സ്ഥലത്തെ പ്രധാന പയ്യൻസ്
Shaju Surendran
90 കളുടെ ആദ്യ പകുതിയിൽ ജഗദീഷ് – സിദ്ദിഖ് ടീമിന്റെ ലോബജറ്റ് കോമഡി സിനിമകൾ തീയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്ന സമയത്ത്, ഷാജി കൈലാസും, രഞ്ജി പണിക്കരും അവരെ അണിനിരത്തി ഒരുക്കിയ പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്നു സ്ഥലത്തെ പ്രധാന പയ്യൻസ്. ഷാജിയും രഞ്ജിയും ഒന്നിച്ച ആദ്യ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ തലസ്ഥാനത്തിന്റെ മികച്ച വിജയത്തെ തുടർന്ന് ഇറങ്ങിയ രണ്ടാമത്തെ ചിത്രമായിരുന്നു പയ്യൻസ്.
കഥാപരമായി നോക്കിയാൽ രഞ്ജി പണിക്കരുടെ ഭൂരിഭാഗം ചിത്രങ്ങളും ഏതാണ്ട് ഒരേ പാറ്റേണിൽ ഒരുക്കിയവയാണ്. കഥ നടക്കുന്ന പശ്ചാത്തലവും, കഥാപാത്രങ്ങളും മാത്രം മാറിക്കൊണ്ടിരിക്കും. എന്നാൽ സ്ഥലത്തെ പ്രധാന പയ്യൻസ് അതിൽനിന്നു കുറച്ചൊക്കെ വേറിട്ട് നിൽക്കുന്ന ചിത്രമാണ്.സാധാരണക്കാരിൽ, സാധാരണക്കാരനായ ഗോപാലകൃഷ്ണൻ എന്ന പത്ര വിതരണക്കാരൻ ആഭ്യന്തര മന്ത്രിസ്ഥാനത്തേക്കു ഉയരുന്നതും, സ്വയ ലാഭത്തിനായി അയാളെ ആ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ ക്ഷുദ്ര ശക്തികൾക്കെതിരേ തന്നെ അയാൾ നടത്തുന്ന പടയോട്ടവുമാണ് സിനിമയുടെ തീം.1992 ലെ ബാബറി മസ്ജിദിന്റെ തകർച്ചയുടെ അലയൊലികൾ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യം സിനിമയിൽ ചർച്ചചെയ്യുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ (ജനാർദനൻ), ഭക്ഷ്യ മന്ത്രി ടി എച് മുസ്തഫ (പറവൂർ ഭരതൻ), ചെന്നിത്തല, ഷാനവാസ്, കാർത്തികേയൻ ടീമിന്റെ തിരുത്തൽ വാദി ഗ്രൂപ്പ്, മന്ത്രി മന്ദിരങ്ങളിൽ ഇത്തിൾ കണ്ണിയായി നടന്നിരുന്ന പിച്ച ബഷീർ (ജഗതി) തുടങ്ങി അക്കാലത്തെ സമകാലിക രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന പല വ്യക്തിത്വങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജഗദീഷിനെ തിരഞ്ഞെടുത്തത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. തന്റെ സ്ഥിരം കോമഡി ടൈപ്പ് വേഷങ്ങളിൽ നിന്ന് ജഗദീഷിന് കിട്ടിയ വലിയൊരു ബ്രേക്ക് ആയിരുന്നു പയ്യൻസിലെ ആഭ്യന്തരമന്ത്രി ഗോപാലകൃഷ്ണൻ. രഞ്ജി പണിക്കർ ഒരുക്കിയ നെടുനീളൻ ഡയലോഗുകളൊക്കെ ജഗദീഷിന്റെ കയ്യിൽ ഭദ്രമായിരുന്നു. മന്ത്രിയായി ചുമതലയേറ്റ ശേഷം ജഗദീഷ് നടത്തുന്ന അഞ്ചര മിനിറ്റോളം നീണ്ട പ്രസംഗം അന്നോളം മലയാള സിനിമകളിൽ വന്നതിൽ വച്ച്ഏ റ്റവും നീളം കൂടിയ ഡയലോഗ് എന്ന പേരിൽ സിനിമാ വാരികകകളിലെ വാർത്താ കോളങ്ങളിൽ ഇടം നേടിയിരുന്നു.
മുഹമ്മദ് ഇക്ബാൽ ഐ പി എസ് എന്ന പോലീസ് വേഷത്തിൽ സിദ്ദിക്കും വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ഏതാനും സീനുകളിൽ അതിഥിവേഷത്തിൽ വന്നു പോവുന്ന സുരേഷ്‌ഗോപി അവതരിപ്പിച്ച സുബൈർ എന്ന പട്ടാളക്കാരന്റെ വേഷവും ശ്രദ്ധേയമായിരുന്നു.തങ്ങളുടെ ആദ്യകാല സിനിമകളിൽ വില്ലൻ വേഷം അവതരിപ്പിക്കാൻ ഷാജി – രഞ്ജി ടീമിന്റെ ആദ്യ ചോയിസ് നരേന്ദ്രപ്രസാദ് ആയിരുന്നു. ഈ ചിത്രത്തിലും വ്യത്യസ്തമല്ല. ക്രൂരനും, രാഷ്ട്രീയ ചാണക്യനുമായ കുഞ്ഞിക്കണ്ണൻ നമ്പ്യാരായി നരേന്ദ്രപ്രസാദ് പതിവുപോലെ തിളങ്ങി. തലസ്ഥാനത്തിൽ അദ്ദേഹം അവതരിപ്പിച്ച വില്ലൻ വേഷത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഇതിലെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ. ഇവരെക്കൂടാതെ ഗീത, വിജയരാഘവൻ, മണിയൻപിള്ള രാജു, ബൈജു, സുചിത്ര, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഗണേശൻ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിനായി അണിനിരന്നു.ഷാജി കൈലാസ്, രൺജി പണിക്കർ ടീമിന്റെ മികച്ച സൃഷ്ടികളിൽ ഒന്നായ സ്ഥലത്തെ പ്രധാന പയ്യൻസ് തീയറ്ററുകളിലും മികച്ച വിജയം നേടി.