ആപ്പിനു വേണ്ടിയുള്ള കാത്തിരിപ്പ്

21

Shaju V V

ആപ്പിനു വേണ്ടിയുള്ള കാത്തിരിപ്പ്

ആപ്പെന്നാൽ തൊണ്ടയിലൊഴിക്കാൻ പാകത്തിലുള്ള മദ്യം എന്നല്ല. മദ്യത്തിലേക്കുള്ള പാതയാണത്. ഓൺലൈൻ താര. പ്രതീതി ലോകത്തിലെ ക്യൂ മുഴുവനനുഭവത്തിൽ പ്രതീതിയല്ല. കാത്തിരിപ്പ് എന്ന അനുഭവത്തിലെ പ്രധാന നിക്ഷേപദ്രവ്യമായ ‘സമയം’ അവിടെയുമുണ്ട്. ആപ്പിന്റെ വൈകൽ കേരളത്തെ ഇളക്കിമറിച്ചു.സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ ഉണ്ടായി.ആപ്പു നിർമാതാക്കളുടെ ജ്ഞാനത്തെക്കുറിച്ചുള്ള സന്ദേഹങ്ങളുണർന്നു.രണ്ടേ രണ്ടു ദിവസങ്ങൾ കൊണ്ട് ആപ്പിടാമെന്ന് വ്യക്തി പ്രതിഭകൾ ഗർവ്വിച്ചു.മദ്യത്തിൽ മാത്രമല്ല ലിക്കർ ആപ്പിലും വ്യാജനുണ്ടെന്ന കൗതുകം പകർന്ന് റിയലിനെക്കാൾ മാറ്റോടെ വിർച്വൽ വ്യാജൻമാർ കളിക്കിറങ്ങി .ഗൂഗിളും പ്ലേ സ്റ്റോറും മദ്യപാനികളുടെ സംവാദ വിഷയങ്ങളായി .സുനിൽ എഴുതിയതു പോലെ മദ്യത്തേക്കാൾ ലഹരി മദ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനുണ്ടായി.

കാത്തിരിപ്പിന്റെ മനസ്സിരിപ്പിലും ഗ്രാവിറ്റിയിലും ഏകശരണോൻമുഖതയിലും അവസാനവാക്കായിരുന്ന എം ടിയുടെ വിമല തേജസ്സറ്റു നിലംപതിച്ചു.കൊറോണയും സ്റ്റേറ്റും ചേർന്ന് ഉരഗജീവിതത്തിൽ നിന്ന് വലിച്ചെഴുന്നേൽപ്പിച്ച മദ്യപരുടെ ദുരന്തത്തെ ട്രോളി ട്രോളൻമാർ മനുഷ്യപ്പറ്റില്ലാത്ത ഹാസ്യേതിഹാസങ്ങൾ ചമച്ചു. ആഗ്രഹവസ്തുവിനായുള്ള കാത്തിരിപ്പും അലഭ്യതയും അതു കൈവരുന്നതിനേക്കാൾ ഉൻമാദദായകമാണെന്ന് ഒരിക്കൽ കൂടി മനശാസ്ത്ര വിജ്ഞാനീയത്തിന്റെ ആധികാരികത തലയുയർത്തി നിന്നു .അവൾ വരാറുള്ള ബസ്സ് അവളില്ലാതെ വന്ന ദിവസത്തിലെ കാമുകന്റെ ഇരട്ടിച്ച ലഹരി പോലെ. കാമനകളുടെ പൂർത്തീകരണങ്ങളിലല്ല അതിലേക്കുള്ള വഴികളിലും മ്ലാനമായ ഇടനാഴികളിലുമാണ് കൂടുതൽ ആഹ്ലാദമിരിക്കുന്നത് .നൈരാശ്യത്തിൽ ചാരിയിരിക്കുമ്പോൾ ശതഗുണീഭവിക്കുന്ന തമാശ എല്ലാ കാമനകൾക്കുമുണ്ട് .മഴയത്ത് കടത്തിണ്ണയിൽ കേറിനിൽക്കേണ്ടി വന്ന കാമുകനാണ് കരവലയത്തിലെത്തിയ കാമുകനെക്കാൾ കാമുകൻ.

ആപ്പ് അവതരിക്കാനിരിക്കുന്ന രക്ഷകന്റെ പരിവേഷത്തോടെ സ്വാഭാവികമായും നമ്മുടെ ശരണമില്ലാത്ത ആകാംക്ഷയിൽ തളിർത്ത് സംഭവമായി .മൂന്നാം ലോക ആപ്പുകളോടുള്ള ഗൂഗിളിന്റെ യു. പ്ലേ സ്റ്റോറിന്റെയും സമീപനങ്ങളിലുള്ള നവ കൊളോണിയൽ പുച്ഛത്തെക്കുറിച്ചുള്ള രാഷ്ട്രീയ വ്യക്തതയുള്ള പ്രബന്ധങ്ങളനേകം വിരചിക്കപ്പെട്ടു.ആപ്പു വന്നിട്ടും ക്ലൈമാക്സ് അവസാനിച്ചില്ല.ഒ ടി പി വിവാദം അലയടിച്ചു. കാത്തു കാത്തിരുന്ന അച്ചാർ ഭരണി കിട്ടിയിട്ടും അത് തുറക്കാനുള്ള താക്കോൽ കിട്ടിയില്ല. പടിക്കൽ വച്ച് ഒരായിരം തവണ കലമുടഞ്ഞതിന്റെ ഖേദത്തോടെ ഭക്തർ അന്യോന്യം വിളിച്ച് വ്യസനങ്ങൾ പങ്കുവച്ചു.ഓരോ നിമിഷം വൈകിക്കാനായി ചാരായ വാറ്റുകാർ തദ്ദേശീയ ഉഗ്രമൂർത്തികളെ പ്രീതിപ്പെടുത്തി. ഉപഭോക്താക്കൾ വിളിക്കാവുന്നവരുടെ മുഴുവൻ തന്തക്കു വിളിച്ചു. തന്തക്കു വിളിക്കുന്നത് തന്ത പ്രധാനമായ ഒരു പാട്രിയാർക്കി വ്യവസ്ഥയുടെ പ്രതികരണരീതിയാണ് എന്ന തിരിച്ചറിവിൽ സ്ത്രീവാദികളായ മദ്യപാനികൾ തള്ളയ്ക്ക് വിളിച്ചു.

ഒ ടി പി വന്നു. Q ഉണ്ടായി വന്നു. ജനന രേഖയെക്കാൾ പ്രാധാന്യത്തോടെ സഹൃദയരായ മധുപാനികൾ Q വിലായ സംഗതിയുടെ പടം എഫ് ബി യിലിട്ട് ആഘോഷിച്ചു.ഞാൻ ആപ്പിൽ രജിസ്റ്റർ ചെയ്തില്ല. ഒരു ജാള്യത. സർക്കാർ വിലക്കിയപ്പോൾ കുടി നിർത്തി. ആത്മാർത്ഥതയില്ലാത്ത മദ്യപാനിയാണെന്ന് സ്വയം മനസിലാക്കി .കിട്ടാതെ വന്നപ്പോൾ തൂങ്ങിയില്ല. ഡെറ്റോൾ കുടിച്ചില്ല. കൈ വിറച്ചില്ല. കുപ്രസിദ്ധനായ കുടിയനായിട്ടും .കുടിച്ച കണക്കു നോക്കിയാൽ ജീവിച്ചിരിക്കുന്നത് അതിശയമാണ് .പതിനേഴ് വയസ്സു മുതൽ ഇത്ര ദീർഘകാലം കുടിക്കാതിരുന്നിട്ടില്ല, കവിളിലും കൈകാലുകളിലുമുള്ള പാടുകൾ അപ്രത്യക്ഷമായി. സുന്ദരനായി.വാറ്റു കിട്ടുമായിരുന്നിട്ടും നോറ്റിരുന്നില്ല. കൊറോണ എല്ലാവരെയും സമൻമാരാക്കി എന്ന ചിന്തക സൂക്തങ്ങൾ ഭോഷ്കാണ് .പട്ടിണി കിടന്ന് നടന്ന് നടന്നു മരിച്ചുവീണ മനുഷ്യരുടെ അവസ്ഥയല്ല എന്റേത്. നാളെ ഈ രോഗം സർവ്വരെയും സമൻമാരാക്കുമോ എന്നറിയില്ല.

മദ്യപാന ചികിത്സക്കായി പോയപ്പോൾ മൂന്നു തവണയും സൈക്യാട്രിസ്റ്റുകൾ ആൽക്കഹോളിസത്തിനു കൊടുക്കുന്ന മരുന്നു തരാത്തത് ന്യായമാണെന്നു ഇപ്പോൾ മനസ്സിലായി. വിലക്കു വച്ചസർക്കാർ കുടിക്കാൻ പച്ചക്കൊടി വീശിയ അന്നു തന്നെ കുടിക്കുന്നത് നാണക്കേടല്ലേ? രണ്ടു ദിവസം കഴിയട്ടെ.പുതിയൊരു എയിസ്തറ്റിക്സിൽ കുടിച്ചു തുടങ്ങണം എന്നാണ് ഇപ്പോഴത്തെ ചിന്ത.കുപ്പി കയ്യിൽ കിട്ടിയാൽ എന്താവുമെന്നറിയില്ല.