Shaju V V
കാഫ്ക്കയുടെ രാഷ്ട്രീയ നോവലുകൾ കൽപ്പനാ ലോകങ്ങളെന്ന നിലയിലാണ് വായിച്ചിരുന്നത് .അകപ്പെട്ടാൽ എന്നന്നേക്കുമായി അകപ്പെട്ടു പോകുന്ന ഭീകരമായ കോട്ടകളെയും വിചാരണകളെയും വിപരിണാമങളെയും കുറിച്ചുള്ള ആ ആഖ്യാനങ്ങളുടെ രാഷ്ട്രീയ അർത്ഥ വിവക്ഷകൾ ഇപ്പോൾ നന്നായി തിരിയുന്നുണ്ട്.
യു എ പി എ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഒരു നിയമമാണ് .പ്രാഥമിക പൗരാവകാശങ്ങളെ റദ്ദു ചെയ്യുന്നത് .മനുഷ്യാവകാശങ്ങളെ കൊഞ്ഞനം കുത്തുന്നത് .മുഖ്യമായും അത് രാഷ്ട്രീയ പ്രവർത്തകരെ ലക്ഷ്യം വയ്ക്കുന്നു .ഭരണകൂടത്തിനു നേരെ ഉയരുന്ന വിമത സ്വരങ്ങളെ നിശബ്ദമാക്കാൻ ലക്ഷ്യമിടുന്നവ. പൊതുബോധത്തിനു വെളിയിലുള്ള ചിന്തകളെ ഒരിക്കലും പുറം ലോകം കാണാത്ത വിധം തുറുങ്കിലടയ്ക്കാൻ നിർമിക്കപ്പെട്ടത്.ദേശീയ ഫാസിസ്റ്റു ഭരണകൂടത്തോട് വിമർശനബുദ്ധിയുള്ള ആർക്കും യു എ പി എ എന്ന മെരുക്കൽ, അമർച്ച ചെയ്യൽ ,ഇല്ലാതാക്കൽ ഗൂഢാലോചനാ സംവിധാനത്തെ അംഗീകരിക്കാൻ കഴിയില്ല. അതൊരു ഫാസിസ്റ്റു ടൂൾ ആണ് .നീതിരഹിതമായ നിയമം .ആ രക്തത്തിൽ കോൺഗ്രസിനും പങ്കുണ്ട്.
അലനും താഹയും മാത്രമല്ല തടവറയിലുള്ളത് .അനേകമനേകം പേർ .കൂടുതലും മുസ്ലീങ്ങളും ദലിതരും. വളരെ വ്യക്തമാണ് കാര്യങ്ങൾ. പൗരത്വ ഭേദഗതി നിയമം വച്ച് മുസ്ലീങ്ങളെ ബഹിഷ്കരിക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ സൂക്ഷ്മമായ പതിപ്പു തന്നെ യു എ പി എ.അതു ആക്ടിവിസ്റ്റുകളെ, ധിഷണാശാലികളെ ,കലാകാരൻമാരെ പ്രധാനമായും നോട്ടമിടുന്നു.പുതിയ ജനാധിപത്യ ക്രമത്തെയും കൂട്ടായ്‌മകളെയും ഭാവന ചെയ്യുന്ന രാഷ്ട്രീയ ധിഷണകളെ വേട്ടയാടുന്നു .
യു എ പി എ യെ സോപാധികമായി അംഗീകരിച്ചു കൊണ്ട് നിങ്ങൾക്ക് ഫാസിസത്തെ നേരിടാനാകില്ല. ആ സോപാധിക പിന്തുണ തന്നെയും ഫാസിസ്റ്റു ചുവടുവയ്പ്പാണ്. അവർ ചായ കുടിക്കാൻ പോയതല്ലെന്ന വാചകം അന്തരീക്ഷത്തിൽ തന്നെയുണ്ട്.
അലനെയും താഹയെയും പോലീസ് വർഷങ്ങളായി നിരീക്ഷിക്കുന്നുണ്ടത്രേ. ഇരുപതു വയസ്സിനു കീഴെയുള്ള യുവാക്കൾ .സ്കൂൾ പഠനകാലത്തേ മാവോവാദികളാണെന്ന്? ഒരു ലഘുലേഖ കയ്യിൽ കിട്ടിയാൽ രാഷ്ട്രീയ ജിജ്ഞാസയുള്ള മനുഷ്യർ വായിക്കും. ചിലപ്പോൾ കയ്യിൽ വയ്ക്കും. എന്തൊരസംബന്ധമാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്! എന്നിട്ടും ജനാധിപത്യത്തിനു വേണ്ടി സംസാരിക്കുന്നു .ഈ രണ്ടു യുവാക്കൾ ഇനിയെന്നു പുറത്തിറങ്ങുമെന്ന് ആർക്കും പറയാൻ കഴിയാത്ത വിധം തടവറയിൽ കഴിയുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലെങ്കിൽ നിങ്ങളുടെ ഫാസിസ്റ്റു വിരുദ്ധമുറവിളികൾ വ്യാജമാണ് .രണ്ടു പേർക്ക് നീതി നിഷേധിക്കപ്പെടുന്നതും ഒരു ജനതയ്ക്ക് നീതി നിഷേധിക്കപ്പെടുന്നതും രാഷ്ട്രീയമായും ധാർമികമായും തുല്യമാണ്.
മാവോവാദികൾ പൗരാവകാശം അർഹിക്കുന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു ഗവർമെൻറാണ് കേരളം ഭരിക്കുന്നത് .കഴിഞ്ഞ വർഷങ്ങളിൽ മുഴങ്ങിയ വെടിയൊച്ചകളും വെടിയുണ്ട തുളച്ചു കയറിയ മൃതശരീരങ്ങളും അത് വിളിച്ചു പറയുന്നുണ്ട് .ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കു മാത്രം അർഹതയുള്ള മധുരമാണ് മനുഷ്യാവകാശമെങ്കിൽ ആ ജനാധിപത്യം എത്ര ദുർബലമായ സങ്കൽപ്പമാണ്? അഹിംസയിൽ വിശ്വാസമില്ലാത്തവരോട് ഹിംസയുടെ ഭാഷയിൽ സംസാരിക്കുന്ന അഹിംസാവാദിയെപ്പോലെയുള്ള കോമഡി!
അലൻ പഠിക്കുന്ന കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. അവർ അകപ്പെട്ട ഫാസിസ്റ്റു കോട്ടയിൽ നിന്നും പുറത്തിറങ്ങാൻ ഇനി ആരെയാണ് സമീപിക്കേണ്ടത്?
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.