നമ്മളെപ്പോലുള്ള ഉൽപ്പതിഷ്ണുക്കൾക്കിടയിൽ കോഴിക്ക് ബീഫിന്റെ രാഷ്ട്രീയ മൈലേജ് ഇല്ല

64

Shaju V V

പ്രീയമുള്ളവരേ,
നിങ്ങളുടെ നാവിൽ എത്ര രസമുകുളങ്ങളുണ്ടെന്ന ആത്മജ്ഞാനത്തിലേക്ക് ഉയർത്താനായി സഹായകരമാകുന്ന കോഴിക്കറി റസിപ്പി ഉണർത്തിക്കുക എന്ന ലക്ഷ്യവുമായാണ് പ്രഭാതത്തിൽ ഞാൻ ആഗതനായിരിക്കുന്നത്. റസിപ്പിയിലേക്ക് പ്രവേശിക്കും മുമ്പ് കോഴികളോട് മനുഷ്യർ പുലർത്തുന്ന ചിറ്റമ്മനയത്തെ പരാമർശിക്കാതിരിക്കുന്നത് അനുചിതമാകും. മലയാളികളുടെ ദൈനംദിന ഭക്ഷണ സംസ്കാരത്തിലും വിവാഹം, ഹർത്താൽ എന്നിവയുൾപ്പടെയുള്ള ആഘോഷമുഹൂർത്തങ്ങളിലും കോഴി മാറ്റി നിർത്തപ്പെടുന്ന മെനു അചിന്ത്യമാണ്. സെലിബ്രിറ്റി മീനുകൾ പോത്ത് ,ആട് എന്നിവയുടെ വിപണി മൂല്യം അപേക്ഷിച്ചു നോക്കുമ്പോൾ  കോഴി വാങ്ങൽസൗഹൃദ നോൺ വെജ് ഭക്ഷണമാണ് . മാർക്കറ്റിലെ വിലയാധാരമാക്കി ജന്തുക്കളെ അടുപ്പിൽ തിളയ്ക്കുന്ന ആഹാരമെന്ന നിലയിലേക്ക് അവയുടെ വിഭിന്ന സ്വത്വ മണ്ഡലങ്ങളെ കേവലം മനുഷ്യലാക്കോടെ ന്യൂനീകരിച്ചു കാണുന്നതിൽ അന്തർഭവിച്ചിരിക്കുന്ന രാഷ്ട്രീയ പ്രശ്നം ആഴത്തിൽ മഥിക്കാറുണ്ടെങ്കിലും ചില നേരങ്ങളിൽ ഹൃദയശൂന്യമായി ഇങ്ങനെയെല്ലാം ചിന്തിച്ചു പോകുന്നതാണ് .

നമ്മളെപ്പോലുള്ള ഉൽപ്പതിഷ്ണുക്കളായ രാഷ്ട്രീയ ജീവികൾക്കിടയിൽ കോഴിക്ക് ബീഫിന്റെ രാഷ്ട്രീയ മൈലേജ് ഇല്ല. ബീഫ് ഫ്രൈയുടെ ഫോട്ടോ എഫ് ബി യിൽ ഇടുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധരായ ചങ്ങാതിമാരിലൂടെ നമ്മിലേക്ക് പ്രവഹിക്കുന്ന സാംസ്കാരിക മൂലധനം കോഴിച്ചിത്രത്തിനു ലഭിക്കില്ല. പോത്താഹാരശീലമില്ലാത്ത പലരും ബുദ്ധിജീവി സംഗമവേദികളിൽ പ്രതിച്ഛായ നിലനിർത്താനായി ഗണ്യമായ അളവിൽ രാഷ്ട്രീയ ഊർജ്ജം സംഭരിച്ച് ബീഫു കഴിക്കുന്നത് സൂക്ഷ്മദർശിയായ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇസ്ലാം വിരുദ്ധനും കറകളഞ്ഞ മതേതര കണ്ണാടിയുമായിരുന്ന എന്റെയൊരു മുസ്ലിം സുഹൃത്ത് നിരന്തരമായി പന്നിമാംസം കഴിച്ച് കൊളസ്ട്രോൾ കൂടി ഹൃദയാഘാതം സംഭവിച്ച് ശസ്ത്രക്രീയാനന്തരം ഫലമൂലാദികൾ ഭക്ഷിച്ച് വീട്ടിൽ വിശ്രമിക്കുന്ന കാര്യവും ഈ സന്ദർഭത്തിൽ ഓർത്തു പോവുകയാണ്.

കോഴിയാകട്ടെ ഒരു സവർണ ഹിന്ദു ഭക്ഷണമെന്ന നിലയിലാണ് രാഷ്ട്രീയവൃത്തങ്ങളിൽ പരിഗണിക്കപ്പെടുന്നത്. കോളി ഫ്ലവറിനു ലഭിക്കുന്ന നോൺ വെജ് പ്രഛന്നവേഷ പരിവേഷം പോലും കോഴിക്കു ലഭിക്കാറില്ല. ഭാര്യാഭർത്താക്കൻമാരുടെ വർഷങ്ങളായുള്ള അവിയൽവാഴ്‌വ് അവരിരുവർക്കും പരസ്പരം അന്യന്റെ ശരീരം ലൈംഗിക നിർമുക്തമായി വിരസമായി അനുഭവപ്പെടുംപോലെ നിത്യോപയോഗം കോഴിയെ ഒരു പഞ്ചുമില്ലാത്ത വിഷ്വലാക്കി മാറ്റിയിരിക്കുന്നു. മനുഷ്യരുടെ ക്രൂരവും അടിസ്ഥാനമില്ലാത്തതുമായ നൊസ്റ്റു പ്രകൃതവും ചിക്കന്റെ കോഴിയന്തസ്സിനെ ദാരുണമാംവിധം ഇടിച്ചു കളഞ്ഞിട്ടുണ്ട്. ബ്രോയിലർ കോഴിയൊക്കെ എന്തു കോഴി എന്നു നടപ്പു കാല ഭൂരിപക്ഷമുള്ള ഇറച്ചിക്കോഴികളെ സ്വത്വ സംഘർഷത്തിലാഴ്ത്തുന്ന പ്രസ്താവനകൾ പറയാത്തവരായി നമ്മളിൽ ആരുമില്ല. പാപം ചെയ്യാത്തവർ കൂകട്ടെ. തൊട്ടടുത്ത വാചകങ്ങൾ നിഷ്ഠൂരമായ ഒരു ചലച്ചിത്ര സീക്വൻസ്പോലാണ്.

പറമ്പിൽ കൊത്തിത്തിന്നും ഇണയോട് ശൃംഗരിച്ചും ഗാന്ധി ഗൃഹത്തിലെന്നതു പോലെ സ്വസ്ഥമായി നടക്കുന്ന കോഴിയുടെ പിന്നാലെ ഓടുന്നതിന്റെയും ഓടിയോടിത്തളർന്ന ആ പാവം ജീവി ഒടുവിൽ കിതച്ച് കണ്ണുകളിൽ ഭയവുമായി കീഴടങ്ങി പതുങ്ങിയിരിക്കുന്നതിന്റെയും അവിശ്വസനീയതയോടെ ഊട്ടി കോഴിയാക്കിയ യജമാനന്റെ മുഖത്തേക്കു യാചനയോടെ കൃഷ്ണമണികളെ പമ്പരം കറക്കിയും കഴുത്തു വിറപ്പിച്ചും നോക്കുന്നതിന്റെയും പള്ളിക്കൂടത്തിൽ പഠിപ്പിച്ച തല്ലുമാ ഷോടും അയൽവക്കക്കാരനോടും കെട്ടിയവളോടുമെല്ലാമുള്ള വൈരാഗ്യത്തോടെ ആ സാധു ജന്തുവിനെ കയറുപോലെ കഴുത്ത് പിരിച്ചു കൊല്ലുന്നതിന്റെയും പൂട പറിച്ച് മനുഷ്യരെപ്പോലെ രണ്ടു കാലിൽ ദേശീയ ഗാനത്തിനെന്ന പോലെ അറ്റൻഷനിൽ നിർത്തിച്ച് തീ കായിക്കുന്നതിന്റെയും വർണനകൾ മനുഷ്യരിലെ അടിസ്ഥാന സത്താ ദ്രവ്യം എന്താണെന്നത് വിളിച്ചു പറയുന്നുണ്ട് .നൊസ്റ്റാൾജിയ പോലെ കണ്ണിൽച്ചോരയില്ലാത്ത മനുഷ്യ വ്യാപാരമില്ല. ഈ കോഴിയെ തൊടിയിലൂടെയും കുണ്ടനിടവഴികളിലൂടെയും നെട്ടോട്ടമോടിച്ച് പിടിച്ച് വെട്ടിത്തുണ്ടമാക്കുന്ന ആദിപ്രരൂപത്തിന്റെ പൊളിറ്റിക്കൽ വേർഷനാണ് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന തോന്നൽ എനിക്കുണ്ട് .

ബ്രോയിലർ കോഴി പോലെ എന്നു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുഞ്ഞുങ്ങളെ നാം അലങ്കരിച്ച് നാണം കെടുത്താറുണ്ട്.കോഴിയെന്തു പിഴച്ചു? ബ്രോയിലർ അവസ്ഥ കോഴിയുടെ തെരഞ്ഞെടുപ്പല്ല. കുഞ്ഞെന്തു പിഴച്ചു? ബ്രോയിലർ കോഴിയുടെ സൃഷ്ടാവും ആ കുഞ്ഞുങ്ങളുടെ നിർമാതാക്കളും മനുഷ്യരല്ലേ? അവനൊരു കോഴിയാണ് എന്ന് ചില മനുഷ്യപ്രകൃതങ്ങളെ കുറിച്ച് പറയാറുണ്ട്. നാണമുണ്ടോ കോഴിയുടെ മേൽ ദുരാരോപണമുന്നയിക്കാൻ?ആൺകോഴികൾ പെൺ കോഴികളെ മെയിൽ ഗേസിനു വിധേയമാക്കാറില്ല.ബസ് സ്റ്റോപ്പിൽ പോയി ചിറിയിൽ വെള്ളമൊലിപ്പിച്ച് മണപ്പിച്ച് പെണ്ണുങ്ങളെ ചൊറിയുന്ന ഏതെങ്കിലും പൂവൻകോഴികളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ബോയിങ്ങ് ബോയിങ്ങിലെ മോഹൻ ലാലിനെപ്പോലെ പെണ്ണുങ്ങളോട് ഉടായിപ്പു കാണിക്കുന്ന ഒറ്റക്കോഴിയും കുക്കുട ചരിത്രത്തിൽ ഇന്നോളം ജനിച്ചിട്ടില്ല.മനുഷ്യ സ്ത്രീകളിലെ സ്തനാർബുധമുൾപ്പടെയുള്ള പല രോഗങ്ങൾക്കും കാരണം ആണുങ്ങളുടെ തുറിച്ചു നോട്ടമാണ് എന്നു സ്ഥാപിക്കുന്ന എന്റെ വൈദ്യശാസ്ത്ര പ്രബന്ധം ഒരു പ്രശസ്ത വിദേശ സർവ്വകലാശാലാ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിന്നെ പെൺ കോഴികൾ നോ പറഞ്ഞാലും ആൺ കോഴികൾ ബലാൽബന്ധപ്പെടും.ജനാധിപത്യം ,ശരീരത്തിൻമേലുള്ള അവകാശം തുടങ്ങിയ മാനുഷിക രാഷ്ട്രീയ മൂല്യങ്ങൾ വച്ച് കോഴികളെ മൂല്യനിർണയം ചെയ്യരുത്. നമ്മുടെ സദാചാരവുമായി കോഴിയെ നോക്കരുത്.കോഴിയിലില്ലാത്ത ഒന്നിനെ വച്ച് മനുഷ്യരെ കോഴിയെന്നു വിളിക്കരുത് . ഇത്രയും സ്വത്വാകുലതകൾ ജീവ ശാസ്ത്രപരമായിത്തന്നെ അനുഭവിക്കുന്ന മറ്റൊരു വിഭാഗമില്ല. പറപ്പു പടപ്പാണെന്നാണ് വെപ്പ്. പട്ടി പിന്നാലെ ചാടിയാൽ മരത്തിന്റെ താഴത്തെ കൊമ്പിലെത്താമെന്നതല്ലാതെ പറക്കാനൊന്നും അവർക്കാവതില്ല.പക്ഷിപ്പനി വന്നാലോ, പക്ഷി വർഗ്ഗത്തിൽ പെടുത്തി ആദ്യം വേട്ടയാടപ്പെടുന്നത് കോഴികളാണ് . മറ്റു ജന്തുക്കളെ പോലെ നാലു കാലുകളില്ല. മനുഷ്യരെപ്പോലെ കൈകളില്ല. ഞാനാരാണ് നാണ്വായരേ എന്ന് അസ്തിത്വ വ്യഥയിൽ പുലർക്കാലത്ത് നിലയില്ലാതെ ആത്മഗതം ചെയ്യുന്നതിനെയാണ് അലാറം ക്ലോക്കായി നാം കേൾക്കുന്നത്? മനുഷ്യവര്ഗ്ഗം എത്തി നിൽക്കുന്ന ലജ്ജാകരമായ പ്രാഗ്മാറ്റിസത്തിന്റെ നാണം കെട്ട ഉദാഹരണമാണിത്. കോഴിക്കു മുലവരുമ്പോലെ എന്ന അഭാവ പരിഹാസത്തിന്റെ ഒരു പഴമൊഴിയുണ്ട്. അതുണ്ടാക്കിയവനെ തല്ലിക്കൊല്ലണം. എടോ പന്നേ.കോഴിക്കുഞ്ഞ് മുലകുടിക്കാറില്ല.കോഴിക്കാമുകരും. പിന്നെന്തിനാടോ കോഴിക്കു മുല?

കവികളൊക്കെ കോഴികളോട് കാട്ടിയ അക്രമങ്ങളെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. കോഴിയെ പാരതന്ത്ര്യത്തിന്റെ രൂപകമായും കാക്കയെ സ്വാതന്ത്രത്തിന്റെയും സ്വന്തം വിധി സ്വയം നിശ്ചയിക്കുന്നതിന്റെയും പ്രതീകമായും കെ ജി എസ് ഒരു കവിതയെഴുതിയിട്ടുണ്ട്. തിരസ്കാരം. കാക്കക്കുഞ്ഞ് കവണക്കെകളുള്ള ചന്തകൾക്കുമീതെയും തോക്കിൻ കണ്ണുള്ള നഗരങ്ങൾക്കു മീതെയും പറന്ന് സ്വാതന്ത്ര്യത്തെ കൈവരിച്ചുവെന്നും കോഴിക്കുഞ്ഞ് ഇടനാഴികളിൽ കുണുങ്ങി നടന്ന് യജമാനന്റെ ചട്ടിയിലായി എന്നാണു കവി പറയുന്നത് .എന്തൊരധ്യാരോപണമാണ്? വധ്യമായത്.കോഴിക്ക് ഈ ചിറകും വച്ച് പറക്കാനാകില്ല എന്ന മിനിമം അനാട്ടമിക്കൽ ജ്ഞാനമെങ്കിലും വേണ്ടേ? കടമ്മനിട്ട മരിച്ചു പോയി, അതു കൊണ്ട് ഞാനൊന്നും പറയുന്നില്ല.ഒന്നാം ക്ലാസുതൊട്ട് കോഴിയെയും കുഞ്ഞുങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പാഠo ങ്ങൾ വായിച്ചാണ് നാം വളർന്നത് .അതാ മലയാളി നന്നാവാത്തത് .
ആരു തള്ളിപ്പറഞ്ഞാലും രേവതിയും മലയാള സിനിമാപ്രേക്ഷകരും കോഴിയെ തള്ളിപ്പറയരുത് .രേവതിയുടെ ഏറ്റവും ഗംഭീരമായ അഭിനയ മുഹുർത്തം കിലുക്കത്തിൽ കോഴിക്കാല് കടിച്ചു പറിക്കുന്ന സീനാണ് .ഇത്രയും കാമനോദ്ദീപകമായ ചലച്ചിത്ര ദ്യശ്യം ഞാൻ കണ്ടിട്ടില്ല. എന്തൊരു തള്ളാണ്. എനിക്കു തന്നെ വെറുത്ത്. ഞാൻ പോണേന് .

Advertisements