അനിമൽ – ഒരു ആൽഫാ മെയിലിന്റെ അഴിഞ്ഞാട്ടം

Shaju Surendran

Bad Parenting ന്റെ ഇരയായ സമ്പന്ന കുടുംബത്തിലെ ഒരു യുവാവ്. കുട്ടിക്കാലം മുതൽ അവന്റെ മനസ്സിലുണ്ടായിരുന്ന, തന്റെ അച്ഛനോടുള്ള/കുടുംബത്തോടുള്ള ഭ്രാന്തമായ സ്നേഹം, അവനോടൊപ്പം വളരുന്നതും. പിന്നീട് അതങ്ങേയറ്റം വയലന്റായ അവസ്ഥയിൽ എത്തുന്നുന്നതും, തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ.

സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയുടെ മുൻചിത്രമായ അർജ്ജുൻ റെഡ്ഢിയിലെ നായക കഥാപാതത്തിൽ വിമർശകർ ആരോപിച്ച Chauvinism, Toxic Masculinity ഒക്കെ ആനിമൽ സിനിമയിലെ രൺവിജയ്‌ സിങ്ങിലും കാണാൻ കഴിയും. ആ വിമർശനങ്ങൾക്കൊക്കെ പുല്ലു വില മാത്രം കൽപ്പിച്ച്, അതേ അച്ചിൽ കുറച്ചുകൂടി വയലന്റായ ഒരു നായകനെ അനിമൽ സിനിമയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. തന്റെ നായകന്മാരുടെ സ്വഭാവത്തിന്റെ ഒരു ചെറിയ അംശം സന്ദീപ് റെഡ്‌ഡിയിലും ഉണ്ടെന്നു തോന്നുന്നു.😄

രൺബീർ കപൂർ എന്ന നടന്റെ Career Best എന്നുതന്നെ പറയാം, സിനിമയുടെ ആദ്യന്തം നിറഞ്ഞു നിൽക്കുന്ന രൺവിജയ്‌ സിങ് . ഒരു പക്ഷെ 90 കളിലാണ് ഈ ചിത്രം ഇറങ്ങിയിരുന്നതെങ്കിൽ സഞ്ജയ് ദത്ത് അവതരിപ്പിച്ചേക്കാവുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ, തന്റെ സ്വാഗും, സ്‌ക്രീൻ പ്രെസൻസും, ഡയലോഗ് ഡെലിവറിയിലെ മികവും, ആക്ഷൻ ടൈമിങ്ങും സർവ്വോപരി അഭിനയ മികവും കൊണ്ട് രൺബീർ ഉജ്ജ്വലമാക്കി. പല സീനുകളും രൺബീറിനു അഴിഞ്ഞാടാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് തന്നെ തോന്നിപ്പോകും. ഹൃത്തിക്ക് റോഷന് ശേഷം ബോളീവുഡ്ഡ് കണ്ട മികച്ച Super Star Material രൺബീർ തന്നെ.

എടുത്ത് പറയേണ്ടത് ബോബി ഡിയോൾ എന്ന നടന്റെ പ്രകടനമാണ്. ഈ സിനിമയുടെ ട്രൈലർ ഇറങ്ങിയപ്പോ എന്തൊക്കെ വന്നാലും ബോബിക്ക് വേണ്ടി ഈ പടം കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ഇതിനു മുൻപ് വന്ന ആശ്രം, ലവ് ഹോസ്റ്റൽ തുടങ്ങിയവയിലൊക്കെ അത്രത്തോളം ഗംഭീര പ്രകടനമാണ് ബോബി കാഴ്ചവച്ചത്. ഇവിടെയും തകർത്തു വാരിയിട്ടുണ്ട്. ഒരു വിഷമം പുള്ളിക്കു സിനിമയിലുള്ള സ്‌ക്രീൻ ടൈം വളരെ കുറവായിപ്പോയി എന്നതാണ്.

ബോബിയും, രൺബീറും തമ്മിലുള്ള ക്ലൈമാക്സിലെ സംഘട്ടന രംഗം ഒരു പക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ഇതുവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച നായകൻ, വില്ലൻ hand to hand fight ആയിരിക്കും. രണ്ടു പേരുടെയും ഓരോ ഇടിക്കും അമ്മാതിരി പവർ തോന്നിക്കും. സണ്ണി ഡിയോളിന്റെ “ഡായി കിലോ” കൈകൊണ്ടുള്ള ഇടിയെ കടത്തി വെട്ടി അനിയൻ ബോബിയുടെ ആ രംഗത്തിലെ ഇടി.💪
അനിൽ കപൂറും, രശ്മികയും അവരുടെ വേഷങ്ങൾ മികവുറ്റതാക്കി.

ഹർഷ വർദ്ധൻ രാമേശ്വറിന്റെ BGM സിനിമയുടെ ജീവനാണ്. ഓരോ രംഗങ്ങളും കൊഴുപ്പിക്കുന്നതിൽ BGM വഹിക്കുന്ന പങ്ക് ചില്ലറയല്ല. അമിത് റോയുടെ ഛായാഗ്രഹണവും ഗംഭീരം. 3 മണിക്കൂറും 21 മിനിറ്റുമുള്ള സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. സിനിമയിലെ ഇമോഷണൽ രംഗങ്ങൾ കൂടി ആസ്വദിക്കാൻ കഴിഞ്ഞാൽ ചിത്രം ഇത്രയും നീണ്ടു പോയതിനു എഡിറ്റിങ്ങിനെ കുറ്റപ്പെടുത്താൻ തോന്നില്ല. പക്ഷെ ചില രംഗങ്ങളുടെയൊക്കെ നീളം കുറയ്ക്കാം എന്ന് തന്നെ എനിക്ക് തോന്നി.

സിനിമയിലെ നായകൻറെ ഭൂരിഭാഗം ചെയ്തികളോടും നമുക്ക് യോജിക്കാൻ കഴിയില്ല. അയാൾ മാതൃകയാക്കപ്പെടേണ്ട ഒരാളാണ് എന്ന് എവിടെയും സ്ഥാപിക്കാൻ ശ്രമിക്കുന്നുമില്ല. അയാൾ അങ്ങനെയായിപ്പോയല്ലോ എന്നുള്ള പ്രേക്ഷകരുടെ കരുണയും ആ കഥാപാത്രം അർഹിക്കുന്നില്ല അല്ലെങ്കിൽ ആവശ്യപ്പെടുന്നില്ല. അത്തരമൊരു കഥാപാത്രത്തെ നായകനാക്കി സ്ഥിരം മാസ്സ് മസാല ചേരുവകൾ ഒഴിവാക്കി, കുടുംബ പ്രേകഷകരെക്കൂടി തൃപ്തിപ്പെടുത്താൻ പ്രത്യേകിച്ചൊന്നും ചേർക്കാതെ, വിമർശനങ്ങളെ ഭയക്കാതെ, ഇത്രയും ഗ്രാന്റായി ഈ ചിത്രം അണിയിച്ചൊരുക്കിയ സംവിധായകൻ കയ്യടി അർഹിക്കുന്നു.

ഇടവേളയിലെ ഷൂട്ട് ഔട്ട് സീനും, ക്ളൈമാക്സ് ഫൈറ്റ് സീനും ഉൾപ്പെടെ മാസ്സ്, ഗൂസ് ബംപ്സ് രംഗങ്ങൾ ധാരാളമുണ്ട് ഈ സിനിമയിൽ. അതുപോലെ തന്നെ സെന്റിമെന്റൽ, റൊമാന്റിക് രംഗങ്ങളും ധാരാളം. പലപ്പോഴും ഇടവേള കഴിഞ്ഞു വരുന്ന സെന്റിമെന്റൽ രംഗങ്ങൾ പലതും മുഷിപ്പ് തോന്നിച്ചു.

കൊറിയൻ സിനിമകളും, വാക്കിങ് ഡെഡ് പോലുള്ള വെബ് സീരീസുകളും സ്ഥിരം കാണുന്നവർക്ക് ഇതിലെ വയലന്റ് രംഗങ്ങൾ അത്ര അരോചകമായി തോന്നാൻ വഴിയില്ല. ക്ളൈമസിലെ കോടൂര സീൻ വന്നപ്പോൾ അടുത്ത സീറ്റിലിരുന്ന ചേട്ടന്മാർ കണ്ണ് പൊത്തുന്നുണ്ടായിരുന്നു. ഇപ്പുറത്തെ സീറ്റിൽ ഇരുന്ന അറബ് ദമ്പതികൾ ആ സീൻ കഴിഞ്ഞപ്പോ എന്തൊക്കെയോ പറഞ്ഞുകൊണ്ട് എണീറ്റ് പോയി. കുട്ടികളെ ഇവിടുത്തെ തീയറ്ററുകളിൽ പ്രവേശിപ്പിക്കുന്നില്ല. നാട്ടിലും അങ്ങനെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
3 മണിക്കൂറും 21 മിനിറ്റുമുള്ള ആനിമൽ പലപ്പോഴും ബോറടിപ്പിച്ചു എങ്കിലും, അതിലും കൂടുതൽ എൻഗേജിങ്ങായിട്ടുള്ള രംഗങ്ങൾ സമ്മാനിച്ചത് കൊണ്ട് ചിത്രം കണ്ടത് ഒരു നഷ്ടമായി തോന്നിയില്ല.
ഒരു നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്ററിൽ കണ്ടാസ്വദിക്കാനുള്ള വകുപ്പൊക്കെ സിനിമയിലുണ്ട്.

ഭീകരൻ തോക്കൊക്കെ വച്ചുള്ള ഫൈറ്റ് സീൻ കണ്ട്, ഒരു KGF ഒന്നും പ്രതീക്ഷിച്ച് പോകണ്ട. പതിവ് രീതികളിൽ നിന്ന് വേറിട്ട്‌ നിൽക്കുന്ന ഒരു ആക്ഷൻ ഡ്രാമ പ്രതീക്ഷിച്ച് പോയാൽ ഇഷ്ട്ടമാവും. സ്ഥിരം അച്ചിൽ വാർത്ത പത്താനും, ജവാനും, ടൈഗറും ഒക്കെ കണ്ട് മടുത്തിരിക്കുന്നവർക്ക് ആനിമൽ ഒരാശ്വാസമാവും.

You May Also Like

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് മൂവി ‘ആയിഷ’യുടെ സൂപ്പർ ട്രെയ്‌ലർ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ…

ദുർഗ്ഗയ്ക്ക് അവാർഡ് കിട്ടി എന്നാൽ കിസ് ചെയ്ത തനിക്ക് കിട്ടിയില്ലെന്നു ധ്യാൻ

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടലിലെ അഭിനയത്തിന് നടി ദുർഗ്ഗാ കൃഷ്ണയ്ക്ക് ഭരത് മുരളി ചലച്ചിത്ര…

ഒരു ഇടവേളയ്ക്കു ശേഷം അനുഷ്ക നായികയാകുന്ന ‘മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’ ട്രെയ്‌ലർ

ഒരു ഇടവേളയ്ക്കു ശേഷം അനുഷ്ക നായികയാകുന്ന ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി. ചിത്രത്തിന്റെ…

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 11 ലക്ഷം നൽകി ‘ആന്റണി’ സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 11 ലക്ഷം നൽകി ആന്റണി സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും…