കോഴിക്കോട്ടെ എലൈറ്റ് മാളില്‍ നല്ല സമയം എന്ന ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിന് ഷക്കീലയെ മുഖ്യാതിഥി ആയി തീരുമാനിച്ചിരുന്നു എങ്കിലും സുരക്ഷാകാരണങ്ങളാൽ പരിപാടിക്കുള്ള അനുമതി നൽകിയിരുന്നില്ല . എന്നാൽ ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പ്രോഗ്രാം ഒഴിവാക്കുകയാണെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. തുടർന്ന് വൻ വിമർശനങ്ങളാണ് മാളധികൃതരുടെ നേർക്കുണ്ടായത്. പല സാംസ്‌കാരിക നായകരും സിനിമാപ്രമുഖരും ഷക്കീലയ്ക്ക് അനുകൂലമായി നിലകൊണ്ടു. കോൺഗ്രസ് നേതാവ് വിടി ബൽറാം ഒരു പരിപാടിയുടെ മുഖ്യാതിഥി ആയി ഷക്കീലയെ തീരുമാനിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷക്കീല. താന്‍ പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷാസജ്ജീകരണങ്ങളുടെ ചെലവ് ഉയര്‍ത്തിക്കാട്ടിയാല്‍ തന്നെ ആരും ക്ഷണിക്കില്ലെന്ന് പറയുന്നു അവര്‍. ഷക്കീലയുടെ വാക്കുകൾ .
“ഇന്നലത്തെ സംഭവത്തെക്കുറിച്ച് കുറേയധികം സംസാരിച്ചു. നമുക്ക് ഇത് മതിയാക്കാം. ഒമര്‍ ലുലു എന്നെ വിളിച്ചത് നല്ല ഒരു തുടക്കമിടാന്‍ വേണ്ടി ആയിരുന്നു. പക്ഷേ അത് നടന്നില്ല. ഇതുപോലെയുള്ള പരിപാടികളില്‍ ഞാന്‍ പങ്കെടുത്താല്‍ ചെലവേറിയ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് വന്നാല്‍ പിന്നെ എന്നെ ആരും വിളിക്കില്ല. പ്ലീസ്, ഒന്ന് മനസിലാക്കുക. എനിക്ക് കേരളത്തില്‍ വരണം. കുറേ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് ദയവായി കരുതാതിരിക്കൂ. ലവ് യൂ കേരള. എന്നെ മനസിലാക്കുന്നതിന് നന്ദി.എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്. കോഴിക്കോട്ടുകാരില്‍ നിന്ന് എനിക്കും കുറേ മെസേജുകള്‍ വന്നു. എനിക്ക് വലിയ വിഷമം തോന്നി. നിങ്ങളാണ് ഈ അന്തസ്സിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ നിങ്ങള്‍തന്നെ ആ അംഗീകാരം എനിക്ക് നല്‍കുന്നില്ല. അത് എന്ത് കാരണത്താല്‍ ആണെന്ന് എനിക്കറിയില്ല, എന്നായിരുന്നു” – ഷക്കീല പറഞ്ഞു.