Shaju Surendran
യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന നല്ല നാടൻ തല്ല് ആദ്യമായ് കണ്ട ഓർമ്മ, പണ്ട് ഇതാ ഇവിടെ വരെ സിനിമ TV യിൽ കണ്ടപ്പോഴാണ്. മധുവും, സോമനും തുല്യ ശക്തികളായി ചെളിയിലും, തോട്ടിലുമൊക്കെ വീണുരുണ്ട് കിടന്നുള്ള അടി വളരെയധികം കൗതുകവും, ആവേശവും തോന്നിച്ചു . ഐ വി ശശിയുടെ പല സിനിമകളിലും, ഭരതന്റെ ലോറി, കാതോട് കാതോരം പോലുലുള്ള 80 കളിലെ പരുക്കൻ പശ്ചാത്തലത്തിലുള്ള പല പടങ്ങളിലും ഇത്തരം ആക്ഷൻ രംഗങ്ങൾ പതിവായിരുന്നു. 90 കളിലെ ഇത്തരം സ്റ്റണ്ട് രംഗങ്ങളുള്ള സിനിമകളിൽ താഴ്‌വാരമാണ് പെട്ടെന്ന് ഓർമ്മവരുന്നത്.
ഈയടുത്ത് അയ്യപ്പനും, കോശിക്കും ശേഷം വീണ്ടുമൊരു മികച്ച, നാച്ചുറൽ ഫൈറ്റ് സീൻ കാണുന്നത് തെക്കൻ തല്ല് കേസ് സിനിമയിലാണ്. ഇപ്പോഴിതാ പടവെട്ടിലും കണ്ടു റിയാലിറ്റിയുമായി ചേർന്ന് നിൽക്കുന്ന നല്ല അസ്സല് കുറേ നാടൻ ഫൈറ്റ് രംഗങ്ങൾ. നിവിൻ ഒറ്റയ്ക്ക് ഒരു പത്തിരുപത് പേരെയൊക്കെ തല്ലി വീഴ്ത്തുന്ന സീനുകൾ വളരെ നാച്ചുറൽ ഫീൽ തരുന്ന രീതിയിലാണ് പടവെട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ഉത്സവ പറമ്പിലും, പാടത്തുമൊക്കെയായി ചിത്രീകരിച്ച നിവിനും, ചീട്ടുകളി ടീംസും തമ്മിലുള്ള പടവെട്ടിലെ ആദ്യ ഫൈറ്റ് സീൻ നല്ല ആവേശം നിറഞ്ഞ ഫീൽ സമ്മാനിച്ചു. അതുപോലെ തന്നെ ഷൈനും, നിവിനും ചേർന്ന് പന്നിയെ വീഴ്ത്തുന്ന ആക്ഷൻ സീനും, ക്‌ളൈമാക്സ് ഫൈറ്റ് സീനുമൊക്കെ ഗംഭീരം തന്നെയായിരുന്നു.
ഫൈറ്റ് മാസ്റ്ററുടെ പേര് നോക്കിയപ്പോഴാണ് അത്ഭുതം തോന്നിയത്. പടവെട്ടിന് ഏതാനും ആഴ്ചകൾ മുൻപ് റിലീസായ, നല്ല സ്റ്റൈലിഷ് ഫൈറ്റ് സീനുകൾ കൊണ്ട് ശ്രദ്ധ നേടിയ നാഗർജ്ജുനയുടെ ഗോസ്റ്റ് സിനിമയുടെയും, യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന അസ്സല് നാടൻ തല്ലുകളാൽ സമ്പന്നമായ പട വെട്ടിന്റെയും പിന്നിൽ പ്രവർത്തിച്ചത് ഒരാളാണ്. “ദിനേശ് സുബ്ബരായൻ” പ്രശസ്ത ഫൈറ്റ് മാസ്റ്റർ സൂപ്പർ സുബ്ബരായന്റെ ഇളയ മകൻ. അദ്ദേഹത്തിന്റെ സഹോദരൻ ദിലീപ് സുബ്ബാരായാനും പേരെടുത്ത ആക്ഷൻ കൊറിയോഗ്രാഫറാണ്.കാർത്തിക്ക് സുബ്ബാരാജിന്റെ ജഗമേ തന്തിരം, മഹാൻ ഒക്കെ ദിനേശാണ് ചെയ്തതെന്ന് സെർച്ച് ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞു.അച്ഛനെയും, ജ്യേഷ്ഠനെയും പോലെ ഈ രംഗത്ത് തിളങ്ങാൻ ദിനേശ് സുബ്ബരായനും സാധിക്കട്ടെ.