വീടുവിടുന്ന പുരുഷനു ലഭിക്കുന്ന മഹത് പരിവേഷങ്ങളല്ല അവളെ കാത്തു നിൽക്കുന്നത്

38

Shaju V V

ഹെട്രോ സെക്ഷ്വൽ ലൈംഗികതയൊഴിച്ചുള്ള ലൈംഗിക സ്വത്വങ്ങളെ കുറ്റകൃത്യമായും വൈകൃതമായും മനോവൈകല്യമായും നോക്കിക്കാണുന്ന ഒരു സമൂഹത്തിൽ തന്റെ ലൈംഗിക സ്വത്വ നില ഉറക്കെ പ്രഖ്യാപിച്ച ഒരു യുവതി. ലൈംഗിക പീഢന മുൾപ്പടെയുള്ള കാര്യങ്ങൾ വളരെ സ്വഭാവികമായി കരുതുന്ന ആണധികാര ഗാർഹിക പശ്ചാത്തലമുപേക്ഷിച്ച് വീടുവിട്ട ഒരു സ്ത്രീ .
ആണുങ്ങൾ വീടുപേക്ഷിക്കും പോലെയല്ല സ്ത്രീകൾ അതുപേക്ഷിക്കുന്നത് .

വീടുവിടുന്ന പുരുഷനു ലഭിക്കുന്ന മഹത് പരിവേഷങ്ങളല്ല അവളെ കാത്തു നിൽക്കുന്നത് .പുകഞ്ഞ കൊള്ളിക്ക് പുറത്തും ഭ്രഷ്ടു തന്നെ .രണ്ട് ശതമാനം അറ്റന്റൻസിന്റെ കുറവ് അവരുടെ അക്കാദമിക് സ്വപ്നങ്ങളെ തകർക്കുന്നു .ആധുനിക മനശാസ്ത്ര വ്യവഹാര മണ്ഡലങ്ങൾ അവരുടെ സ്വഭാവിക ലൈംഗിക സ്വത്വത്തെ വൈകല്യമായി കണ്ട് അതിനെ ശാസ്ത്രത്തിന്റെ മിഥ്യാധികാരികതയോടെ അമർച്ച ചെയ്യാൻ ശ്രമിക്കുന്നു.

ഒരു പക്ഷേ ഈ സാഹചര്യങ്ങൾ കൂടാതെ തന്നെ അവരിൽ ഉണ്ടായിരുന്നിട്ടുണ്ടാകാവുന്ന വിഷാദത്തിന്റെ അടിയൊഴുക്ക്. ഇത്രയും ഏകാന്തമായ ഒരു മനുഷ്യാവസ്ഥയിൽ അവരെ ചേർത്തു പിടിച്ച, ലൈംഗികതയിലുൾപ്പടെ അവരുടെ രാഷ്ട്രീയ കർതൃത്വത്തെ ബഹുമാനത്തോടെ കണ്ട സുഹൃത്തുക്കളുടെ മേലെ അഞ്ജനയുടെ മരണത്തിന്റെ ഉത്തരവാദിത്തം കെട്ടി വയ്ക്കാൻ ശ്രമിക്കുന്ന നീചമായ ശ്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .

പുരോഗമനവാദികളാകട്ടെ അവരുടെ രക്ഷാകർതൃത്ത്വത്തിന്റെ പുറത്ത് കേരളത്തിലുണ്ടായിട്ടുള്ള വിമത രാഷ്ട്രീയത്തെ മുഴുവൻ ക്രമിനൽ ഗൂഢ പശ്ചാത്തലമാരോപിച്ച് തള്ളിപ്പറയാനുള്ള അവസരമായിക്കൂടി ഈ സാഹചര്യത്തെ ഉപയോഗിക്കുന്നുണ്ട് .അവരുടെ മരണത്തിന്റെ യഥാർത്ഥ ഉത്തരവാദികളാരെന്ന് ഹോമോഫോബിക്കായ ,അത്യന്തം നികൃഷ്ടമായ ഈ പ്രചരണങ്ങൾ അടിവരയിട്ടു പറയുന്നുണ്ട് .

അഞ്ജന ലഹരിമരുന്നുകൾ ഉപയോഗിക്കാറുണ്ടോ എന്നെനിക്കറിയില്ല. അരാജക ജീവിതവും മദ്യപാനവും സ്വതന്ത്രമായ ലൈംഗിക തെരഞ്ഞെടുപ്പുകളും തന്റേടങ്ങളും ഞാനുൾപ്പടെയുള്ള രാഷ്ട്രീയ, കലാമണ്ഡലങ്ങളിലുള്ള പുരുഷൻമാർക്ക് കൾച്ചറൽ കാപ്പിറ്റലായി മാറുന്ന സാമൂഹ്യ സാഹചര്യത്തിലാണ് അഞ്ജനക്കും അവരുടെ സുഹൃത്തുക്കൾക്കുമെതിരായുള്ള ദുരാരോപണങ്ങൾ എന്നോർക്കണം. അഞ്ജന പൊരുതിയ ഹെട്രോ സെക്ഷ്വലായ ആൺകോയ്മാ സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാനും.എത്ര കുടഞ്ഞു കളയാൻ ശ്രമിക്കുമ്പോഴും അത് എന്നിലുണ്ട്. ആ വയലൻസ് എന്നിലുണ്ട്. ആ അർത്ഥത്തിൽ വീടും പിന്നീട്‌ ഈ ലോകം തന്നെയും ഉപേക്ഷിച്ചവർ പോയതിൽ എനിക്കുമുണ്ട് ധാർമിക ഉത്തരവാദിത്തം .

അഞ്ജനയുടെ കൂട്ടുകാരെ അവരടെ മരണത്തിന്റെ കാരണക്കാരായി ചിത്രീകരിക്കുന്ന, മരണപ്പെട്ട ആ സ്ത്രീയെയും അവരുന്നയിച്ച ചരിത്രപരമായ രാഷ്ട്രീയത്തെയും അപമാനിക്കുന്ന ക്രിമിനൽ സൈബർ ആക്രമണങ്ങളോട് ശക്തമായി വിയോജിക്കുന്നു .