“ഭാര്യയെ വലതുപക്ഷത്തേക്ക് വിട്ടിട്ടു ടീപി ചായ കുടിക്കാൻ പോയതാണോ ? “

122

Shaju V V ന്റെ കുറിപ്പ്

ടി പി ചന്ദ്രശേഖരന് വലതുപക്ഷത്തോടുണ്ടായിരുന്ന എതിർപ്പ് കെ കെ രമയ്ക്കില്ലായെന്ന് മലയാളത്തിലെ നല്ല കവിതകൾ എഴുതാറുള്ള ഒരു കവയിത്രി ഇന്നലെ ഒരു എഫ് ബി സ്റ്റാറ്റസിൽ കമൻ്റായി കഠിനമായി നിരാശപ്പെടുന്നതും തീവ്രമായി വ്യസനിക്കുന്നതും കണ്ടു. എനിക്കും ന്യായമായി തോന്നി. ഭർത്താവിൻ്റെ രാഷ്ട്രീയ പക്ഷത്തുനിൽക്കുന്നതാണല്ലോ മാതൃകാ ഭാര്യാധർമ്മം. കഷ്ടം തന്നെ രമയുടെ രാഷ്ട്രീയാപചയം.

ഇടതു രാഷ്ട്രീയം പുലർത്തിയതിൻ്റെ പേരിൽ കവയിത്രി ബഹുമാനിക്കുന്ന ടി പി ചന്ദ്രശേഖരൻ എന്താ ഭാര്യയെ തിരുത്താത്തത് എന്നു ഞാൻ ആശ്ചര്യപ്പെട്ടു. ഇയാളി തെവിടെപ്പോയി? പെണ്ണുങ്ങള ഇങ്ങനെ കയറൂരി വിടാൻ പാടുണ്ടോ? അവരവരുടെ വീട്ടിലെ ആളുകളെ നിലയ്ക്ക് നിർത്താനറിയാത്ത ആളുകൾക്കെങ്ങനെ വിപ്ലവം ജയിക്കാനാകും? പുള്ളി ചായയോ മറ്റോ കുടിക്കാൻ പോയതാവുമെന്ന് ഒടുവിൽ ഞാൻ സമാധാനിച്ചു കിടന്നുറങ്ങി.

ഇന്നിപ്പോ ഒരു ചീത്ത സ്വപ്നം കണ്ട് ഉറക്കം ഞെട്ടി. എഫ് ബി യിൽ നോക്കിയപ്പോൾ സ്റ്റാറ്റസ്റ്റുകൾ കാണുന്നു, ടി പി യുടെ രക്തസാക്ഷി ദിനമാണിതെന്ന്. എൻ്റെ ഭാഷയിൽപ്പറഞ്ഞാൽ ഒരു കൂട്ടം ആളുകൾ ചീവിടുകൾ പരസ്പരം അന്യൻ്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന രാത്രികളിൽ ഇടവഴിയിൽ ഒളിച്ചിരുന്നും മനുഷ്യർ നാലു മണിച്ചായക്കൊപ്പം കപ്പയും മീൻ കറിയും കഴിച്ചിരിക്കുന്ന പകലുകളിൽ വീടുകളിലിരച്ചു കയറിയും ഒരാളെ തുണ്ടം തുണ്ടമാക്കുന്ന ആചാരത്തിൻ്റെ വാർഷിക ദിനം.

വലതുപക്ഷ വിമർശകനെന്നു കവയിത്രി എഴുതിയ ടി പി യ്ക്ക് എന്തു സംഭവിച്ചുവെന്ന് എനിക്കിപ്പോ ബോധ്യമായി. കവയിത്രിക്കും എഫ് ബി കാണുമ്പോൾ മനസ്സിലാകുമായിരിക്കുമായിരിക്കും.ടി പി ചന്ദ്രശേഖരൻ ചായ കുടിക്കാൻ പോയതല്ല, പ്രീയപ്പെട്ട കവയിത്രീ.കൊന്നതാണ്. പുതിയ കവികൾക്കു പൊതു വിജ്ഞാനം കമ്മിയാണെന്നു തോന്നുന്നു.