മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗമാണ് (കൗണ്ടിങ്ങ് സെൻറർ ഡയറി)
കൃത്യം 6 മണിക്ക് കൂട്ടുകാരൻ Sufad Subaidaകൗണ്ടിങ്ങ് സ്റ്റേഷനിൽ ഡെലിവർ ചെയ്യുന്നു. ക്യൂവിൽ നിന്ന് ഉദ്യോഗസ്ഥയുടെ മുന്നിൽ എത്തി നിയമനക്കടലാസ് ഹാജരാക്കുന്നു
207 total views, 2 views today

Shaju V V യുടെ ഫേസ്ബുക് പോസ്റ്റ്
കൗണ്ടിങ്ങ് സെൻറർ ഡയറി:
കൃത്യം 6 മണിക്ക് കൂട്ടുകാരൻ Sufad Subaidaകൗണ്ടിങ്ങ് സ്റ്റേഷനിൽ ഡെലിവർ ചെയ്യുന്നു. ക്യൂവിൽ നിന്ന് ഉദ്യോഗസ്ഥയുടെ മുന്നിൽ എത്തി നിയമനക്കടലാസ് ഹാജരാക്കുന്നു. നിങ്ങൾ റിസർവ്വിലാണെന്ന് അവർ സൂചിപ്പിക്കുന്നു . ഇതെന്ത് നീതി? മെസ്സി പകരക്കാരുടെ ബെഞ്ചിലോ എന്ന് ചളിയടിക്കുന്നു .ഏറ്റില്ല. ഇളിഭ്യനാകുന്നു.
2
പ്രഭാത ഭക്ഷണത്തിൻ്റെ ടോക്കണിനു വേണ്ടിയുള്ള ക്യൂവിൽ നിൽക്കുന്നു. ജീവിതത്തിൽ ബിവറേജിലെ ക്യൂവിൽ നിന്ന സമയം ആകെ മൊത്തം കണക്കുകൂട്ടിയാൽ എത്ര വർഷമുണ്ടാകുമെന്ന് ആശ്ചര്യപ്പെടുന്നു .
അകമേ ആഞ്ഞു നടക്കുന്ന തിടുക്കമുള്ള മനുഷ്യരുടെ ഇഴഞ്ഞ താളമാണ് ക്യൂ.നോട്ടു നിരോധനക്കാലത്തെ ക്യൂ മനസ്സിൽ വന്നു. മോദിജി മനസ്സിൽ വന്നു.പല വിധ സംവരണങ്ങൾ പാലിക്കപ്പെടാറുണ്ടെങ്കിലും പൊതു ടോയിലെറ്റിനു മുമ്പിൽ ക്യൂ നിൽക്കുന്ന ആളുകളിലെ അത്യാവശ്യക്കാരൻ്റെ മുട്ടലിനു മുൻഗണന നൽകാറില്ലല്ലോ എന്ന് രാഷ്ട്രീയമായി നെടുവീർപ്പിട്ടു. ആദ്യമെത്തിയവരുടെ പ്രയോറിറ്റിയെയും സംവരണത്തെയും ആദരിച്ച് ഓരോരുത്തരും ക്ഷമയോടെ ഊഴത്തിനായി കാത്തു നിൽക്കുന്ന ക്യൂ ജനാധിപത്യത്തിലെ നല്ല കാഴ്ചയാണ്, വ്യവസ്ഥാനു ശീലനത്തിൻ്റെ പബ്ലിക് പെർഫോമൻസ് ആണതെങ്കിലും . ഉള്ളിലെ സത്യസന്ധവും ആത്മാർത്ഥവുമായ മുട്ടലിന് പ്രയോറിറ്റി കൊടുക്കണം, കക്കൂസിലായാലും ബീവറേജിലായാലും .
ആഹാരപ്പൊതി കയ്യിലായി.ജിജ്ഞാസയോടെ തുറന്നു.രണ്ട് ഇഡ്ഡലിയും ഒരു ഉഴുന്നുവടയും സാമ്പാറും.സാമ്പാറിന് തെക്കൻ ശൈലിയുടെയോ വടക്കൻ ശൈലിയുടെയോ അവകാശവാദം ഇല്ല . വെണ്ടക്കയും സാമ്പാറും തമ്മിലുള്ള നാഭീനാളബന്ധത്തെക്കുറിച്ച് പൂർവ്വജ്ഞാനം മനസ്സിലുള്ളതുകൊണ്ടും മുങ്ങിത്തപ്പിയപ്പോൾ വെണ്ടക്ക കിട്ടിയതുകൊണ്ടും മാത്രം സാമ്പാർ . മാതൃകാ ഇഡ്ഡലിയെക്കുറിച്ചുള്ള സാമ്പിൾ പരസ്യ പ്രസ്താവന പോലെ മിടുമിടുക്കൻ ഇഡ്ഡലി. വട ജീവിതത്തിലൊരിക്കലും പ്രണയം ലഭിക്കാത്ത ഹതഭാഗ്യനെപ്പോലെ ഹൃദയ ശൂന്യത ചുറ്റിലുമുള്ള ഉടലിനെയും സാരമായി ബാധിച്ച് ആ ജനുസ്സിനാകെ അപമാനമായി ചുരുണ്ടു കിടന്നു.
എൻ്റെ മുന്നിലിരിക്കുന്ന യുവതി വീട്ടിൽ നിന്നു കൊണ്ടുവന്ന പ്രാതൽപ്പൊതി തുറക്കുകയാണ്.വാട്ടിയ വാഴയില തുറക്കപ്പെട്ടു.ദേ പുട്ട്, എൻ്റെ അന്തരംഗം മന്ത്രിച്ചു.മൂന്നെണ്ണം. അങ്കപ്പുറപ്പാടു തന്നെ . കറിക്കുപ്പി നന്നായിക്കുലുക്കിത്തുറന്ന് ഇലയിലേക്കൊഴിച്ചു. വറുത്തരച്ച കോഴിക്കറിയുടെ മണം നൊടിനേരം കൊണ്ട് അന്തരീക്ഷത്തെ ബന്ധിയാക്കി. മല്ലി വറുത്തത് അൽപ്പം കൂടിയോ എന്നൊരു സന്ദേഹം എന്നെ ബാധിച്ചു. തിരുമ്മി പൊടിച്ച പുട്ടിൽ കോഴിയുടെ എല്ലsർത്തി മാറ്റിയ കുഞ്ഞു കഷണങ്ങൾ കുഞ്ഞുങ്ങളുടെ വായിൽ വച്ച് കൊടുക്കും പോലെ സൂക്ഷ്മതയോടെ വച്ച് ഉരുട്ടിയുരുട്ടി യുവതി ഓരോന്നായി വിഴുങ്ങി. ബ്രാഹ്മമുഹൂർത്തത്തിൽ പുറപ്പെട്ടു വന്നത് ഈ ഡ്യുട്ടി ചെയ്യാനാണോ? പരിസരത്തെ കോഴി ഗന്ധം സമ്പൂർണ്ണമായി കീഴടക്കിയിരുന്നെങ്കിലും യുവതിയെ പരിസരം ഗ്രസിച്ചതേയില്ല. സഭാകമ്പം തെല്ലുമില്ലാത്ത ഒരു പബ്ലിക് പെർഫോമറെപ്പോലെ അവർ തൻ്റെ ഉപകരണങ്ങളിൽ മുനിഞ്ഞു മുഴുകി.
എന്നെയവർ ഗൗനിച്ചതേയില്ല. ഇലയിലെ പുട്ടത്രയും തീർന്നിട്ടും കറി ബാക്കിയാണ്. അവർ എന്നെ ഔദാര്യത്തോടെ നോക്കി .മുകളിൽ നിന്നു താഴോട്ടുള്ള നോട്ടം.എൻ്റെ ഹൃദയം പടപടാന്നു മിടിച്ചു (മടിക്കാതെ പറയൂ സുന്ദരീ, ഈ വാക്കുകൾക്കായി ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു). ബാക്കി വന്ന കോഴിക്കറി എൻ്റെ ഇഡ്ഡലിക്കുമേൽ പരന്നൊഴുകി.മിച്ചഭക്ഷണത്തിൽ നിന്നാണ് സംസ്കാരം ഉണ്ടാകുന്നത് .ലക്ഷണം കെട്ട സാമ്പാറിനെ ഞാൻ സമ്പൂർണ്ണമായി അവഗണിച്ചു. തേങ്ങ വറുത്തത് അൽപ്പം കൂടിയെങ്കിലും കറി സൂപ്പറായെന്നു ഞാൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത് യുവതിക്ക് പിടിച്ചില്ല. വാചകത്തിൻ്റെ രണ്ടാം ഭാഗത്തിലല്ല അവർ കേറി പിടിച്ചത് .
3
കളിക്കളത്തിലേക്ക് വിളിക്കല്ലേയെന്ന് പ്രാർത്ഥിക്കുന്ന റിസർവ്വ് ബെഞ്ചേർസാണ് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള പകരക്കാർ .കാൽമുട്ടുകൾ വിറപ്പിച്ചും എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും പക്ഷിക്കൈകൾ വീശിയും ആരും അക്ഷമരാകില്ല.
ഇന്ത്യ കണ്ട ബി എസ് എഫ് ജവാൻമാർ ശാന്താന്തരീക്ഷത്തിൽ വിമ്മിഷ്ടരായി നിരന്തരം കോട്ടുവായിട്ടു. പോലീസുകാർ കസേരയിലിരുന്ന് മൊബൈൽ സ്ക്രോൾ ചെയ്തു.8 മണിക്ക് കൗണ്ടിങ്ങ് തുടങ്ങിയതായി അറിയിപ്പുണ്ടായി. മാധ്യമ പ്രവർത്തകർ മീൻ വണ്ടി വന്ന പൂച്ചകളെപ്പോലെ ഇളകിയിരുന്നു.
4
വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എണ്ണുന്നവർക്ക് മൊത്തത്തിൽ സംഭവിക്കുന്നതൊന്നും അറിയാനാകില്ല. മൊബൈൽ ഫോൺ പുറത്തു വാങ്ങി വെക്കും.സ്ക്രൂ നിർമ്മിക്കുന്നവന് മൊത്തം യന്ത്രത്തെക്കുറിച്ച് ഒന്നുമറിയാത്ത അവസ്ഥയാണവരുടേത്. ഞങ്ങളെണ്ണുന്നു, നിങ്ങൾ ചാനലിൽ ഉണ്ണുന്നു എന്ന അവസ്ഥ.
എൻ്റെ തൊട്ടടുത്തിരിക്കുന്ന രണ്ട് പോലിസുകാർ ബിജെപിയുടെ ദാരുണാവസ്ഥയിൽ ഖിന്നരാണ്. ആസാമിൽ കേറി വരുന്നുണ്ട് എന്ന് അവരിലൊരാൾ മറ്റെയാളെ ആശ്വസിപ്പിച്ചു.സ്വതേ പോലീസുകാർ. പോരെങ്കിൽ ബിജെപിക്കാരും.
5)
ഒരു ചെറുപ്പക്കാരനായ പോലീസുകാരൻ ഫോണിൽ സംസാരിക്കുന്നു .ഞാൻ എൻ്റെ കാതുകളെ അയാളുടെ ചുണ്ടത്തേക്ക് പറഞ്ഞു വിട്ടു. അപ്പുറത്ത് ഭാര്യയാണ്.അമ്മായിയമ്മയുടെ കുറ്റം പറച്ചിലാണ് .ചെറുപ്പക്കാരൻ പറഞ്ഞു: അമ്മക്ക് പ്രായമായില്ലേ. ഇലക്ഷൻ ഡ്യൂട്ടിക്കിടയിലാണോ വാവേ നിൻ്റെ അമ്മ വിചാരണ .ചരിത്രപരമായ ഔചിത്യം വേണ്ടേ പ്രീയേ .അടുത്ത ഇലക്ഷൻ ഡ്യൂട്ടിക്കാലത്ത് അമ്മയെ കുറ്റം പറയാൻ നിനക്കാവുമോ? അതിന് അമ്മയുണ്ടാവില്ലല്ലോ.എന്തിന് അമ്മയുടെ കാര്യം പറയുന്നു, കൊറോണ ഇങ്ങനെ പോവുകയാണെങ്കിൽ ഞാൻ ഉണ്ടാകുമോ? (അപ്പോഴും ആ സ്നേഹനിധി ഭാര്യ അനശ്വരയാണെന്നു തന്നെ ധ്വനിപ്പിക്കുന്നു). കോവിഡ് എല്ലാവരെയും എഴുത്തച്ഛൻമാരാക്കി. തത്വവേദികളാക്കി .ചെറുപ്പക്കാരൻ കുഞ്ഞിൻ്റെ കാര്യം അന്വേഷിച്ചു.കുഞ്ഞാപ്പി ഒരു ദോശ മുഴുവൻ കഴിച്ചോ എന്നയാൾ വാൽസല്യത്താൽ ത്രസിച്ചപ്പോൾ എനിക്ക് റമ്പൂട്ടനെ ഓർമ്മയായി .അപ്പുറത്തു നിന്ന് ഉമ്മ സംപ്രേക്ഷണം ചെയ്യപ്പെട്ടു. യുവാവ് കുറ്റം ചെയ്യുന്നതു പോലെ ഒച്ച താഴ്ത്തി ഉമ്മ പറത്തി വിട്ടു. അതു കഴിഞ്ഞതും ചുറ്റും നോക്കിയ അയാൾ എന്നെ കണ്ട ലജ്ജയോടെ മന്ദഹസിച്ചു. എന്തൊരു ഭംഗിയാണ്!ഞാനും സാഹോദര്യത്തോടെ ചിരിച്ചു.ഞങ്ങൾക്കിടയിൽ രൂപപ്പെട്ട രഹസ്യമായ പരസ്പരധാരണ ലോകം അറിഞ്ഞില്ല. പോലീസുകാരിലെന്നപോലെ നാണം ഇത്രയും സുന്ദരമായിത്തീരുന്ന ഇടം മറ്റെവിടെയുണ്ട്? കുറേ നേരം കഴിഞ്ഞ് ഞാനൊന്നു ചുറ്റി നടന്നു വരുമ്പോൾ അയാൾ ഡ്യൂട്ടിയിലാണ് .മുഖം വലിഞ്ഞുമുറുകി, കല്ലിച്ച്, നെഞ്ചു വിരിച്ച് അങ്ങനെ നിൽക്കുകയാണ്. ആരും പോലീസുകാരനായി ജനിക്കുന്നില്ല, സാഹചര്യം മനുഷ്യരെപ്പോലീസുകാരാക്കി മാറ്റുകയാണ് .
6)
നിങ്ങളുടെ ജനാധിപത്യ നാട്യത്തിലൊന്നും എനിക്കു വിശ്വാസമില്ലെന്ന ഭാവത്തിൽ പാതി കണ്ണുകളsച്ച് ഒരു പൂച്ച സിനിക്കൽ ലൈനിൽ ഇരിക്കുന്നുണ്ട്. കൊലപാതക രാഷ്ട്രീയത്തിന് ഇരയായ ഏതെങ്കിലും ചെറുപ്പക്കാരൻ്റെ പുനർജൻമമാണോ?
7 )
വോട്ടെണ്ണൽ പുരോഗമിക്കും തോറും ഇടതുമനുഷ്യരായ റിസർവ്വ് ഡ്യൂട്ടിക്കാരും പോലീസുകാരും അവരുടെ ഉള്ളിലെ രാഷ്ട്രീയാഹ്ലാദത്തെ ശരീരത്തിൽ അടക്കം ചെയ്യാൻ പ്രയാസപ്പെട്ടു. മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗമാണ് .
8 )
യുവതികളായ മൂന്നു പോലീസിണികൾ അടുത്തടുത്ത കസേരകളിൽ ചേർന്നിരിക്കുന്നുണ്ട്.ഒരു ഊഞ്ഞാലിൽ തൊട്ടിരിക്കുന്ന സഖികളെപ്പോലെ .ഏതു നിമിഷവും സംഭവിക്കാവുന്ന സെൽഫിയുടെ അന്തരീക്ഷം.ആരെങ്കിലും ഫോട്ടോയെടുത്ത് എഫ് ബി യിലിട്ടാൽ വിവാദ വൈറലാകും.കോവിഡ്പൂർവ്വലോകത്തിൻ്റെ മനുഷ്യരുടെ വാഴ്വ് അവരുടെ ഇരിപ്പ് ഓർമ്മിപ്പിച്ചു. ഞാൻ നോക്കുന്നതു കണ്ടാവണം അവർ മാറി മാറിയിരുന്നു. അവരിലൊരാൾ പെട്ടന്ന് ലേശം ആശ്ചര്യത്തോടെ ചോദിച്ചു .ഇന്നയാൾ അല്ലേ? എനിക്ക് നിങ്ങളുടെ എഴുത്ത് ഇഷ്ടമാണ്. പോലീസുകാരൻ ബീച്ചിൽ നൃത്തം ചെയ്യുന്ന കവിത ഞാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. പോലീസുകാരെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് തകർത്തതിൽ നന്ദി. എഴുത്തു വായിക്കുമ്പോൾ ഇത്ര പ്രായമുള്ള ആളാണെന്ന് അറിയുമായിരുന്നില്ല (ഞാൻ ഇടിഞ്ഞു വീണ് പണ്ടാരടങ്ങി.കഴിഞ്ഞവർഷം ആക്സിഡൻ്റായി ഐ സി യു വിൽ കിടക്കവേ, അങ്കിൾ, ഇപ്പോൾ വേദന എങ്ങനെയുണ്ട് എന്നു ചോദിച്ച മാലാഖ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് വിമോചിതനായി വരുന്നേയുള്ളൂ.)
9 )
ഒരാൾ അടുത്തുവന്ന് ചോദിക്കുന്നു .എടാ നീ നീ അല്ലേ? എന്തൊരു ചോദ്യം! എനിക്കു മനസ്സിലായില്ല .ഞാൻ സുനിലാണ് .ഓർമ്മ വന്നു. യൂണിവേർസിറ്റി പഠന കാലത്ത് സീനിയർ ആയിരുന്നു. റാഗിങ്ങ് ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. പോട്ടച്ചൻ്റെ നേതൃത്വത്തിൽ (Sunil peravoor )രാത്രി ഒളിഞ്ഞിരുന്ന് തല്ലിക്കാലു പൊളിക്കാൻ ഞങ്ങൾ ആസൂത്രണം ചെയ്ത അതേ സുനിൽ .കാൽ നൂറ്റാണ്ട് മനുഷ്യരെ എങ്ങനെ മാറ്റിത്തീർക്കുന്നു! പുള്ളി എന്നെ പുറത്തു കൊണ്ടുപോയി. കാൻറീനിൽ നിന്നു പൊറോട്ടയും ചിക്കൻ കറിയും വാങ്ങിത്തന്നു.
10)
മലയാളികൾ അത്ര മോശം ജനതയല്ല .അവശ്യം തോൽപ്പിക്കേണ്ടവരെ തോൽപ്പിച്ചു. ജയിക്കേണ്ടവരെ ജയിപ്പിച്ചു. വിഷം ഇവിടെ വാഴില്ലെന്ന് പ്രഖ്യാപിച്ചു.സ്വരാജും ബൽറാമും ജയിക്കണമെന്നാഗ്രഹിച്ചിരുന്നു. ഒരർത്ഥത്തിൽ സ്വരാജ് തോറ്റതു നന്നായി. അധികാരത്തിനു വെളിയിലിരുന്ന് ദേശീയ പരിപ്രേക്ഷ്യത്തിൽ മുന ചോരാതെ രാഷ്ട്രീയം പറയാൻ അയാളെപ്പോലെ ഒരാൾ വേണം. അഗ്രസീവായ ആൺശരീരഭാഷ ഒന്ന് ഉടയേണ്ടതുമുണ്ട്.കുഞ്ഞികൃഷ്ണൻ മാഷ് പറഞ്ഞതു പോലെ നിയമസഭയിൽ ഇനി നിത്യം പിണറായി സഖാവിന് രമയെ അഭിമുഖീകരിക്കേണ്ടി വരും.അതു നല്ലതാണ്. സുരേന്ദ്രന് ഇരട്ട പ്രഹരം കിട്ടി.
തമിഴുനാടും കേരളവും ബംഗാളും പ്രതീക്ഷ നൽകുന്നു .ഹിന്ദുത്വ രാഷ്ട്രീയം ഒരു നാൾ തകരും. എനിക്ക് ഉറപ്പാണ്.
208 total views, 3 views today
