ചരിത്രത്തിലിതാദ്യമായി ഡിങ്കനൊഴിച്ചുള്ള മനുഷ്യർ അടിവസ്ത്രം മുകളിലണിഞ്ഞു തുടങ്ങുകയാണ്

99

Shaju V V

ഉമ്മവച്ചുമ്മവച്ചു വരുമ്പോൾ ഉടുപ്പഴിച്ചു തുടങ്ങുന്ന കോവിഡ്പൂർവ്വ രതി ശൈലി ( ഭൂരിപക്ഷ )ലോക് ഡൗൺ അനന്തരകാലത്ത് കമിതാക്കൾ വീണ്ടും കണ്ടുമുട്ടി ചുംബിച്ചു തുടങ്ങുമ്പോൾ കയ്യൊഴിയേണ്ടി വരുന്നു. ഉടുപ്പഴിച്ചുമ്മവച്ചു തുടങ്ങുന്നു!

മുഖത്തണിയുന്ന ആ അടിവസ്ത്രം !!!

ബ്രായുടെ ഴാനറിൽ വരുമേതാണ്ട്‌ മാസ്കുകൾ .
രഹസ്യങ്ങളുടെ ഞാത്തു ഹാങ്ങർ എന്ന അനാകർഷക അനുചര പദവിയിലേക്ക് താഴ്ത്തപ്പെടുകയാണ് ചെവികളെന്നത് എന്നെപ്പോലത്തെ കാതുചുഴിയടരുകളുടെ കാമുകർക്ക് വേദനാജനകമാണ്.
മൂക്കും വായയും ആണുങ്ങളുടെ വദനശ്മശ്രുക്കളും മാസ്ക് കാലത്ത് അവയുടെ ലൈംഗികാകർഷകത്വം വളരെയേറെ വർദ്ധിപ്പിച്ചിരിക്കുന്നു .

മറക്കപ്പെട്ട വായയ്ക്ക് ഭാഷ പുറപ്പെടുവിക്കുന്ന ശരീരാവയവം എന്ന ദൃശ്യതയുടെ അനുഭവാസ്പദത്വം ഏറെക്കുറെ നഷ്ടപ്പെടുകയും, അതിന്റെ ഒളിഞ്ഞിരിപ്പ് ലൈംഗികാഭിനിവേശ പരത ക്ഷണകാലം കൊണ്ട് പതിൻമടങ്ങ് കൂട്ടുകയും ചെയ്യുന്നു. അനാവൃത പരിതസ്ഥിതിയിൽ നനഞ്ഞ പുരുഷാധരോഷ്ഠങ്ങൾക്ക് അവയ്ക്ക് ചുറ്റിലുമുള്ള രോമങ്ങളുടെ പശ്ചാത്തല ശോഭ , യോനി സമാനമായ പരിവേഷം സമ്മാനിക്കുന്നുണ്ട്.ലക്ഷക്കണക്കിനു വർഷങ്ങളായി ഹോമോസാപ്പിയൻസിലെ ആൺ വർഗ്ഗം അനുഭവിച്ചു പോന്നിരുന്ന അഭാവത്തിന്റെ അപകർഷത ഒരു പരീധി വരെ കുറയാൻ ഇതു കാരണമാകും.

മൂക്കുത്തി, ചുണ്ടു വളയം എന്നിവയ്‌ക്ക് പൊതു ദൃശ്യത ലഭിക്കാതാവുന്നതോടെ അതിന്റെ ആസ്വാദകലോകം ഇന്റിമേറ്റായ ആളുകളിലേക്ക് ചുരുങ്ങുന്നു .മൂക്കിൽ ദ്വാരമുണ്ടാക്കി ആഭരണമണിയുന്നത് അവനു വേണ്ടി / അവൾക്കു വേണ്ടി എന്ന സ്വകാര്യ പ്രണയത്തിന്റെയും ആത്മരതിയുടെയും ഹൃദയബന്ധ തലത്തിലേക്ക് മാറുന്നു .ലിപ് ലോക്ക് ചുംബനങ്ങൾ പരസ്പര വിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സാഹസത്തിന്റെയും അടയാളങ്ങളായി മാറുന്നു എന്നതാണ് കൊറോണാ വൈറസ് മനുഷ്യസംസ്കാരത്തിൽ ഇടപെട്ട രസകരമായ സംഗതി.

രണ്ടു പേർ ചുംബിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അവരും ലോകവും മാറാനുള്ള സാഹചര്യമൊരുക്കുന്നു .രണ്ടു പേർ ചുംബിക്കുമ്പോൾ അവരിൽ വൈറസ് ഏറ്റുവാങ്ങിയ ആൾ മൂന്നാം നാൾ ബസ്സിലടുത്തിരുന്ന മറ്റൊരാളിലൂടെ അയാളുടെ ഭാര്യയിലേക്കും അവളുടെ കാമുകനിലേക്കും വചന ശുശ്രൂഷക്കാരനോ സന്യാസിയോ ആയ അയാളിലൂടെ ആയിരങ്ങളിലേക്കും സംക്രമിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നു.രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു!!!

വിശ്വാസം ശിരോവസ്ത്രവും മുഖാവരണങ്ങളുമണിയിച്ച ഒരു വിഭാഗം മനുഷ്യരെക്കുറിച്ച് വിലപിച്ച യുക്തിവാദികൾക്ക് ശാസ്ത്രവും സ്റ്റേറ്റും മുഖാവരണമടിച്ചേൽപ്പിച്ച ഭൂമിയിലെ മുഴുവൻ മനുഷ്യരെക്കുറിച്ചും എന്തു പറയാനാകും?ആയിരക്കണക്കിനു വർഷങ്ങളിലൂടെയാണ് നഗ്നതയെന്ന സങ്കൽപ്പത്തിലേക്കും ഏതൊക്കെയാണ് മറക്കാൻ മാത്രം രഹസ്യമായ ശരീരഭാഗങ്ങൾ എന്ന കാഴ്ചപ്പാടിലേക്കും മനുഷ്യർ എത്തിച്ചേർന്നത് .2020 എന്ന ഒറ്റ വർഷം കൊണ്ട് കോവിഡ് 19 എന്ന ഒരു വിനീതനായ ഏകകോശ ജീവി മനുഷ്യ ശരീരത്തിൽ പുതിയൊരു ഉടുപ്പണിയിച്ചു! അതും തന്ത്രപ്രധാനമായ ഉടലിടത്തിൽ .നാവടക്കൂ പണിയെടുക്കൂ എന്നാജ്ഞാപിച്ച ഏകാധിനിപതിനിയുടെ അനന്തര ഗാമികളാണോ ഈ വൈറസുകൾ? ഞങ്ങളുടെ വാ മൂടിക്കെട്ടാനാവില്ല എന്നു ആലങ്കാരികമായി വിപ്ലവകാരികൾ ശബ്ദമുയർത്തുക ഇനി അക്ഷരാർത്ഥത്തിൽ വാ മൂടിക്കെട്ടിക്കൊണ്ടാവും. ചരിത്രത്തിലിതാദ്യമായി ഡിങ്കനൊഴിച്ചുള്ള മനുഷ്യർ അടിവസ്ത്രം മുകളിലണിഞ്ഞു തുടങ്ങുകയാണ് .