Holy Land സവർക്കർ ! രാഹുൽ ഗാന്ധിയെ ബിജെപിയുമായി ഏറ്റുമുട്ടിക്കുന്ന സവർക്കർ ആരാണ് ?

273

“Holy Land സവർക്കർ! രാഹുൽ ഗാന്ധിയെ ബിജെപിയുമായി ഏറ്റുമുട്ടിക്കുന്ന സവർക്കർ ആരാണ്?”

(ആനന്ദവികടനിൽ ശക്തിവേൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ തയ്യാറാക്കിയത് ജയേഷ് തെങ്കുറുശ്ശി > Jayesh Thenkurissy)

അമിത് ഷായുടെ ‘സവർക്കർ സ്നേഹം’ ലോകത്തിനെല്ലാം അറിയാവുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ വീട്ടിൽ സവർക്കറിന്റെ ചിത്രം എപ്പോഴുമുണ്ടാകും. എപ്പോഴും അതിന്റെ മുന്നിലിരുന്നേ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുള്ളൂ.
അപ്പോൾ കാര്യം വ്യക്തമാണ്. സവർക്കറെ അധികാരപൂർവ്വം അംഗീകരിപ്പിക്കുന്നതിനാണ് ഈ പണികളെല്ലാം വേഗത്തിലാക്കിയത്. ഇപ്പോൾത്തന്നെ, കറൻസി നോട്ടിൽ സവർക്കറിന്റെ പടം ഉൾപ്പെടുത്തണം എന്ന ആവശ്യവും കുറേ വർഷങ്ങളായി ബാക്കിയാണ്. അതും ഇനി ഉയർന്ന് വരാവുന്നതാണ്. ഇതിലെ ആപത്ത് നമ്മൾ എത്രയ്ക്ക് മനസ്സിൽആക്കിയിട്ടുണ്ടെന്നറിയില്ല. കാരണം, സവർക്കർക്ക് കൊടുക്കുന്ന അംഗീകാരം എന്നാൽ വെറും അദ്ദേഹത്തിനുള്ള അംഗീകാരം മാത്രമല്ല. അത് അദ്ദേഹത്തിന്റെ ചിന്തകൾക്ക് കൊടുക്കുന്ന അംഗീകാരവും കൂടിയാണ്. അങ്ങിനെയിരിക്കുമ്പോൾ, സവർക്കർ ആരാണ്, അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണ്, അദ്ദേഹം കഷ്ടപ്പെട്ടത് ആർക്കു വേണ്ടിയാണ് എന്നതെല്ലാം വിശദമായി സംസാരിക്കേണ്ടിയിരിക്കുന്നത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കിൽ, നാളെ കറൻസി നോട്ടിൽ ഗാന്ധിയ്ക്ക് പകരം സവർക്കർ ചിരിക്കുന്നത് വരുന്ന തലമുറയിലെ കുട്ടികൾ കാണേണ്ടിവരും. അമിത് ഷാ ആകട്ടെ ‘ചരിത്രത്തിനെ മാറ്റിയെഴുതാം’ എന്ന ഭീഷണിയും മുഴക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾത്തന്നെ സംസാരിക്കുന്നതാണ് നല്ലത്!
സവർക്കർ ഒരു ചിന്തകനാണെന്നതിൽ ആർക്കും സംശയമുണ്ടാകേണ്ടതില്ല. അദ്ദേഹം ചിന്തകൻ തന്നെയാണ് പക്ഷേ, അദ്ദേഹത്തിന്റെ ചിന്തകൾ ഏത് ദിശയിലേയ്ക്കായിരുന്നു എന്നതാണ് പ്രധാനം. അതും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. അദ്ദേഹത്തിന്റെ ചിന്തകൾ എന്തായിരുന്നു. ഹിന്ദുരാഷ്ട്രം തന്നെ! ആ ഹിന്ദുരാഷ്ട്രം എങ്ങിനെയാകണം എന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്…’ആരൊക്കെ ഹിന്ദു മതത്തിൽ പെട്ടവരല്ലയോ, അവരെല്ലാം ഇന്ത്യാക്കാരും അല്ല’. ഒരു പൌരത്വത്തിന് നൽകുന്ന `Motherland, Fatherland’ എന്ന ആശയത്തിനെ മറികടന്ന്, ‘Holy Land’ എന്ന ആശയത്തിനെ കൊണ്ടുവരുകയാണ് സവർക്കർ. അദ്ദേഹത്തിന്റെ ആ ചിന്തയനുസരിച്ച് ഇസ്ലാമുകളും ക്രിസ്ത്യാനികളും ഇന്ത്യാക്കാർ അല്ല. കാരണം അവരുടെ പുണ്യഭൂമി അറേബ്യയിലും പാലസ്തീനിലും ആണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. അതാണ് 1905 ഇൽ ആരംഭിച്ച് 1966 വരെ പലവിധത്തിൽ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. അതായത്, അദ്ദേഹം മരിക്കുന്നത് വരെ അതിൽ നിന്നും വ്യതിചലിച്ചില്ല. അവസാനകാലത്ത്, ‘ഇസ്ലാം ഭരണാധികാരികൾ ഹിന്ദു പെണ്ണുങ്ങളെ പീഡിപ്പിച്ചത് പോലെ ഹിന്ദുക്കൾ ഇസ്ലാം പെണ്ണുങ്ങളെ പീഡിപ്പിക്കണം’ എന്ന് പറയുന്നത്രയ്ക്ക് താഴേയ്ക്കിറങ്ങിയിരുന്നു അദ്ദേഹം. മതം അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ മനസ്സ് എത്രയ്ക്ക് നശിച്ചിരുന്നെന്നതിന്റെ ഉദാഹരണമാണ് ആ വാക്കുകൾ.
ജനാധിപത്യ രാഷ്ട്രീയത്തിൽ ഒരു ബാലപാഠം ഉണ്ട്. അതായത്, ‘എല്ലാവരേയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന് ആരെല്ലാം ഭീഷണിയായിരിക്കുന്നുവോ, അവരെല്ലാം ജനാധിപത്യത്തിനും എതിരായി നിലകൊള്ളുന്നു’ എന്ന് തന്നെ. സവർക്കർ, എല്ലാവരേയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന് എതിരായി നിന്നയാളായിരുന്നു. ഇവിടെ ജനിച്ച്, ഇവിടെ ജീവിച്ച് വരുന്ന മറ്റു മതക്കാരെ ‘others’ എന്ന് മടിയില്ലാതെ വിളിച്ചയാൾ. അവർക്ക് യാതൊരു വിധത്തിലും ഈ നാട് സ്വന്തമല്ല; എന്ന അഭിപ്രായം സവർക്കറിന്റെ എഴുത്തുകളിൽ ആവർത്തിച്ച് കാണാൻ കഴിയും.
അതുകൊണ്ട്, അദ്ദേഹം ഇന്ത്യയുടെ ജനാധിപത്യത്തിന് എതിരാണ്! അങ്ങിനെയുള്ള ഒരാൾക്ക്, ലോകത്തിനെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ അംഗങ്ങളായ നാം, ഭാരതരത്നം കൊടുത്ത് ചന്തം കണ്ടിരിക്കാൻ പോകുകയാണോ? അങ്ങിനെ ചെയ്താൽ നമുക്ക് ശേഷമുള്ള തലമുറയിലുള്ളവർ നമുക്ക് എന്ത് വിലയാണ് കല്പിക്കുക? ഗാന്ധി power to people എന്ന് പറഞ്ഞെങ്കിൽ, സവർക്കർ അതിൽ നിന്നും പാടെ മാറി power over people എന്ന് പറഞ്ഞു. അതാ‍യത്, ജനങ്ങളുടേ മേൽ ഭരണകൂടത്തിന്റെ ആധിപത്യം ചെലുത്തുന്നതിനെ അടിമുടി ആദരിച്ചയാളാണ് സവർക്കർ.
പോരാത്തതിന് ഇന്ത്യയെ ഹിന്ദുക്കൾക്ക് ആധിക്യമുള്ള ഒരു സായുധരാഷ്ട്രമാക്കി മാറ്റി സവർക്കർ. ഗാന്ധി power to people എന്ന് പറഞ്ഞപ്പോൾ സവർക്കർ power over people എന്ന് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന് ജർമ്മനിയെ ഇഷ്ടമായിരുന്നത്. പിന്നീട് ഇസ്രയേലും അദ്ദേഹത്തിന്റെ മനം കവർന്നതിന്റെ കാരണവും അതുതന്നെ. ഇന്ത്യയെ കോളനിഭരണത്തിന്റെ കണ്ണുകൾ കൊണ്ട് കണ്ടയാളാണ് സവർക്കർ എന്ന് ചില ചിന്തകർ പറയുന്നതും അതുകൊണ്ടാണ്.
ഹിന്ദുത്വത്തിനെ കണ്ടെത്തിയതും സവർക്കർ തന്നെ. വിവേകാനന്ദനും അരവിന്ദനും തിലകനും ‘ഹിന്ദുയിസം’ എന്ന് പറഞ്ഞതിനെ, ഹിന്ദുത്വം എന്ന മടയിലേയ്ക്ക് മാറ്റിയത് സവർക്കറാണ്. ഹിന്ദുസിയത്തിനെ, ഹിന്ദുമതത്തിനെ പിന്തുടരുന്നത്, അതിനെപ്പറ്റി സംസാരിക്കുന്നത്, അതിന്റെ തത്വങ്ങളെ പ്രചരിപ്പിക്കുന്നത് എന്നിങ്ങനെ പറയാം. എന്നാൽ, ഹിന്ദുത്വം അങ്ങിനെയല്ല. അത് ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നത്, ഒരുമിച്ച് ചേർത്ത് ഒരു ഹിന്ദു സമൂഹത്തിനെ സൃഷ്ടിക്കുന്നതാണ്. അതായത് ഹിന്ദുയിസം ഹിന്ദുക്കളെ ഒരു മതമായി കാണുമ്പോൾ, ഹിന്ദുത്വം ഒരു ഇനമായി കാണും. ആ ഇനത്തിന്റെ ആധിക്യം ഒരു ദേശത്തിനെ കൊണ്ടുവരും. ആ ദേശത്തിൽ, ന്യൂനപക്ഷക്കാരെ ഇരുമ്പുവടി കൊണ്ട് അടിച്ചോടിക്കും. അവർക്ക് യാതൊരു അവകാശങ്ങളും ഉണ്ടായിരിക്കില്ല. അത് ലക്ഷ്യമാക്കിയാണ്, ആ holy land എന്ന പദത്തിനെ വളരെ ചാതുര്യത്തോടെ സവർക്കർ ഉപയോഗിച്ചത്.

ഇന്ത്യയെ മുഴുവനായും ‘ഹിന്ദുമയമാക്കുന്നതായിരുന്നു’ സവർക്കറിന്റെ ലക്ഷ്യം. അതിനായി സൈന്യത്തിനെ ഉണ്ടാക്കുന്നത്, ആ സൈന്യത്തിനെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് അവരെ ഭരിക്കുന്ന അധികാരം നേടുന്നത്, ആ അധികാരം വഴി, നാട് മുഴുവനും ഏകത്വത്തിൽ എത്തുന്നത്, എന്നെല്ലാം സവർക്കർ വ്യക്തമായും പറയുന്നുണ്ട്. `Hinduise all politics, Militarize Hinduism’ എന്ന പദം അദ്ദേഹം അടിയ്ക്കടി ഉപയോഗിക്കാറുണ്ടായിരുന്നു. ഈ ഏകോപിപ്പിക്കലിനായി അദ്ദേഹത്തിന് ഒരു എതിർകൂട്ടം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഹിന്ദു അല്ലാത്തവരെ, അതയായത് ഇസ്ലാമുകളേയും ക്രിസ്ത്യാനികളേയും ‘others’ എന്ന് വിളിച്ച്, ‘self’ എന്ന ഹിന്ദുക്കളുടെ എതിരാളികളായി ചിത്രീകരിച്ചത്. ജൈനന്മാർ, സിഖുകാർ, ബുദ്ധർ എന്നിവരെപ്പോലും അദ്ദേഹം ഓരത്ത് നിർത്തിയതേയുള്ളൂ. അതും സ്നേഹവും സമത്വവും പറയുന്ന ബുദ്ധമതത്തിനെ, ഇസ്ലാമിനും ക്രിസ്ത്യാനിയ്ക്കും ഒപ്പം വെറുത്തു അദ്ദേഹം. ‘Hindutva : Who is a Hindu’ എന്ന പുസ്തകം, ഏറെക്കുറെ ഹിറ്റ്‌ലറുടെ ‘Mein kampf’ നോടു ചേർന്ന് നിൽക്കും!

സവർക്കറുടെ ഹിന്ദു രാജ്യത്തിലെ മറ്റൊരു ആപത്ത്, അത് ഹിന്ദുസമുദായത്തിനെത്തന്നെ പിളർത്തി നോക്കുന്നു എന്നതാണ്. അതിന്, സവർക്കർ അത്രയും വലിയ സനാതനവാദിയും അല്ല. ദൈവവിശ്വാസവും കുറവായിരുന്നു. Agnostic എന്നൊക്കെ പറയാവുന്നയാൾ. അദ്ദേഹത്തിന്റെ ഭാര്യയും മകനും മരിച്ചപ്പോൾപ്പോലും അദ്ദേഹം മതപരമായ ചടങ്ങുകളൊന്നും ചെയ്തില്ല. പക്ഷേ, സവർക്കർ അമ്പലങ്ങൾ പണിയാൻ ശബ്ദമുയർത്തിയിരുന്നു. 1939-ൽ ദില്ലിയിൽ ഒരു ശിവക്ഷേത്രം തകർക്കപ്പെട്ടപ്പോൾ, അതിനെ എതിർത്തവരിൽ പ്രധാനിയാണ് സവർക്കർ. ‘ഇതുപോലെയുള്ള നടപടികൾ ഹിന്ദുജങ്ങളെ ഒരുമിച്ചു ചേർക്കും; എന്ന് കൂടെയുള്ളവരോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം. ദൈവത്തിനെ വണങ്ങാത്തയാൾ, അമ്പലങ്ങളെ എന്തിന് ആദരിക്കുന്നു എന്നത് പ്രധാനമായും പരിശോധിക്കേണ്ടതുണ്ട്. കാരണം അതുതന്നെ, അദ്ദേഹത്തിന് അതൊരു രാഷ്ട്രീയ ആയുധമായിരുന്നു. ഹിന്ദുത്വത്തിന്റെ തന്ത്രവും അതുതന്നെ. അതിനെ കടന്ന് ചിന്തിക്കാൻ ഹിന്ദുത്വത്തിൽ യാതൊരു ഇടവും സവർക്കർ കൊടുത്തിരുന്നില്ല.

‘ജയിലിലെ യാതനകൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല. എന്നെ തുറുങ്കിലിട്ട് പീഡിപ്പിക്കുകയാണ്. സർക്കാർ കരുണ കാണിച്ച് എന്നെ സ്വതന്ത്രനാക്കിയാൽ, ഞാൻ സർക്കാരിനോട് അങ്ങേയറ്റം ആദരവുള്ളവനായിരിക്കും എന്ന് വാക്ക് തരുന്നു. യാതൊരു അവസ്ഥയിലും, സർക്കാരിനെ സേവിക്കാൻ ഞാൻ തയ്യാറാണ്. ഞങ്ങളുടെ അമ്മയായ സർക്കാർ തന്നെ കരുണ കാണിച്ചില്ലെങ്കിൽ ഈ മകൻ വേറെയെവിടെപ്പോയി നിൽക്കും…’

സവർക്കറിന്റെ ഹിന്ദു സമുദായവും എങ്ങിനെയുള്ളതാണെന്ന് അറിയാമോ? മേൽജാതി ഹിന്ദുക്കൾ ആധിപത്യം പുലർത്തുന്നതായിരിക്കും അത്. കാരണം ഹിന്ദു സമുദായത്തിൽ അടിസ്ഥാനപരമായി ‘വർണവിവേചനം; ഉണ്ടായിരിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട് സവർക്കർ. ആ ഹിന്ദു സമുദായത്തിന്റെ പ്രധാനപ്പെട്ട ഭാഷകൾ പോലും ഹിന്ദിയും സംസ്കൃതവും ആണ്. ദൈവങ്ങൾ പോലും കൃഷ്ണനും രാമനും തന്നെ. ‘ഗോത്രവർഗക്കാരും തങ്ങളുടെ ദൈവങ്ങളെ മറാന്ന് രാമന്റെ പാതയിലേയ്ക്ക് മാറണം’ എന്ന് ആവർത്തിച്ച് പറയും സവർക്കർ. ‘വരണ്ടു കിടന്ന ഈ മതത്തിനെ ജാതിയാണ് ഉണർത്തുന്നത്’ എന്നും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ അയിത്തനിർമ്മാർജ്ജനത്തിനുള്ള ശ്രമങ്ങളെല്ലാം വെറും ഉഡായിപ്പ് ആയിരുന്നു. ഇംഗ്ലീഷിൽ escapism എന്ന് പറയും അതിനെ. അതും പോരാതെ, കറുത്തവരെ ഹിന്ദുക്കളായി ഏറ്റെടുക്കാനും അദ്ദേഹത്തിന് മടിയായിരുന്നു. ഹിന്ദു പെണ്ണുങ്ങളെപ്പറ്റി എവിടെയും കാര്യമായി പറയുന്നില്ല സവർക്കർ. ‘അവരുടെ കടമ അടുക്കളപ്പണിയും കുട്ടികളെ നോക്കലും മാത്രമാണ്’ എന്നായിരുന്നു സവർക്കരുടെ നയം. അത്രയുമേയുള്ളൂ തന്റെ അലങ്കാരമായി കൊണ്ടുനടക്കുന്ന ഭാരതമാതാവ് പോലും ആയിരിക്കേണ്ടതുള്ളൂ എന്ന് പ്രതീക്ഷിക്കുന്നു. ഇതെല്ലാം മാറ്റിനിർത്തി നോക്കിയാലും, അദ്ദേഹത്തിന്റെ അംഗീകരിക്കുന്നതിൽ മൂന്ന് പ്രശ്നങ്ങളുണ്ട്. ആദ്യത്തേത്, അടിമയാക്കിയ ഇംഗ്ലീഷുകാരോട് ‘ഞാൻ നിങ്ങളുടെ സേവകനാണ്’ എന്ന് മാപ്പെഴുതിക്കൊടുത്തു. രണ്ട്, ‘ഇവിടെ രണ്ട് ദേശങ്ങളുണ്ട്’ എന്ന് ജിന്നയ്ക്ക് സൂചന കൊടുത്തു. മൂന്നാമത്തേത് വളരെ പ്രധാനപ്പെട്ടതാണ്, അതായത്, രാഷ്ട്രപിതാവ് ഗാന്ധിയുടെ കൊലപാതകത്തിന് കാരണക്കാരനായി അദ്ദേഹത്തിനെതിരേ കുറ്റപത്രം ചാർത്തപ്പെട്ടു.

ആദ്യം മാപ്പ് പറച്ചിൽ!

1911 ജൂൺ മാസം അന്തമാൻ സെല്ലുലാർ ജയിലെത്തി സവർക്കർ. നാസിക് കളക്ടർ ആയിരുന്ന ജാക്സന്റെ കൊലപാതകത്തിന് അദ്ദേഹം പ്രേരണയായിരുന്നു എന്ന കുറ്റത്തിന്. അപ്പോൾ ‘അപകടകരനായ തടവുകാരൻ’ എന്ന പേര് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത് വാസ്തവം തന്നെ. ‘D’ എന്നായിരുന്നു കോഡ് വേർഡ്. പക്ഷേ, സവർക്കർ അത്രയ്ക്ക് അപകടമുള്ളയാളായി ഇംഗ്ലീഷുകാർക്ക് തോന്നിയിരുന്നില്ല എന്നാണ് സത്യം. സവർക്കർ 1924 ൻ് മുമ്പ് മാപ്പ് കത്തെഴുതിയെന്നല്ലേ നമുക്കറിയാവുന്നത്. എന്നാൽ, ജയിലിൽ അടയ്ക്കപ്പെട്ട് ചില മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ ഇംഗ്ലീഷുകാരോട് മാപ്പ് ചോദിച്ച് കത്തെഴുതാൻ തുടങ്ങിയിരുന്നു സവർക്കർ. 1911 ൽ അദ്ദേഹം ഒരു കത്തെഴുതി. അത് ഇപ്പോൾ ലഭ്യമല്ല. പക്ഷേ 1913 ഇൽ അയച്ച മറ്റൊരു കത്തിൽ ആ ആദ്യത്തെ കത്തിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ‘കീഴടങ്ങുന്ന’ വാചകങ്ങൾ തെളിച്ചെഴുതിയിട്ടുണ്ട്. `To : The home member of the government of India’ എന്ന് തുടങ്ങുന്ന ആ കത്തിൽ, ജയിലിലെ യാതനകൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല. എന്നെ തുറുങ്കിലിട്ട് പീഡിപ്പിക്കുകയാണ്. സർക്കാർ കരുണ കാണിച്ച് എന്നെ സ്വതന്ത്രനാക്കിയാൽ, ഞാൻ സർക്കാരിനോട് അങ്ങേയറ്റം ആദരവുള്ളവനായിരിക്കും എന്ന് വാക്ക് തരുന്നു. യാതൊരു അവസ്ഥയിലും, സർക്കാരിനെ സേവിക്കാൻ ഞാൻ തയ്യാറാണ്. ഞങ്ങളുടെ അമ്മയായ സർക്കാർ തന്നെ കരുണ കാണിച്ചില്ലെങ്കിൽ ഈ മകൻ വേറെയെവിടെപ്പോയി നിൽക്കും’ എന്നാണ് സവർക്കർ എഴുതിയിരിക്കുന്നത്.

സവർക്കറെപ്പോലെ, ഭഗത് സിംഗും ഒരു കത്ത് ബ്രിട്ടീഷ് സർക്കാരിന് എഴുതിയിട്ടുണ്ട്. ലാഹോർ ജയിലിൽ നിന്നും 1931 ൽ അദ്ദേഹം അയച്ച കത്താണത്. അതിൽ, ‘ നിങ്ങളുടെ കോടതിയുടെ വിധി, ഞങ്ങളെ യുദ്ധത്തടവുകാരായി കണക്കാക്കിയിരിക്കുന്നു. അതെ, ഞങ്ങൾ യുദ്ധത്തടവുകാർ തന്നെ. അതുകൊണ്ട് ഞങ്ങളെ തൂക്കിലേറ്റാൻ പാടില്ല. മറിച്ച്, വെടിയുണ്ടകൾ കൊണ്ട് കൊല്ലണം’ എന്ന് എഴുതി ആ 23 വയസ്സുകാരൻ. അടുത്തത്, ‘ഈ യുദ്ധം തുടരും’ എന്ന് അറിയിച്ച്, ‘ഞങ്ങളെ കൊല്ലാൻ പോകുന്ന പട്ടാള അധികാരികളെ എപ്പോഴാണ് അയയ്കുക’ എന്ന ചോദ്യത്തോടെ ആ കത്ത് അവസാനിപ്പിക്കുന്നു അദ്ദേഹം. കത്തിൽ ഒരിടത്ത്, എഴുതി വച്ചോളൂ, മുതലാളിത്തത്തിന്റേയും ഏകാധിപത്യത്തിന്റേയും നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ഒരു ദിവസം ഇവിടെ സോഷ്യലിസത്തിലുള്ള സമുദായം വിടരും എന്ന് ഗർജ്ജിക്കുന്നു, ആ പോരാളി.
കത്ത് മുഴുവനും അങ്ങിനെയാണ്. കൂടുതലും ദേശത്തിനെപറ്റിയാണ് ഭഗത് സിംഗ് സംസാരിച്ചത്.

ലാഹോർ ജയിൽ അത്ര വലിയ ജയിലൊന്നുമല്ലായിരുന്നു. എന്നാലും ഭഗത് സിംഗ് അതിനെപ്പറ്റിയൊന്നും വേവലാതിപ്പെട്ടില്ല. സിരകളിലെല്ലാം സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹമൊഴുകുന്ന ഒരാളുടെ വാക്കുകൾ എങ്ങിനെയുണ്ടാകുമോ, അതായിരുന്നു ഭഗത് സിംഗിന്റെ വാക്കുകളും. ഉറയിൽ നിന്നൂരിയെടുത്ത വാൾ പോലെ, ഞാണിൽ നിന്നും പുറപ്പെടുന്ന അമ്പ് പോലെ പായുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അപ്പോൾ സവർക്കറിന്റെ വാക്കുകളും ഒന്ന് പരിശോധിക്കാം. ‘ഞാൻ ഇങ്ങനെയെല്ലാം യാതനകൾ അനുഭവിക്കുന്നു…ദയ കാണിക്കണം. ഞാൻ നല്ല രീതിയിൽ നടന്നുകൊള്ളാം’ എന്നെല്ലാം അന്യനോട് പറയുന്നു സവർക്കർ. അങ്ങിനെയൊരാൾ എങ്ങിനെ ഭാരതത്തിന്റെ രത്നം ആകും? ‘നിങ്ങൾ എന്നെ മോചിപ്പിച്ചാൽ, ഇന്ത്യയിൽ നിങ്ങളുടെ മതിപ്പ് ഉയരും’ എന്നൊക്കെ ബ്രിട്ടീഷുകാരെ സോപ്പിട്ടിരിക്കുകയാണ് സവർക്കർ.

1924 ൽ അദ്ദേഹത്തിന്റെ മോചനത്തിന് കാരണമായ മാപ്പപേക്ഷ കൂടുതൽ ഉഗ്രനായിരുന്നു. ‘എന്നെ മോചിപ്പിച്ചാൽ ഞാൻ നിങ്ങളുടെ നല്ല സേവകനായിരിക്കും; എന്ന് അതിൽ വാക്ക് കൊടുത്തു സവർക്കർ. ‘എനിക്ക് എത്രത്തോളം നന്നായി ജീവിക്കാൻ സാധിക്കുമോ, അത്രയും നന്നായി ജീവിച്ചോളാം…’ എന്നും വാക്ക് കൊടുത്തിരിക്കുന്നു. പുറത്ത് വന്നതിന് ശേഷം, അദ്ദേഹം അത് തന്നെയാണ് ചെയ്തതും. ജയിലിൽ നിന്നും പുറത്ത് വന്നതിന് ശേഷമാണ് Hindutva : Who is a Hindu' എന്ന പുസ്തകം എഴുതിയത്. അത് ഇന്ത്യയെ പിരിക്കാൻ തുടിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷുകാർക്ക് ഒരു കൈപ്പുസ്തകമായി ഉപകാരപ്പെട്ടു. ജിന്നയ്ക്കും അത് റഫറൻസ് ആയി മാറി. 1926 ൽ സവർക്കറെപ്പറ്റി ഒരു പുസ്തകം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ ജീവചരിത്രപുസ്തകമായിരുന്നു അത്. പേര്Life of Barrister Savarkar’. അത് എഴുതിയയാളുടെ പേര് ചിത്രഗുപ്തൻ. തമാശ എന്താണെന്നാൽ, ആ ചിത്രഗുപ്തൻ സവർക്കർ തന്നെയായിരുന്നു. കാരണം, ആ ചിത്രഗുപ്തൻ അതിനു മുമ്പും പിന്നും വേറെ പുസ്തകമൊന്നും എഴുതിയിട്ടില്ലാ‍യിരുന്നു. എഴുതിയ ഒരേയൊരു പുസ്തകം സവർക്കറിന്റെ ചരിത്രം മാത്രമാണ്. ആത്മകഥ എല്ലാവരും എഴുതുന്നതൊക്കെയാണ്, പക്ഷേ അത് അവരുടെ പേരിൽ എഴുതുന്നതല്ലേ പതിവ്! തന്റെ ചിത്രത്തിനെ താൻ തന്നെ വണങ്ങുന്ന നിത്യാനന്ദയെപ്പോലെ, തന്നെപ്പറ്റി താൻ തന്നെ പുകഴ്ത്തി എഴുതിയയാളാണ് സവർക്കർ. അതാണ് അദ്ദേഹത്തിന്റെ സത്യസന്ധത.
‘അദ്ദേഹം എന്തിനാണ് മാപ്പ് ചോദിച്ചതെന്ന് അറിയാമോ? നാടിന് വേണ്ടിയാ‍ണ് അദ്ദേഹം അത് ചെയ്തത്’ എന്ന് ചിലർ പറയുന്നു. അങ്ങിനെ മാപ്പ് ചോദിച്ച് പുറത്ത് വന്ന സവർക്കർ ചെയ്തതായി ഒന്നുമില്ല. ബ്രിട്ടീഷുകാരെ എതിർക്കുന്ന യാതൊരു പ്രവർത്തിയും അദ്ദേഹം അവസാനം വരെ ചെയ്തതുമില്ല. മഴയെ പേടിച്ച് എലി പൊത്തിൽ ഒളിച്ചിരിക്കുന്നത് പോലെ, ഒതുങ്ങിക്കളഞ്ഞു കക്ഷി. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും പോകുന്നത് വരെ, അദ്ദേഹത്തിന് മഴക്കാലം മാറിയില്ല. ഗാന്ധി വെള്ളക്കാരനെ ഓടിക്കാനുള്ള സമരം തുടങ്ങിയപ്പോൾ അതിൽ നിന്നും കൌശലപൂർവ്വം മാറി നിന്നയാളാണ് സവർക്കർ. അങ്ങിനെ എത്രയോ പറയാനുണ്ട്.

ഗാന്ധി 4 വർഷങ്ങളേ ജയിലിലുണ്ടായിരുന്നുള്ളൂ. പക്ഷേ, സവർക്കർ 14 വർഷങ്ങൾ ജയിലിൽ കഴിഞ്ഞു. അങ്ങിനെയാണെങ്കിൽ, ആരാണ് വലിയ ദേശഭക്തർ’ എന്നും ചോദിക്കുന്നവരുണ്ട്. ഇതിലുള്ള വിവരം ശരിയാണ്, പക്ഷേ, കാഴ്ചപ്പാട് തെറ്റ്. ഗാന്ധി ഒറ്റയടിയ്ക്ക് 4 വർഷങ്ങൾ ജയിലിൽ കഴിഞ്ഞിട്ടില്ല. മൊത്തം പതിനൊന്ന് തവണ അദ്ദേഹം ജയിലിലേയ്ക്ക് പോയി വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജയിലുകളും അതിൽ ഉൾപ്പെടും. ഒന്ന് നോക്കൂ. ഓരോ തവണയും ഒരു പോരാട്ടം, അതിൽ വിചാരണ, പിന്നെ ശിക്ഷ എന്നിങ്ങനെ ജയിലിൽ പോയയാളാണ് അദ്ദേഹം. അദ്ദേഹം ജയിലിലേയ്ക്ക് പോകുമ്പോഴെല്ലാം, ജനങ്ങൾ രോഷാകുലരാകുമായിരുന്നു. ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോരാടുമായിരുന്നു. അദ്ദേഹവും തന്റെ പങ്കിന് ജയിൽ നന്നാക്കാനായി ഇറങ്ങിത്തിരിച്ചു. അപ്പോൾ ബ്രിട്ടീഷുകാർക്ക് മുന്നിൽ ഉണ്ടായിരുന്ന ഒരേയൊരു വഴി ഗാന്ധിയെ മോചിപ്പിക്കുക എന്നത് മാത്രമായിരുന്നു. ഒരിക്കൽ, നാല് ദിവസങ്ങൾക്കുള്ളീൽ മൂന്ന് തവണ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടുകയും മോചിപ്പിക്കപ്പെടുകയും ചെയ്തത്രയളവിൽ ബ്രിട്ടീഷ് സർക്കാരിന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു ഗാന്ധി! ദക്ഷിണാഫ്രിക്കയിൽ ഗാന്ധി തടവുശിക്ഷ കഴിഞ്ഞ് പുറത്ത് വരുമ്പോൾ, അദ്ദേഹത്തിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ജനങ്ങൾ പുറത്ത് കാത്ത് നിൽക്കുകായിരുന്നു എന്നത് ചരിത്രമാണ്. അദ്ദേഹത്തിന്റെ പിന്നിൽ എപ്പോഴും ജനങ്ങളുണ്ടായിരുന്നു. കാരണം, അദ്ദേഹം, അവരുടെ മനസ്സുകളിലായിരുന്നു ഉണ്ടായിരുന്നത്. 75 ആം വയസ്സിൽ പോലും ജയിലിലേയ്ക്ക് പോകാനുള്ള ഊർജ്ജം നൽകിയിരുന്നു ആ ജനങ്ങളുടെ സ്നേഹം.
എന്നാൽ, സവർക്കരുടെ കാര്യം എങ്ങിനെയല്ല. അദ്ദേഹത്തിന് വേണ്ടി ഇവിടെയാരും രോഷാകുലരായില്ല. സവർക്കറെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സമരം പോലും ഇവിടെ നടന്നില്ല. എന്തിന്, അദ്ദേഹത്തിന്റെ സ്വന്തം ആളുകൾ പോലും മറന്ന് കളഞ്ഞിരുന്നു. സവർക്കറിനും ജനങ്ങളോടുള്ള സ്വാധീനവും തമ്മിൽ കാതങ്ങളുടെ ദൂരമുണ്ടായിരുന്നു. സവർക്കർ എന്നൊരാൾ ഉണ്ടെന്ന് പോലും ജനങ്ങൾക്ക് അറിയില്ലായിരുന്നു. അറിയുന്നത്ര സവർക്കറും ജനങ്ങൾക്കായി ഒന്നും ചെയ്തിട്ടുമില്ല. അദ്ദേഹം സംസാരിച്ചതെല്ലാം അക്രമണം, വെറുപ്പ്, വേർതിരിവ് എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു. ജയിലിനുള്ളിലും അദ്ദേഹം അത് തന്നെയാണ് ചെയ്തത്. തടവുകാരെ മുസ്ലിംങ്ങൾ, ഹിന്ദുക്കൾ എന്നിങ്ങനെ പിരിക്കുന്ന പണിയായിരുന്നു ചെയ്തിരുന്നത്. ‘മുസ്ലിംഗങ്ങളുടെ നിസ്കാരസമയത്ത് ശംഖനാദം ഉയർത്തൂ എന്ന് ഹിന്ദുക്കളെ തോണ്ടുമായിരുന്നു’ എന്ന് അദ്ദേഹത്തിന്റെ പിന്തുണക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാത്തിനും മുകളിൽ, ‘ഞാൻ തീയുമായി കളിക്കുകയാണെന്ന് എനിക്കറിയാം. പക്ഷേ, അത് ഞാൻ തുടർന്നും ചെയ്യും’ എന്ന് ബ്രിട്ടീഷുകാരുടെ കോടതിയിൽ നെഞ്ച് വിരിച്ച് പറഞ്ഞയാളാണ് ഗാന്ധി.

ജിന്നയ്ക്ക് മുമ്പേ, രണ്ട് രാജ്യങ്ങൾ എന്ന ആശയം മുന്നോട്ട് വച്ചയാളാണ് സവർക്കർ. ശ്രദ്ധിക്കൂ, സവർക്കർ ജിന്നയെ പിന്തുടരുകയായിരുന്നില്ല. അദ്ദേഹമാണ് വഴി കാണിച്ച് കൊടുത്തത്. ആ `Holy land’ ആശയത്തിൽത്തന്നെ രണ്ട് രാജ്യങ്ങൾക്കായുള്ള അടിത്തറ കെട്ടിയിട്ടുണ്ടായിരുന്നു. അതാണ് പിന്നീട് ജിന്ന രാഷ്ട്രീയത്തിൽ പ്രയോഗിച്ചത്. അതായത്, കല്ലുരച്ച് തീ കൊളുത്തിയത് സവർക്കർ. ജിന്ന അതിനെ ഊതിപ്പടർത്തി. അത്രയേയുള്ളൂ. സത്യത്തിൽ 1939 ൽ ലാഹോറിലാണ്, ‘രണ്ട് രാജ്യങ്ങൾ; എന്ന തീരുമാനം മുസ്ലിം ലീഗ് എടുത്തത്. എന്നാൽ, 1937 ൽത്തന്നെ ‘രണ്ട് രാജ്യങ്ങൾ എന്ന തീരുമാനം മുന്നോട്ട് വച്ചിരുന്നു ഹിന്ദു മഹാസഭ. സവർക്കർ അപ്പോൾ അതിന്റെ തലവനായിരുന്നു. 1937 ആദ്യപാദത്തിൽ അഹമ്മദാബാദിൽ നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തിൽ സംസാരിച്ച സവർക്കർ, ‘ഇവിടെ രണ്ട് രാജ്യങ്ങൾ ഉണ്ട്. ഒന്ന് ഹിന്ദുക്കളുടെ, മറ്റൊന്ന് മുസ്ലിംങ്ങളുടെ’ എന്ന് പ്രഖ്യാപിച്ചു. അത് പിന്നീട് നടപ്പിലാകുകയും ചെയ്തു.

അടുത്തതായി ദൃശ്യത്തിലേയ്ക്ക് വരുന്നു മാധവ സദാശിവ ഗോൾവാൽക്കർ. സവർക്കറുടെ മുത്തായിരുന്നു അദ്ദേഹം. ഗോൾവാൽക്കർ എന്താണ് പറഞ്ഞതെന്നോ? ‘ഹിന്ദു ഭൂരിപക്ഷമുള്ള രാഷ്ട്രീയമാണ് യഥാർഥ ദേശീയവാദം. അത് ഇല്ലാത്ത ഒരു രാഷ്ട്രീയവും ഇന്ത്യയ്ക്ക് എതിരാണ്’ എന്ന് രണ്ട് വെടി പൊട്ടിച്ചു അദ്ദേഹം. ഇവരുടെ ഇങ്ങനെയുള്ള പ്രഖ്യാപനങ്ങൾക്ക് ശേഷമാണ്, ജിന്നയ്ക്ക് ആത്മവിശ്വാസമുണ്ടായത്. ‘അവർ തന്നെ പറയുന്നു, പിന്നെന്താ?’ എന്ന് വിഭജനത്തിനെ വീണ്ടും ആഴമായി ഇന്ത്യയുടെ നെഞ്ചിൽ ജിന്ന ഇറക്കാൻ ആരംഭിച്ചത് 1940 കൾക്ക് ശേഷമാണ്! മറ്റൊരു വിവരം 1945 ൽ സവർക്കർ പിന്നെയും അതിര് കടന്നു. ‘ജിന്നയുടെ രണ്ട് രാജ്യങ്ങൾ എന്ന അഭിപ്രായത്തിൽ എനിക്ക് യാതൊരു പ്രശ്നവും തോന്നുന്നില്ല. നമ്മൾ ഹിന്ദുക്കൾ ഒരു രാജ്യം, മുസ്ലിംങ്ങൾ മറ്റൊരു രാജ്യം’ എന്ന് പറഞ്ഞു.

ഇവിടെ നമ്മൾ മറ്റൊരു കാര്യം കാണണം. ഇന്നുവരെ പെരിയാറിനും അണ്ണായ്ക്കും എന്താണ് ഭാരതരത്നം നിഷേധിക്കപ്പെട്ടത്? എം ജി ആറിന് കിട്ടിയ ആ ബഹുമതി അദ്ദേഹത്തിന്റെ ആശാന്മാരായവർക്ക് നേടാൻ കഴിയാത്തത് എന്തുകൊണ്ട്? ഇതിന് കാരണമായി പറയുൻനത് ഒരേയൊരു കാര്യമാണ്. അതായത്, ‘ അവർ വിഭജനം സംസാരിച്ചു’ എന്നാണ്. എങ്കിൽ സവർക്കർ പറഞ്ഞതിന്റെ പേരെന്താണ്? പെരിയാറിനും അണ്ണായ്ക്കും ഒരു ന്യായം, സവർക്കറിന് വേറൊരു ന്യായം എന്നാണോ? അതെങ്ങിനെ ഒരേ വിഷയത്തിൽ രണ്ട് ന്യായങ്ങൾ ഉണ്ടാകും എന്നാണ് ചോദ്യം!

അവസാനമായി ഗാന്ധിവധം.

ഗാന്ധി വധത്തിൽ പിടിക്കപ്പെട്ടത് മൊത്തം 9 പേരായിരുന്നു. നാഥുറാം ഗോഡ്സേ, അയാളുടെ സഹോദരൻ ഗോപാൽ ഗോഡ്സേ, നാരായൺ ആപ്തേ, വിഷ്ണു കർക്കരേ, മദൻലാൽ പഹ്‌വാ, ശങ്കർ കിസ്തയ്യ, ദത്താത്രേയ പർസുരേ, വിനായക് ദാമോദർ സവർക്കർ എന്നിവർ. ഒരാൾ കൂടിയുണ്ട്, ദിഗംബർ ഭാഡ്ജേ. ഈ ഭാഡ്ജേ വളരെ പ്രധാനപ്പെട്ടയാളാണ്, കാരണം അയാളുടെ വാക്കുകൾ മൂലമാണ് ഗോഡ്സേയ്ക്കും സവർക്കറിനും തമ്മിലുണ്ടായ ബന്ധം വെളിച്ചത്ത് വന്നത്. ഭാഡ്ജേയുടെ കുമ്പസാരം ഇങ്ങനെയാണ്…’1948 ജനുവരിയിൽ ഞങ്ങൾ ഒരിക്കൽ സവർക്കറെ കണ്ടു. ആദ്യത്തെ കണ്ടുമുട്ടൽ ജനുവരി 14 നായിരുന്നു. ഞാൻ, നാഥുറാം, ആപ്തേ എന്നീ മൂന്ന് പേർ ബോംബേയിലുള്ള സവർക്കറിന്റെ വീട്ടിലേയ്ക്ക് പോയി. രണ്ടാമത്തെ നിലയിലായിരുന്നു അദ്ദേഹത്തിന്റെ മുറി. ഞാൻ വീടിന് പുറത്ത് നിന്നു. നാഥുറാമും ആപ്തേയും അകത്തേയ്ക്ക് പോയി. കുറച്ച് നേരം കഴിഞ്ഞ് ഇരുവരും പുറത്ത് വന്നു. ഗാന്ധിയേയും നെഹ്രുവിനേയും ഇല്ലാതാക്കണം എന്ന് അദ്ദേഹം പറഞ്ഞതായി ഗോഡ്സേ എന്നോട് പറഞ്ഞു. `Gandhi and Nehru should be finished’ എന്ന് തന്നെ മൊഴിയിൽ പറഞ്ഞിട്ടുണ്ട് ഭാഡ്ജേ. ആ ജനുവരി 14 നാണ് ഗോഡ്സേയും കൈയ്യിൽ തോക്ക് എത്തിപ്പെടുന്നത്.

അടുത്ത കണ്ടുമുട്ടൽ ജനുവരി 17 നായിരുന്നു. അപ്പോഴും അതേ മൂന്ന് പേർ തന്നെ. ഇത്തവണ ഭാഡ്ജേ, വീട്ടിനുള്ളിൽ കയറി വരാന്തയിൽ നിന്നു. 10 നിമിഷങ്ങൾ കഴിഞ്ഞ് ഗോഡ്സേയും ആപ്തേയും മുകളിലെ മുറിയിൽ നിന്നും പുറത്ത് വരുന്നത് ഭാഡ്ജേ കണ്ടു. അവർക്ക് മുമ്പിൽ നിന്ന് ഒരാൾ സംസാരിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖം ശരിക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ, അയാൾ മറാത്തിയിൽ സംസാരിക്കുന്നത് നന്നായി കേൾക്കാമായിരുന്നു. ‘വിജയിച്ച് തിരിച്ച് വാ’ എന്ന് അയാൾ പറയുന്നത് ഭാഡ്ജേ കേട്ടു. ജനുവരി 20 ന് ഗാന്ധിയെ വധിക്കാനുള്ള ഒരു ശ്രമം നടക്കുന്നു. അത് ചെയ്തത് മദൻലാൻ പഹ്‌വ ആയിരുന്നു. ‘ വിഷ്ണു കർക്കറേ സവർക്കറിന് പരിചയപ്പെടുത്തിയ ആളാണ് അയാൾ എന്ന് സവർക്കറിന്റെ സഹായികളായ രാമചന്ദ്ര കാസറും വിഷ്ണു തം‌ലേയും കൊടുത്ത മൊഴിയാണ്. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. പഹ്‌വ പിടിയ്ക്കപ്പെട്ടു. ജനുവരി 30 ന് ഗാന്ധി കൊല്ലപ്പെടുന്നു. ഗോഡ്സേയുടെ തോക്കിൽ നിന്നും പുറപ്പെട്ട വെടിയുണ്ടകൾ അത് ചെയ്തു.

ഭാഡ്ജേയെ ‘വിശ്വസിക്കാവുന്ന സാക്ഷി’ എന്നാണ് വിചാരണ കോടതിയിലെ ജഡ്ജി ആത്മ ചരൺ. എന്നാൽ, അയാളുടെ സാക്ഷിമൊഴി തെളിയിക്കാനുള്ള വസ്തുതകൾ കിട്ടിയില്ല. അതിന്റെ അടിസ്ഥാനത്തിൽ സവർക്കർ മോചിപ്പിക്കപ്പെട്ടു. വാസ്തവത്തിൽ, ഗോഡ്സേയും സവർക്കറും തമ്മിലുള്ള ബന്ധം ഗുരു-ശിഷ്യൻ തരത്തിലായിരുന്നു. ഹിന്ദു മഹാസഭ സമ്മേളനങ്ങൾക്ക് ഗോഡ്സേയേയും ആപ്തേയേയും വിളിച്ച് കൊണ്ടുപോകുന്നതിൽ വലിയ ആവേശമുണ്ടായിരുന്നു സവർക്കറിന്. പക്ഷേ, ഗാന്ധിവധത്തിന് ശേഷം ഇരുവർക്കും ഇടയിൽ അകൽച്ചയുണ്ടായി. കാരണം, സവർക്കറുടെ അവസരവാദപരമായ കുമ്പസാരം ആയിരുന്നു. ഗോപാൽ ഗോഡ്സേയുടെ വക്കീൽ ഇനാംദാർ നാഥുറാമിന്റെ അപ്പോഴത്തെ വിചാരം എന്തായിരുന്നു എന്നത് അടയാൾഅപ്പെടുത്തുന്നുണ്ട്. ‘നാഥുറാം ജയിലിൽ ഒറ്റപ്പെട്ടിരുന്നു. അയാൾക്ക് അപ്പോൾ ആവശ്യമായിരുന്നത് തന്റെ കൈകളിൽ സ്നേഹത്തോടെ സ്പർശിച്ച് സംസാരിക്കാനുള്ള അയാളുടെ ഗുരുവിൻറ്റെ വാക്കുകളായിരുന്നു. പക്ഷേ, അത് നടന്നില്ല. ആ വിഷമം ജയിലിൽ എന്നെ കണ്ടപ്പോൾ പറഞ്ഞിട്ടുണ്ട് നാഥുറാം’ എന്ന് അദ്ദേഹം പറയുന്നു.
1964 ഒക്ടോബറിൽ ഗോപാൽ ഗോഡ്സേ മോചിതനായി. അടുത്ത മാസം, അയാൾക്ക് ഒരു സ്വീകരണം നൽകപ്പെട്ടു. അതിൽ, ‘ഗാന്ധിയെ വധിക്കുന്നതിന്റെ ഗുണങ്ങൾ എനിക്ക് പറഞ്ഞു തന്നു നാഥുറാം; എന്ന് പറയുന്നു ഗോപാൽ ഗോഡ്സേ. കാര്യങ്ങൾ വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. ജഡ്ജി ജെ എസ് കപൂറിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഗാന്ധിവധം വീണ്ടും വിചാരണ ചെയ്യപ്പെടുന്നു. ഇത് നടന്നത് 1965 മാർച്ചിലായിരുന്നു. അടുത്ത വർഷം, ഫെബ്രുവരിയിൽ സവർക്കർ മരിച്ചു. ആഹാരവും വെള്ളവും മറുത്ത് വളരെ നിർബന്ധപൂർവ്വം അദ്ദേഹം ആ മരണത്തിനെ തേടിക്കൊണ്ടിരുന്നു. അദ്ദേഹം ആ തീരുമാനം എടുക്കാനുള്ള പ്രധാന കാരണം കപൂർ കമ്മിറ്റി അദ്ദേഹത്തിന്റെ ചുറ്റിവളയുകയായിരുന്നു. കുറച്ച് നാൾ കൂടെ ജീവിച്ചിരുന്നെങ്കിൽ കപൂർ സവർക്കറിനെ വിലങ്ങണിയിച്ചേനേ. കപൂറിന്റെ റിപ്പോർട്ട് ആറാം അദ്ധ്യായത്തിൽ, `Background of the accused’ എന്നൊരു ഭാഗമുണ്ട്. അതിൽ ഗാന്ധിവധത്തിൽ സവർക്കറിന്റെ പങ്ക് വിശദമായി സംസാരിക്കുന്നുണ്ട്.

എന്തിന് വേറെ? 1966 ൽ ഗോപാൽ ഗോഡ്സേയുടെ `Gandhi’s murder and I’ എന്ന പുസ്തകം ഇറങ്ങി. അതിൽ 1929 രത്നഗിരിയിൽ ആയിരുന്നപ്പോഴേ സവർക്കർക്കും നാഥൂറാമിനും തമ്മിൽ നല്ല പരിചയം ഉണ്ടായിരുന്നെന്ന് പറയുന്നു. അവർ ദിവസവും സംസാരിക്കുമായിരുന്നു എന്നും പറയുന്നു ഗോപാൽ ഗോഡ്സേ.
അപ്പോൾ ഗാന്ധിവധത്തിൽ സവർക്കർ ഏതോ ഒരു തരത്തിൽ കാരണമായിരുന്നെന്ന് തെളിയുന്നു.

ഗാന്ധിയോടുള്ള സവർക്കറിന്റെ പകയ്ക്ക് പ്രധാന കാരണം അദ്ദേഹത്തിന്റെ അഹിംസ ആയിരുൻനു. ജീവിതം മുഴുവനും `Hindu Masculinity (ഹിന്ദു വീരത)’ എന്നതിനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു സവർക്കർ, ഒരു കാര്യം അറിയാമോ? സവർക്കർ പശുവിനെ ആരാധിക്കുന്നതിനെ കടുത്ത രീതിയിൽ എതിർത്തിരുന്നു. അതിന്റെ പിന്നിൽ ബഹുവിശ്വാസത്തിനോടുള്ള താല്പര്യമാണെന്നൊന്നും കരുതേണ്ട. ‘പശുവിനെ വണങ്ങിയാൽ പശുവിനെപ്പോലെ നമ്മളും ഗാന്ധിയായിപ്പോകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അതിന്റെ കാരണം അത്രയ്ക്ക് അഹിംസ അദ്ദേഹത്തിൽ ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹം തുടക്കത്തിൽ അംഗമായിരുന്ന അഭിനവ് ഭാരത് സംഘം, അടിസ്ഥാനപരമായിത്തന്നെ അക്രമവാസനയുള്ളതായിരുന്നു. അതിൽ വളർന്ന് വന്നയാളാണ് അദ്ദേഹം! ഹിന്ദുക്കളെ വീരന്മാരുടെ ഒരു സമുദാമായിട്ടാണ് അദ്ദേഹം കണ്ടത്. ‘സ്കൂളുകളിൽ പഠനത്തിനേക്കാൾ കായികാഭ്യാസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം’ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി മാനസികമായി വേദകാലത്തിൽ ജീവിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു. അതുകൊണ്ട് അഹിംസ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.

ഇങ്ങനെയുള്ളയാൾ, വീരനായ നേതാജിയുമായി ചേർന്ന് പോകാമായിരുന്നല്ലോ എന്ന ചോദ്യം ചിലർക്കുണ്ടാകാം. ന്യായം തന്നെ. എന്നാൽ, അവിടെയാണ് ഒരു കാര്യമുള്ളത്. അതായത്, ഗാന്ധിയെപ്പോലെത്തന്നെ, നേതാജിയും വിഭജിക്കാത്ത, സെക്യുലരിസത്തിലുള്ള ഒരു ഇന്ത്യയെ സ്വപ്നം കണ്ടയാളായിരുന്നു. നേതാജിയുടെ അഹിംസയെ ഗാന്ധി സംശയിച്ചിരുന്നു എന്നതൊഴികെ, അദ്ദേഹത്തിന്റെ സെക്യുലർ വീക്ഷണങ്ങളെ ഒരിക്കലും സംശയിച്ചിരുന്നില്ല. അത് സവർക്കറിന്റെ വിഭജനസങ്കേതത്തിന് ചേരുന്നതല്ലായിരുന്നു. അതും പോരാതെ, സവർക്കർ തട്ടിൽ കളിക്കുന്നയാളുമല്ല. അദ്ദേഹം എപ്പോഴും പിന്നിലിരുന്ന് കളിക്കുന്നയാളായിരുന്നു. തോണ്ടിവിടുന്നതിൽ സമർഥൻ. `Man in the chair’ എന്ന് പറയാറില്ലേ, അത് തന്നെ.
മറ്റൊന്ന്, അദ്ദേഹം ഇന്ത്യയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടില്ല. ലണ്ടനിൽ വച്ചാണ് പിടിയിലായത്. വില്യം കർസന്റെ വധമാകട്ടെ ജാക്സന്റെ വധമാകട്ടെ, അദ്ദേഹം നേരിട്ട് ഒന്നും ചെയ്തില്ല. അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു, പദ്ധതികൾ ഉണ്ടാക്കി. ’20 തോക്കുകൾ അവർ ലണ്ടനിൽ നിന്നും ഇന്ത്യയിലേയ്ക്ക് അയച്ചു’ എന്നൊക്കെ വിവരം കിട്ടും. പക്ഷേ ഒരിടത്തും ചിത്രത്തിൽ വരാതെ സമർഥമായി ഒതുങ്ങിയിരിക്കും സവർക്കർ. അന്തമാൻ ജയിലിൽപ്പോലും തോണ്ടിവിടുന്ന ജോലി ഉഷാറായി ചെയ്തിരുന്നു. സഹതടവുകാരെ നിരാഹാരത്തിലേയ്ക്ക് തോണ്ടി വിട്ടിട്ട്, ഇദ്ദേഹം കഴിക്കാൻ ചെന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

ഇതൊക്കെയായിരുന്നു സവർക്കർ. ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. ജനങ്ങളെ വിഭജിക്കുന്ന സിദ്ധാന്തം. കളത്തിലിറങ്ങാതെ പിന്നിൽ നിന്നും കളിക്കുന്നത്, കുടുങ്ങിയാൽ പിന്തുണക്കാരനാണെങ്കിലും വിട്ടുകളയുക എന്ന് കരുതിയിരുന്ന സവർക്കർ. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ കൊണ്ടോ, പ്രവർത്തികൾ കൊണ്ടോ ഇന്ത്യയ്ക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇത്രയും പറഞ്ഞിട്ടും, ‘സവർക്കർക്ക് ഭാരതരത്നം കൊടുത്താൽ എന്താ തെറ്റ്’ എന്ന് ചോദിക്കുന്നവരോട് പറയാൻ ഒന്നുമില്ല.
കുറഞ്ഞ പക്ഷം ഒന്ന് മാത്രം അറിയാം. സവർക്കർ മുന്നിലേയ്ക്ക് വരുന്ന ഓരോ തവണയും അശോകൻ കുഴിച്ചു മൂടപ്പെടുന്നു, അദ്ദേഹത്തിന്റെ തത്വം മൂടപ്പെടുന്നു. ഒന്നാലോചിക്കാം. ലോകത്തിൽ എത്രയോ രാജ്യങ്ങളിൽ ജനാധിപത്യം വെറും സ്വപ്നമായിട്ടുള്ള അവസ്ഥയിൽ, ഇന്ത്യ മാത്രം എങ്ങിനെ അതിനെ ഇപ്പോഴും നിലനിർത്തുന്നത്? കാറ്റടിച്ചാലും മഴ പെയ്താലും ഇന്ത്യയുടെ ജനാധിപത്യദീപം എരിഞ്ഞുകൊണ്ടേയിരിക്കുന്നത് എങ്ങിനെ? കാരണം ചെറുതാണ്. ഇന്ത്യയിൽ സാമ്പ്രദായികമായിത്തന്നെ ജനാധിപത്യത്തിന്റെ കയറുകൾ മുറുകെ കെട്ടിയിരിക്കുന്നു. അത് കെട്ടിയത് മഹാ ചക്രവർത്തി അശോകനാണ്. അദ്ദേഹവും ഒരു രാജാവായിരുന്നു, പക്ഷേ മറ്റു രാജാക്കന്മാരിൽ നിന്നും അശോകൻ വ്യത്യസ്തനാകുന്നത് എവിടെയാണെന്നോ? ജനങ്ങളുടെ മേലുള്ള അഭിമാനത്തിന്റെ കാര്യത്തിൽ വ്യത്യസ്തനാകുന്നു അദ്ദേഹം. പാരമ്പര്യവുമായി ചേർന്ന് മുൻ‌കൈ എടുത്ത് പോകുന്നതിൽ, കലിംഗയിൽ ദയാ നദിക്കരയിൽ മരിച്ചു വീണ മനുഷ്യശരീരങ്ങൾ കണ്ട്, ‘ഞാനെന്താണ് ചെയ്തത്…’ എന്ന് കരയുന്ന ശബ്ദത്തിൽ വ്യത്യസ്തനാകുന്നു.

അതേ, ഈ നാട് അശോകന്റെ തത്വത്താൽ നിർമ്മിക്കപ്പെട്ടതാണ്. ‘ ചരിത്രത്തിൽ നിറഞ്ഞ് നിൽക്കുന്ന എത്രയോ യോദ്ധാക്കളുടെ പേരുകൾക്കിടയിൽ അശോക്കൻ മാത്രം ഒരു വ്യാഴനക്ഷത്രം പോലെ തനിച്ച് തിളങ്ങുന്നു’ എന്ന് പണ്ഠിതനായ എച്ച് ജി വെത്സ് പറഞ്ഞല്ലോ, അതേ അശോകന്റെ തത്വം കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇത് മനസ്സിലായതാണ് ശിവാജിയെ ഇടതുവശവും അക്ബറിനെ വലതുവശത്തും മാറ്റി നിർത്തി, നെഹ്രു അശോകനെ ഇന്ത്യയുടെ അടയാളമാക്കിയത്. ധർമ്മ, സത്കർമ്മങ്ങളെ പ്രതിനിധീകരിക്കുന്ന ആ സിംഹത്തലയെ ഇന്ത്യയുടെ ചിഹ്നമാക്കി, ‘ഉയരട്ടെ അദ്ദേഹത്തിന്റെ വേദം. ഏത് വീടും എന്റെ വീടെന്ന് പറഞ്ഞ അശോകവേദം’ എന്ന് നെഹ്രു പറഞ്ഞപ്പോൾ, ഭാരതമാതാവ് സന്തോഷത്താൽ തുള്ളിച്ചാടി. സവർക്കറിന്റെ നേർച്ച, അവളുടെ ആ സന്തോഷത്തിനെ തീർച്ചയായും ഇല്ലാതാക്കും. 2000 വർഷങ്ങളായി ഈ മണ്ണിൽ ഊറിനിറഞ്ഞ്രിക്കുന്ന മഹത്വത്തിനെ, അത് 20 വർഷങ്ങൾ കൊണ്ട് നശിപ്പിക്കും.

അശോകനെത്തന്നെ കുഴിച്ച് മൂടുന്നുവെങ്കിൽ, ഗാന്ധി ഒപ്പമുണ്ടാവില്ല, നെഹ്രുവും മാറി നിൽക്കും. അംബേദ്കറും കൈവിടും. ഇത് ഉണ്ടാക്കാൻ പോകുന്ന വിളയെടുപ്പിനെ നമുക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കില്ല. ഹിറ്റ്‌ലറിന്റെ ജർമ്മനിയായി, നെതന്യാഹുവിന്റെ ഇസ്രായേൽ ആയി ഈ നാട് മാറിയ ശേഷമേ നമുക്ക് ആ വെളിപാടുണ്ടാകുകയുള്ളൂ. അപ്പോഴേയ്ക്കും എല്ലാം കൈവിട്ട് പോയിട്ടുണ്ടാകും. നമുക്കായുള്ള ഗംഗകളെ അന്വേഷിച്ച് നാം അലയാൻ തുടങ്ങിയിട്ടുണ്ടാകും. മൂക്കിൽ കയറി നമ്മളെ ചിതറിക്കളയുന്ന രക്തത്തിന്റെ ഒഴുക്കിനെ നമുക്ക് തടയാൻ കഴിയില്ല. അത് വീടോ, ഓഫീസോ, ബസ്സോ, തീവണ്ടിയോ ആകട്ടെ, നമ്മൾ പരസ്പരം മുഖം നോക്കിയിരിക്കും. കഴിക്കാൻ പോയാൽ പ്ലേറ്റിൽ മുസ്ലിം കുട്ടികളുടെ തകർക്കപ്പെട്ട എല്ലുകൾ ഭക്ഷണമായി ലഭിക്കും. ഉറങ്ങാൻ പോയാൽ ക്രിസ്ത്യാനിക്കുട്ടിയുടെ ഉരിച്ചെടുത്ത തോൽ വിരിയായി കിട്ടും. പേടിച്ചോടി പുറത്ത് വന്ന് ആകാശം നോക്കി നമ്മൾ അലറും, ‘അയ്യോ, അപ്പോഴേ മനസ്സിലാക്കിയില്ലല്ലോ’ എന്ന്. അത് കേൾക്കാനും അപ്പോൾ ആരുമുണ്ടാവില്ല. മനുഷ്യരെ മതങ്ങൾ കൊണ്ടും ഇനംകൊണ്ടും വിഭജിച്ച് രാഷ്ട്രീയം കളിക്കുന്നവരുടെ പിന്നിൽ നിന്ന എല്ലാവർക്കും അവസാനം ശേഷിക്കുന്നത്, അവസാനിക്കാത്ത പഴികളും നിശ്ചലഭാവവുമായിരിക്കും.

അത് മതി നമുക്കെങ്കിൽ, സവർക്കറിന് ഭാരതരത്നം കൊടുക്കാം. പിന്നെ ഗോൾവാൽക്കർക്കും, അവസാനം ഗോഡ്സേയ്ക്കും!