Shaju Surendran
നെടുമങ്ങാട്ടെ ഏറ്റവും പഴയ തീയറ്ററുകളിലൊന്നായ ഭുവനേശ്വരി തീയറ്ററിനടുത്താണ് (ഇപ്പോൾ സൂര്യ പാരഡൈസ്) ഞങ്ങളുടെ വീട്. തിരുവനന്തപുരം സിറ്റിയിൽ പ്രദർശനം പൂർത്തിയായ ശേഷം മാത്രമായിരുന്നു B ക്ലാസ് തീയറ്ററായ അവിടെ സാധാരണ സിനിമകൾ വന്നിരുന്നത്. ഭുവനേശ്വരിയിൽ ആദ്യമായി മറ്റുള്ള A ക്ലാസ് തീയറ്ററുകൾക്കൊപ്പം ആദ്യ ആഴ്ചയിൽ തന്നെ ഒരു ചിത്രം റിലീസാവുന്നത് “എങ്ങനെ നീ മറക്കും” ആണ്. അരോമ മണി നിർമ്മിച്ച ആദ്യ ചിത്രമായ “ധീരസ മീരേ യമുനാ തീരെ” മുതൽ “പച്ചവെളിച്ചം” വരെ എല്ലാ ചിത്രങ്ങളും ഭുവനേശ്വരിയിലായിരുന്നു വന്നിരുന്നത്. തീയറ്ററുടമ കുടുംബ സുഹൃത്തുകൂടെ ആയിരുന്നത് കൊണ്ട് തന്നെ രണ്ടു മൂന്നു ആഴ്ചകൾക്കു മുൻപേ തന്നെ “എങ്ങനെ നീ മറക്കും” റിലീസാകാൻ പോകുന്ന കാര്യം അറിഞ്ഞിരുന്നു.
ഒരു “ഫ്രഷ്” പടം അടുത്തുള്ള തീയറ്ററിൽ റിലീസാവുന്നതിൽ വലിയ സന്തോഷം തോന്നി. റിലീസിന് ആഴ്ചകൾക്കു മുൻപേതന്നെ തീയറ്ററിലെ കോളാമ്പിയിൽ മുഴങ്ങിക്കേട്ടിരുന്ന സിനിമയിലെ പാട്ടുകൾ അതിനോടകം മനസ്സിൽ പതിഞ്ഞിരുന്നു. അങ്ങനെ റിലീസ് ദിനം വന്നെത്തി. ശങ്കറും, മേനകയും, മോഹൻലാലും, V D രാജപ്പനും ഒക്കെയുള്ള സിനിമയുടെ വലിയ പോസ്റ്ററുകളും, കൊടി തോരണങ്ങളും, സ്വർണ്ണ റിബൺ തലയിൽ കെട്ടി, “ലവ് ചിഹ്നം” പതിച്ച കുപ്പായവുമിട്ട്, മൈക്കും പിടിച്ചു നിൽക്കുന്ന ശങ്കറിന്റെ കൂറ്റൻ കട്ടൗട്ടുകളും, സിനിമയുടെ പേര് വച്ച വലിയ ആർച്ചും ഒക്കെയായി വൻ ആഘോഷത്തോടെയാണ് പടം റിലീസായത്. ആദ്യദിനം മുതൽ വൻ ജനത്തിരക്കായിരുന്നു. ഫാമിലി ഓഡിയൻസായിരുന്നു കൂടുതലും. ആദ്യ ആഴ്ചയിൽ ടിക്കറ്റ് കിട്ടുക പ്രയാസമായിരുന്നു. എന്തായാലും ഞങ്ങൾക്ക് ആ പ്രയാസമുണ്ടായില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് കാണാൻ കൊണ്ട് പോയി. സന്തോഷത്തിന് അതിരില്ലായിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ!?💕
പ്രിയദർശൻ കഥയും, തിരക്കഥയും തയ്യാറാക്കിയ ചിത്രത്തിന്റെ സംവിധായാകൻ നിർമ്മാതാവ് കൂടിയായ M മണിയായിരുന്നു. ആക്കാലത്ത് ഏറെ പോപ്പുലറായിരുന്ന “രണ്ട് ഉറ്റ സുഹൃത്തുക്കൾ ഒരേ പെൺകുട്ടിയെ പ്രേമിക്കുന്ന” ത്രികോണ പ്രണയ തീം തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും. ധാരാളം കോമഡി രംഗങ്ങളും, പ്രേമവും, ഗംഭീര ഗാനങ്ങളും, സംഘട്ടന രംഗങ്ങളും ഒക്കെയായി മുന്നോട്ടു പോയി, അവസാനം പ്രേക്ഷകരിൽ നൊമ്പരം സൃഷ്ടിക്കുന്ന രീതിയിൽ വളരെ ട്രാജിക്കായ രംഗങ്ങളിലൂടെ അവസാനിക്കുന്ന, പിൽക്കാലത്ത് പ്രശസ്തമായ, ആ “പ്രിയൻ സ്റ്റൈൽ” ആദ്യമായി തുടങ്ങിയത് “എങ്ങനെ നീ മറക്കും” എന്ന ചിത്രത്തിലൂടെയാണ് എന്ന് പറയാം. സ്റ്റേജ് ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരനായ ഗായകൻ പ്രേം കുമാറായി യുവതാരം ശങ്കറും, പ്രേമിന്റെ ഉറ്റ മിത്രമായ ശംഭുവായി മോഹൻലാലും തകർപ്പൻ പ്രകടനം കാഴ്ചവച്ചു.
ഗാനരംഗങ്ങളിലും, പ്രേമരംഗങ്ങളിലും ശങ്കർ തിളങ്ങിയപ്പോൾ കോമഡി, ആക്ഷൻ വിഭാഗത്തിൽ മോഹൻലാൽ മികവ് കാട്ടി. തല്ലുകൊള്ളി വില്ലൻ വേഷങ്ങളിൽ നിന്ന് പോസിറ്റീവ് നായക വേഷങ്ങളിലേയ്ക്ക് ചുവട് വയ്ക്കുന്ന മോഹൻലാലിന് ഈ ചിത്രത്തിലെ ശംഭു എന്ന കഥാപാത്രം ഏറെ പ്രയോജനപ്പെട്ടു. മേനകയായിരുന്നു നായിക. ആക്കാലത്തെ പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്നല്ലോ ശങ്കർ – മേനക ടീം!? സിനിമയിൽ മോഹൻലാലും, V D രാജപ്പനും മേനകയ്ക്ക് വേണ്ടി അങ്ങോട്ടുമിങ്ങോട്ടും പാര പണിയുന്ന കോമഡി ട്രാക്ക് മികച്ച ചിരി മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. മോഹൻലാൽ തന്നെ പിന്നീട് ജഗതി, മുകേഷ്, മമ്മൂട്ടി, ശ്രീനിവാസൻ തുടങ്ങിയവർക്കൊപ്പം, പല ചിത്രങ്ങളിലും അവതരിപ്പിച്ച് കയ്യടി നേടിയ കഥാപാത്രങ്ങളുടെ തുടക്കം ഇതാണെന്ന് പറയാം.🙂
ശ്യാം – ചുനക്കര ടീമിന്റെ ചിത്രത്തിലെ ഗാനങ്ങൾ കേരളമെങ്ങും ഏറ്റുപാടി.💕 ചിത്രത്തിൽ പ്രേമഗാനമായും, ദുഃഖ ഗാനമായും രണ്ടു തവണ വന്നു പോവുന്ന “ദേവതാരു പൂത്തു …” പിന്നെ അക്കാലത്തെ ഡിസ്കോ ഗാനങ്ങളുടെ ശൈലിയിൽ ഒരുക്കിയ “നീ സ്വരമായ് ശ്രുതിയായ്…”, “ശരത്കാല സന്ധ്യ …” , “റോമിയോ ജൂലിയറ്റ് …” എന്ന പ്രേമ ഗാനം, “വെള്ളിത്തേരിൽ തുള്ളി തുള്ളി….” എന്ന കാബറെ ഗാനം എന്നിവ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി മാറി.😍ആദ്യ കാഴ്ചയ്ക്കു ശേഷം വീണ്ടും രണ്ടു തവണ ഭുവനേശ്വരിയിൽ നിന്ന് തന്നെ “എങ്ങനെ നീ മറക്കും ” കണ്ടു. വീട്ടിലിരുന്നാൽ തീയറ്ററിൽ കളിക്കുന്ന സിനിമയിലെ ഡയലോഗുകളും, ഗാനങ്ങളും ഏതാണ്ട് വ്യക്തമായി തന്നെ കേൾക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് കൂടെത്തന്നെ, ഈ സിനിമയിലെ രംഗങ്ങളും, ഡയലോഗുകളും ആക്കാലത്ത് കാണാപ്പാഠമായിരുന്നു.
ചിത്രം 50 ദിവസത്തോളം ഭുവനേശ്വരിയിൽ ഓടി. 50 ആം ദിന ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ M മണിയും, ശങ്കറും, V D രാജപ്പനും, മേനകയുമെല്ലാം തീയറ്ററിൽ വന്നിരുന്നു. ആദ്യമായി സിനിമാ താരങ്ങളെ നേരിട്ട് കാണുന്നത് അന്നാണ്. സുമുഖനും, സുന്ദരക്കുട്ടപ്പനുമായ ശങ്കറിന്റെ അന്നത്തെ രൂപവും, V D രാജപ്പൻ സ്റ്റേജിൽ അവതരിപ്പിച്ച പാരഡി ഗാനങ്ങളുമെല്ലാം ഇപ്പോഴും ഓർമ്മയുണ്ട്.കുട്ടിക്കാല സിനിമാ നൊസ്റ്റാൾജിയയുടെ സുഖമുള്ള ഓർമ്മകളിലൊന്നായ ഭൂവനേശ്വരി തീയറ്ററും,”എങ്ങിനെ നീ മറക്കും”… എന്ന സിനിമയും എങ്ങിനെ മറക്കാൻ..!? 😍😍💕💕സിനിമ റിലീസായിട്ട് 39 വർഷങ്ങൾ പിന്നിടുന്നു