എത്രയും പെട്ടന്ന് കൊല്ലൂ എന്നു ആക്രോശിക്കുന്ന ആ മനോനിലയുണ്ടല്ലോ, അന്തസ്സുള്ള രക്തദാഹം അതിലുണ്ട്

108

Shaju V V (കവി, എഴുത്തുകാരൻ, അധ്യാപകൻ)

ഹൈദരബാദിൽ ബലാൽസംഗ കുറ്റവാളികളെന്നു സംശയിക്കുന്നവരെ പോലീസ്‌ വെടിവച്ച് കൊന്നപ്പോൾ ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീവാദ രാഷ്ട്രീയം എന്നീ വിഷയങ്ങളെ നിരന്തരം പരിചരിക്കുന്ന റാഡിക്കൽ ഇടങ്ങളിൽ നിന്നു പോലും കയ്യടികളുയർന്നത് ആശങ്കയോടെയാണ് കണ്ടിരുന്നത്. ഇപ്പോഴിതാ നിർഭയ കേസിൽ നില നിൽക്കുന്ന നിയമസംവിധാനത്തിനകത്ത് കുറ്റവാളികൾക്കനുവദിക്കപ്പെട്ട അവകാശങ്ങളെ നേർപ്പിക്കാനുള്ള സമ്മർദ്ദവുമായി കേന്ദ്ര സർക്കാറിന്റെ പ്രതിനിധി കോടതിയിൽ പറഞ്ഞതിൽ ശ്രദ്ധേയമായ കാര്യം ഹൈദരബാദിൽ കുറ്റവാളികളെ പോലീസ് വെടി വച്ച് കൊന്നപ്പോൾ ഉയർന്ന പൊതുജനാഹ്ലാദത്തെ കാണാതിരുന്നു കൂടാ എന്നതാണ്‌.
ഭരണകൂട ഉപകരണങ്ങളായ പോലീസ് ഫോഴ്സ് കോടതി, വിചാരണ എന്നീ ജനാധിപത്യ നടപടി ക്രമങ്ങൾ പാലിക്കാതെ വിധിക്കുകയും വധിക്കുകയും ചെയ്തത് ജനം ആലോഷിച്ചതിനെ ഫാസിസ്റ്റു ഭരണകൂടം അവർ നിർമിച്ചെടുത്ത പൊതു സമ്മതിയെ കോടതിയുടെ മേൽ സമ്മർദ്ദമുണ്ടാക്കാനുള്ള പ്രത്യയശാസ്ത്രതന്ത്രമായി ഉപയോഗിക്കുന്നതാണ് ഡൽഹി ഹൈക്കോടതിയിൽ കണ്ടത് .തങ്ങൾ ഇച്ഛിക്കുന്ന വിധം അക്രമോൽസുകരായ ആൾക്കൂട്ടത്തിന് മുസ്ലീങ്ങളെയും ദലിതുകളെയും അക്രമിക്കാനും കൊല ചെയ്യാനും മൗനാനുവാദം കൊടുക്കുന്ന ഭരണകൂട ഫാസിസ്റ്റു പൊട്ടൻഷ്യലിന്റെ,കുറേക്കൂടി ധാർമിക പിന്തുണയോടെ ആവിഷ്കരിക്കപ്പെട്ട ജനാധിപത്യ അട്ടിമറിശ്രമത്തെയാണ് സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ന്യായമായ ഉൽകണ്ഠയുടെ പുറത്ത് നാം വാഴ്ത്തുകയോ നിശബ്ദത പുലർത്തുകയോ ചെയ്യുന്നത് .

Image result for nirbhaya case"വധശിക്ഷയ്ക്കെതിരെ കേരളത്തിലുണ്ടായിരുന്ന വിമർശസ്വരങ്ങൾ സമീപകാലത്ത് നേർത്തു വരുന്നത് ആപൽ ശങ്കയോടെയാണ് ഞാൻ കാണുന്നത് . വധശിക്ഷ സ്റ്റേറ്റിന്റെ കൊലയാണ് .നീതിക്കുവേണ്ടിയുള്ള ദാഹമാണ് വധശിക്ഷയ്ക്കു വേണ്ടിയുള്ള മുറവിളിയെന്ന് ലളിതവൽക്കരിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. വധശിക്ഷയെ പൊതുവെ എതിർക്കുന്നവർ പോലും ബലാൽസംഘക്കൊലകളിൽ വിധിക്കപ്പെടുന്ന വധശിക്ഷയ്ക്കു നേരെ മൗനം പുലർത്തുന്നതു കാണാറുണ്ട്. യു എ പി എ എന്ന ഫാസിസ്റ്റു നിയമം മാവോ വാദികൾക്കു മേലെ പ്രയോഗിക്കുമ്പോൾ ചിലയാളുകൾ പുലർത്തുന്ന മൗനം പോലെ. വധശിക്ഷയ്ക്കെതിരെ മലയാളത്തിൽ ധാരാളം ആലോചനകൾ ഉണ്ടായിട്ടുണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വാതന്ത്ര്യപൂർവ്വ തിരുവിതാംകൂറിൽ രാജാവും ദിവാനും നിയമവിദഗ്ധരും ചിന്തകരുമെല്ലാം ചേർന്ന് നടത്തിയ സംവാദത്തിനൊടുവിൽ വധശിക്ഷ നിർത്തലാക്കിയ ഒരു പാരമ്പര്യം ഇന്നാട്ടിലുണ്ട്. ആ സംവാദത്തിൽ ദിവാൻ സി പി ഉന്നയിച്ച മുഖ്യ വാദങ്ങളിലൊന്ന് ജാതി ശ്രേണിയിൽ മുമ്പിലുള്ള ബ്രാഹ്മണനും പിന്നാക്കക്കാരനും ഒരേ കുറ്റം ചെയ്താൽ വിവേചനപരമായി പിന്നാക്ക ജാതിക്കാരനുമാത്രം വധശിക്ഷ ലഭിക്കുന്നു എന്നതാണ് .ഈ നിരീക്ഷണം സുപ്രധാനമാണ്. ലോകത്തിലാകമാനം നടപ്പിലാക്കിയിട്ടുള്ള വധശിക്ഷകൾ നോക്കിയാൽ വംശീയവും മതപരവും ജാതീയവും സാമ്പത്തികവുമായ കൊടും വിവേചനങ്ങൾ അക്കാര്യത്തിലുണ്ടായിട്ടുണ്ട്. അഫ്സൽ ഗുരു മതപരമായ മുൻവിധിയുടെയും ഭരണകൂട ഗൂഢാലോചനയുടെയും ഇരയാണെന്നു നമുക്കിന്നറിയാം. അദ്ദേഹത്തിനു ജീവൻ തിരിച്ചു കൊടുക്കാൻ നമുക്കു കഴിയുമോ? ഇന്ത്യ സ്വതന്ത്രമായതോടെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിത്തീർന്ന തിരുവിതാംകൂറിൽ വധശിക്ഷ പുനസ്ഥാപിക്കപ്പെട്ടു.സ്വാതന്ത്ര്യം തിരുവിതാംകൂറിനെ അവർ നേടിയ സാംസ്കാരിക പുരോഗതിയിൽ നിന്നും പിന്നോട്ടടിച്ചു.സ്വാതന്ത്ര്യം അന്നാട്ടിലെ തടവറയിൽ കഴിയുന്ന ചില കുറ്റവാളികൾക്ക് മരണം സമ്മാനിക്കുന്ന വിരോധാഭാസം!

Image result for nirbhaya case"ലോകത്തിലാകമാനം നൂറിലധികം രാജ്യങ്ങളിൽ വധശിക്ഷ നിർത്തലാക്കിക്കഴിഞ്ഞു.വധശിക്ഷ നിർത്തലാക്കിയതുകൊണ്ട് കുറ്റകൃത്യങ്ങൾ കൂടുന്നതായി തെളിവുകളില്ല. ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ സ്ഥിതിയെന്തെന്നു നമുക്കറിയാം.
വ്യത്യസ്ത ന്യായാധിപൻമാരുടെ വധശിക്ഷയിലുള്ള വിഭിന്ന കാഴ്ചപ്പാടുകൾ, ഒടുവിലെ അഭയമായ പ്രസിഡണ്ടിന്റെ വധശിക്ഷാനിലപാട്, സ്റ്റേറ്റിന്റെ അക്ര മോൽസുകത ,പൊതു ജനത്തിന്റെ രക്തദാഹം, അപൂർവ്വത്തിലപൂർവ്വ മെന്തെന്നതിനെ സംബന്ധിക്കുന്ന വീക്ഷണ വ്യത്യാസങ്ങൾ എന്നിവയെല്ലാം വിധിയെ സ്വാധീനിക്കുന്നുണ്ട് .ജഡ്ജിന്റെ ഒരു ദിവസത്തെ മനോനില പോലും വിധിയെ സ്വാധീനിച്ചേക്കാം. കുറ്റം / ശിക്ഷ എന്ന ദ്വന്ദ്വത്തിൽത്തന്നെയാണ് നമ്മളിപ്പോഴും നിൽക്കുന്നത് .ജയിലുകൾ കറക്ഷണൽ സെന്ററുകളായി കഴിഞ്ഞിട്ടും . എത്രയും പെട്ടന്ന് കൊല്ലൂ എന്നു ആക്രോശിക്കുന്ന ആ മനോനിലയുണ്ടല്ലോ. നീതിയുടെയും ധാർമികതയുടെയും ഉടുപ്പണിഞ്ഞ ക്രിമിനൽ മനസ്ഥിതി, അന്തസ്സുള്ള രക്തദാഹം അതിലുണ്ട്.