കൊറോണാ കാലത്ത് ഭൂമിയിലെ ഓരോ വീടുകളുടെയും ചുമരുകളും മേൽക്കൂരയും സ്കാൻ ചെയ്തു കാണുന്ന ഒരു ഏരിയൽ വ്യൂ സങ്കൽപ്പിച്ചു നോക്കൂ

  0
  114
  Shaju V V എഴുതുന്നു
  കൊറോണാ കാലത്ത് ഭൂമിയിലെ ഓരോ വീടുകളുടെയും ചുമരുകളും മേൽക്കൂരയും സ്കാൻ ചെയ്തു കാണുന്ന ഒരു ഏരിയൽ വ്യൂ സങ്കൽപ്പിച്ചു നോക്കൂ.അപൂർവ്വമായ ഒരു കാഴ്ചയാകുമത്.മനുഷ്യരുടെ ചെറു സംഘ തുരുത്തുകൾ .കോടാനുകോടി മനുഷ്യർ ചിതൽപ്പുറ്റുകൾ പോലെ അനേകമസംഖ്യം കുഞ്ഞിടങ്ങളിൽ നുരയുന്ന ആ വിദൂരക്കാഴ്ച നമ്മളെത്തി നിൽക്കുന്ന ദാരുണമായ അവസ്ഥയുടെ രസികൻ വിഷ്വലാകും. പാചകം ചെയ്യുകയും വായിക്കുകയും ക്ലോസറ്റിലിരിക്കുകയും ഇണചേരുകയും ഉണ്ണുകയും ഉറങ്ങുകയും ടെലിവിഷൻ കാണുകയും ഓൺലൈൻ വ്യാപാരങ്ങളിൽ ഏർപ്പെടുകയും കലഹിക്കുകയും ചെയ്യുന്ന കോടാനുകോടി മനുഷ്യർ.ഒഴിഞ്ഞ പൊതുവിടങ്ങൾ.ശരണാർത്ഥികളുടെ റസ്ക്യൂ ഷെൽട്ടർ പോലെ ശിരസ്സുയർത്തി നിൽക്കുന്ന വീടുകൾ .
  വീട് തടവിന്റെ രൂപകമായി നാമിത്രയും കാലം ആലങ്കാരികമായി പറഞ്ഞതു പോലല്ല. വളരെ പെട്ടന്ന്, തുഗ്ലക്കിന്റെ ഒറ്റ രാത്രിയിലെ പൊതുജനാഭിസംബോധന കൊണ്ട് ചോദ്യങ്ങളേതുമില്ലാതെ നാം കീഴടങ്ങി. അവിടവിടെ കുടുങ്ങിപ്പോയ പതിനായിരക്കണക്കിനു നിസ്വരൂടെ ആകുലതകൾ അധികമാർക്കും വിഷയമായില്ല. ലക്ഷ്മണരേഖകളുമായി നാം സമ്പൂർണ്ണ ധാരണയിലൊപ്പുവച്ചിരിക്കുന്നു.
  വീടുവിട്ടിറങ്ങുന്ന ഗൗതമൻമാർ ആദർശ കഥാപാത്രങ്ങളല്ലാതായി മാറിയിരിക്കുന്നു. പുകഞ്ഞ കൊള്ളിയും പുറത്തായില്ല. നമ്മുടേതു പോലെ പൗരാവകാശങ്ങളും മനുഷ്യാന്തസ്സും മേൽവസ്ത്രം മാത്രമായണിയുന്ന സമൂഹങ്ങളിൽ തെറിച്ചവർ ലാത്തിയടിയുടെ പാടുമായി വീട്ടിലേക്ക് തിരിച്ചയക്കപ്പെടുകയോ പൊതുവിടങ്ങളിൽ വെടിയേറ്റു വീഴുകയോ ചെയ്യുന്ന വിധത്തിൽ കുടുംബത്തിനും വീടിന്നും ആധികാരികമായ അപ്രമാദിത്വം നേടിക്കൊടുക്കാൻ കോവിഡിനു കഴിഞ്ഞിരിക്കുന്നു .കുടുംബ പരദേവതയുടെ ഉപാസകനാണോ കോവിഡ് 19?( യൂറോപ്പിൽ പലയിടങ്ങളിലും സമ്പൂർണ്ണമായ ഈ കീഴടങ്ങൽ സംഭവിച്ചിട്ടില്ല) ചുമ്മാ വീട്ടിലിരുന്നു പ്രീയപ്പെട്ടവരെയും സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ള അസുലഭമായ സാഹചര്യം അതഭിലഷിക്കുന്ന അലസരും മടിയൻമാരുമായ മനുഷ്യരുടെ യുക്തിയുടെ ചരട്‌ തീർത്തും പൊട്ടിയ സ്വപ്നങ്ങളിൽ പോലും കണ്ടിട്ടുണ്ടായിരിക്കാനിടയില്ല.
  ഇപ്പോൾ ഒഴിഞ്ഞ മൈതാനങ്ങളിലും തെരുവുകളിലും മദ്യശാലകളിലും തീയേറ്ററുകളിലും സ്കൂളുകളിലും വ്യവസായശാലകളിലും പാർക്കുകളിലും ആരാധനാലയങ്ങളിലും ഉണ്ടായിരിക്കാനിടയുണ്ടായിരുന്നവലെല്ലാം താമസ സ്ഥലങ്ങളിലുണ്ട്.ഒരൽപ്പം അതിശയോക്തിയോടെ പറഞ്ഞാൽ വീട് മനുഷ്യരെ ജീവനോടെ അടക്കം ചെയ്യുന്ന ശവപ്പെട്ടികളായി മാറി. മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും കർമ വ്യഗ്രതയി പാഞ്ഞു നടന്നില്ലെങ്കിലും ഭൂമിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് സർവ്വതിനെയും ഭരിച്ചിരുന്ന ഒരു സ്പീഷിസ് നഗ്നമാക്കപ്പെട്ടതിന്റെ ലജ്ജയോടെ മനസ്സിലാക്കി എന്നതിനെ കുറച്ചു കാണാൻ കഴിയില്ല.
  സ്റ്റേ ഹോം എന്ന അന്തർദ്ദേശീയ മുദ്രാവാക്യം ബഹിഷ്കരിക്കുന്ന പലരുമുണ്ട്.വീടില്ലാത്തവർ, പ്രവാസികൾ അങ്ങനെ പല വിഭാഗങ്ങൾ. എങ്കിലും അവർ ന്യൂനപക്ഷങ്ങളാണ് . വിദൂരത്തെങ്കിലും വീടുള്ളവർ വീട്ടിലെ ത്താൻ ഹൃദയമിടിപ്പുകളോടെ കാത്തു നിൽക്കുകയാണ് .
  നമ്മുടെ വെളിപാടുകളുടെ തമ്പുരാനായ സ്വേച്ഛാധിപതി ഒരു ഉദിപ്പിന് ലോക് ടൗൺ പ്രഖ്യാപിക്കുമ്പോൾ ആളുകൾ അന്നേരമെവിടെയാണോ അവിടെത്തന്നെ നിൽക്കാനാണ് ആജ്ഞാപിച്ചത് .ആളുകൾ തെരുവുകളിൽ ദുരന്ത പ്രതിമകളാകണം എന്നാവുമോ അദ്ധേഹം ആഹ്വാനം ചെയ്തത്? ആയിരക്കണക്കിനു മനുഷ്യർക്ക് സ്റ്റേ ഹോം നിഷേധിക്കപ്പെട്ടു.
  മധുരമനോജ്ഞമായ, ചെടിപ്പിക്കുന്ന ആ ശുഭാപ്തിവിശ്വാസ മന്ത്രണം കടമെടുത്താൽ ഈ സമയവും കടന്നു പോകും.
  എന്നാൽ ഏത്തമിട്ട മനുഷ്യരുടെ ചിത്രങ്ങൾ മായാതെ നിൽക്കും.അവർ പറയുന്നതെന്തെന്നു പോലും കേൾക്കാതെ തെരുവിൽ തല്ലിച്ചതക്കപ്പെടുന്നവരുടെ വീഡിയോകൾ നമ്മുടെ മനുഷ്യാവകാശ ധാരണകൾ എത്രമാത്രം ആത്മവഞ്ചകമായിരുന്നുവെന്നതിന്റെ ചരിത്ര ദൃശ്യങ്ങളായി നിലനിൽക്കും. വൈറസിനെ വൈറസാക്കി ഒരു ജനവിഭാഗത്തെ വർഗ്ഗീയ ലാക്കോടെ പ്രതിസ്ഥാനത്തു നിർത്തിയത് പുൽത്തകിടിവച്ചു പിടിപ്പിച്ചാൽ മായില്ല.വൈറസിനെക്കാൾ ഭൂരിപക്ഷ വർഗ്ഗീയതയെ ഭയന്ന് ആത്മഹത്യ ചെയ്ത മതന്യൂനപക്ഷ മനുഷ്യരുടെ നിലവിളി അന്തരീക്ഷത്തിലുണ്ടാകും. വൈറസിന്റെ ചെലവിൽ സ്വീകരണമുറിയിലേക്ക് രാമായണം ഒളിച്ചു കടത്താൻ തീരുമാനിച്ച നാണം കെട്ട വർഗ്ഗീയ രാഷ്ട്രീയത്തിന്റെ എളുമ്പു നാറ്റവും എളുപ്പം പോകില്ല.