മനുഷ്യനെ സന്മാർഗ്ഗത്തിലേക്കു കൈപിടിച്ച് നടത്താൻ തങ്ങൾ മാത്രമേയുള്ളൂ എന്ന് കരാർ എടുത്തിട്ടുള്ള മതങ്ങളിൽ ആണ് ക്രിമിനലുകളും മതഭാഷയിൽ പറഞ്ഞാൽ പാപികളും വസിക്കുന്നത്. ഏതൊരു കുറ്റകൃത്യമോ, വർഗ്ഗീയ കൊലപാതകങ്ങളോ ഭീരവാദമോ എടുത്തുനോക്കിയാൽ അതെല്ലാം മതവിശ്വാസികളുടെ മാത്രം സൃഷ്ടിയാണ്. ലോകചരിത്രത്തിൽ മത-ദൈവ വിശ്വാസങ്ങളെ നിഷേധിച്ചവരും കൊലകൾ ചെയ്തിട്ടുണ്ടാകും എന്നാൽ ഈ മോഡേൺ യുഗത്തിൽ മതമാണ് എല്ലാ ഭൂഖണ്ഡങ്ങളിലും സംഹാരതാണ്ഡവം ആടുന്നത്. മതനിരാസങ്ങളുടെ ചട്ടക്കൂടുകൾ തകർക്കപ്പെട്ടപ്പോൾ അതിനേക്കാൾ ഏകാധിപത്യ സ്വഭാവത്തോടെ മനുഷ്യനിൽ മതം കുടിയേറിപ്പാർത്തു. വിസർജ്ജ്യം ബഹിഗമിക്കുന്നപോലെ വിവിധ മതങ്ങൾ ഭൂമിയിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ഒരു മതത്തെ വെല്ലാനും അതിനോട് മത്സരിക്കാനും മറ്റു മതങ്ങൾ വ്യഗ്രത കൊണ്ടു. തത്ഫലമായി മതങ്ങളിൽ അവശേഷിച്ച നന്മ നഷ്ടപ്പെടുകയും തിന്മമാത്രമായി, ആഡംബരത്തിന്റെയും പാപങ്ങളുടയും വേദിയായി ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും. മതത്തെ പലതിനും ഉള്ള ലൈസൻസായി കണ്ടുതുടങ്ങി പുരോഹിതവർഗ്ഗവും വിശ്വാസികളും. ജാതിവ്യവസ്ഥ, സഭാതർക്കങ്ങൾ, ഒരേ വിശ്വാസത്തിന്റെ ആസനത്തിൽ തന്നെ അതിലെ വിശ്വാസികളുടെ ബോംബ് സ്ഫോടനങ്ങൾ എന്നിവ പതിവായി. യഥാത്ഥ വിശ്വാസികൾ ഇതൊന്നും ചെയ്യില്ല എന്ന് കരഞ്ഞുകേണുകൊണ്ട് അയ്യോപാവം പോലെ അഭിനയിക്കുന്ന വിശ്വാസികൾ അനുദിനം രംഗത്തുവരുന്നു. കൂടത്തായിയിൽ സംഭവിച്ചതും മറ്റൊന്നല്ല. കൊടുംവിശ്വാസിയായ ഒരുവൾ യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാത്ത ആറുകൊലപാതകങ്ങൾക്കു ചുക്കാൻ പിടിക്കുന്നു. തെറ്റുചയ്യാൻ ഒരാളിലെ വിശ്വാസം തടസ്സമാകുന്നില്ല. തെറ്റുചെയ്യാതിരിക്കണം എങ്കിൽ മതവിശ്വാസങ്ങളെയും ഇല്ലാത്ത ദൈവത്തെയും തിരസ്കരിച്ചു കൊണ്ടുള്ള മാനവിക ചിന്തയ്ക്കു മാത്രമേ സാധിക്കൂ. മതം ചെയുന്ന കപട കാരുണ്യപ്രവൃത്തികൾ തങ്ങളിലേക്ക് വിശ്വാസികളെ ആകർഷിക്കാനോ അതിലുള്ള വിശ്വാസികളെ പിടിച്ചുനിർത്താനോ മാത്രമാകുമ്പോൾ വിശ്വാസിയല്ലാത്തവർ ഉത്കൃഷ്ടമായ, പുരോഗമനപരമായ ചിന്തകൾ കൊണ്ട് നിസ്വാർത്ഥമായി അതുചെയ്യുന്നു. മതവും വിശ്വാസവുമാണ് ഇന്നത്തെ പാപവും അശ്ലീലവും. മറ്റൊരാളെ അന്യനായി കാണാൻ പഠിപ്പിക്കൽ അല്ലാതെ അതിലൊന്നും ഒരു പിണ്ണാക്കും ഇല്ല. ഷാജി തകിടിയിലിന്റെ ഈ ചെറുകുറിപ്പ് വായിച്ചുനോക്കൂ

ഷാജി തകിടിയിൽ 

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി 17 വർഷം കൊണ്ട് ആസൂത്രിതമായി 6 കൊലപാതങ്ങൾ നടത്തിയ സ്ത്രീ ഒരു ദിവസം പോലും മുടങ്ങാതെ കുർബാന കാണുമായിരുന്നു.മുടങ്ങാതെ കുമ്പസാരം നടത്തിയിരുന്നു .കുട്ടികളെ പാപം ചെയ്യാതെ സന്മാർഗ്ഗത്തിൽ വഴി നടത്തുവാനായി കഴിഞ്ഞ 20 വർഷമായി വേദപാഠം പഠിപ്പിക്കുന്നുണ്ട് .ഒരു ധ്യാനം പോലും മുടങ്ങാതെ കൂടുമായിരുന്നു. പ്രത്യേകിച്ച്, വട്ടായിൽ, വളവനാൽ, തപസ് ധ്യാനങ്ങൾ!

പള്ളിയിലെ എല്ലാ ഭക്തസംഘടനകളിലും സംഘാടകയായിരുന്നു. ആറു തവണ പൊലീസ് ചോദ്യം ചെയ്തിട്ടും തെല്ലും പതറിയില്ല എന്നു പറയുമ്പോൾ ആ സ്ത്രീയുടെ ക്രിമിനൽ മനസ് അത്ര മാത്രം ഉറച്ചതായിരുന്നു എന്നു വേണം കരുതാൻ .17 വർഷമായി ഒരു വ്യക്തിക്ക് അൽപം പോലും മനസാക്ഷിക്കുത്ത് ഉണ്ടാക്കുവാൻ കുമ്പസാരം , കുർബാന, ധ്യാനം എന്നിത്യാദി ഭക്ത്യാഭ്യാസങ്ങൾക്ക് സാധിച്ചില്ല എങ്കിൽ ഇവയ്ക്ക് എന്തു പ്രസക്തിയാണ് ഉള്ളത് ?

ഇപ്പറയുന്നത് ക്രിസ്തുമതത്തിന് മാത്രം ബാധകമായിട്ടുള്ളതാണെന്ന് ധരിക്കരുത് . മനുഷ്യനെ പാപങ്ങളിൽ നിന്നും അകന്നു ജീവിക്കാനും മാനവധർമം പുലർത്തുവാനും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഈ ലോകത്തുള്ള എല്ലാ മതങ്ങൾക്കും ബാധകമാണ് .

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.