കളിയാട്ടത്തിനും മുൻപ് ഒഥല്ലോ തീം ഭാഗികമായി ഉപയോഗിച്ച പടമാണ് ചമ്പക്കുളം തച്ചൻ
കളിയാട്ടം ഇറങ്ങുന്നതിനും ഏതാനും വർഷങ്ങൾക്കു മുൻപ് ഒഥല്ലോ തീം ഭാഗികമായി ഉപയോഗിച്ച പടമാണ് ചമ്പക്കുളം തച്ചൻ. രാഘവനാശരി (ഒഥല്ലോ) ആയി മുരളിയും
236 total views

Shaju Surendran
കളിയാട്ടം ഇറങ്ങുന്നതിനും ഏതാനും വർഷങ്ങൾക്കു മുൻപ് ഒഥല്ലോ തീം ഭാഗികമായി ഉപയോഗിച്ച പടമാണ് ചമ്പക്കുളം തച്ചൻ. രാഘവനാശരി (ഒഥല്ലോ) ആയി മുരളിയും, കുട്ടിരാമനായി (ഇയാഗോ) നെടുമുടി വേണുവും, അമ്മുവായി (ഡെസ്റ്റിമോണ) മോനിഷയും നടിച്ചു. സിനിമയുടെ പ്രധാന കഥയുടെ ഫ്ലാഷ്ബാക്ക് ആയിട്ടാണ് ഒഥല്ലോ തീം ചേർത്തിരിക്കുന്നത്.
മധു അവതരിപ്പിക്കുന്ന മൂത്താശാരിയും, മുരളിയുടെ രാഘവനും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. മധുവിന്റെ മകളെ (മോനിഷ) കൊന്ന കുറ്റത്തിന് ജയിലിൽ പോയി വർഷങ്ങൾക്കു ശേഷം നാട്ടിലെ വള്ളത്തിന്റെ പണിക്കായി തിരിച്ച് വരുന്ന കഥാപാത്രമാണ് മുരളിയുടെ രാഘവൻ. മൂത്താശാരിയും ഭാര്യയും വളർത്തുന്ന, അമ്മുവിൽ തനിക്കുണ്ടായ മകളായ (രംഭ) ദേവിയെ കാണുക എന്നതാണ് രാഘവന്റെ ആഗമനോദ്ദേശം. മൂത്താശാരിയുടെ മനസ്സ് നിറയെ രഘവനോടുള്ള പകയാണ്. അമ്മുവിന്റെ മരണത്തിന് കാരണക്കാരനായ കുറുക്കന്റെ ബുദ്ധിയുള്ള കുട്ടിരാമൻ തന്റെ കുബുദ്ധി ഉപയോഗിച്ച് മൂത്താശാരിയിൽ ആ പക വളർത്തിയെടുക്കുന്നു. കഥാന്ത്യം മൂത്താശാരിയും, രാഘവനും സത്യങ്ങൾ മനസിലാക്കുന്നതും കുട്ടിരാമാൻ കൊല്ലപ്പെടുന്നതുമാണ് കഥ.
മുരളിയും, മധുവും സിനിമയിലെ കരുത്തുറ്റ രണ്ടു കഥാപാത്രങ്ങളെയും മനോഹരമായി അവതരിപ്പിച്ചപ്പോൾ കുട്ടിരാമനായി നെടുമുടി വേണു നിറഞ്ഞാടി. ഗംഭീരം എന്നല്ലാതെ ആ പ്രകടനത്തെ വിശേഷിപ്പിക്കാൻ കഴിയില്ല. ആ നോട്ടങ്ങളും, ഭാവങ്ങളും എല്ലാം സൂത്രശാലിയായ ഒരു കുബുദ്ധിയുടേത് തന്നെ. ആരും വെറുത്തു പോകുന്ന നല്ല അസ്സല് വില്ലൻ.
ശ്രീനിവാസൻ, വിനീത്, ജഗതി, കെ ആര് വിജയ, മോനിഷ, രംഭ തുടങ്ങി സിനിമയിലെ നടീ നടന്മാർ എല്ലാപേരും അവരവരുടെ റോളുകൾ ഭംഗിയാക്കി. ശ്രീനിവാസൻ തന്റെ സ്ഥിരം നർമ്മത്തിൽ പൊതിഞ്ഞ കഥപറച്ചിൽ സ്വൽപം മാറ്റിപ്പിടിച്ച് വളരെ ചടുലമായ രീതിയിലാണ് മനുഷ്യ ബന്ധങ്ങളുടെ ഇൗ കഥ പറഞ്ഞിരിക്കുന്നത്. കമൽ എന്ന സംവിധായകന്റെ നല്ല സിനിമകളുടെ പട്ടികയിൽ മുൻ നിരയിൽ പെടുത്താം ഇൗ ചിത്രത്തെ.രവീന്ദ്രൻ ബിച്ചു തിരുമല ടീമിന്റെ മനോഹര ഗാനങ്ങൾ, സാലൂ ജോർജിന്റെ ഛായാഗ്രഹണം തുടങ്ങിയവ സിനിമയുടെ മാറ്റ് കൂട്ടി.1992 ൽ ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു.
237 total views, 1 views today
