Shaju Surendran
കരുത്തനായ ഒരു നായക നടന് വേണ്ട ശരീര പ്രകൃതിയും, സ്ക്രീൻ പ്രസൻസും, ശബ്ദവുമാണ് ശരത് കുമാറിൻ്റെ എറ്റവും വലിയ പ്രത്യേകത.കോളേജ് കാലഘട്ടത്തിൽ തന്നെ Mr. മദ്രാസ് കിരീടം നേടിയിട്ടുള്ള ശരത് കുമാർ തന്റെ 67 ആം വയസ്സിലും ശരീര സൗന്ദര്യ സംരക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന ആളാണ്. ഇപ്പോഴും “well maintained” ആണ് ആ ശരീരം.
ന്യൂസ് പേപ്പർ ബോയും, പത്രപ്രവർത്തകനുമായൊക്കെ ജോലികൾചെയ്ത് വന്നിരുന്ന ശരത്കുമാർ 1986ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. എങ്കിലും ശ്രദ്ധേയമായ ഒരു വേഷം ലഭിക്കാൻ അദേഹത്തിന് ഏറെ നാൾ കാത്തിരിക്കേണ്ടി വന്നു. ചെറിയ ചില വേഷങ്ങളും, സിനിമാ നിർമ്മാണ പങ്കാളിത്തവുമൊക്കെയായി ചലച്ചിത്ര ലോകത്തു നിലനിൽക്കാൻ ശ്രമിച്ച ശരത്തിന് മികച്ച ഒരു ബ്രേക്ക് ലഭിച്ചത് 1990 ൽ ഇറങ്ങിയ പുലൻ വിചാരണയിലെ വില്ലൻ വിഷമായിരുന്നൂ. നായകൻ വിജയകാന്തിൻ്റെ കൂടെ ശുപാർച്ച പ്രകാരം ലഭിച്ച ആ അവസരം ശരത് കുമാർ മുതലാക്കി. വൻ വിജയം നേടിയ ആ സിനിമയിലെ വില്ലനും ചർച്ചാ വിഷയമായി. അതിലെ അഭിനയത്തിന് ചില അവാർഡുകളും ലഭിച്ചു. അതേ വർഷം തന്നെ ഇറങ്ങിയ വേലൈ കിടച്ചാച്ച്, രാജാ കയ്യെ വച്ചാ പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പില്ക്കാലത്ത് ശരത് കുമാറിൻ്റെ പ്രിയ സുഹൃത്തായി മറിയ സംവിധായകൻ K S രവികുമാറുമായി ആദ്യമായ് ഒന്നിച്ച പുരിയാത പുതിർ ഇറങ്ങിയതും ആ വർഷം തന്നെ.
രവികുമാറിൻ്റെ ചേരൻ പാണ്ട്യൻ സിനിമയിലെ നായക വേഷം, ക്യാപ്ടൻ പ്രഭാകർ സിനിമയിലെ ഉപാനായക തുല്യമായ വേഷം, പവിത്രൻ – KT കുഞ്ഞുമോൻ ടീമിൻ്റെ വസന്ത കാല പറവൈയിലെ വില്ലൻ വേഷം അങ്ങിനെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സഹനടൻ, വില്ലൻ, നായക വേഷങ്ങൾ ചെയ്ത് ശരത് കുമാർ സൗത്തിന്ത്യയിലെ അറിയപ്പെടുന്ന താരമായി മാറി. തിരക്കുള്ള സംവിധായകനായി വളർന്ന് വന്നിരുന്ന K S രവികുമാർ തൻ്റെ ചിത്രങ്ങളിലെ നായക വേഷങ്ങൾ ശരത് കുമാറിന് നൽകാൻ പ്രത്യേക താല്പര്യം കാണിച്ചു. പിൽക്കാലത്ത് അവർ പേരുകേട്ട, “നടൻ – സംവിധായകൻ കോംബോ” ആയി മാറി.വസന്ത കാല പറവൈക്ക് ശേഷം സംവിധായകൻ പവിത്രനും കുഞ്ഞുമോനും ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘സൂര്യൻ’ ശരത് കുമാർ എന്ന നടൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാറി. ചിത്രം വൻ വിജയം നേടി. അതിന് ശേഷം ശരത് കുമാർ നായകനായി തുടരെ തുടരെ ചിത്രങ്ങൾ ഇറങ്ങാൻ തുടങ്ങി. മിക്കതും സൂര്യൻ ടൈപ്പ് വേഷങ്ങൾ ആയിരുന്നു. ചിലത് വിജയിച്ചു, ചിലത് പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. പവിത്രന്റെ അസിസ്റ്റന്റ് ശങ്കർ സംവിധായകനായി അരങ്ങേറിയ ജെന്റിൽമാൻ എന്ന ചിത്രത്തിൽ നായകനായി ആദ്യം നിശ്ചയിച്ചത് ശരത് കുമാറിനെയായിരുന്നു. എന്നാൽ ശരത് ആ ചിത്രം വേണ്ടെന്നു വച്ച് പവിത്രന്റെ ഐ ലവ് ഇന്ത്യ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു. ജന്റിൽമാൻ വമ്പൻ ഹിറ്റായപ്പോൾ ഐ ലവ് ഇന്ത്യ ഒരു പരാജയ ചിത്രമായി മാറി.ചില വിജയ ചിത്രങ്ങളൊക്കെ ഉണ്ടായിരുന്നു എങ്കിലും വാരിവലിച്ചു പടങ്ങൾ ചെയ്തത് പലപ്പോഴും ശരത് കുമാറിന് വിനയായി.

അപ്പോഴും ഉറ്റസുഹൃത്ത് കൂടിയായ രവികുമാർ രക്ഷകനായി അവതരിച്ചു. നാട്ടാമൈ എന്ന വമ്പൻ ഹിറ്റ് പിറന്നു. അതിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെ പല നേട്ടങ്ങളും ഉണ്ടാക്കി കൊടുത്തു. രജനി, വിജയകാന്ത്, കമൽ തുടങ്ങിയവരോടൊപ്പം ശരത്കുമാറും തമിഴ് സിനിമയിലെ പ്രമുഖ നായകന്മാരിൽ ഒരാളായി. സൂര്യവംശം, നട്ട്പുക്കാക, നാട്ടാമൈ തുടങ്ങിയ ഡബിൽ റോൾ വേഷങ്ങൾ ഗംഭീര വിജയങ്ങൾ നേടി. ആരാധകർ “സുപ്രീം സ്റ്റാർ” എന്ന വിളിപ്പേര് നൽകി. (ഇപ്പോഴത്തെ വിശേഷണം “പുരട്ച്ചി തിലകം” എന്നാണ്) ഏതാണ്ട് 2010 വരെയും അദ്ദേഹം തന്റേതായ ഒരു പ്രേക്ഷക സമൂഹത്തെ നിലനിർത്തി പോന്നു.
ജാനകി രാമൻ പോലുള്ള ചില കോമഡി ചിത്രങ്ങളും, പച്ചക്കിളി മുത്തുച്ചരം പോലുള്ള ത്രില്ലർ സിനിമകളും ചെയ്തിരുന്നു എങ്കിലും ആക്ഷൻ ഡ്രാമാ ചിത്രങ്ങളിലായിരുന്നു ബഹുഭൂരിപക്ഷവും അദ്ദേഹം അഭിനയിച്ചത്. കുറേയായപ്പോൾ പ്രേക്ഷകർക്കും മടുപ്പു തോന്നി തുടങ്ങി. വിജയചിത്രങ്ങളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി. എന്നാലും B C സെന്ററുകൾ ലക്ഷ്യമാക്കി നിർമ്മിച്ച, ഗ്ലാമറൊക്കെ നിറച്ച “അടിപ്പടങ്ങൾ” എന്ന് വിളിക്കാവുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഇറങ്ങിക്കൊണ്ടേയിരുന്നു. 2009 -2010 ഓടുകൂടി മെല്ലെ അദ്ദേഹം ചില സഹനടൻ വേഷങ്ങളിലും ചുവടു വച്ച് തുടങ്ങി.
എല്ലാം കൊണ്ടും ഒരു പടയാളിയുടെ ശരീര ഘടനക്കുടമയായ ശരത്കുമാറിനെ MT – ഹരിഹരൻ – മമ്മൂട്ടി ടീമിന്റെ പഴശ്ശിരാജയിൽ എടച്ചേന കുങ്കൻ എന്ന സെക്കൻഡ് ഹീറോ എന്ന് പറയാവുന്ന, എന്നാൽ ഹീറോയ്ക്ക് ഒപ്പം പ്രാധാന്യമുള്ള, കഥാപാത്രമായി തിരഞ്ഞെടുത്തു. സിനിമയോടൊപ്പം ആ കഥാപാത്രവും എങ്ങും ചർച്ചചെയ്യപ്പെട്ടു. പഴശ്ശിരാജയുടെ വിജയം മലയാളത്തിൽ വീണ്ടും ചില കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു എങ്കിലും അതിൽ പലതും ശരത് കുമാറിന് ഒരുപയോഗവും ഉണ്ടാക്കാത്ത വേഷങ്ങളായിരുന്നു.
ഇതിനിടെ ചില ചിത്രങ്ങൾ നിർമ്മിക്കുകയും, “തലൈമഗൻ” എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. മറ്റു പല തമിഴ് നായകന്മാരെ പോലെ രാഷ്ട്രീയ രംഗത്തും ചുവടുറപ്പിച്ച ശരത് കുമാർ സ്വന്തമായി പാർട്ടിയും രൂപീകരിച്ചു. ദീർഘകാലം തമിഴ് താര സംഘടനയായ നടികർ സംഗത്തിന്റെ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം അലങ്കരിച്ചിരുന്നു.പ്രശസ്ത നടി രാധികയാണ് ഭാര്യ. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലുള്ള മകൾ വരലക്ഷ്മി പ്രശസ്ത നടിയാണ്.
നീലാംബരിയുടെ ഡയലോഗ് കടമെടുത്താൽ : “വയസ്സാനാലും അന്ത കാരിരുമ്പു മാതിരി ഒടമ്പും, സ്ക്രീൻ പ്രസൻസും ഇന്നും അവര വിട്ട് പോകല…!”