കുറ്റം ചെയ്തിട്ടുണ്ട് എന്നു സമ്മതിച്ചാൽ ഞാൻ മൂന്നു കൊല്ലം ജയിലിൽ കിടക്കേണ്ടി വരും എന്നു സാറ് പറഞതുകൊണ്ട് ഞാൻ കുറ്റം ചെയ്തിട്ടില്ല

120
Shaju V V
പഴയ ഒരു കോടതിയോർമ്മയാണ്, രണ്ടു കൊല്ലമായിക്കാണും.ശരീരത്തിലും ശാരീരത്തിലും കോശ കോശാന്തരം ആചാരനിബിഡമായ ഒരിടമാണ് കോടതി മുറി.
വണക്കമാണ് ദേശീയ ഭാഷ .
അദൃശ്യമായ വാലുകൾ വെഞ്ചാമരം വീശിക്കൊണ്ടിരിക്കും, മഞ്ഞോ മഴയോ ഇല്ലാതെ തന്നെ ഇടതടവില്ലാതെ പ്രവർത്തിപ്പിക്കുന്ന വൈപ്പറുകൾ പോലെ.
പ്രതിക്കൂട് മനുഷ്യരെ പട്ടികളെപ്പോലെ പരിഗണിക്കുന്ന കാഴ്ചപ്പാടിന്റെ വാസ്തു ശാസ്ത്ര നിർമിതിയാണ്‌ .അരപ്പൊക്കത്തിലുള്ള അഴികൾ, ഇനി വസിക്കാനുള്ള കാരാഗൃഹ ജീവിതത്തെ ദ്യോതിപ്പിക്കുന്ന, അൽപ്പത്തിലൂടെ അധികത്തെ ധ്വനിപ്പിക്കുന്ന കവിതയാണ് .
ന്യായാധിപരുടെ അമാനുഷ ഭാവത്തിലുള്ള ഇരിപ്പുകാണുമ്പോൾ ഞങ്ങൾക്ക് അവർ പല്ലുതേക്കുന്നത്, വഴക്കമില്ലാത്ത, ദുർമേദസ്സുള്ള ശരീരത്തിന്റെ വല്ലായ്കയോടെ ഇന്ത്യൻ ക്ലോസറ്റിൽ കുന്തിച്ചിരുന്ന് അപ്പിയിടുന്നത്, കയ്യെത്താത്ത പുറം ഭാഗം ചൊറിയാനാവാതെ പിറകിലെ ചുവരിൽ ദേഹമുരച്ച് ഞെരിപിരി കൊള്ളുന്നത്, കീഴുദ്യോഗസ്ഥരെ മനസ്സിലാവാഹിച്ച് കര രതി ചെയ്യുന്നത്, പട്ടി പിന്നാലെ ഓടുമ്പോൾ എന്റമ്മച്ചീ എന്നു കാറി ബോബനോടും പോലെ നിലം തൊടാതെ പറക്കുന്നത് ഇതൊക്കെ മനസ്സിൽ വരും.
ന്യായാധിപരും വക്കീലൻമാരും തമ്മിൽ മുറി ഇംഗ്ലീഷിൽ മുക്കി മുക്കി ആംഗലേയത്തിൽ സംസാരിക്കുമ്പോൾ പാവം പിടിച്ച പ്രതികൾ ഭരത് ഗോപി ചെളി തെറിപ്പിച്ച് പറക്കുന്ന ലോറിയെക്കണ്ട് വാ പൊളിച്ചു നിന്നതു പോലെ അന്തം വിട്ടു നിൽക്കും .ഭരണഭാഷ മലയാളമായത് കോടതികൾക്ക് തിരിഞ്ഞീക്കില്ല. ന്യായാധിപർ, വക്കീൽ, പ്രതി, വാദി, സാക്ഷി ഇങ്ങനെ വ്യവഹാരികൾ സംസാരിക്കുന്നതൊന്നും നമ്മൾക്ക് കേൾക്കാനാവുകയുമില്ല. കേൾക്കാനെന്നതിനെക്കാൾ കേൾക്കാതിരിക്കാനാകും വിധമാണ് കോടതി മുറികളുടെ നിർമ്മാണം.
സോറി, സംഭവത്തിലേക്കു വരുവാണേ.പ്രതിക്കൂടിൽ ഒരു യുവകോമളൻ. ഈ ലോകത്തിന്റെ കാപട്യങ്ങളൊന്നും ബാധിക്കാത്ത അനാഘ്രാത മുഖഭാവം. നെറ്റിയുടെ പ്രതല ദൂരമളക്കാനെന്ന പോലെ നീണ്ട ചന്ദനക്കുറി. പ്രതിക്കൂട്ടിൽ കയറിയതും കോമളൻ ആകമാനം വിറച്ചു തുടങ്ങി. കുറ്റപത്രം വായിക്കപ്പെട്ടു. പകർത്തിക്കൂടാത്ത ചലച്ചിത്രങ്ങൾ പകർത്തി ഉപഭോക്താക്കൾക്കു വിൽപ്പന ചെയ്തു എന്നതാണ് പാപം. സംഗതി കൊടിയ അപരാധമാണ്. അഴിയെണ്ണാനിമ്പമുണ്ടെങ്കിലുമില്ലെങ്കിലും അകത്തു കിടക്കണം.പിഴയൊടുക്കണം.(ശിക്ഷ കളിൽ പിഴശിക്ഷയാണ് അന്യായ ശിക്ഷ.അംബാനിക്കു പിഴ കെട്ടി പൂവു പോലെ ഇറങ്ങാം, അംബുജാക്ഷൻ അതsക്കാൻ പാങ്ങില്ലാത്തതിന് അതിനും കൂടി അകത്തു കിടക്കണം. തുല്യനീതി സങ്കൽപ്പത്തിന് എതിരാണ് പിഴശിക്ഷ)
ജഡ്ജ് ചോദിച്ചു:
കുറ്റം ചെയ്തിട്ടുണ്ടോ?
നിഷ്കളങ്ക കോമളൻ : ഉണ്ട്
ജഡ്ജ് ഞെട്ടി. സദസ്സു ഞെട്ടി.കോമളന്റെ അഭിഭാഷക വിളറി.
ഈ ജഡ്ജിനെ മൂന്നു നാലു ദിവസങ്ങളിൽ ന്യായാധിപ കസേരയിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. മനുഷ്യപ്പറ്റുള്ള ആളാണ് .
ജഡ്ജ് തുടർന്നു: കുറ്റം ചെയ്തിട്ടുണ്ട് എന്നു നിങ്ങൾ സമ്മതിച്ചാൽ നിങ്ങൾ മൂന്നു വർഷം വരെ ജയിലിൽ കിടക്കേണ്ടി വരും.
കോമളൻ : കുറ്റം ചെയ്തിട്ടുണ്ട് എന്നു സമ്മതിച്ചാൽ ഞാൻ മൂന്നു കൊല്ലം ജയിലിൽ കിടക്കേണ്ടി വരും എന്നു സാറ് പറഞതുകൊണ്ട് ഞാൻ കുറ്റം ചെയ്തിട്ടില്ല!
പ്ലീങ്ങ് !
ഊഴം കാത്തു നിൽപ്പായിരുന്ന മുത്തുറഫിയും ഞാനും പനോളിയും മുഖത്തോടു മുഖം നോക്കി. അന്നു കഷ്ടപ്പെട്ടു വിഴുങ്ങിയ ചിരി എന്റെ വൻകുടലിൽ ഇപ്പോഴും അസ്കിത ഉണ്ടാക്കുന്നുണ്ട് .
കോടതിയിലേക്ക് അലക്ഷ്യമായി ഒന്നു നോക്കിയതാണ്.
(ആലോചനാ കൂട്ട്:Seena Panoli)