ലോക്ഡൗൺ എള്ളിനും കൊണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗമുണ്ട്, തടവിലുള്ളവർ

53

Shaju V V

മൊബിലിറ്റിയില്ലാതെ വരുമ്പോൾ മിച്ച സമയത്തെ പുഴുങ്ങിത്തിന്നേണ്ടതെങ്ങനെയെന്ന് അവരെ ആരും പഠിപ്പിച്ചു കൊടുക്കണ്ട.
ലോക്ഡൗൺ എള്ളിനും കൊണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗമുണ്ട്. തടവിലുള്ളവർ.
ഓരോ വീടും സ്റ്റേറ്റധീനതയിലുള്ള തടവറയായി മാറിയതു കണ്ട് ജയിലന്തേവാസികൾ ഊറിച്ചിരിക്കുന്നുണ്ടാവും.
സ്വതന്ത്ര ജീവിത നിരോധനത്തിന്റെ നീണ്ട ചരിത്രാനുഭവമുള്ള ജീവപര്യന്തക്കാർക്ക് ലോക്ഡൗൺ നിരോധനാജ്ഞ ത്വക്കിൽ പോലും സ്പർശിക്കുന്നില്ല. പുറത്തുള്ളവർ ഭയന്നമ്പരന്നു നിൽക്കുന്ന 144 അവർക്ക് കേവലമക്കങ്ങൾ മാത്രമാണ് .
ജയിലിൽ ബിരിയാണിയും മീനും ചോറും തിന്ന് അവൻമാർ തടിച്ചു കൊഴുക്കുകയല്ലേ, ജയിൽ സുഖവാസകേന്ദ്രമല്ലേയെന്നൊക്കെ മനുഷ്യപ്പറ്റില്ലാതെ ആക്രോശിച്ച നല്ലനടപ്പു മാലാഖമാർക്കിപ്പോൾ തല തെളിഞ്ഞിട്ടുണ്ടാവും, മനുഷ്യൻ ബിരിയാണി കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന്.

Man inmate in prison — Stock Video © lpoland #129270704

രാജ്യത്തലവൻമാരും ന്യായാധിപരും പുരോഹിതരും പുണ്യാളൻമാരും ആൾദൈവങ്ങളും സെലിബ്രിറ്റികളുമെന്നു വേണ്ട ജാതി മത മത സാമ്പത്തിക ഭേദമന്യേ സർവ്വ മനുഷ്യരും കാണാൻ പാടില്ലാത്ത ഒരു ഏകകോശ ജീവിയുടെ വധശിക്ഷാവിധിയുടെ നിഴലിൽ മുഖത്തുടുപ്പിട്ടും ഗുഹകളിലൊളിച്ചും ഭയന്നു വിറച്ചിരിക്കുന്നതു കാണുമ്പോൾ ഏകാന്ത സെല്ലിൽ മരണ വിധിക്കു കാത്തു നിൽക്കുന്ന മനുഷ്യർ കഥകളുടെ പരിണാമഗുപ്തിയോർത്ത് ഉറക്കത്തിൽ പുഞ്ചിരിക്കുന്നുണ്ടാവും. സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ കൂറ്റൻ മതിലകത്തിനകത്തു ജീവിക്കുന്നവർ സാമൂഹിക അകലം പാലിക്കാൻ നിർബന്ധിക്കപ്പെട്ട് ഒറ്റകളായിത്തീർന്ന മര്യാദാ മനുഷ്യോത്തമരുടെ അകസ്മിക തടവു വിധി കാണുമ്പോ എന്താവും ചിന്തിക്കുന്നുണ്ടാവുക?

സ്റ്റേറ്റിന്റെ ജ്യുഡിഷറിസംവിധാനം പോലെ വംശീയ വർഗ്ഗീയ ജാതീയ മുൻ വിധികൾ കോവിഡ് ന്യായാധിപയ്ക്കില്ല. ശരിക്കും നീതി ദേവതയാണവൾ! ആ കോടതി സർവ്വരെയും സമമായി കാണുന്നു.പുറത്തുള്ളതിനെക്കാൾ കുറേക്കൂടി മെച്ചപ്പെട്ടതും സുരക്ഷിതവുമായ അന്തരീക്ഷം ഇപ്പോൾ ജയിലകത്തളത്തിലുണ്ടാവും. കൂട്ടം കൂടി നിന്നുള്ള കുളികളും ആളുകൾ ഒരുമിച്ചിരുന്നുള്ള തീറ്റയും വിലക്കപ്പെട്ടിട്ടുണ്ടാവാനിടയില്ല. ചെയ്യുന്ന തൊഴിലെടുപ്പിനു കാര്യമായ നിയന്ത്രണമുണ്ടായിട്ടുണ്ടാവില്ല. യതീഷ് ചന്ദ്ര ഏത്തമിടീക്കില്ല.
പ്രീയപ്പെട്ടവരെ കാണാതെ ശീലിച്ചവർക്ക് അകലങ്ങളിലെ വേണ്ടപ്പെട്ടവരെ കാണാനാവാത്തതിനെക്കുറിച്ചുള്ള ആവലാതികളില്ല.
മാളിൽപോകാനാവുന്നില്ലല്ലോയെന്നവർ നിലവിളിക്കുന്നില്ല. ദേവാലയങ്ങളിലും ഉൽസവപ്പറമ്പുകളിലും കൂട്ടം കൂടി രോഗവാഹകരായി അവർ സാമൂഹ്യ വിരുദ്ധരായി മാറുന്നില്ല.

ലോക്ഡൗണിന്റെ പേരിൽ ഒരു തടവുപുള്ളിയും വിഷാദികളാകുന്നില്ല. അവർക്ക് കൗൺസിലറുടെ സർവ്വീസ് വേണ്ട.ബിസിനസു തകർന്നല്ലോ ,ഒരു മാസത്തെ ശമ്പളം സർക്കാർ കൊണ്ടു പോയല്ലോ എന്നൊന്നുമുള്ള ആധിയില്ല. ഒറ്റയായവർക്കു ഒറ്റപ്പെടുന്നതിന്റെ ഖേദമില്ല. ഓഹരി വിപണി തകർന്നാലെന്നതിനെക്കാൾ അവരുടെ വ്യസനം ജയിലിലെ മരക്കൊമ്പിലെ പക്ഷിക്കൂട് തകർന്നാലാകും.രാജും സാമ്പത്തികമായി തകർന്നാലെന്ത്, ജയിലുകൾ കൊഴിഞ്ഞു പോകുമല്ലോ എന്ന സാധ്യതയാണവരെ സംബന്ധിച്ച് സാമ്രാജ്യങ്ങളുടെ തകർച്ച.കാമുകിയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാനാവാത്തതിന്റെ സങ്കടമൊക്കെ അവർ എപ്പോഴോ അതിജീവിച്ചു കഴിഞ്ഞിട്ടുണ്ട്.അവർ ലോക്കപ്പു കണ്ടവരാണ്, പിന്നല്ലേ ലോക് ഡൗൺ!