ഇടയത്താഴങ്ങൾ (കഥ)

632

ഇടയത്താഴങ്ങൾ (കഥ) Shaji Km Shaji

ഇടത്തരം തവിയാൽ രണ്ടുവട്ടം കോരിയൂറ്റിയ ഇരുമ്പരിക്കഞ്ഞിയിലേയ്ക്ക്, ഉപ്പിട്ടു പുഴുങ്ങിയ അര കയിൽ വൻപയർ പകർന്ന് മേശപ്പുറങ്ങളിൽ നിരത്തി വച്ചിരുന്ന അനേകം അലുമിനിയ പാത്രങ്ങളിൽ, അവരവരുടേതിലേയ്ക്കുമാത്രം ശ്രദ്ധയൂന്നി വരിവരിയായി ഞങ്ങള്‍ നടന്നുതീർത്ത ഇരുപത്തൊൻപത് ഇടയത്താഴ ദിവസങ്ങൾ.

കൈകൊണ്ടിളക്കി രണ്ടോമൂന്നോ പിടി വാരുമ്പോഴേയ്ക്കും, വറ്റും പയറും തീർന്നു പോകും. അവശേഷിക്കുന്ന വെള്ളം വലിച്ചു കുടിച്ചാലും അറ്റുപോകാത്ത, വിശപ്പിന്റെ കൈമുത്തി ഉള്ളിലേയ്ക്കാവാഹിക്കാനാണ്, മരണം കൊതിച്ചു കിടക്കുന്ന രാത്രികളുടെ അവസാനയിടങ്ങൾക്കും, പിറക്കാൻ തുടിയ്ക്കുന്ന പകലുകൾക്ക് തൊട്ടുമുന്നെയും, നിദ്രാഭംഗത്താൽ വേച്ചു പോകുന്ന കാലുകളെ കയ്യിലെടുത്ത് ഞങ്ങൾ നടന്നത്.

കൊടിയ ദാഹങ്ങളും, നെഞ്ചെരിച്ചിലുകളും
യഥേഷ്ടം തന്ന പകൽ പടിഞ്ഞാറൻ മലതാണ്ടിയെന്നുറപ്പായാൽ,
ഞാൻ മഗരിബിന്റെ ബാങ്ക് വിളിക്കും.
നമസ്കാരം കഴിയുമ്പോഴേക്കും,
ഒന്നര കഷ്ണം പുട്ടും, കടലക്കറിയുടെ
രുചിയുള്ള ചാറും, അരക്കോപ്പ കടിഞ്ചായയും
അതേ മേശപ്പുറങ്ങളിൽ അതേ പാത്രങ്ങളിൽ നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കും.

വരി തെറ്റാതെ ശാന്തമായി,
“ഉള്ളതുകൊണ്ടുള്ളിലെ കത്തലടക്കണം കരുണാമയാ” എന്ന് തേങ്ങി ഞങ്ങള്‍ നടക്കും. പ്രാർത്ഥന നിരന്തരം തള്ളപ്പെട്ടുകൊണ്ടേയിരുന്നതിനാൽ,
കഴിച്ച പാത്രം കഴുകി വെച്ച് ഇശായ്ക്ക് വുളുഅ് എടുക്കുമ്പോൾ കുറെ വെള്ളം കൂടി അകത്താക്കി ഞങ്ങള്‍ പടച്ചവനെ തോല്പിച്ചു കൊണ്ടിരുന്നു.

ഒന്നിനെഴുപത് കൂലിയെന്ന തമ്പുരാന്റെ റംസാൻ ഓഫറിൽ ഭ്രമിച്ച്, ചില മുതലാളിമാർ വെള്ളേപ്പവും ഇറച്ചിക്കറിയുമായി വല്ലപ്പോഴും നോമ്പു തുറപ്പിക്കാനെത്തും. ആ ദിവസങ്ങളിൽ തരിക്കഞ്ഞിയും സമോസയുമുണ്ടാകും
എന്നതാണ് പ്രത്യേകത. കൊതിപ്പിച്ചു
ജീവനെടുക്കുന്ന ആ അല്പ ഭക്ഷ്യ നേരങ്ങളൊഴിച്ചാൽ, വിശപ്പു തിന്നു ജീവിച്ച ദിനരാത്രങ്ങൾക്ക് ഇന്ന് അറുതിയാവുകയാണ്.

ചവച്ചരച്ച കരിക്കട്ട കൊണ്ട് പല്ല് വെളുപ്പിച്ച്, മുഖം കഴുകി, വുളുഅ് ചെയ്ത് ഞാൻ പള്ളിയിലേക്ക് നടന്നു. ഞാനാണ് മിക്കവാറും ബാങ്ക് വിളിക്കുന്നത്. “പടച്ചവനാണ് വലിയവനും ആരാധ്യനും, അവനോട് സംവദിക്കാൻ സമയമായി, ഉറക്കത്തേക്കാൾ ശ്രേഷ്ഠമായ അനുഗ്രഹങ്ങളുടെ സമയമാണിത്, വരൂ വരൂ…”

പള്ളിയെന്നു പറയുമെങ്കിലും യത്തീംഖാനയിലെ ഞങ്ങള്‍ കുട്ടികളും, ഉസ്താദ്മാരും, അനേകം കെട്ടിടങ്ങളുള്ള യത്തീംഖാനയുടെ വലിയ മതില്‍ക്കെട്ടിനു പുറത്തെ, വീടുകളിലെ ചിലയാളുകളും നമസ്കരിച്ചു പോരുന്ന ഒരു
ഒരു തളം മാത്രമാണത്. സാധാരണ ബാങ്ക് വിളിയും സുബ്ഹി നമസ്കാരവും കഴിഞ്ഞാല്‍ പള്ളിയിലുള്ള പലരും സ്വലാത്തിലൊ തസ്ബീഹിലോ മുഴുകുമ്പോൾ ‘എന്തിനാണൊരു പ്രാർത്ഥന, എല്ലാമറിയുന്നവനോട് ഇനിയും പറയുകയെന്നാൽ
അതവനെ പരിഹസിക്കുകയൊ കൊച്ചാക്കുകയോ ചെയ്യുന്നതിന് തുല്യമല്ലെ. അറിഞ്ഞു തരട്ടെ അല്ലെങ്കില്‍ പോട്ടെ കോപ്പ്’ എന്നു മന്ത്രിച്ച് ഞാൻ മുൻ നിരയിൽ തലതാഴ്ത്തി ചമ്രംപടിഞ്ഞിരിക്കും.

“ബിലാലെ… ഡാ തക്ബീർ ചൊല്ലിത്താടാ…ഇന്ന് പെരുന്നാളാടാ…”

ഉമ്മറാണത് എന്റെ തുല്യപ്രായം കൃത്യം ഒൻപത് വയസ്സ്. പരന്റെ പരമാധികാരങ്ങളെ പുകഴ്ത്തുന്ന വർണ്ണശബളവും ആഡംബരപൂർണ്ണവുമായ ബാങ്കെന്ന മനോഹര കാവ്യത്തെ, മസ്ജിദുന്നബവിയുടെ മുകളില്‍ നിന്ന്, ഇരുണ്ടു നിന്നിരുന്ന ഇറാഖിന്റെ തെരുവോരങ്ങളിലേയ്ക്ക് വസന്തം പോലെയും, ചെങ്കടലിന്റെ തിരപ്പരപ്പിലേയ്ക്കൊരു കുളിർക്കാറ്റ് പോലെയും,
സുജൂദിലാണ്ട സഫാ മർവകളുടെ മുടിച്ചുരുളുകൾക്കിടയിലൂടെ സാന്ത്വനത്തിന്റെ തലോടൽ പോലെയും, ബസാൾട്ട് പാറകളാൽ അലങ്കാരബഹുലമായ പർവ്വതങ്ങൾക്കു താഴെയുള്ള തിഹാമ താഴ്വരകളിൽ തൂവാനംപോലെയും, ഭൂമിയുടെ പൊക്കിൾത്തടമെന്ന് വിശേഷിക്കപ്പെടുന്ന ഉമ്മുൽ ഖുറയുടെ ഹൃത്തടത്തിലേക്ക് നേരിന്റെ നിറവു പോലെയും, ഇരുത്തം വന്ന വിരുത്തങ്ങളാൽ കൊരുത്തെടുത്ത ശുദ്ധ സംഗീതത്തിന്റെ സമൃദ്ധിയിൽ, എറ്റിയെറിഞ്ഞ കറുത്ത മനസ്സുള്ള വെളുത്ത അറബിയുടെ, വെളുത്ത മനസ്സുള്ള കറുത്തയടിമ ബിലാല്‍ ഇബ്നു ഹബാഷിയെന്ന ഭവിത വ്യതാ പ്രപന്നനായ ചരിത്രപുരുഷന്റെ മനോഹരമായ പേര്. ബാങ്ക് വിളിക്കുന്നതു കൊണ്ട് കൂട്ടുകാരും ഉസ്താദുമാരും എന്നെ അങ്ങിനെയാണ് വിളിക്കുന്നതെങ്കിലും, എനിക്കീ അലവലാതിപ്പേരാ ഇഷ്ടം ഷായീന്ന്… ഞാനൊന്ന് ചിരിച്ചു.

‘അല്ലാഹു അക്ബറല്ലാഹു…,
…വലില്ലാഹിൽ ഹംദ്…..’
ഞാൻ ചൊല്ലിക്കൊടുത്തു.
സാധാരണ നമസ്കാരാനന്തരമുള്ള
കൂട്ട സ്വലാത്തിനേക്കാൾ വലിയ ശബ്ദത്തിലാണ് എല്ലാവരും അത് ഏറ്റുചൊല്ലുന്നത്. ചിലരൊക്കെ ഇടയ്ക്ക് കരഞ്ഞു പോകുന്നുണ്ടൊ എന്നു തോന്നിയ്ക്കുന്നുണ്ട്. ഉടയവരില്ലാത്ത രണ്ടുകുട്ടികളെയും,
വേറെയിടങ്ങളൊന്നുമില്ലാത്ത പാചകക്കാരൻ അയൂബെന്ന അൻപത്തിയഞ്ചുകാരനായ അയൂക്കയേയും മാത്രമാക്കി, ഞങ്ങളെല്ലാവരും വീട്ടില്‍ പോകുന്ന ദിവസം കൂടിയാണിന്ന്.
പതിനാറു വയസ്സിനു മുകളിലുള്ളവരെ തനിയെ വിടും. ഞാനുൾപ്പെടുന്ന അതില്‍ താഴെയുള്ളവരെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും കൂട്ടിക്കൊണ്ടു പോകുവാന്‍ വന്നെങ്കിലെ വിടു. തന്തയില്ലാത്തവന്മാരാണിവിടെ അധികമെന്നതു കൊണ്ടാവും, കൂടുതലും തള്ളമാരാണ് വിളിക്കാനെത്തുക.
രണ്ടോമൂന്നോ കുട്ടികളുടെ മാത്രം ഉമ്മമാരും ബാപ്പമാരും ഒരുമിച്ച് വരും.
ഞങ്ങളേക്കാൾ വലിയ അനാഥത്വത്തിലാണ് അവരെന്ന്, അവരുടെ ഒട്ടിയ കവിളുകളും കുഴിഞ്ഞ കണ്ണുകളും മെലിഞ്ഞ വിരലുകളും കഥ പറയും.

ഇരുട്ട് വിടവാങ്ങിയെന്നും പ്രകാശം അടുത്തെവിടെയൊ എത്തിയിട്ടുണ്ടെന്നും സൂചന കിട്ടിയ കൃത്യ സമയത്ത് തന്നെ എന്നത്തെയും പോലെ അന്നും ഞങ്ങള്‍ പ്രധാന കെട്ടിടത്തിനു മുന്നില്‍ ക്യൂ നിന്നു. മുതിര്‍ന്ന കുട്ടികളിലൊരാൾ ഓരോരുത്തരുടെയും തലയില്‍ എണ്ണ വീഴ്ത്തി കടന്നു പോയി. മറ്റൊരാള്‍ പത്തായി മുറിച്ച ചന്ദ്രികാ സോപ്പിന്റെ ഓരോ കഷണങ്ങൾ വിതരണം ചെയ്തു.

പെരുന്നാൾ ദിവസം മണമുള്ള സോപ്പ് മാത്രമല്ല അത്തറുകുപ്പിയാൽ തോണ്ടിയ പുതിയ ഉടുപ്പും, വലിയ റോളിൽ കൊണ്ടുവരുന്ന വെളുത്ത തുണി, ഒാരോരുത്തരുടെയും അളവിന് മുറിച്ചെടുത്ത് അരിക് തുന്നിയതും തരും.

പെരുന്നാൾ ഖുത്ത്ബയും നമസ്കാരവും കഴിഞ്ഞാല്‍, വയറുനിറയെ ബിരിയാണിയുണ്ടാകും. ഞങ്ങള്‍ക്കും വിളിക്കാന്‍ വരുന്നവർക്കും വിളമ്പും. അന്ന് ക്യൂ നിർബന്ധമില്ല. വിളിക്കാന്‍ വരുന്നവരും അയൽപക്കത്തുള്ളവരും പ്രത്യേകം കരുതിയ ചില്ലറത്തുട്ടുകൾ പെരുന്നാൾ പണമായി എല്ലാവര്‍ക്കും വിതരണം ചെയ്യും. കാറിലും ജീപ്പിലും വരുന്ന വിലകൂടിയ വസ്ത്രം ധരിച്ച സെന്റ് മണക്കുന്ന ഇക്കാമാരും ഇത്താമാരുമൊക്കെ നോട്ടുകളാണ് തരിക. ഒറ്റരൂപയുടെയും രണ്ടുരൂപയുടെയും നോട്ടുകൾ. അനിർവ്വചനീയമായൊരു ഗന്ധമാണതിന്.

തലയില്‍ പകർന്ന എണ്ണ തിരുമ്മിത്തേച്ച്
സോപ്പും തോർത്തുമായി ഞങ്ങള്‍ വരിവരിയായി മതിലിന് പുറത്തേക്ക് നടക്കും. അരക്കിലോമീറ്റർ ചെല്ലുമ്പോഴൊരു കനാലുണ്ട് അവിടെയാണ് കുളി. അലക്ക് ഞായറാഴ്ച്ചകളിൽ മാത്രം. ആ സമയത്തുള്ള നടപ്പും കുളിയും എല്ലാവര്‍ക്കും അത്ര ഇഷ്ടമൊന്നുമല്ല.
പക്ഷെ പെരുന്നാളിന്റന്ന് ഒരു പ്രത്യേക ഉത്സാഹമാണ്. എല്ലാവര്‍ക്കുമറിയാം കുളി കഴിഞ്ഞെത്തുമ്പോഴേയ്ക്കും തങ്ങളുടെ പ്രിയപ്പെട്ടവരിലാരെങ്കിലും തങ്ങളെക്കാത്ത് അവിടെ ഉണ്ടാകുമെന്നത്.

ഒരിക്കല്‍ പോലും എന്റുമ്മ നേരത്തെ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്നതിനാൽ, ഞാനത്ര സന്തോഷത്തിലൊന്നുമല്ല. എല്ലാവരും പോയിക്കഴിയുമ്പോഴേയ്ക്കും വരും. വന്നപടിയെ കെട്ടിപ്പിടിച്ചുമ്മ വയ്ക്കും, കുറേ കരയും, പിന്നെ മിണ്ടാതിരിക്കും.
പിന്നീട് ‘വാ പുവ്വാം’ എന്നു പറയും
ഞാൻ ‘ഉം’ മൂളും.
അയൂക്കാനോടും, വാർഡനോടും യാത്ര പറഞ്ഞ് എന്നെയും കൂട്ടി പോകും.
ആ കരച്ചില്‍ കാണാന്‍ ഇഷ്ടോല്ലാത്തോണ്ട് എന്റെ മനസ് പറയും
‘ഉമ്മ വരാതിരുന്നെങ്കിൽ…’

ചെറു വൃത്തങ്ങൾ ആലേഖനം ചെയ്ത നേരിയ റോസ് നിറത്തിലുള്ള പോളിയെസ്റ്റർ ഷർട്ടായിരുന്നു ഇത്തവണ.
രാവിലെ ഇട്ടതാണ്. പെരുന്നാൾ നമസ്കാരവും ളുഹറും അസറും കഴിഞ്ഞിട്ടും, ഉമ്മ വരാതായപ്പോൾ ഞാനതഴിച്ച് ഹാളിലെ അഴയിലിട്ടു.
പഴയൊരു ഷർട്ടും മുണ്ടുമുടുത്ത് ഓഫീസിനരികിലേക്ക് പോയി.

അയൂക്കായും സൂഫിയാനും ജലീലുമുണ്ടവിടെ. അവരോടും എന്നോടും യാത്ര പറഞ്ഞ് താക്കോല്‍ അയൂക്കാനെ ഏല്‍പ്പിച്ച് വാർഡൻ അഷറഫ് സാറ് പോയി. സൂഫിയാനെയും ജലീലിനെയും വളരെ കുഞ്ഞായിരിക്കുമ്പോൾ രണ്ടു തവണകളിലായി യത്തീംഖാനയുടെ ഗെയിറ്റരികിൽ നിന്ന് കിട്ടിയതാണ്. ഇപ്പോ ആറും ഏഴും വയസ്സുണ്ടവർക്ക്. അയൂക്കായാണ് അവരുടെ മുഴുവന്‍ കാര്യങ്ങളും നോക്കിയതും, നോക്കുന്നതും.

‘ബിലാലെ ഉമ്മ വന്നില്ലെ മോനെ?’

‘ല്ലിക്കാ മരീബ്നുമ്പ് വര്വാരിക്കും’

പറഞ്ഞു തീർന്നതും ചുറ്റും ഉമ്മയുടെ മണം നിറയുന്നത് പോലെ എനിക്ക് തോന്നി.
ഞാന്‍ ഗെയിറ്റരികിലേയ്ക്ക് നോക്കി.
ന്റുമ്മ കടന്നു വരുന്നുണ്ട്, കൂടെ എളാപ്പയുമുണ്ട്. (ഉമ്മയെ രണ്ടാമത് വിവാഹം ചെയ്തയാളാണത്, എന്റെ അനിയന്റെയും പെങ്ങളുടെയും വാപ്പ)
മുറപ്രകാരം കെട്ടിപ്പിടുത്തത്തിനും ഉമ്മകൾക്കും ശേഷം ഉമ്മ അയൂക്കാനോട് ചോദിച്ചു

‘ അയൂബ്ക്കാ എവിടാ ഞങ്ങക്ക് ബിരിയാണി ?’

‘വാ മോളെ എട്ത്ത് വച്ചൺട്’

‘വേണ്ടിക്ക ചുമ്മ ചോയ്ച്ചതാ, ഞങ്ങള് പുവ്വാ, ഇത്തവണ ഇവനെ കൊണ്ടോണില്ല
വല്ല്യെരുന്നാളിന് കൊണ്ടോവാം, ഇവ്ടെ നിക്കട്ടെ കൂട്ടിന് ഈ പുള്ളേരും ഇണ്ടല്ലൊ’

സുഫിയാൻ ഉമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് കൗതുകത്തോടെ നോക്കുന്നുണ്ട്. ജലീൽ നിലത്തിരുന്നെന്തൊ കളിക്കുന്നു.
എളാപ്പയുടെ മുഖത്ത് വലിയൊരു സന്തോഷത്തിന്റെ തിളക്കമുണ്ട്.
ഉമ്മയുടെ ഇടതു കൺകോണിൽ നിസഹായതയുടെ ഒരു കുമിള വീർത്തു നില്‍ക്കുന്നുണ്ട്.

“അല്ലെങ്കിലും ഇത്തവണ ഉമ്മാടെ കൂടെ പോണില്ലാന്ന് ഞാൻ അയൂക്കാനോട് പറഞ്ഞിരുന്നുമ്മ” അയൂക്ക എന്റെ നേരെ മിഴിച്ചു നോക്കി. “അവിടെ ഒരു രസോല്ലാ, ഇവിടാ സുഖം, ല്ലാസോം ബിരിയാണീണ്ടാവും, വായിക്കാന്‍ മലർവാടീണ്ട്, കളിക്കാന്‍ പന്ത്ണ്ട്, ഒക്കേണ്ട്. നിയ്ക്കിഷ്ടല്ല മ്മടെ വീട്…
ഉമ്മാവിടെ നിക്ക് ഞാന്തേവരണു..”

ഓടിപ്പോയി ഊരിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റില്‍ നിന്ന് പെരുന്നാപ്പണം എടുത്തു കൊണ്ടു വന്ന് ഉമ്മാക്ക് നീട്ടി

‘പതിനാറു രൂപേണ്ടുമ്മ, ഇത് സീനത്തിനും സലാഹിനും കൊടുക്കണം.’

‘വേണ്ട മോനെ, പൈസ കയ്യില് വെച്ചൊ,
അടുത്ത തവണ വരുമ്പൊ അവര്‍ക്ക് നേരിട്ട് കൊടുക്കാലോ”

‘ഏയ് പറ്റില്ല, ഇവിടെ പുറമേന്ന് ഇതോണ്ടൊന്നും വാങ്ങാന്‍ സമ്മയ്ക്കൂലാ
പിന്നെന്തിന പൈസ, ഇത് പിടിക്കുമ്മാ’

‘വേണ്ട’ ഒരുമ്മ കൂടി തന്ന് മാറിലേയ്ക്ക് ചേര്‍ത്ത് പിടിച്ച് ഉമ്മ മിണ്ടാതെ നിന്നു.
മഹാസമുദ്രങ്ങളുടെ ആർത്തലപ്പുകളോടെ ആ ഹൃദയം എനിക്കൊരു അന്ത്യ ചുംബനം തന്നു. വീണ്ടുമൊരുമ്മ കൂടി തന്ന് ഉമ്മ തിരികെ നടന്നു,
കൂടെ എളാപ്പയും.
ഞാൻ അയൂക്കാനെ നോക്കി ചിരിച്ചു.
അയൂക്ക കരയുന്ന പോലെ തോന്നിയെനിക്ക്.

‘പൈസ ഞാനെന്തു ചെയ്യും അയൂക്കാ’

‘എന്റെ പെരുന്നാപ്പണം ഞാനവിടാ ഇട്ടത് ബിലാലെ’ ഓഫീസിനു മുന്നില്‍ സ്ഥാപിച്ച പെട്ടി ചൂണ്ടിക്കാട്ടി അയൂക്ക എന്നോട് പറഞ്ഞു. ഞാനോടി പൈസ അതിലിട്ടു.

-“ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും പരലോകത്ത്, ചേർന്നിരിക്കുന്ന വിരലുകള്‍ പോലെയാണ്: മുഹമ്മദ് നബി’-
എന്ന് ബോക്സിനോട് ചേര്‍ന്ന് എഴുതിപ്പതിച്ചത് ഒരുവട്ടം വായിച്ച് തിരികെ അയൂക്കാടരുകിലേയ്ക്ക് പാഞ്ഞു. ചെന്നപാടെ അയൂക്ക എന്നെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു.

“അള്ളാഹ്…. നിയ്ക്കിപ്പൊ മക്കളു മൂന്നായി…. അൽഹംദുലില്ലാഹ്…”

ചെമ്പരംകൊണ്ട അല്പ വെളിച്ചവും കൂടി പിടിച്ചുവാങ്ങി സൂര്യന്‍ എന്റെ ഭൂമിയുടെ മതില്‍ക്കെട്ടുകൾക്കു പുറത്തേക്ക് പോയി.
പുതിയവെളിച്ചവുമായി ഞാനെത്താമെന്ന് നേരിയ കല കാട്ടി ചന്ദ്രൻ ചിരിച്ചു.
മഗരിബ് ബാങ്ക് വിളിക്കാന്‍ ഞാന്‍ പള്ളിയിലേയ്ക്ക് നടന്നു.

Advertisements