അങ്ങാടിയും മലയാളത്തിലെ മാസ്സ് എന്റർടെയ്നറുകളും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
426 VIEWS

അങ്ങാടിയും മലയാളത്തിലെ മാസ്സ് എന്റർടെയ്നറുകളും

എഴുതിയത് : Shaju Surendran

“മാസ്സ് എന്റെർറ്റൈനെർ, മാസ്സ് ഹീറോ, മാസ് ഡയലോഗ് “…..ഇതൊക്കെ ഇക്കാലത്തു ധാരാളം കേൾക്കാറുള്ള വിശേഷണങ്ങളാണ്. അന്യഭാഷാ മാസ്സ് സിനിമകൾ അടക്കി വാഴുന്ന കാലമാണല്ലോ ഇത്? എന്നാൽ മലയാള സിനിമയുടെ “മാസ്സ്” മുഖം മാറ്റിയെഴുതിയ ചലച്ചിത്രം റിലീസായിട്ടു ഇന്നേയ്ക്ക് നാൽപ്പത്തി രണ്ട് വർഷങ്ങളായി.1980 ഏപ്രിൽ 18 നു റിലീസായ അങ്ങാടി എന്ന ചിത്രത്തെകുറിച്ചാണ് പറഞ്ഞു വരുന്നത്.

പ്രേംനസീർ അഭിനയിച്ച സി ഐ ഡി, കടത്തനാടൻ, തുളുനാടൻ സിനിമകളും പിന്നെ പാട്ടും, ആക്ഷനും, സെന്റിമെൻറ്സും, കാബറെയും, ബലാത്സംഗവും ഒക്കെ സമാസമം ചേർത്ത പക്കാ മസാല ചിത്രങ്ങളും, ചില റീമേക്ക് ചിത്രങ്ങളും ഒക്കെയായിരുന്നു ഒരു കാലത്തു മലയാളത്തിലെ മാസ്സ് എന്റർടൈനർ സിനിമകൾ. ശശികുമാർ, എ ബി രാജ്, വിജയാനന്ദ്, കുഞ്ചാക്കോ തുടങ്ങിയ പ്രഗത്ഭർ അണിയിച്ചൊരുക്കിയ സ്ഥിരം ചേരുവകൾ അടങ്ങിയ അത്തരം സിനിമകളിൽ നിന്ന് തികച്ചും വെത്യസ്തമായ ഒരു ട്രീറ്റ്മെന്റ് അവലംബിച്ചുകൊണ്ട് അക്കാലത്തെ യുവ രക്തങ്ങളായ ഐ വി ശശിയും, ടി ദാമോദരനും, ജനമനസ്സിൽ സൂപ്പർ താര പദവി നേടിയെടുത്ത ജയനെ നായകനാക്കി താര നിബിഡമായ അങ്ങാടി എന്ന ചിത്രം അണിയിച്ചൊരുക്കി. നല്ല സിനിമകൾ നിർമ്മിക്കാൻ എന്നും തയ്യാറായിരുന്ന ഗൃഹലക്ഷ്മി ആയിരുന്നു ബാനർ. പതിവ് കഥാ പശ്ചാത്തലങ്ങളിൽ നിന്ന് വ്യത്യസ്തമായി ടി ദാമോദരൻ അങ്ങാടിയിൽ വിഷയമാക്കിയത് സമകാലിക രാഷ്ട്രീയമായിരുന്നു. സമകാലിക രാഷ്ട്രീയം വിഷയമാക്കി ഒരു മാസ്സ് എന്റർടൈനർ നിർമ്മിക്കപ്പെടുന്നത് മലയാളസിനിമയെ സംബന്ധിച്ചു ആദ്യ അനുഭവം ആയിരുന്നു. ജയൻ അവതരിപ്പിച്ച അഭ്യസ്തവിദ്യനായ ചുമട്ടു തൊഴിലാളി ബാബു ഗാമഭീര്യമാർന്ന ശബ്ദത്തിൽ ” May be we are coolies but we are not beggers ……….” എന്ന ഡയലോഗ് പറയുമ്പോൾ തീയറ്ററുകൾ ഇളകി മറിഞ്ഞു. ജയനോടൊപ്പം സുകുമാരനും, സീമയും, കുതിരവട്ടം പപ്പുവും ഒക്കെ തകർത്തഭിനയിച്ച അങ്ങാടി കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറി. സുകുമാരനും, ജയനും, സീമയുമൊക്കെ പറയുന്ന മാസ്സ് ഡയലോഗുകൾ കേരളത്തിലെ സാധാരണക്കാരൻ പറയാൻ ആഗ്രഹിച്ചവ തന്നെയായിരുന്നു.

അങ്ങാടിക്ക് ശേഷം ഇതേ ടീം ഒന്നിച്ച “മീൻ” എന്ന ചിത്രവും വൻവിജയം നേടി. ഹിന്ദിയിൽ ഇറങ്ങിയ തൃശൂൽ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു അത്. ജയന്റെ താരപദവി നന്നായി ഉപയോഗിച്ച സിനിമ. ജയന്റെ മരണശേഷം ടി ദാമോദരൻ മാഷ് “അഹിംസ, ഈ നാട്, ഇനിയെങ്കിലും, ഉണരൂ, ഇന്നല്ലെങ്കിൽ നാളെ പോലുള്ള ധാരാളം രാഷ്ട്രീയ ചിത്രങ്ങൾ രചിക്കുകയുണ്ടായി എങ്കിലും ഒന്നിലും ഒരു മാസ്സ് ഹീറോ പരിവേഷമുള്ള നായകൻ ഇല്ലായിരുന്നു. ഇതിനിടയിൽ രതീഷിനു നായക പരിവേഷമുള്ള വൻ ബ്രേക്ക് നൽകിയ തുഷാരം ദാമോദരൻ – ശശി ടീമിന്റേതായി ഇറങ്ങി വൻ വിജയം നേടിയിരുന്നു.
പിന്നീട് ഇതേ ടീമിന്റേതായി 1986 ഇൽ പുറത്തുവന്ന ആവനാഴി മലയാളത്തിന്റെ “മാസ്സ്” സിനിമാ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി. ഇൻസ്‌പെക്ടർ ബൽറാം എന്ന “സൂപ്പർ കോപ്പ് ” പരിവേഷമുള്ള, മറ്റൊരു ഹീറോ സൃഷ്ടിക്കപ്പെട്ടു. സമൂഹത്തിലെ അനീതികൾക്കെതിരെ മാസ്സ് ഡയലോഗുകൾ തൊടുത്തുവിടുന്ന മമ്മൂട്ടിയുടെ ബൽറാം എന്ന Super Cop മലയാള സിനിമയുടെ ഉശിരൻ ഹീറോ മുഖമായി. അക്കാലത്തു തുടർച്ചയായി ഇറങ്ങിയ, വേണ്ടത്ര വിജയങ്ങൾ നേടാതെ പോയ. ഒരു പറ്റം മമ്മൂട്ടി ചിത്രങ്ങളുടെ നിരയിൽ തലയെടുപ്പോടെ “ആവനാഴി” നിന്നു. പടങ്ങൾ പലതും പരാജയം ആയി എങ്കിലും മമ്മൂട്ടി ഒരു സൂപ്പർ താരം തന്നെയാണെന്ന് ആ ചിത്രം അരക്കെട്ടുറപ്പിച്ചു.

പിന്നീടങ്ങോട്ട് മലയാള സിനിമയുടെ “മാസ്സ്” മുഖഛായ മാറുകയായിരുന്നു. തമിഴിലും, ഹിന്ദിയിലും, തെലുങ്കിലും ഒക്കെ പണ്ട് മലയാള സിനിമകളിൽ ഉണ്ടായിരുന്ന പോലെ സംഘട്ടനവും, കാബറെയും, പ്രേമവും, സെന്റിമെൻസും പോലുള്ള ചേരുവകൾ ചേർത്ത മാസ്സ് ഹീറോ സിനിമകൾ തന്നെ കൂടുതലും ഇറങ്ങിയപ്പോൾ, മലയാളത്തിൽ ന്യൂ ഡൽഹിയും, രാജാവിന്റെ മകനും, ഇരുപതാം നൂറ്റാണ്ടും, മൂന്നാം മുറയും, നായർ സാബും, ഭൂമിയിലെ രാജാക്കന്മാരും ഒക്കെ പോലെ കാമ്പുള്ള, കരുത്തുറ്റ പ്രമേയങ്ങൾ വിഷയമാക്കിയ “മാസ്സ്” സിനിമകൾ ഉണ്ടായി. ജികെയും, സാഗർ ഏലിയാസ് ജാക്കിയും, വിൻസന്റ് ഗോമസും ഒക്കെ പോലുള്ള കരുത്തുറ്റ മാസ്സ് ഹീറോകൾ സൃഷ്ടിക്കപ്പെട്ടു.

ദാമോദരൻ മാഷിനൊപ്പം ഡെന്നീസ് ജോസഫും, എസ് എൻ സ്വാമിയും, മാസ്സ് പരിവേഷമുള്ള ഹീറോകളുമായി എത്തിയപ്പോൾ മലയാള സിനിമയുടെ വാണിജ്യമുഖം ഒരിക്കലുമില്ലാത്ത ഒരുണർവ് നേടി. 90 കളുടെ ആദ്യ പാദത്തിൽ രഞ്ജി പണിക്കരും, രഞ്ജിത്തും അവരോടൊപ്പം ചേർന്നപ്പോൾ മലയാള സിനിമാ “മാസ്സ്” സിനിമകളുടെ കാര്യത്തിൽ നിലനിർത്തിയിരുന്ന “ആ നിലവാരം” വീണ്ടും കുറേക്കാലം തുടർന്ന് പോന്നു. ധ്രുവവും. ദേവാസുരവും, കമ്മീഷണറും, കിങ്ങും, ലേലവും, പോലുള്ള സിനിമകളിലൂടെ നല്ല കരുത്തുള്ള മാസ്സ് ഹീറോകൾ മലയാള സിനിമയിൽ നിറഞ്ഞാടി. പ്രേക്ഷകരുടെ ബുദ്ധിയെ വെല്ലുവിളിക്കാത്ത, മസാല ചേരുവകളുടെ ഓവർ ഡോസ് ഇല്ലാത്ത, നിലവാരമുള്ള ആ ചിത്രങ്ങളായിരുന്നു മലയാള സിനിമയുടെ “വാണിജ്യ” മുഖം.

അക്കാലത്തു സൂപ്പർ താര പദവി പങ്കിട്ടിരുന്ന മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ആയിരുന്നു ഈ ചിത്രങ്ങളിലെ സ്ഥിരം നായകന്മാർ. അവരെ സൂപ്പർ പദവിയിലേക്ക് നയിച്ചതും ഈ ചിത്രങ്ങൾ തന്നെയായിരുന്നു.തൊണ്ണൂറിന്റെ അവസാന പകുതിയിൽ ഇറങ്ങിയ ഉസ്താദിലും, 2000 ത്തിൽ ഇറങ്ങിയ നരസിംഹത്തിലും തമിഴ് നായകന്മാർക്കുള്ള സൂപ്പർ ഹീറോ പരിവേഷം മലയാള സിനിമകളിലെ നായകന്മാർക്കും നൽകുവാനുള്ള ഒരു പ്രവണത കണ്ടു തുടങ്ങി. നരസിംഹത്തിന്റെ വമ്പൻ വിജയം അത്തരം സിനിമകൾ വീണ്ടും വീണ്ടും ഇറക്കാൻ സംവിധായകർക്ക് ധൈര്യം നൽകി. രാവണപ്രഭു, വല്യേട്ടൻ, നരിമാൻ പോലുള്ള മികച്ച തിരക്കഥയുടെ പിൻബലത്തോടെ വന്ന ചില ചിത്രങ്ങൾ നല്ല വിജയം നേടി എങ്കിലും പ്രജയും, ഒന്നാമനും, ദുബായിയും, മാർക്ക് ആന്റണിയും, സായ്‌വർ തിരുമേനിയും പോലുള്ള ചിത്രങ്ങൾ പരാജയമറിഞ്ഞു. 80 കളുടെ രണ്ടാം പകുതിയിൽ തുടങ്ങി 90 കളുടെ അവസാന കാലങ്ങളിൽ വരെ കണ്ടു വന്ന മലയാളത്തിലെ മാസ്സ് സിനിമകളിലെ ആ ഒരു “നിലവാരം” കുറഞ്ഞു വരുന്നതായി തോന്നിച്ചു. ഡെന്നീസ് ജോസഫ്, എസ് എൻ സ്വാമി, ടി ദാമോദരൻ തുടങ്ങിയ പ്രഗത്ഭർ ഫീൽഡിൽ നിന്ന് പതിയെ ഒഴിയാൻ തുടങ്ങിയതും രഞ്ജി പണിക്കരുടെ തിരക്കഥകൾ ആവർത്തനങ്ങൾ ആയി മാറിയതും, രഞ്ജിത്തിന്റെ മാസ്സ് തിരക്കഥകൾക്ക് ശക്തിക്കുറവ് ബാധിച്ചതും ഇതിന്റെ കാരണമായി വിലയിരുത്താം.

2005 ഇൽ റിലീസായ മമ്മൂട്ടിയുടെ രാജമാണിക്യവും , മോഹൻ ലാലിൻറെ നരനും, സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ ഐ പി എസ്സും മാസ്സ് സിനിമകളുടെ ആ പഴയ പ്രതാപം വീണ്ടും വരികയാണോ എന്ന് തോന്നിച്ചു. രഞ്ജൻ പ്രമോദും, ടി എ ഷാഹിദും പ്രതീക്ഷകൾ നൽകി. തിരക്കഥയുടെ നിലവാരം കൊണ്ടും, ബോക്സ് ഓഫിസ് വിജയം കൊണ്ടും മുൻകാല മാസ്സ് ഹിറ്റുകളെ അവ ഓർമ്മിപ്പിച്ചു. അവയ്ക്കൊപ്പം തീരെ മോശമല്ലാത്ത മാസ്സ് മസാല കഥകളുമായി ഉദയൻ-സിബി ടീം രചിച്ചു, ദിലീപ് നായകനായ റൺവെയും, ലയണും ഒക്കെയിറങ്ങി വിജയം നേടിയതും പ്രതീക്ഷ ജനിപ്പിച്ചു. എന്നാൽ ആ സന്തോഷത്തിനു വലിയ ആയുസ്സൊന്നും ഇല്ലായിരുന്നു. കീർത്തി ചക്ര, തൊമ്മനും മക്കളും, മായാവി, ചോട്ടാ മുംബൈ, തുടങ്ങിയ രസികൻ മാസ്സ് എന്റര്ടെയ്നറുകൾ ഒഴിച്ച് നിറുത്തിയാൽ പിന്നീടിറങ്ങിയ പല മാസ്സ് ചിത്രങ്ങൾക്കും പഴയ നിലവാരം കാത്തുസൂക്ഷിക്കാൻ ആയില്ല. ബിഗ് ബി പോലുള്ള ചില പരീക്ഷണങ്ങൾ ജനം സ്വീകരിച്ചതുമില്ല. മമ്മൂട്ടിയുടെ നസ്രാണിയും, മായാ ബസാറും, പരുന്തും, ബൽറാം vs താരാദാസും മോഹൻലാലിൻറെ അലിഭായി, മഹാസമുദ്രം, ബാബ കല്യാണി ഒക്കെ പോലുള്ള ബോറൻ മാസ്സ് പടങ്ങൾ ജനം പാടെ തിരസ്കരിച്ചപ്പോൾ. വിജയം നേടിയ തുറുപ്പു ഗുലാനും, അണ്ണൻ തമ്പിക്കും, ചട്ടമ്പി നാടിനും, മാടമ്പിക്കും, ഹലോക്കും ഒക്കെ ഒരു മലയാളം മാസ്സ് എന്റെർറ്റൈനറിന്റെ നിലവാരം തോന്നിച്ചില്ല. മൾട്ടി സ്റ്റാർ ചിത്രങ്ങളായ 20 ട്വന്റി , ക്രിസ്ത്യൻ ബ്രദേഴ്‌സ്, കമ്മത്ത് ആൻഡ് കമ്മത്ത്, ചൈന ടൗൺ പോലുള്ള ചിത്രങ്ങളിൽ പലതും വിജയം നേടി എങ്കിലും വെറും സൂപ്പർ സ്റ്റാറുകളുടെ മാസ്സ് കാണിക്കാനുള്ള പടപ്പുകൾ മാത്രമായി അവ ഒതുങ്ങി.

70 കളുടെ അവസാനത്തിലും 80 കളുടെ ആദ്യ പകുതിയിലും മലയാള സിനിമയിലെ മാസ്സ് എന്റർറ്റെയ്നറുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് പാപ്പനംകോട് ലക്ഷ്മണൻ. ഹിന്ദി, തമിഴ്, തെലുങ്കു സിനിമകളുടെ രീതി അവലംബിച്ചു മലയാളത്തിനായി ധാരാളം മാസ്സ് മസാല ചിത്രങ്ങൾ അദ്ദേഹം രചിച്ചു. ഏറ്റവും കൂടുതൽ വിജയങ്ങളും അദ്ദേഹത്തിന്റെ പേരിൽ തന്നെ. ഉദയകൃഷ്ണയെ പോലുള്ള ഇക്കാലത്തെ മാസ്സ് എന്റർറ്റെയ്നറുകൾ രചിക്കുന്ന മിക്കവരുടെയും സൃഷ്ടികൾക്കു ആദ്യകാലത്തെ ആ ചിത്രങ്ങളുടെ നിലവാരം പോലുമില്ല എന്നത് ഒരു വസ്തുത മാത്രം.

കോളേജ് പഠന കാലത്ത് എന്നെപോലെയുള്ള യുവ ജനങ്ങൾ ആഘോഷത്തോടെ കണ്ടിരുന്ന മാസ്സ് ചിത്രങ്ങൾ ധ്രുവവും, ആര്യനും, കമ്മീഷണറും, ലേലവും ഒക്കെയായിരുന്നു എങ്കിൽ ഇന്നത് പുലി മുരുകനും, പോക്കിരി രാജയും, ഷൈലോക്കും, ആറാട്ടും ഒക്കെയായി മാറി. സാങ്കേതികമായി വളരെ മുൻപോട്ടു പോയ മലയാളം മാസ്സ് എന്റർറ്റെയ്നറുകൾ കഥാ നിലവാരത്തിൽ വളരെ പിന്നോട്ട് പോയി എന്നത് ഒരു വസ്തുത തന്നെയാണ്.

റൺ ബേബി റൺ, രാമലീല, അയ്യപ്പനും കോശിയും പോലുള്ള സിനിമകളിലൂടെ മലയാള വാണിജ്യ സിനിമയ്ക്ക് പ്രതീക്ഷകൾ തന്ന സച്ചി നമ്മെ വിട്ട് പിരിഞ്ഞു. വലിയ സംഭവം ഒന്നും അല്ലെങ്കിലും വൻ വിജയം നേടിയ, ക്വാളിറ്റിയുള്ള മാസ്സ് എന്റെർറ്റൈനർ ലൂസിഫർ സമ്മാനിച്ച മുരളി ഗോപി മാത്രമാണ് നിലവിൽ പ്രതീക്ഷ തരുന്ന പക്കാ കൊമേഴ്സ്യൽ എഴുത്തുകാരൻ. വല്ലപ്പോഴമൊക്കെ രചന നിർവഹിക്കുന്ന അദ്ദേഹം മാത്രം വിചാരിച്ചാൽ മലയാള വാണിജ്യ സിനിമയെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയില്ല. പുത്തൻ കഥകളുമായി മികച്ച എഴുത്തുകാർ ഇനിയും വരണം എന്നാലേ സൂപ്പർ താരത്തിന്റെ പദവിയുടെയും, സാങ്കേതികതയുടെയും മാത്രം ബലത്തിലും സൃഷ്ടിക്കുന്ന നിലവാരമില്ലാത്ത പടപ്പുകളിൽ നിന്ന്, സിനിമയെ ഒരു വിനോദോപാധിയായി, ആഘോഷമായി കാണുന്ന സാധാരണ പ്രക്ഷകന്‌ മോചനം ലഭിക്കൂ.

നമ്മുടെ മാസ്സ് സിനിമകൾക്ക് ഒരു നിലവാരമുണ്ട്. അന്യഭാഷാ ചിത്രങ്ങളുമായി അതിനെ താരതമ്യം ചെയ്യണ്ട ആവശ്യമില്ല. ആ നിലവാരത്തിലുള്ള മികച്ച തിരക്കഥകൾ വന്നാൽ ബജറ്റും, ഇൻഡസ്ട്രിയൂടെ വലിപ്പവും ഒന്നും നമുക്ക് പ്രശ്നമേയാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി