നല്ലൊരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന് ലഭിച്ചൊരു സൂപ്പർഹിറ്റ് ആണ് കടുവ. പൃഥ്വിരാജ് നായകനായി അഭിനയിച്ച സിനിമ ബോക്സ്ഓഫീസിൽ തരംഗമായി. കൊവിഡ് മുതൽ ജോസ് കുരുവിനാക്കുന്നൽ എന്ന വ്യക്തിയുടെ പരാതി വരെ ഏറെ പ്രതിസന്ധികൾ സിനിമയ്ക്ക് നേരിടേണ്ടി വന്നു. ‘കടുവ’ തിയേറ്ററുകളിൽ വലിയ ആവേശത്തോടെ തന്നെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ഷാജി കൈലാസ് എട്ട് വര്ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തിയ ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സക്സസ് സെലിബ്രെഷൻ. ചാണ്ടങ്കിൽ ഷാജി കൈലാസ് വികാരാധീനനായി സംസാരിക്കുകയുണ്ടായി. ഷാജികൈലാസിന്റെ വാക്കുകൾ ഇങ്ങനെ
ഷാജി കൈലാസിന്റെ വാക്കുകൾ
“നമ്മൾ ഒരുക്കിയ ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നത് തന്നെയാണ് ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഞാൻ കടുവ എന്ന ചിത്രവുമായി എത്തിയപ്പോൾ, ആ ചിത്രത്തെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ഈ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ബി ഉണ്ണികൃഷ്ണൻ എന്നിവർ നൽകിയ സ്നേഹത്തിനും അവർ പറഞ്ഞ വാക്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. എന്നിലേക്ക് ഈ ചിത്രമെത്തിയത് പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസം കൊണ്ടാണെന്ന് ഞാൻ തിരിച്ചറിയുന്നു..ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല.. ആ വിശ്വാസം കാത്ത് സൂക്ഷിക്കാൻ സാധിച്ചു എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.. ഈ സിനിമ ഏറ്റവും മികച്ച രീതിയിൽ സാക്ഷാത്കരിക്കാൻ എനിക്കൊപ്പം നിന്ന ജിനു എബ്രഹാമിനും, ഇതിൽ സഹകരിച്ച ഓരോരുത്തർക്കുമുള്ള നന്ദി വാക്കുകൾ കൊണ്ട് പറഞ്ഞ് തീർക്കാൻ സാധിക്കുന്നതല്ല.. രാജുവിനൊപ്പം വീണ്ടും ഒന്നിച്ച കാപ്പക്കും, പ്രീയപ്പെട്ട മോഹൻലാലിനൊപ്പം ഒന്നിച്ച എലോണിനും നിങ്ങളുടെ ഓരോരുത്തരുടേയും സ്നേഹവും പ്രാർഥനയും പിന്തുണയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ, നിങ്ങളെ രസിപ്പിക്കുന്ന കൂടുതൽ മികച്ച ചിത്രങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശ്രമം തുടരട്ടെ…”