Shaju Surendran

ഓരോരോ കാലഘട്ടങ്ങൾക്കനുസരിച്ച് സ്വയം updated ആവുക അങ്ങനെ പത്ത് മുപ്പത് വർഷത്തോളം ഫീൽഡിലെ സംവിധായകരിൽ പ്രധാനിയായി തുടരുക, ഇതൊരു ചില്ലറ കാര്യമല്ല. Updation എന്ന് പറയുമ്പോ സാങ്കേതികമായി മാത്രമല്ല. അതാത് കാലഘട്ടങ്ങൾക്കനുസരിച്ച് തൻ്റെ സിനിമാ രീതികൾക്ക് പറ്റിയ തിരക്കഥാകൃത്തുക്കളുമായി കൂട്ട് പിടിച്ച് താരമൂല്യമുള്ള നടീ നടൻമാരെ അണിനിരത്തി വലിയ ക്യാൻവാസിൽ സിനിമകൾ ഒരുക്കി വിജയിപ്പിക്കുക എന്നതാണ് ജോഷിയുടെ ഒരു രീതി.

May be an image of 8 people, beard, people standing and textഏതാണ്ട് ജോഷിയുടെ അതേ ശൈലിയിൽ വാണിജ്യ സിനിമകളെടുത്ത് നിറഞ്ഞ് നിന്നിരുന്ന സമകാലികരായ P ചന്ദ്രകുമാറും, സാജനും, P G വിശ്വംഭരനുമൊക്കെ കോമഡി, ഗ്ലാമർ, മസാല തുടങ്ങി പല തരത്തിലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ശ്രമിച്ച് പതിയെ ഫീൽഡിൽ നിന്ന് തന്നെ വിട്ടകലേണ്ടി വന്നപ്പോൾ, ജോഷി തൻ്റെ സിനിമാ രീതികളിൽ മാറ്റം വരുത്താതെ, തൻ്റെ ശൈലികളോട് പൊരുത്തപ്പെട്ട് എഴുതാൻ തയ്യാറായ മികച്ച എഴുത്തുകാരെ ഓരോ കാലഘട്ടങ്ങൾക്കനുസരിച്ച് കൂടെക്കൂട്ടി, അതാത് കാലങ്ങളിലെ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി വിജയ ചിത്രങ്ങൾ ഒരുക്കിക്കൊണ്ടേയിരുന്നു.

80 കളുടെ ആദ്യ പാദത്തിൽ അന്നത്തെ പ്രമുഖ തിരക്കഥാകൃത്തായ S L പുരത്തിൻ്റെ രചനയിൽ ടൈഗർ സലിം എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പലരെയും പോലെ സംവിധാന കലയിൽ ശശികുമാർ, A B രാജ് തുടങ്ങിയ വാണിജ്യ സിനിമയിലെ അന്നത്തെ മുടിച്ചൂടാ മന്നൻമാരുടെ രീതി പിന്തുടർന്ന് സിനിമയിലേക്ക് കടന്ന് വന്ന ജോഷി അവരുടെ പ്രധാന എഴുത്തുകാരനായിരുന്ന പാപ്പനംകോട് ലക്ഷ്മണനുമായി ചേർന്ന് നിരവധി ഹിറ്റുകൾ ഒരുക്കി. ജോഷിയുടെ രണ്ടാം ചിത്രമായി പുറത്ത് വന്ന മൂർഖനിൽ തന്നെ പപ്പനംകോട് ലക്ഷ്മണൻ എന്ന തിരക്കുള്ള രചയിതാവിനെയും ജയൻ എന്ന സൂപ്പർ തരത്തെയും അദ്ദേഹം കൂടെക്കൂട്ടി. പടം സൂപ്പർ ഹിറ്റ്. അക്കാലത്ത് സിനിമാ രംഗത്ത് പുതുമുഖ മാണെങ്കിലും കഴിവ് തെളിയിച്ച കല്ലൂർ ഡെന്നീസും ജോഷിയുടെ അക്കാലത്തെ മറ്റൊരു പ്രധാന എഴുത്തുകാരനായിരുന്നൂ.

അഞ്ച് വർഷത്തോളം ഈ ടീമിൻ്റെ ചിത്രങ്ങൾ തുടരെ തുടരെ വന്ന് കൊണ്ടിരുന്നു. അക്കാലത്തെ വിലപിടിപ്പുള്ള താരങ്ങളായ നസീറും, മധുവും, സോമനും, സുകുമാരനുമൊക്കെ ജോഷി ചിത്രങ്ങളിൽ സ്ഥിരമായി നായകന്മാരും, ഉപനായകൻമാരുമൊക്കെയായി. “വലിയ ചിത്രങ്ങളുടെ സംവിധായകൻ” എന്ന പേര് തുടക്ക കാലത്ത് തന്നെ അദ്ദേഹം നേടിയെടുത്തു. ജോഷി – കല്ലൂർ ഡെന്നീസ് ടീം അന്നത്തെ യുവ നടന്മാരെ അണിനിരത്തി ഒരുക്കിയ ആ രാത്രി മികച്ച വിജയമായതോടെ അതിലെ നായകനായ മമ്മൂട്ടി എന്ന താരം ആ ടീമിൻ്റെ മിക്ക ചിത്രങ്ങളിലെയും നിറ സാന്നിധ്യമായി. അവരൊന്നിച്ച മിക്ക വാണിജ്യ/കുടുംബ ചിത്രങ്ങളും വിജയവും നേടി. ഒപ്പം രതീഷ്, ശങ്കർ, തുടങ്ങിയ യുവ നായക നടമാരും ജോഷി ചിത്രങ്ങളിൽ സാന്നിധ്യമായി.

85 ഓട് കൂടി കല്ലൂർ ഡെന്നീസിനൊപ്പം മാറ്റൊരു ഡെന്നീസും ജോഷിയോടൊപ്പം ചേർന്നു, ഡെന്നീസ് ജോസഫ്. അവരൊന്നിച്ച ആദ്യ ചിത്രമായ നിറക്കൂട്ട് വലിയ ഹിറ്റായി മാറിയതോടെ, തുടരെ തുടരെ ജോഷി – ഡെന്നീസ് ജോസഫ് ചിത്രങ്ങൾ ഇറങ്ങാൻ തുടങ്ങി, മമ്മൂട്ടിയായിരുന്നു സ്ഥിരം നായകൻ. ഇതിനിടെ കല്ലൂർ ഡെന്നീസുമായി ചേർന്നുള്ള ചില ചിത്രങ്ങളും ഇറങ്ങിക്കൊണ്ടിരുന്നു . ജോഷിയുടേതായി വർഷാവർഷം ആറും, ഏഴും ചിത്രങ്ങൾ നിരനിരയായി പുറത്തുവന്നു. അവയിൽ പലതും പരാജയം രുചിച്ചതോടെ ജോഷി ഗീയർ മാറി വേഗത ഒന്ന് കുറച്ചു, സിനിമകളുടെ ക്വാളിറ്റിയിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. മോഹൻലാലുമായി ആദ്യമായി ഒന്നിച്ച (സുരേഷ് ഗോപിയുമായും) ജനുവരി ഒരു ഓർമ്മ മികച്ച വിജയം നേടിയെങ്കിലും അതിന്റെ രചയിതാവായ തന്റെ പ്രിയ എഴുത്തുകാരൻ കല്ലൂർ ഡെന്നീസുമായി ജോഷി പിന്നെ ഒന്നിച്ചില്ല. അദ്ദേഹം ഡെന്നീസ് ജോസഫുമായി ചേർന്ന് വീണ്ടും ന്യുഡൽഹി, നായർസാബ് പോലുള്ള വലിയ ഹിറ്റുകൾ സൃഷ്ടിച്ചു. N.O 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലെ ചില പ്രശ്നങ്ങൾ ഡെന്നീസ് ജോസഫിനെയും, ജോഷിയെയും അകറ്റി. പിൽക്കാലത്തു ഭൂപതി എന്ന ചിത്രത്തിനു വേണ്ടി അവർ ഒന്നിച്ചെങ്കിലും പടം പരാജയമായി.

90 കളുടെ ആദ്യം തിളങ്ങി നിന്ന പ്രമുഖ രചയിതാക്കളായ S N സ്വാമി, ലോഹിതദാസ് തുടങ്ങിയവരോടൊപ്പം ചേർന്ന് തനിക്കു യോജിച്ചത് എന്ന് തോന്നിയ അവരുടെ രചനകൾ ജോഷി സിനിമകളാക്കി. സ്വാമിയോടൊപ്പം ചേർന്ന് സംവിധാനം ചെയ്ത നാടുവാഴികളും, ധ്രുവവും വിജയ ചിത്രങ്ങളായി, സൈന്ന്യം ബജറ്റിന്റെ ആധിക്യം കൊണ്ടുകൂടെ അത്ര വിജയം നേടിയില്ല. പക്ഷെ ജോഷി കയ്യൊപ്പു പതിഞ്ഞ ചിത്രമായിരുന്നു അത്. ലോഹിയുമായി ചേർന്ന മഹായാനവും, കുട്ടേട്ടനും വൻ വിജയമൊന്നും നേടിയില്ലെങ്കിലും ആ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം നേടി. എന്നാൽ അവരൊന്നിച്ച കൗരവർ വൻ ഹിറ്റായി മാറുകയും ചെയ്തു. ഇതിനിടയിൽ പദ്മരാജനുമായി സഹകരിച്ച് പുറത്ത് വന്ന ഈ തണുത്ത വെളുപ്പാൻകാലത്ത് ഒരു നല്ല ചിത്രമായിരുന്നിട്ടു കൂടി പ്രേക്ഷകർ സ്വീകരിച്ചില്ല.
90 കളിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും ജോഷി ചിത്രങ്ങളിൽ മാറിമാറി അഭിനയിച്ചു. പിന്നെ രഞ്ജി പണിക്കരുടെ വരവായി ലേലം , പത്രം പോലുള്ള സൂപ്പർ ഹിറ്റുകൾ പിറന്നു. അന്നത്തെ മിന്നും താരം സുരേഷ് ഗോപിയായിരുന്നു നായകൻ. അങ്ങിനെ 90 കളുടെ അവസാനവും ജോഷി തന്റെ സൂപ്പർ സംവിധായക പദവി നിലനിർത്തി നിറഞ്ഞു നിന്നു.

2000 ത്തിന്റെ തുടക്കം ജോഷിക്ക് അത്ര നല്ലതല്ലായിരുന്നു. ദുബായ്, പ്രജ, തുടങ്ങിയ രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ പരാജയമായപ്പോൾ T A ഷാഹിദുമായി കൈകോർത്ത മാമ്പഴക്കാലം ഒരു ബിലോ ആവറേജിൽ ഒതുങ്ങി. എന്നാൽ ദിലീപിന്റെ എഴുത്തുകാർ എന്ന് പറയപ്പെട്ടിരുന്ന സിബി – ഉദയൻ ടീമുമായി ചേർന്ന് റൺവേ എന്ന ചിത്രത്തിനു വേണ്ടി ദിലീപുമായി ഒന്നിച്ചപ്പോൾ ജോഷി എന്ന വിമാനം വീണ്ടും പറന്നുയർന്നു. തൊട്ടടുത്ത വര്ഷം രഞ്ജൻ പ്രമോദുമായി ഒന്നിച്ച നരൻ സൂപ്പർ ഹിറ്റായപ്പോൾ, അതിനടുത്ത വർഷം റൺവേ ടീം വീണ്ടും ഒന്നിച്ച ലയൺ മോശമല്ലാത്ത വിജയം നേടി. എന്നാൽ മുൻപ് താൻ സംവിധാനം ചെയ്ത വാഴുന്നോർ എന്ന തരക്കേടില്ലാത്ത വിജയം നേടിയ സിനിമയുടെ എഴുത്തുകാരൻ ബെന്നി P നായരമ്പലവുമായി ചേർന്നൊരുക്കിയ പോത്തൻ വാവയും, സിബി ഉദയന്മാരുമായി ചേർന്ന ജൂലൈ 4 ഉം, രഞ്ജിത്തുമായി ചേർന്നു വൻ പ്രതീക്ഷയോടെ ഇറക്കിയ നസ്രാണിയും വേണ്ടത്ര വിജയം നേടാതെ പോയത് ജോഷിയയുടെ കരിയറിന് മങ്ങലേൽപ്പിച്ചു. S N സ്വാമിയുടെ രചനയിൽ ഇറങ്ങേണ്ടിയിരുന്ന സുരേഷ് ഗോപി ചിത്രം ജന്മം പെട്ടിയിലുമായി.

തൊട്ടടുത്ത വർഷം ‘അമ്മ സംഘടനക്ക് വേണ്ടി ദിലീപ് നിർമ്മിച്ച മലയാളത്തിലെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചിത്രം 20 ട്വെന്റിയുമായി ജോഷി വൻ തിരിച്ചു വരവ് നടത്തി. സിബി ഉദയന്മാരായിരുന്നു രചന. “ജോഷിക്കുമാത്രം കഴിയുന്ന സംരഭം” എന്ന രീതിയിൽ ആ ചിത്രം അദ്ദേഹത്തിന് വൻ ഹൈപ്പ് നൽകി. തൊട്ടടുത്ത വർഷം സച്ചി സേതു ടീമിന്റെ രചനിയിൽ വന്ന പൃഥ്വിരാജ് ചിത്രം റോബിൻ ഹുഡും തീരെ മോശമായില്ല. 2011 ഇൽ സിബി ഉദയന്മാരുടെ രചനയിൽ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന മൾട്ടിസ്റ്റാർ ചിത്രവുമായി വന്നപ്പോൾ അതും ഹിറ്റായി. പിന്നീടും പല എഴുത്തുകാരുമായി ചേർന്ന് വിവിധ പ്രോജക്ടുകൾ ചെയ്തുവെങ്കിലും 2012 ഇലെ റൺ ബേബി റൺ എന്ന സച്ചിയുടെ രചനയിൽ വന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ഒരു വിജയചിത്രമൊരുക്കാൻ ജോഷിക്കായില്ല. പിന്നീട് വന്ന താര ചിത്രങ്ങളൊക്കെത്തന്നെ പരാജയം രുചിച്ചു.

കരിയറിലെ ഏറ്റവും നീണ്ട ബ്രേക്കെടുത്ത ജോഷി 2019 ഇൽ പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ്‌ ചിത്രവുമായി വീണ്ടും രംഗത്ത് വന്നു. ഇപ്പോൾ സുരേഷ്‌ഗോപി നായകനായ പാപ്പൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.ജോഷിക്ക് പറ്റിയ രചനകളുമായി പുതിയ എഴുത്തുകാർ വന്നാൽ ആ പഴയ മാസ്സ് മാജിക്ക് വീണ്ടും നമുക്ക് കാണാൻ കഴിയും.മലയാളസിനിമയിലെ “വലിയ സിനിമകളുടെ സൃഷ്ടാവിനു” പിറന്നാളാശംസകൾ …!

You May Also Like

വാട്സ് ആപ്പില്‍ ഡിലീറ്റ് ചെയ്ത മെസേജ്ജുകള്‍ എങ്ങനെ തിരിച്ചെടുക്കാം?

നമുക്ക് ആവശ്യമായ ചാറ്റും വിവരങ്ങളും അങ്ങനെ എന്തെല്ലാം ആയിരിക്കും ഒറ്റ ഇരിപ്പില്‍ ഡിലീറ്റ് ആയി പോവുക.?

നിങ്ങൾ അപ്പുറത്തെവീട്ടിലെ സോണിയെ ബെഡ്‌റൂമിൽ നിന്ന് കൈകാണിച്ചോ ? (video)

ലാലേട്ടൻ ‘ലൈറ്റായിട്ട്’ അഭിനയിക്കുമ്പോൾ നമ്മുടെ ഓർമ്മകൾ പഴയ ലാലേട്ടനിലേയ്ക്ക് പോകും. ഇതാ അതുപോലൊരു അമേസിങ് പരസ്യം. അമേസിങ് അല്ലെ? ലാലേട്ടനും ഹണീ റോസും അഭിനയിച്ച പുതിയ പരസ്യ ചിത്രം.

ഒരു നടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്നറിയാമോ ?

ഓസ്കാർ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു നടന്ന സംഭാഷണത്തിനിടയിൽ സ്വാഭാവികാഭിനയം, ശൈലീകൃതാഭിനയം എന്നിവയുടെ വ്യത്യാസങ്ങളെന്തെന്ന് അക്കാദമിക് രീതിയിലല്ലാതെ മനസ്സിലാകുന്ന വിധത്തിൽ പറയാമോയെന്ന് ഒരു സുഹൃത്തു ചോദിച്ചു.

ത്രികോണം

ഞാനും പ്രണയവും സ്നേഹവും ഒരു കോളേജിലാണ് എഞ്ചിനീയറിംഗിനു പഠിച്ചത്. സ്നേഹം എന്‍റെ ആത്മാര്‍ത്ഥ സുഹൃത്താണ്‌. അവന്‍ എപ്പോഴും പ്രണയത്തെപ്പറ്റി വാചാലനായിരുന്നു. അങ്ങനെ സ്നേഹത്തെ സ്നേഹിച്ചതോടൊപ്പം ഞാന്‍ പ്രണയത്തെ പ്രണയിക്കാനും തുടങ്ങി. അതോടെ പ്രണയവും സ്നേഹവും തെറ്റിപ്പിരിഞ്ഞു.