അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നതിൽ നിന്ന് മുസ്ലീങ്ങൾക്ക് പ്രവേശനമില്ല എന്നതിലേക്കുള്ള അമിതവിഷ പരിവർത്തനം

95

Shaju V V യുടെ കുറിപ്പ്

ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഈ ബോർഡ് സ്ഥാപിച്ചിട്ടുള്ള കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രം എൻ്റെ നാട്ടിലാണ്. കണ്ണൂർ ജില്ലയിലാണ്. ഇടതുപക്ഷത്തിന് ആഴത്തിൽ വേരോട്ടമുള്ള പ്രദേശമാണ്. മുക്കിനു മുക്കിനു വായനശാലകളുണ്ട്. അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ഇതര മത തുല്യ വിലക്കിൽ നിന്ന് മുസ്ലീങ്ങൾക്ക് പ്രവേശനമില്ലയെന്ന സവിശേഷവിലക്കിലേക്കുള്ള കേന്ദ്രീകൃത വർഗ്ഗീയവിഷച്ചീറ്റലി ലേക്കുള്ള പരിവർത്തനം ശ്രദ്ധേയമാണ്. (ഞാൻ ബോർഡ് നേരിട്ടു കണ്ടിട്ടില്ല )

മതേതര കമ്യൂണിസ്റ്റു ഹിന്ദുക്കളും സോഷ്യലിസ്റ്റ് കോൺഗ്രസ്സുകാരുമെല്ലാം ക്ഷേത്രാങ്കണത്തിലേക്ക് ഉത്സവത്തിന് കുളിച്ച് മിടുക്കരായി മുണ്ടും ഷർട്ടും സാരിയുമൊക്കെ ഉടുത്ത് കാലെടുത്തു വയ്ക്കുമ്പോൾ ഈ ബോർഡ് സ്വാഭാവികമെന്നോണം കണ്ട് ഉൽസവം കൂടി തൊഴുത് സദ്യ കഴിച്ച് സ്വസ്ഥരായി വീട്ടിൽ വന്ന് കിടന്നുറങ്ങുന്നുണ്ട്. കാര്യങ്ങൾ സിമ്പിളാണ്.സംഘപരിവാർ പൂർണ്ണമായും നമുക്കു പുറത്തല്ല. എന്നു വച്ച് നാമെല്ലാം പൂർണ്ണമായും സംഘപരിവാറായിക്കഴിഞ്ഞു എന്നുമല്ല. അത്തരം സിനിക്കൽ സാമാന്യവൽക്കരണങ്ങൾ കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ.

ഇടതുപക്ഷവും കോൺഗ്രസും പൗരസമൂഹമാകെയും കൂടുതൽ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുകയും അബോധ ബ്രാഹ്മണിക് ഹൈന്ദവബോധം കുടഞ്ഞു കളയുകയും ചെയ്യാതെ നമുക്കിനി മുന്നോട്ടു പോകാനാവില്ല. ഇന്നലെയാണ് ക്ഷേത്രപ്പറമ്പിൽ സംഘപരിവാർ ഒരു പതിനഞ്ചുകാരൻ്റെ കൗമാരനെഞ്ചിൽ കത്തികയറ്റിക്കൊന്നത്.ഞാനിപ്പോ നാട്ടിലുണ്ട്. ഉൽസവത്തിൻ്റെ ആരവം കേട്ടതാണ്. നാണക്കേടുതോന്നുന്നു . ഉച്ചയ്ക്കത്തെ വണ്ടിയിൽ നാടു വിടണം. കോഴിക്കോടേക്ക്.കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരവും.