കലിയഞ്ചങ്ക്രാന്തി; എൺപതുകളിലെ ഒരു ഉരുൾപൊട്ടൽ കാലത്തിന്റെ ഓർമ

0
386

Shaji Km Shaji എഴുതുന്നു 

കലിയഞ്ചങ്ക്രാന്തി ⛈️🌚⛈️

ഒരുനാളൊരു മുഴുരാത്രിയുടെ പാതിയിൽ,
നട്ടെല്ലിനെ തണുപ്പാൽ പൊള്ളിച്ച തോരാപ്പെയ്ത്തിന്റെ കീഴിലൂടെ, ഒരുകൂട്ടമാളുകൾ കത്തിച്ചുയർത്തിയ ചൂട്ടുവെട്ടത്തണല് പറ്റി, വെറിപിടിച്ച് തല്ലിയലയ്ക്കുന്ന ഒഴുക്കിന്റെ കുരുക്കിനെയും, കലികൊണ്ട് തുള്ളിത്തിമിർക്കുന്ന കാറ്റിന്റെ തേറ്റത്തെയും വകഞ്ഞു മാറ്റി, വിറപൂണ്ട കിറികളും ഭയംകൊണ്ട കണ്ണുകളുമായി, പള്ളിക്കൂടത്തിലെ ആശ്വാസ കേന്ദ്രത്തിലേക്ക് ഞങ്ങൾ നടന്നു.

ചതിപ്രമാണങ്ങളിൽ ചടുലവിലസിതം മുഴുകിയ കാറ്റിനോ മഴയ്ക്കോ, അത്രയേറെ കിണഞ്ഞിട്ടും, ജനജാലങ്ങളുടെ ഇടനെഞ്ചുകളിൽ തിളച്ചുപൊന്തിയ പ്രാർത്ഥനാച്ചൂടിനോട്‌ തോൽക്കാനല്ലാതെ, അവർ തെളിച്ച ചൂട്ടിൻതുമ്പുകളിലെ തീമുളപ്പുകളെ ഒടിച്ചുകെടുത്താനായില്ല.

Shaji Km Shaji
Shaji Km Shaji

മിഥുനത്തിന്റെ ഒടുക്കം നാളുകളിൽ മെല്ലെത്തുടങ്ങിയ കാലവർഷം, കർക്കിടകം താണ്ടി ചിങ്ങത്തിന്റെ ആദ്യം മുതൽ നാട്ടിൽ സംഭ്രാന്തി വിതറാൻ തുടങ്ങിയിരുന്നു. വെള്ളക്കയറ്റത്തേക്കാൾ, ഉരുൾപൊട്ടലെന്ന ഭീകരതയെയാണ്, അധികാരികളും നേതാക്കളും സാധാരണക്കാരും അന്നും അധികം ഭയന്നിരുന്നത്. കേവലം മൂന്നു ദിനങ്ങൾ കൊണ്ട് എല്ലാം ശമിച്ചു ശാന്തമാവുകയും, ആകാശം തെളിഞ്ഞു തുടങ്ങുകയും ആളുകൾ അവരവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യവെ, ഇരുമ്പു പിഞ്ഞാണങ്ങളിലേയ്ക്ക് വലിയ കൈപ്പാട്ടയാൽ കോരിമറിക്കുന്ന വെളുത്തു കുഴഞ്ഞ, ചൂടുള്ള വെള്ളരിക്കഞ്ഞിയുടെയും ഉണക്കുകപ്പ പുഴുക്കിന്റെയും പ്രത്യേക രുചി നഷ്ടമാകുമല്ലോ എന്ന കാരണത്താൽ ഞാൻ ചെറുതായി വ്യസനിച്ചു.

എല്ലാ ദിവസവും സന്ധ്യയ്ക്ക് തന്റെ വീടിന്റെ തിണ്ണയിൽ ഇരുന്ന്, “സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ…” എന്ന സിനിമാപ്പാട്ട് മനോഹരമായി പാടുന്ന സഖാവ് ശശിയുടെ ഏകമകൻ “ഗോപിയെ കാണുന്നില്ല” എന്ന വാർത്ത, ദുരിതാനന്തരം തിരികെ വീടുകൾ പൂകിയ മാളോർക്കെല്ലാം, അവരുടെ സ്വത്തുവക നഷ്ടങ്ങളേക്കാൾ വലിയ കണ്ണീരായി.
സന്ധ്യകളിൽ ശശിയേട്ടന്റെ വീട്ടിൽ നിന്ന് പാട്ടു കേൾക്കാതായി. ഉമ്മറത്തെ മൺതിണ്ണയ്ക്ക് നടുവിലുള്ള വളയൻ തൂണിൽ ചാരി ശശിയേട്ടൻ ആരോടും മിണ്ടാതിരുന്നു. ഗോപിയുടെ അമ്മ ഓമനയുടെ “മോനേ… ഇമ്മേടെ.. കണ്ണാ..” എന്ന ഉറക്കെയുറക്കെയുള്ള നിലവിളി രാപകൽ വേർതിരിവില്ലാതെ കൂടെക്കൂടെ ഉയർന്നുപൊങ്ങി.

ഗോപിയേട്ടൻ ഞങ്ങൾ കുട്ടികൾക്ക് ‘കുഞ്ഞേട്ടനും’ വലിയവർക്ക് ‘ഗോവിമോനും’ പൊതുവിലെല്ലാവർക്കും ജീവനോളവുമായിരുന്നു. ഒട്ടുമിക്ക വീടുകളിലേക്കും പലവ്യഞ്‌ജനങ്ങൾ വാങ്ങാനും, വിറകു കീറാനും മറ്റു ചില്ലറ വേലകൾക്കും കുഞ്ഞേട്ടൻ പോകും. അവിടങ്ങളിൽ നിന്ന് കൃത്യമായ പ്രതിഫലം കിട്ടുകയും അതിൽനിന്ന് കുഞ്ഞേട്ടൻ ഞങ്ങൾക്ക് മുട്ടായിയും കോളയും പൂമ്പാറ്റയുമൊക്കെ വാങ്ങിത്തരികയും ചെയ്യും. പള്ളിപ്പെരുന്നാളിനും ഉത്സവങ്ങൾക്കും ഏട്ടനാണ് ഞങ്ങളെ കൊണ്ടുപോവുക.
ഈദ്നാളുകളിൽ ഞങ്ങൾക്ക് വെള്ളിത്തുട്ടുകളും കുഞ്ഞേട്ടന് നോട്ടുകളുമാണ് ഓരോ വീടുകളിൽ നിന്നും പെരുന്നാപ്പണമായി കിട്ടാറുള്ളത്. പാടമുഴുകാനും കപ്പ നടുവാനും കിണർകുഴിയ്ക്കാനുമൊക്കെ പോയി, കിട്ടുന്നതിൽ ഒരു പൈസ പോലും കളയാതെ കുഞ്ഞേട്ടൻ അച്ഛനെ ഏൽപ്പിക്കുമായിരുന്നു. ചെരിപ്പുവണ്ടിയും കപ്പളപ്പീപ്പിയും ഓലപ്പന്തുമൊക്കെ കുഞ്ഞേട്ടനാണ് ഉണ്ടാക്കിത്തരിക. പാളപ്പുറങ്ങളിലിരുന്ന്, പാറപ്പുറങ്ങളിലൂടെ കീഴോട്ട് വണ്ടികളോട്ടുമ്പോൾ, കുഞ്ഞേട്ടനാണ് എപ്പോഴും ‘പസ്റ്റ’ടിക്കുക. ഒളിച്ചു കളിയിൽ ഞങ്ങളാരും കുഞ്ഞേട്ടനെ പെട്ടെന്ന് കണ്ടെത്തുമായിരുന്നില്ല. കൂർപ്പിച്ച കോലെറിഞ്ഞു മീൻപിടിക്കാനും തൊണ്ടിപ്പഴം പറിയ്ക്കാനും, ഞൊട്ടാഞൊടിയനെ പറിച്ചുകൂട്ടി ഞെക്കിപ്പൊട്ടിയ്ക്കാനും, തായം കളിക്കാനും പട്ടം പറത്താനും കുഴിപ്പന്തു കളിയ്ക്കാനും ‘സിൽമ’ കാണാനും കുഞ്ഞേട്ടൻ ഞങ്ങൾക്കൊപ്പമുണ്ടാവും. മാപ്പാനിമലയിലെ വരിയ്ക്കപ്പിലാവിന്റെ വാനം തൊട്ട ശിഖരങ്ങളിൽ നിന്ന് പുളിഞ്ചുള നിറഞ്ഞ വരിയ്ക്കച്ചക്കകൾ വീഴ്ത്തി തല്ലിപ്പൊട്ടിച്ച് ഉരിഞ്ഞുതരും. കരിയിലാംപീച്ചിയെ എത്തിപ്പിടിച്ച് ഞങ്ങളെ കാട്ടി, ഉമ്മവെച്ചും വെപ്പിച്ചും പറത്തി വിടും. കുഞ്ഞേട്ടന്റെ കൂടെയാണ് ഞങ്ങളെങ്കിൽ, അമ്മമാർക്കെല്ലാം വലിയ ധൈര്യമാണ്.

കുഞ്ഞേട്ടന്റെയമ്മ ഞങ്ങൾക്ക് ‘ഓമമ്മ’യാണ്. മിഥുനത്തിന്റെ അവസാന നാളിൽ, ‘കലിയന് ‘ ചങ്ക്രാന്തിക്കഞ്ഞിയും കറികളും വിളമ്പുമ്പോൾ മുതൽ, പഞ്ഞക്കർക്കിടകം ചിങ്ങത്തിനുമ്മ കൊടുത്തു പിരിയുംവരെ ഞങ്ങൾ ഏട്ടന്റെ വീട്ടിലാണ് കൂടുക. ശേഷം ഓണം തീരും വരെ വീടുകൾ മാറിമാറി ഒത്തുകൂടും. വിശക്കുമ്പോൾ ഇലക്കറി കൂട്ടി കഞ്ഞിയോ, തവിടിന്റെ അടയൊ, അരിവറുത്തു പൊടിച്ചതിൽ തേങ്ങയും ശർക്കരയും ചേർത്തതോ ഓമമ്മ ഞങ്ങൾക്ക് തരും. ഒന്നുമില്ലാത്ത ദിവസങ്ങളിൽ, ഞങ്ങൾ അവരവരുടെ വീടുകളിൽ നിന്ന് ഓരോരോ തീറ്റസാധനങ്ങൾ അങ്ങോട്ടെത്തിക്കും. ഉച്ചവരെ മാത്രമാണുള്ളതെങ്കിലും മഴക്കാലങ്ങളിലെ ആഴ്ചകളിൽ, മൂന്നിൽ കൂടുതൽ ദിവസങ്ങൾ ഞങ്ങൾ പള്ളിക്കൂടത്തിലേയ്ക്ക് പോകാറില്ല.

‘കുഞ്ഞേട്ടൻ ആളോളെ പറ്റിയ്ക്കാൻ
ഒളിച്ചു നിൽക്കുന്നതാ’ണെന്നും ഉടൻ വരുമെന്നും ഞങ്ങൾ കുട്ടികൾ പരസ്പരം പറഞ്ഞു ചിരിച്ചു.

അത്തമടുത്തെത്താറായി, മുറ്റങ്ങൾ മെഴുകിത്തെളിക്കാൻ അമ്മമാരെ സഹായിച്ചും പൂക്കളം വിരിക്കാൻ പൂക്കാലത്തെ കൂട്ടുപിടിച്ച്, തുമ്പപ്പൂ കാക്കപ്പൂ അരിപ്പൂവൊക്കെ കണ്ടുവെച്ചും
ഞങ്ങൾ നാടാകെ കളിച്ചുതിമിർത്തു നടന്ന, കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഒരിടത്തും കുഞ്ഞേട്ടനെത്തിയില്ലെന്ന പരാതി ഓമമ്മയോട് പറയാൻ, കുഞ്ഞേട്ടന്റെ വീട്ടിലേയ്ക്ക് നടക്കുമ്പോഴൊക്കെ, “പോയിക്കളിച്ചെ നിങ്ങള്, പ്പൊ അങ്ങട് പോണ്ടാ…” എന്ന് ഏട്ടന്റെ തൊട്ടടുത്ത വീടുകളിലെ അന്ത്രൂക്കയോ, കോന്നേട്ടനോ സൈനാത്തയോ, പൗലുച്ചായനോ, ഒച്ചവെച്ചു ഞങ്ങളെ ഭയപ്പെടുത്തി. അവരുടെ വീടുകളിലെ എബിയും അബുവും തങ്കച്ചനും ലിസിയും കൊച്ചുറാണിയുമൊക്കെ ചേരുന്ന ‘ഞങ്ങൾ’ക്കതെല്ലാം വലിയ നൊമ്പരമായി. പിന്നെയും രണ്ടുമൂന്നുനാൾ താണ്ടി, തടയണയിലെ ‘വെള്ളത്തിച്ചാട്ടം’ കഴിഞ്ഞ് കരകയറി ഞങ്ങൾ വീടുകളിലേയ്ക്ക് ഓടുംവഴിയാണ്, സഖാവ് മത്തൻ(മത്തേട്ടൻ) കനാൽത്തണ്ടിൽ നിന്നു വിളിച്ചു പറഞ്ഞത്

“ഗോപിയെ കൊണ്ടുവരണ്ട്… പ്പെത്തും…”

ഞങ്ങൾക്ക് സന്തോഷമായി, ഞങ്ങൾ കുഞ്ഞേട്ടന്റെ വീട്ടിലേക്കോടി, അവിടെ ആളുകൾ കൂടിയിട്ടുണ്ട്. വീടിനുള്ളിൽ നിന്ന് അത്യുച്ചത്തിൽ നിലവിളികളുയരുന്നു. ശശിയേട്ടന്റെ ശബ്ദമാണ് മുന്നിൽ. അകാരണമായ ഭയം പേറി ഞാനും കൂടെയുള്ള കുട്ടികളിൽ ചിലരും എന്തിനെന്നില്ലാതെ ഉറക്കെ കരഞ്ഞു. എങ്ങുനിന്നോ ഓടിയെത്തിയ എന്റെ ഉമ്മിച്ചി എന്നെ എടുത്തു വീട്ടിലേയ്ക്ക് കൊണ്ടു പോകും വഴി സാറാമ്മച്ചേച്ചിയോട് തിരക്കി “എപ്പഴാ ചടങ്ങ്?”

“പ്പ കൊണ്ടരും, അപ്പന്നെ കത്തിക്കും…ത്ര ദൂസായ്ലെ… മുഴോനുംമിറ്റെ കിട്ടീലാ… വച്ചോണ്ടിരിക്കാമ്പറ്റ്ലാ, അത്രയ്ക്ക് മണംണ്ട്ന്നാ മത്തൻ പർഞ്ഞേ…”

‘ഉം’ ന്ന് മൂളി ഉമ്മ എന്നെയും കൊണ്ട് പാഞ്ഞു.

പുഴുങ്ങിയ മുട്ട ചൂടാറ്റി തോടു പൊളിച്ചതും പരിപ്പുകറിയും ചോറും തന്നിട്ട് “മോനീടെത്തന്നെ ഇരിയ്ക്കണംട്ടോ മ്മ ഗോപീടെ വീടുവരെ പോയിട്ട് വരാം…” എന്നു പറഞ്ഞ് ഉമ്മ ധൃതിയിൽ അങ്ങോട്ട് നടന്നു

മുട്ട പുഴുങ്ങിയതും ചോറും തിന്നുതീർത്ത് പുറത്തിറങ്ങി, അല്പം അകലെയുള്ള കുഞ്ഞേട്ടന്റെ വീടിന്റെ ഭാഗത്തേയ്ക്ക് ഞാൻ നോക്കി. നേർത്ത കാർനിറമാർന്നതും നന്നേ വെളുത്തതുമായ മുകിൽക്കൂട്ടങ്ങളോട് കൂട്ടുകൂടാനാവണം, കാറ്റിന്റെ വിറളിയാൽ ഓട്ടകൾ വീണ ഓലമേച്ചിലിൻ കീഴിലെ ആ മൺകൊട്ടാരത്തിന്റെ തെക്കേപ്പുറത്ത് നിന്ന്, മേഘരൂപത്തിലും ഭാവത്തിലും വലിയ പുകക്കൂട്ടങ്ങൾ ഉയരുന്നുണ്ടായിരുന്നു.

മുറ്റത്ത് കട്ടകുത്തിപ്പൂത്ത
ബന്ദിച്ചെടികളിൽ, തട്ടിയും മുട്ടിയും പറക്കുന്ന
ഓണത്തുമ്പികളിലൊന്നിനെ കുഞ്ഞേട്ടന് കൊടുക്കാൻ പിടിച്ചെങ്കിലും ഏട്ടനത് ഇഷ്ടമാകില്ലെന്ന ഓർമയാൽ ഞാനതിനെ പറത്തിവിട്ടു. തെല്ലൊന്നു കറങ്ങി മെല്ലെ തിരിച്ചെത്തിയ തുമ്പിയ്ക്ക്, കുഞ്ഞേട്ടന്റെ ചിരിവഴിയുന്ന മുഖഭാവമായിരുന്നു. അനന്തരം അത് അപാരതകൾക്കപ്പുറത്തേയ്ക്ക് പറന്നുകയറി മാഞ്ഞുമറഞ്ഞു. ബന്ദിയിൽ നിന്നൊരു പൂവിറുത്ത്, ഏട്ടനെ കാണാനാകുമെന്ന് മോഹിച്ച് ഞാൻ പിന്നെയും അങ്ങോട്ടേയ്ക്ക് നടക്കുമ്പോൾ, ധൂമപടലങ്ങൾക്കിടയിലൂടെ തേജോകിരണങ്ങളെ വിടർത്തി, സൂര്യൻ വാനമാകെ പടർന്നുപരന്ന് തണുത്ത ഭൂമിയ്ക്ക് ചൂട് പകരാൻ തുടങ്ങുകയായിരുന്നു.

shajikmshaji
(എൺപതുകളിലെ ഒരു ഉരുൾപൊട്ടൽ കാലത്തിന്റെ ഓർമ.)