എഴുത്തുകാരനായ Shaju V V ഫേസ്ബുക്കിൽ കുറിച്ചത്

A
അഡൾട്ട് ഓൺലി !
‘പൊങ്ങി’ വരുന്ന ദേശസ്മരണകൾ …

പയ്യന്നൂർ പഴയ ബസ്റ്റാന്റിന് തൊട്ടടുത്ത് നാലു നക്ഷത്രങ്ങളുള്ള ഒരു ബാർ ഹോട്ടലുണ്ട്.കെ കെ റസിഡൻസി. ഞാനേറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ള ബാർ ഇവിടെയാണ് .താഴത്തെ നിലയിലെ അടിസ്ഥാന വർഗ്ഗത്തിനായി രൂപ, ഭാവ കൽപ്പന ചെയ്യപ്പെട്ടിട്ടുള്ള മദ്യശാലയിൽ നിന്ന് മൂന്നോ നാലോ പെഗ് റമ്മുകൾ തുടരെത്തുടരെ വിഴുങ്ങി ലിഫ്റ്റുവഴി റൂഫ് ടോപ്പിലേക്ക് പോകും. ഭയങ്കര ആംബിയൻസാണ് .ദൂരെ ദൂരെ ഏഴിമലയും അറബികലും കാണാം. അവിടെ ഒരു ബിയറുമായി രണ്ടോ മൂന്നോ മണിക്കൂറുകൾ ഇരിക്കും. ഞാൻ എഴുതിയതു കൂടുതലും ഇവിടെയിരുന്നാണ് .

ഈ നാലു നക്ഷത്ര ഹോട്ടലുള്ളയിടത്ത് മുമ്പ് ഒരു മൂന്നാം ലോക രാജ്യ സിൽമാ കൊട്ടകയായിരുന്നു. ശോഭാ ടാക്കീസ്.തിയ്യേറ്ററിന്റെ ആദ്യകാലങ്ങളിലൊക്കെ ഫാമിലി സിനിമകളൊക്കെ കളിച്ചിരുന്ന ശോഭാ ടാക്കീസിൽ പിന്നീട് കളി മാറി. സ്വന്തം സ്വത്വാഭിലാഷമണ്ഡലത്തെ തിരിച്ചറിഞ്ഞു എന്നു പറയാം.
പെണ്ണുങ്ങളുടെ പേരുള്ള ആണുങ്ങളുടെ മാത്രം ടാക്കീസായി മാറി ശോഭ. കൗമാരക്കാർ മുതൽ വയോധികർവരെയുള്ള ആണുങ്ങളുടെ കാമനാ വിശപ്പാറ്റാനുള്ള ദൃശ്യ ശ്രാവ്യ ഭക്ഷണശാലയായി മാറി ശോഭാ ടാക്കീസ്.തലേന്നാൾ സിനിമ കണ്ടവരുടെ മരണവാർത്ത പലപ്പോഴും കേട്ടു . പത്തിൽ പഠിക്കുമ്പോഴായിരുന്നു എന്നാണോർമ്മ ശോഭാ ടാക്കീസുമായുള്ള ആസക്ത തീവ്രമായ എന്റെ ബന്ധമാരംഭിക്കുന്നത് .പ്രീഡിഗ്രി കാലത്തോടെ ദൈനംദിന ബന്ധുതയുടെ നിത്യജീവിത വ്യവഹാരമായി അതു മാറി. കോളേജിലേക്ക് പുറപ്പെടുന്ന പുത്രൻ അവിടെ എത്തിയതേയില്ല. രാവിലെ പത്തരയ്ക്കു സർവ്വ് ചെയ്യുന്ന നോൺ വെജ് ചലച്ചിത്രങ്ങൾ.

എല്ലാ മനോ യാത്രകളും ഒടുവിൽ മധ്യധരണ്യാഴിപ്രദേശത്തെ സ്ഥലകാലബോധമില്ലാത്ത തല പൊക്കലിൽ അവസാനിക്കുന്ന ഇടങ്ങേറു പിടിച്ച കൗമാരകാലമായിരുന്നു.ഇന്ത്യൻ വിഭജനകാലത്തെ മനുഷ്യ പലായനത്തെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന വായനപോലും ലൈംഗിക ചിന്തയിലേക്ക് വഴുതിപ്പോകുന്ന ആസക്ത കൗമാരത്തിന്റെ ദേവാലയമായിരുന്നു ശോഭാ ടാക്കീസ്. കാമ മൂർഛയിലെത്തും നേരമുള്ള മനുഷ്യ ശരീരങ്ങളുടെ ഒച്ചകൾ ചുവരുകളായുള്ള, ‘ക്ഷേത്ര’ങ്ങൾക്കായി കർമ മുഖരിതമായ ക്ഷേത്രം.

എത്ര തവണ വിസിലടിച്ചാലും പിന്നെയും വിജൃംഭിക്കുന്ന പ്രഷർ കുക്കർ പോലെ അക്കാലങ്ങളിൽ ശരീരം. മഴ തോർന്ന്, മരവും തോർന്നാലും പെയ്ത്ത് അവസാനിക്കാത്ത കാമനകൾ .ഒടുങ്ങാത്ത ആകാംക്ഷ കൾ. ശോഭ ടാക്കീസ് ശരീരത്തിനു വേണ്ടതു തന്നില്ല, വേണ്ടതിനെ സംബന്ധിക്കുന്ന ഫാന്റസികൾ തന്നു .മിക്കപ്പോഴും സ്ത്രീവിരുദ്ധമായവ.

മലയാളം, തമിഴ്, ഹിന്ദി, കന്നട തുടങ്ങി വിഭിന്ന ഇന്ത്യൻ ഭാഷകളിലുള്ള ചലച്ചിത്രങ്ങളും ഇംഗ്ലീഷ് ഉൾപ്പടെയുള്ള ലോക ഭാഷാ ചലച്ചിത്രങ്ങളും വിവേചനമില്ലാതെ ഒരേയൊരു ലക്ഷ്യത്തോടെ പ്രദർശിപ്പിക്കപ്പെട്ടു. പല ക്ലാസിക് സിനിമകളും ക്ലാസിക് ചലച്ചിത്രങ്ങളാണെന്നറിയാതെ ഞാൻ കണ്ടത് ശോഭാ ടാക്കീസിൽ നിന്നായിരുന്നു.

തിക്കു മുട്ടിയ മനസ്സുമായി ആകാംക്ഷയോടെ കണ്ണൂർ ലക്ഷ്യം വച്ച് ബസിൽ പുറപ്പെടുന്ന യാത്രികൻ തളിപ്പറമ്പിനോടും പുതിയ തെരുവിനോടുമെല്ലാം കാണിക്കുന്ന ന്യായമായും മനസ്സിലാക്കാവുന്ന ഉദാസീനത പോലെ ശോഭാ ടാക്കീസിലെ ആൺ കാഴ്ചക്കാർ മനുഷ്യ കഥാനുഗായികളായ
വിശ്വ ചലച്ചിത്രങ്ങളിലെ തീവ്ര വൈകാരിക മുഹൂർത്തങ്ങളെ അക്ഷമയോടെയും മടുപ്പോടെയും ശാപവാക്കുകളോടെയും നേരിട്ടു അവരൊന്നും തന്നെ ലക്ഷ്യങ്ങളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും വ്യതിചലിക്കുന്നതരം ചഞ്ചലചിത്തരായിരുന്നില്ല

.ഇന്റർവെലിനു തൊട്ടു മുമ്പോ ശേഷമോ തിരുകിക്കയറ്റുന്ന തുണ്ടു കണ്ടുകഴിഞ്ഞതും രണ്ടോ മൂന്നോ മിനിറ്റ് ആളുകൾ സീറ്റിലമർന്നിരിക്കും. വാനനിരീക്ഷണാവസ്ഥയിലുള്ള ഉൽപ്പതിഷ്ണുവായ കേന്ദ്ര ഭരണ പ്രദേശം യാഥാസ്ഥിതികത്വത്തിലേക്ക് പിൻമടങ്ങാനുള്ള സമയമാണീ രണ്ടോ മൂന്നോ മിനിറ്റ് എന്നു ഞാൻ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ഈ തുണ്ടുകൾ കഥാസന്ദർഭത്തോട് നീതിയോ ഔചിത്യമോ പുലർത്തിയിരുന്നില്ല. എക്സ് റേയിൽ കാഞ്ഞിരപ്പള്ളിക്കാരനായ കഥാനായകന് ശ്വാസകോശാർബുദമാണെന്ന് തിരിച്ചറിഞ്ഞ് അയാളുടെ ഭാര്യ അലമുറയിട്ട് അങ്ങേരെ കെട്ടിപ്പിടിക്കുന്ന മുഹൂർത്തത്തിൽ കട്ട് ചെയ്ത് കരീബിയൻ കടൽത്തീരത്ത് സീൽക്കാരത്തോടെ മണലിൽ കിടന്നുരുളുന്ന നഗ്നശരീരങ്ങൾ സ്ക്രീനിൽ തെളിയുമ്പോൾ കഥാനായകൻ ക്യാൻസർ രോഗിയായതിനായുള്ള അഭിനന്ദനം പോലെ സദസ്സിൽ കയ്യടിയും ചൂളം വിളിയും ഭാഷാ വിളയാട്ടവും മുഴങ്ങുന്നു .കോൺസൻട്രേഷൻ ക്യാമ്പിൽ ഗ്യാസ് ചേമ്പറിലടക്കം ചെയ്യപ്പെട്ട നഗ്നരായ മനുഷ്യർ ശ്വാസം മുട്ടി അന്യോന്യം ശരീരത്തിൽ നഖം കൊണ്ട് കീറുന്ന വിഷ്വലിൽ നിന്ന് തന്റെ മുകളിൽ ശയിക്കുന്ന പുരുഷന്റെ പുറത്ത് നെയിൽ പോളിഷിട്ട നഖം കൊണ്ട് അള്ളിപ്പിടിക്കുന്ന കാമവിവശയായ സ്ത്രീയിലേക്ക് കട്ട് ചെയ്ത എഡിറ്റിങ്ങാണ് ഞാൻ ജീവിതത്തിൽ കണ്ട ഞെട്ടിക്കുന്ന എഡിറ്റിങ്ങ് കല.

ഒരു രൂപാ ടിക്കറ്റെടുത്ത് ശോഭാ ടാക്കീസിലേക്ക് കയറുമ്പോൾ അതിരൂക്ഷമായ ഒരു ഗന്ധം ഗ്ലൗസണിഞ്ഞ ഒരു ബോക്സിങ്ങ് താരം രണ്ടു കൈകൾ കൊണ്ടും മുഖത്തിടിച്ചാലെന്നെ പോലെ നമ്മെ തല ചുറ്റിക്കും. അതു കൊണ്ടൊന്നും പിൻമാറുന്ന കാമനകളുമായല്ല ഒരു പുരുഷൻ ശോഭാ ടാക്കീസിൽ കയറുന്നത് .സൂക്ഷിച്ചു നടന്നില്ലെങ്കിൽ വഴുക്കി വീഴും.മൂത്രവും കഫവും ശുക്ലവും ചേർന്ന ദ്രാവകം ചതിക്കാതിരിക്കാൻ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. കാണാനിരിക്കുന്ന വിസ്മയക്കാഴ്ചകളെക്കുറിച്ചുള്ള പ്രത്യാശകൾ നമ്മെ എന്തും നേരിടാനുള്ള മാനസിക സ്ഥൈര്യത്തിലെത്തിക്കും.

പോലീസ് വരാനിടയുണ്ടെന്ന് മുന്നറിയിപ്പു കിട്ടുന്ന ദിവസങ്ങളിൽ തുണ്ടുണ്ടാകില്ല. ഇതു പ്രേക്ഷകർക്കറിയില്ല. വരും വരാതിരിക്കില്ലായെന്ന അവസാനിക്കാത്ത പ്രത്യാശയോടെ കാത്തിരിക്കുന്ന ആണുങ്ങളെല്ലാം സിനിമ അവസാനിക്കുമ്പോൾ ക്രുദ്ധരും അക്രമാസക്തരുമാകുന്നു .ഇരിക്കുന്ന മരത്തിന്റെ കൊമ്പു വെട്ടുമ്പോലെ കസേരയുടെ കാലു തല്ലിപ്പൊളിക്കുന്നു . ഇത്രയും ധാർമികാവകാശബോധത്തോടെയുള്ള പൊതുവിട അക്രമം ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. അവർ തീയ്യേറ്റർ വിട്ടിറങ്ങുമ്പോൾ മുഖത്തു പടർന്ന തീവ്ര നൈരാശ്യം ഒരസ്തിത്വവാദിയിലും കണ്ടിട്ടില്ല.

You May Also Like

മഞ്ചാടിക്കുരുവോ കുന്നിക്കുരുമണിയോ കാണാൻ ഭംഗിയുള്ളത് ?

മഞ്ചാടിക്കുരുവോ കുന്നിക്കുരുമണിയോ കാണാൻ ഭംഗിയുള്ളത് ? നവമി ചോദിച്ചു കളിക്കിടയിൽ കുഞ്ഞാമിയോട്. രണ്ട് ഓട്ടുരുളികളിലായി പെറുക്കി സംഭരിച്ചുവച്ചിരിക്കുന്ന തൻ്റെ കുന്നിമണികളെയും മഞ്ചാടിമണികളെയും കുഞ്ഞാമി ഒന്നു മാറി മാറി നോക്കി

പൊങ്ങച്ചം കാണിക്കാൻ ആന്റിന മാത്രം വീടിനു മുകളിൽ പിടിപ്പിച്ചിരുന്ന വിരുതന്മാരും ഉണ്ടായിരുന്നു

ചാനൽ അതി പ്രസരത്തിന്റെ വർത്തമാന കാലഘട്ടത്തിന് ദശാബ്ദങ്ങൾ മുൻപുള്ള ആ കാലം. അന്നൊന്നും കേബിൾ ഓപ്പറേറ്റർമാരോ DTH ഓപ്പറേറ്റർമാരോ ആയിരുന്നില്ല ടിവി ചാനലുകൾ

എന്തു രസമാണ് സ്‌കൂൾ കാലത്തെയും സഹപാഠികളെയും കുറിച്ചുള്ള ഈ എഴുത്ത്

കോളപ്ര ഗവണ്മെന്റ് സ്കൂളിലാണ് ഞാൻ ഏഴ് വർഷത്തോളം പഠിച്ചത്. അവിടെ കൃഷിക്കാരുടേം കൂലിപ്പണിക്കാരുടേം മീൻ കച്ചോടക്കാരുടേം തടിപ്പണിക്കാരുടേം ഒക്കെ മക്കൾ ആയിരുന്നു

പണ്ട് ഈ ആന്റിന ഉണ്ടെങ്കിൽ വീട്ടുകാർ കാശുള്ളവരാണെന്നും, വീട്ടിൽ ടെലിവിഷൻ ഉണ്ടെന്നും ഊഹിക്കാമായിരുന്നു

അറിവ് തേടുന്ന പാവം പ്രവാസി പണ്ട് കാലത്ത് പ്രൗഢിയുടെ ചിഹ്നമായി വീടുകളുടെ മുകളിൽ വിരാജിക്കുകയും, പിന്നീട്…