെ എത്ര കണ്ടു വിഷയമാക്കിയാലും, ക്ലൈമാക്സിൽ നന്മ വിജയിക്കണം എന്ന ആ അലിഖിത നിയമത്തിന്റെ പൊളിച്ചെഴുത്ത്!! “Crime never pays!” എന്ന സന്ദേശം ചലച്ചിത്രങ്ങൾ “നേരിട്ട്” നൽകണം (directly നൽകണം – അല്ലാതെ പരോക്ഷമായോ, “ഡാർക്ക് കോമഡി” എന്നൊക്കെയുള്ള പശ്ചാത്തലങ്ങളിൽ ആക്ഷേപ ഹാസ്യ രൂപത്തിലോ അല്ലാതെ) എന്ന അലിഖിത നിയമത്തിന്റെ പൊളിച്ചെഴുത്താണ് ഈ സിനിമ! “അഭിമന്യു” എന്ന പഴയ മോഹൻലാൽ ചിത്രം ചെയ്ത പ്രിയദർശനെ പോലെയുള്ള സിനിമാ പ്രവർത്തകർക്ക് ഇല്ലാതെ പോയ ആ “ബ്രഹ്‌മാണ്ഡൻ ധൈര്യം” ഈ ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും ഉള്ളവർ കാണിച്ചു!! എന്തിന്, മലയാള സിനിമയെ ക്രിയാത്മകതയുടെയും ഉള്ളടക്കത്തിന്റെയും സാങ്കേതികതയുടെയും ഉത്തുംഗശൃംഗത്തിൽ എത്തിച്ച ഉദയകൃഷ്ണ – വൈശാഖ് (“മോൺസ്റ്റർ” എന്ന വിശ്വവിഖ്യാത സംഭാവന!) / ഉദയകൃഷ്ണ – സിബി തോമസ് – ദിലീപ് (“ശൃംഗാരവേലൻ” പോലുള്ള ക്ലാസിക് ചിത്രങ്ങൾ) കൂട്ടുകെട്ടുകൾക്കു പോലും ഈ ധൈര്യം കാണിക്കാൻ ചങ്കുറപ്പില്ലാതെ പോയി!!!
2. സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന നായകന്മാർ “ഉത്തമപുരുഷന്മാർ” ആയിരിക്കണം എന്ന പ്രാചീന ചിന്തയുടെ അടിച്ചുതകർക്കൽ! കഴിഞ്ഞ ഏതാനും വർഷങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഒട്ടുമിക്ക നായക കഥാപാത്രങ്ങൾക്കും “റിയലിസ്റ്റിക്” സ്വഭാവം വന്നുവെങ്കിലും, അവരെല്ലാവരും “ആത്യന്തികമായ നന്മ” എന്ന ആ അദൃശ്യ ശക്തിയിൽ ചെന്നിടിച്ച് ക്ലൈമാക്സിൽ വീഴുന്നവരാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് “ഉയരങ്ങളിൽ” എന്ന മോഹൻലാൽ ചിത്രം എഴുതിയ എംടി അടക്കമുള്ളവർ ഇതുവരെ പാലിച്ചുപോന്ന ആ നിയമം ഇവിടെ പുച്ഛിച്ചു തള്ളപ്പെടുന്നു – “ഡാർക്ക് കോമഡി” പരിവേഷം അതിനെ ഒരുമാതിരി ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽക്കൂടി.
3. എഴുത്ത് രൂപത്തിൽ (print form), സിനിമയിൽ, മറ്റു കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളും കഥാപാത്ര സ്വഭാവങ്ങളും ഒരു പരിധിക്കപ്പുറമുള്ള “തിന്മകളെ” ലോകത്തിന് മുൻപിൽ അവതരിപ്പിക്കപ്പെടരുത് എന്ന അലിഖിത നിയമം, നേരിട്ടല്ലെങ്കിൽക്കൂടിയും ഈ സിനിമ തള്ളിക്കളയുന്നു. ഭീകരമായ / ക്രൂരമായ മാനസിക വൈകല്യമുള്ള ആൾക്കാർ (ഉദാ: ഒരു ബാലികയെ നശിപ്പിച്ച് ചുട്ട് കൊലപ്പെടുത്തുന്നവൻ), print ലും വെള്ളിത്തിരയിലും മറ്റും സമാനസ്വഭാവമുള്ള കഥാപാത്രങ്ങളെ കാണാൻ ഇടയായാൽ, “ഓ! അപ്പോൾ എന്നെപ്പോലെയുള്ളവർ വേറെയുമുണ്ട്… ഞാൻ ചെയ്യുന്നത് അത്ര വലിയ പ്രശ്നമുള്ള ഒന്നല്ല!” എന്നൊക്കെയുള്ള “സാമാന്യവൽക്കരണം” നടത്തിക്കളയും, അവരുടെ കൊടും ക്രൂരതകളും കുറ്റകൃത്യങ്ങളും ഉൾവലികളില്ലാതെ തുടരും എന്നൊക്കെ ചിന്തിക്കുന്നവർ വിവരദോഷികളും വിഡ്ഢികളുമാണ് എന്ന അതിനൂതന ചിന്ത ഇവിടെ പരോക്ഷമായിട്ടെങ്കിലും ഉണ്ടാകുന്നു / ഉണ്ടാക്കുന്നു / ഉണ്ടാകാം.സമൂഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവണതകൾക്ക് “visibility” ഒട്ടും തന്നെ നൽകരുത് എന്നൊക്കെയുള്ള പണ്ടത്തെ പിന്തിരിപ്പൻ ആശയങ്ങൾ നമുക്ക് ചവറ്റുകൊട്ടകളിൽ എറിയാം!
4. എല്ലാക്കാര്യങ്ങളിലും ഒരു “മിനിമം” നിലവാരം പുലർത്തുന്ന ആൾക്കൂട്ടങ്ങൾ ഉള്ള വികസിത രാജ്യങ്ങളിലും സമൂഹങ്ങളിലും എല്ലാത്തരം സിനിമകളും ഉണ്ടാകാറുണ്ട് എങ്കിലും, സാമൂഹ്യപരമായ “പക്വത” കാണിക്കാത്ത (ഉദാ: പ്രണയാഭ്യർത്ഥന നിരസിക്കുന്ന പെൺകുട്ടിയെ അവളുടെ വീട്ടിൽ കയറി കുത്തിക്കൊന്നു ചുട്ടുകരിക്കുന്ന ആൾക്കാർ ഉള്ളതും, അതിനെപ്പോലും ന്യായീകരിക്കാൻ തുനിയുന്നതുമായ ആൾക്കാർ ഉള്ളതും) സമൂഹങ്ങളിൽ അനാവശ്യ ചിന്തകൾ / ആശയങ്ങൾ / സാമാന്യവൽക്കരണങ്ങൾ നൽകാവുന്ന സിനിമകൾ ഉണ്ടാകരുത് എന്ന സാമാന്യ ബോധത്തെയും ഈ സിനിമ തള്ളിക്കളയുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഓരോ സമൂഹത്തിന്റെയും പക്വത അനുസരിച്ചുവേണം അവിടുത്തെ പ്രേക്ഷകർക്കായി സിനിമ ഒരുക്കാൻ എന്ന ആ പഴഞ്ചൻ തത്വം!
“ഏതു പ്രമേയവും സ്വീകരിക്കാൻതക്കവണ്ണം നമ്മുടെ സമൂഹം എന്നേ സജ്ജമായിരിക്കുന്നു!!” എന്ന വിളംബരം!! അതറിയാതെ പോയിട്ടുള്ളവർ ഇനിയും ഉണ്ടെങ്കിൽ, “നീയൊക്കെ ഏതു കോ**ത്തിൽ ജീവിക്കുന്നവനാടാ?” എന്ന പുരോഗമന ചോദ്യം ചോദിക്കാൻ ആരും മടിക്കേണ്ടതില്ല.
5. ഏതാനും വർഷങ്ങൾ മുൻപ് വരെ, നന്മയെ കീഴടക്കി തിന്മ ആത്യന്തികവിജയം നേടുന്നതായി അവതരിപ്പിക്കുന്ന ചിത്രങ്ങളെ തള്ളിക്കളഞ്ഞിരുന്ന സെൻസർ ബോർഡ് ഈ സിനിമയ്ക്ക് “clean U” സർട്ടിഫിക്കറ്റ് നൽകി എന്നതും ഒരു ബ്രഹ്‌മാണ്ഡ മാറ്റത്തിന്റെ സൂചനയാണ് (മുതിർന്നവർക്ക് യോജിച്ച A ക്യാറ്റഗറിയിൽ പോലും പെടുത്താതെ).രാഷ്ട്രീയപരമായി (സിനിമയിലെ രാഷ്ട്രീയം):
എന്തും വിളിച്ചു പറയാവുന്ന, എന്തും മഹത്‌വൽക്കരിക്കാവുന്ന, ഏതു നിയമവും തെറ്റിക്കാവുന്ന (അലിഖിതവും ലിഖിതവുമായവ), അല്ലെങ്കിൽ യാതൊരു നിയമവുമില്ലാത്ത, സകല മൂല്യങ്ങളെയും അടച്ചാക്ഷേപിക്കുന്ന, “Your chaos is my order!” എന്ന ലൈനിൽ ഉള്ള ഒരു സമൂഹത്തിന്റെ നിർമ്മിതിക്കായുള്ള പുറപ്പാടായി ഈ സിനിമയെ കാണാം എന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കല്ലെറിയണം!! വളി വിടുന്ന കഥാപാത്രങ്ങൾ, അതിൽ ഊറ്റം കൊള്ളുന്ന കഥാപാത്രങ്ങൾ, തെറി പറയുന്ന കഥാപാത്രങ്ങൾ, “പുതുമയുടെ” പരിവേഷത്തിൽ തുണിപൊക്കിക്കാണിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ ഒക്കെ സമൂഹത്തിന്റെ നേർക്കാഴ്ചയായി അവതരിപ്പിക്കപ്പെടണമല്ലോ, എങ്കിലല്ലേ ഒരു ഗും ഉണ്ടാകൂ!! പിന്നെ, അങ്ങനെയുള്ള ഒരു സമൂഹത്തിലേയ്ക്കാണല്ലോ മലയാളനാട് സാവകാശം നടന്നു പോയിക്കൊണ്ടിരിക്കുന്നത്!
“എന്റെയൊക്കെ കാലത്ത് കീഴ്ശ്വാസം വിടുന്ന കഥാപാത്രങ്ങൾ വെള്ളിത്തിരയ്ക്കു വെളിയിലായിരുന്നു അതൊക്കെ ചെയ്തുകൊണ്ടിരുന്നത്!” എന്ന് കാലഹരണപ്പെട്ട ബാലചന്ദ്രമേനോൻ പറയുമ്പോൾ, അയാളെ “ബ്ലഡി സ്റ്റുപ്പിഡ് ഓൾഡ്-ഫാഷൻഡ് ഫൂൾ!” എന്ന് വിളിക്കാൻ നാം യാതൊരു മടിയും കാണിക്കരുത്!!
“മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്” എന്ന സിനിമ തിന്മയെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നു, അല്ലെങ്കിൽ തിന്മ നന്മയെ കീഴടക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല എന്ന സന്ദേശം നൽകുന്നു എന്നൊക്കെ ആക്ഷേപിക്കുന്ന പിന്തിരിപ്പന്മാർ, അതിൽ അന്തർലീനമായിരിക്കുന്ന ആക്ഷേപ / വിമർശന ഇഴകൾ കാണാതെ പോകുന്നവരാണ് എന്ന് ചെണ്ട കൊട്ടി പറയേണ്ടതുണ്ട്. ഈ അടുത്തകാലത്തിറങ്ങിയ ഒരു അവാർഡ് ജേതാവിന്റെ പടത്തിൽ 95 ശതമാനം ചളി / കൂറ വളിപ്പുകൾ കാണിച്ച്, ബാക്കി 5 ശതമാനത്തിൽ ഒരു പെൺകുട്ടി പാതിരാത്രിയിൽ ബൈക്കിൽ യാത്ര ചെയ്ത് vlog ചെയ്യുന്നതും, അവളുടെ ബൈക്ക് കേടാകുമ്പോൾ രാത്രിയിൽ മറ്റൊരു പെൺകുട്ടി തന്റെ മൊബൈൽ വർക്ക് ഷോപ്പിൽ (ഒരു ടു വീലർ) വന്ന് അത് നന്നാക്കുന്നതും കാണിച്ച്, ആയതിനാൽ ഈ ചിത്രം “സ്ത്രീ ശാക്തീകരണത്തെ” പ്രതിപാദിക്കുന്നതാണ്, അത് മനസ്സിലാകാത്തവർ ശുദ്ധ മണ്ടന്മാർ ആണ്, നിരീക്ഷണ പാടവം ഇല്ലാത്തവർ ആണ് എന്ന “സത്യം” വിളിച്ചു പറഞ്ഞത് പോലെ!!
അപ്പോൾ, ഇവിടെ പോസ്റ്ററിൽ പറയുംപോലെ, ബിപ്ലവകരമായ പുതുമയ്ക്കായി ഒരു ബലാത്സംഗ വീരന്റെ കഥ പറഞ്ഞുകൂടേ നമുക്ക്? അയാൾ പനപോലെ വളർന്ന് മന്ത്രിയായി, യുഗപുരുഷനായി ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കുന്നതും മറ്റും നമുക്ക് കാണിച്ചുകൂടേ? അതൊന്നും “അസംഭവ്യം” അല്ലല്ലോ!!
വാൽക്കഷണം:
1. വിനീത് ശ്രീനിവാസൻ അഭിനയിക്കുന്ന ചില പരസ്യ ചിത്രങ്ങൾ കണ്ടു – തുരുമ്പ് പിടിക്കാത്ത ampoxy coating ന്റെയും മറ്റും. സാധാരണയായി, വെള്ളിത്തിരയിൽ ഒരു നടൻ ഉണ്ടാക്കിയെടുക്കുന്ന “ഇമേജിന്” അനുസൃതമായിരിക്കും അവർ അഭിനയിക്കുന്ന പരസ്യങ്ങൾ. “വിശ്വാസ്യത” / “സുരക്ഷ” തോന്നേണ്ട ഇടത്ത് ബാലൻ കെ നായരോ, ടി ജി രവിയോ അഭിനയിക്കുന്ന പരസ്യങ്ങൾ ഉണ്ടാകാറില്ലല്ലോ (അവരുടെ കാലത്ത് ഇതൊന്നും ഇല്ലായിരുന്നു എന്നത് മറ്റൊരു വസ്തുത). വിനീത് ഇനിയും ഇതുപോലത്തെ സിനിമകൾ ചെയ്യുകയും, ഒപ്പം “ഞാനല്ലേ പറയുന്നത്; കണ്ണടച്ച് വിശ്വസിക്കൂ!!” എന്ന ധ്വനി വരുന്ന പരസ്യചിത്രങ്ങളും ചെയ്യണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
2. വിനീത് ശ്രീനിവാസൻ അഭിനയിച്ചതുകാരണം (“വിശ്വാസ്യത” / image) കുറേ സ്‌കൂൾ കുട്ടികളുമായി ചെന്ന് “മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്” എന്ന സിനിമ കാണുകയും, അതിനെ പിന്നീട് കുറ്റം പറയുകയും പശ്ചാത്തപിക്കുകയും ചെയ്ത ആ മാഷിനെ നമുക്ക് കൂകിത്തോൽപ്പിക്കണം! വിവരദോഷി!! U Censor Certificate ഒക്കെ ബ്രഹ്മാണ്ഡൻ മാറ്റങ്ങൾക്ക് വിധേയമായത് പോലും അറിയാത്ത അപരിഷ്‌കൃതൻ!!!