സ്റ്റേക് ഔട്ടും അതിന്റെ കോപ്പിയടിയായ വന്ദനവും ഒന്നിച്ച്‌

0
485

Shaju Surendran

അജന്തയിൽ വന്ദനം സിനിമ ഓടുന്ന സമയം, ഞങ്ങൾ കൂട്ടുകാർക്കിടയിൽ ആ സിനിമ ചർച്ചാ വിഷയമായിരുന്നു. തമ്മിൽ കാണുമ്പോെഴെല്ലാം അതിലെ കോമഡി ഡയലോഗുകളും, രംഗങ്ങളും പരസ്പരം പറഞ്ഞ് ചിരിക്കുമായിരുന്നു.അന്നൊക്കെ പഴയതും പുതിയതുമായ ഇംഗ്ലീഷ് പടങ്ങൾ കാണാനുള്ള ഏക ആശ്രയം ശ്രീവിശാഖ് തീയറ്റർ ആയിരുന്നു. (ന്യൂ തിയറ്ററിലും വരുമായിരുന്നു എങ്കിലും ഒരു കാലയളവിൽ ആ വലിയ തീയറ്ററിൽ കൂടുതലും A പടങ്ങളായിരുന്നു കളിച്ചത്).

അങ്ങനെയിരിക്കെയാണ് Stake Out എന്നൊരു പടത്തിൻ്റെ പോസ്റ്റർ ശ്രീ വിശാഖിൻ്റെ മുന്നിൽ കാണുന്നത്. ആ പോസ്റ്ററിലെ കട്ടിലിനടിൽ ഒളിഞ്ഞു കിടക്കുന്ന നായകന്മാരെയും, ഇതറിയാതെ ഡ്രസ്സ് മാറ്റുന്ന നായികയുടെ കാലും കണ്ടപ്പോ “ഈ രംഗം എവിടെയോ..!?” എന്ന് മനസ്സിൽ ഒന്ന് ചിന്ത വന്നു. ഒന്നൂടെ ഒന്ന് നോക്കിയപ്പോ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ട ഉണ്ണികൃഷ്ണനും, കളിയിക്കയും, ഗാഥയും മനസ്സിലേക്ക് കടന്നു വന്നു. കൗതുകം തീർക്കാൻ പടം കാണാൻ തന്നെ നിശ്ചയിച്ചു. 3:30 ഇൻ്റെ ഷോയ്ക്ക് തന്നെ കയറി. പടത്തിൻ്റെ പല സീനുകളും ഏതാണ്ട് വന്ദനം പോലെ തന്നെ. ഇതിലെ ഗാഥയുടെ കഥാപാത്രം ഡ്രസ്സ് മാറുന്ന സീനൊക്കെ കുറച്ച് കൂടെ ഹോട്ട് ആയിരുന്നു. (പോസ്റ്ററിലെ പോലെ രണ്ട് പേരും കൂടെ കട്ടിലിനയിൽ കയറുന്നില്ല ഒരാളെ കയറുന്നുള്ളൂ.). എന്നാലും ഈ പടത്തിൻ്റെ ഈച്ച കോപ്പിയല്ല “വന്ദനം” എന്നത് കൊണ്ട് സ്റ്റേക്ക് ഔട്ടും ആസ്വദിച്ച് തന്നെ കാണാൻ കഴിഞ്ഞു.

അന്നൊക്കെ ഒരു അന്യഭാഷാ ചിത്രം ചുരണ്ടിയ മലയാളം സിനിമ ഇറങ്ങിക്കഴിഞ്ഞാൽ “പിന്നേ… ഇത് മറ്റേ സ്ലോവാക്കിയൻ പടത്തിൻ്റെ കോപ്പി. ഞാനത് പണ്ടേ കണ്ടതാ..!” എന്നൊക്കെ പറഞ്ഞ് ഞെളിയാൻ ഭൂരിഭാഗം പ്രേക്ഷകർക്കും പാങ്ങില്ലയിരുന്നു. അത്തരമൊരു പടത്തിൻ്റെ ഒറിജിനൽ ഏതാണെന്നറിയുക എന്നൊക്കെ പറയുന്നത് വൻ സംഭവമാണ്. വല്ല മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രശാല പോലുള്ള നിരൂപണത്തിലോ, അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും ലേഖനത്തിലോ ഒക്കെ അടിച്ച് വരണം, അത്തരം കര്യങ്ങൾ മനസ്സിലാകാൻ. എന്തായാലും സ്റ്റേക്ക് ഔട്ട് കണ്ട ശേഷം വന്ദനത്തിനെക്കുറിച്ച് കൂട്ടുകാരുടെ ഇടയിൽ ചർച്ച വന്നാൽ “ഓ അതിൻ്റെ ഒർജിനൽ ഞാൻ കണ്ടതാ സ്റ്റേക്ക് ഔട്ട് ശ്രീ വിശാഖിൽ കളിക്കുന്നുണ്ട്….!” എന്നൊക്കെ പറഞ്ഞ് ചീള് കേസ് ഭാവത്തിൽ, ആവ തമ്മിലുള്ള സാമ്യതകളൊക്കെ പറഞ്ഞ് തള്ളി മറിച്ചു. ഇത് പോലെ ആയുഷ്കാലം കൃപയിൽ കളിക്കുമ്പോൾ ശ്രീവിശാഖിൽ ഗോസ്റ്റ് സിനിമ ഓടുന്നുണ്ടായിരുന്നൂ എന്നൊരോർമ്മ.