ആന മലപ്പുറംകാരിയാണെന്ന് വാദിക്കുന്നതു പോലെ തന്നെ പൊള്ളയാണ് പാലക്കാട്ടുകാരിയാണെന്നു സ്ഥാപിക്കുന്നതും

32

Shaju V V

ആ ആന വാസ്തവത്തിൽ മലപ്പുറംകാരിയല്ല പാലക്കാടുകാരിയും. ആന ദേശീയതയിൽ മലപ്പുറം, പാലക്കാട്‌ തുടങ്ങിയ പെറ്റി വികാരങ്ങളില്ല. ആനകളുടെ ടെറിറ്ററി സങ്കൽപ്പം നമ്മുടേതല്ല. ആന മലപ്പുറംകാരിയാണെന്ന് മനേക ഗാന്ധിവാദിക്കുന്നതു പോലെ തന്നെ പൊള്ളയാണ് ആന പാലക്കാട്ടുകാരിയാണെന്നു സ്ഥാപിക്കുന്നതും .ആനകൾ വോട്ടർ പട്ടികയിലില്ല. തിരിച്ചറിയൽ കാർഡില്ല. കാട് കാണെക്കാണെക്കുറഞ്ഞു വന്നപ്പോൾ വിശന്ന് നാട്ടിലേക്കിറങ്ങിയതാണ് .അധിനിവേശത്തിന്റെ കോളോണിയൽ ദുമനസ്ഥിതിയൊന്നും ആനകൾക്കില്ല. അടിമയാകാനുള്ള കൊതിയുമില്ല.കുഴിമാന്തി അകപ്പെടുത്തിയാൽപ്പിന്നെ കെട്ടിയൊരുങ്ങി നിൽക്കാതെന്തു ചെയ്യും?

ചന്തമുണ്ടെങ്കിലും അന്തമില്ല. ആനക്ക് ആനയുടെ വലിപ്പമറിയില്ല. വരച്ച വരയിൽ നിൽക്കുന്ന ഇനമാണ് .കൊമ്പുണ്ടെങ്കിലും പൊതുവേ കുണുങ്ങിയുള്ള കൊമ്പുകുത്തിക്കളിയേ ഉള്ളൂ. ഒറ്റ ശത്രുരാജ്യത്തിന്റെ പേര് പറയാൻ പറഞ്ഞാൽ എടുത്ത വായക്ക് തൃശൂരെന്നു പറയും .ഓർമയിൽ മുമ്പിലാണെങ്കിലും മറവിയിലാണ് ഇമ്പം .അതാണീ ഗതി വന്നത് .പ്രേമികളേക്കാൾ വേദനിപ്പിക്കുന്നവരില്ലെന്ന മന:തത്വശാസ്ത്രത്തിന്റെ ഉറവിടം ആനയുടെ വാഴ് വാണ്.ഇക്കാണുന്ന തുമ്പിയും കൊമ്പുമൊക്കെ ഉണ്ടെന്നേയുള്ളൂ. കെട്ടുകാഴ്ചയാണ് .പന്നിയൊക്കെ എത്രയോ കേമനാണ് .പൊന്നാരത്തിനൊന്നും തന്നെ വിട്ടു കൊടുക്കില്ല. പോടാ മൈ രേ എന്ന മട്ടാണ് .ആനക്ക് ബോൺസായി ഗണപതിയാകേണ്ടി വന്നതു പോലും തന്റെടമില്ലാത്തതു കൊണ്ടാണ് .പടക്കം പന്നിക്കു വച്ചതാണ് എന്നു പറയുമ്പം വെച്ചവനും വെച്ചവനെ എതിർത്തവനും കൈകൊടുക്കാൻ തോന്നിക്കുന്ന ആ കാരുണ്യാധികാരത്തിന്റെ ചതിക്കുഴിയിൽ ആന വീഴും. പന്നി വീഴില്ല.

ആ ആനയുടെ അവസാന ദിനങ്ങൾ സങ്കടപ്പെടുത്തുന്നതാണ് .അതിനെക്കാൾ സങ്കടമാണ് ആന ചെരിഞ്ഞപ്പോൾ മലർന്നു വീണ മലപ്പുറത്തിന്റെ സ്ഥിതി .മലപ്പുറത്തിനു നേർക്കുള്ള ഇസ്ലാമോഫോബിക്കായ ഇന്ദു രാജ്യക്കാഴ്ചയെ മലപ്പുറംകാർ പ്രതിരോധിക്കുന്ന രീതി കാണുമ്പോ ചത്താ മതീന്നു തോന്നി. .മലപ്പുറംകാരായ ഉമ്മമാരും താത്തമാരും ഇക്കമാരും വിളമ്പിത്തന്ന ബിരിയാണിയാണ് തന്റെ ദേഹത്തിലോടുന്ന നിണം അഥവാ രുധിരം എന്നു തദ്ദേശീയ മതേതര പുരോഗമന ഹിന്ദുക്കൾ നെൻമയുടെ മൊത്ത ഉത്തരവാദിത്തം മലപ്പുറം കാക്കമാരുടെ ചുമലിൽ നുകം കെട്ടുന്നതു കാണുമ്പോൾ യ്യേ എന്നു പറയാൻ തോന്നുന്നു .തന്നതു മാത്രമല്ല തിന്നതും വിളിച്ചു പറയാൻ പാടില്ല പഹയരേ.ഈ പോത്തു ബിരിയാണി മാറാപ്പ് മാപ്പിളമാരുടെ ആമാശയത്തിൽ കിരീടമായി വെക്കുന്ന സ്നേഹവാഴ്ത്ത് പരിപാടി നിർത്തണം. വന്നു വന്ന് ഇതെല്ലാം കേട്ടുകേട്ട് മലപ്പുറം മുസ്ലീമുകൾക്ക് നെൻമ സ്ഫുരിക്കാത്ത ഒന്നും ചെയ്യാൻ പാടില്ല എന്ന നിലവന്നിരിക്കുന്നു .ഓരിക്ക് ന്തെങ്കിലും തോന്ന്യാസം ചെയ്യണ്ടേ ഇന്ദു പുരോഗമനക്കൂട്ടരേ? മൻഷ്യൻ മാരല്ലേ? സ്വാസം ബിടാൻ സമ്മതിക്ക് .കുമാരനാശാനാദികൾ തൊട്ട് പടച്ചുവിട്ട ക്രൂരമുഹമ്മദീയർ വാർപ്പു മാതൃകകളെ തലകീഴാക്കി നൻമയിൽ മുക്കിയെടുക്കുന്ന പുരോഗമന സ്റ്റീരിയോടൈപ്പ് അത്ര നിർദ്ദോഷമല്ല .ഊതിവീർപ്പിക്കുന്നവരുടെ നിക്കറിൽ തൂശിയും കാണും. അത് പ്രപഞ്ച നിയമമാണ് .ഒന്നുകിൽ ബാലൻ കെ നായർ അല്ലെങ്കിൽ പ്രേംനസീർ എന്ന ബൈപ്പോളാർ മനോരോഗം ചികിൽസ അർഹിക്കുന്നുണ്ട് .

ഭൂമിയിലെ ആദ്യ ആന കൊല്ലപ്പെട്ടു എന്ന മട്ടിലുള്ള സംഘി ദുരന്ത നിർമിതി പോലെയല്ലെങ്കിലും അതിനെ പ്രതിരോധിക്കാനായി ആ പാവം ആനയുടെ വേദനയെപ്പരിഗണിക്കാതെ മനുഷ്യകേന്ദ്ര വാദം വിളമ്പുന്നതും മോശം ഏർപ്പാടാണ് .പടക്കം വെച്ചു കൊല്ലുന്നെങ്കിൽ മുന്തിയ പടക്കം വയ്ക്കുക .കൊല്ലാക്കൊല ചെയ്യരുത് .വന്യമൃഗങ്ങൾ എന്തെങ്കിലും ഗതിയുണ്ടെങ്കിൽ നശിച്ച നാട്ടിലേക്കിറങ്ങില്ല. കാര്യങ്ങളെ ഇത്ര സിമ്പിളായി കാണരുത് .ആനയോടായാലും പന്നിയോടായാലും ഇത് ചെയ്യരുത്.ഞങ്ങ മുത്താണ് മുത്താണ് എന്ന് മലപ്പുറംകാർ വിളിച്ചു പറയുന്നതു കാണുമ്പത്തെ നിരാശയിലാണിത്രയും പറഞ്ഞത് .സംഘികളോട് പോകാൻ പറ.അടിമുടിമുത്ത് ഭയങ്കര ചെടിപ്പാണ്.