Share The Article

എഴുതിയത്  : Sham Muhammed

ഹോമിയോപ്പതി-സത്യവും മിഥ്യയും

മതസംഹിതകള്‍ പോലെയാണ്‌ ഒരര്‍ത്ഥത്തില്‍ ഹോമിയോപ്പതിയും. മാറ്റമില്ല. മൂന്നു നൂറ്റാണ്ടുകാലം ശാസ്‌ത്രത്തിനുണ്ടായ വികസത്തോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്പ്‌. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത്‌ മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുന്നതായി കാണാം

ബ്രിട്ടീഷ്‌ ഗവേഷണ വാരികയായ ‘ലാന്‍സെറ്റ്‌’ 2005 ആഗസ്‌ത്‌ 26-ന്റെ ലക്കത്തില്‍ ഒരു പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ഹോമിയോ ഔഷധങ്ങള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നതായിരുന്നു ആ പഠനം. യൂറോപ്പിലെ മൂന്നു പ്രമുഖ സര്‍വകലാശാലകള്‍ (ബെര്‍ണെ സര്‍വകലാശാല, സൂറിച്ച്‌ സര്‍വകലാശാല, ബ്രിസ്റ്റോള്‍ സര്‍വകലാശാല) സംയുക്തമായാണ്‌ പഠനം നടത്തിയത്‌.

വിവിധ രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടിന്നിട്ടുള്ള 110 പരീക്ഷണങ്ങളുടെ ഫലങ്ങളും, അതേ രോഗങ്ങള്‍ക്ക്‌ ആധുനിക ഔഷധങ്ങളുപയോഗിച്ച്‌ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളും താരതമ്യം ചെയ്‌തായിരുന്നു പഠനം. ബെര്‍ണെ സര്‍വകലാശാലയിലെ സാംഖികശാസ്‌ത്ര (സ്റ്റാറ്റിസ്റ്റിക്‌സ്‌) വിദഗ്‌ധനായ മാത്തിയാസ്‌ ഇഗ്ഗര്‍ ആണ്‌ ഈ താരതമ്യ പഠനത്തിന്‌ മേല്‍നോട്ടം വഹിച്ചത്‌. പ്രത്യേകിച്ച്‌ ഔഷധഗുണങ്ങളൊന്നുമില്ലാത്ത `ഡമ്മിഔഷധങ്ങളു'(പ്ലാസിബോ)ടെ ഫലമേ ഹോമിയോമരുന്നുകള്‍ നല്‍കുന്നുള്ളൂ എന്നയിരുന്നു ഗവേഷകര്‍ എത്തിയ നിഗമനം (മരുന്നു കഴിക്കുന്നു എന്ന വിശ്വാസം മൂലമുള്ള ഫലം മാത്രമാണ്‌ `പ്ലാസിബോ’കള്‍ നല്‍കുക).

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഭാഷയില്‍ എഴുതപ്പെട്ട ഒരു എഡിറ്റോറിയലും `ലാന്‍സെറ്റ്‌’ പ്രസിദ്ധീകരിച്ചു. “തങ്ങളുടെ മുന്നിലെത്തുന്ന രോഗികളോട്‌ ഇനിയെങ്കിലും സത്യം തുറന്നു പറയാന്‍ ഡോക്‌ടര്‍മാര്‍ തയ്യാറാകണം; ഈ മരുന്നു കഴിക്കുന്ന നിങ്ങള്‍ സമയം പാഴാക്കുകയാണെന്ന്‌”-`ഹോമിയോപ്പതിയുടെ അന്ത്യം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ `ലാന്‍സെറ്റ്‌’ എഴുതി.

ലോകത്താകമാനം 50 കോടി പേര്‍ ആശ്രയിക്കുന്ന ചികിത്സാമാര്‍ഗമാണ്‌ ഹോമിയോപ്പതി. അതില്‍ ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങളും പ്രഭുക്കന്‍മാരും രാഷ്‌ട്രത്തലവന്‍മാരും മുതല്‍ സാധാരണക്കാര്‍വരെ ഉള്‍പ്പെടുന്നു. ലോകത്ത്‌ കുറഞ്ഞത്‌ ഒരു ലക്ഷം ഡോക്‌ടര്‍മാര്‍ ഹോമിയോപ്പതി പ്രാക്‌ടീസ്‌ ചെയ്യുന്നു എന്നാണ്‌ കണക്ക്‌. ഡസന്‍ കണക്കിന്‌ സര്‍വകലാശാലകളും കോളേജുകളും ഈ സമന്തര ചികിത്സാസമ്പ്രദായത്തില്‍ കോഴ്‌സുകള്‍ നടത്തുന്നു. ആധുനിക ഔഷധങ്ങളുടെ അത്രയ്‌ക്കു വരില്ലെങ്കിലും, ഹോമിയോപ്പതി മരുന്നു കച്ചവടവും കോടികളുടെ ബിസിനസ്സാണ്‌. അങ്ങനെയുള്ള ഒരു ചികിത്സാരീതിയെപ്പറ്റി ഇത്തരത്തില്‍ എഴുതണമെങ്കില്‍ അസാധാരണ ധൈര്യം വേണമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

സ്വാഭാവികമായും ‘ലാന്‍സെറ്റി’ന്റെ റിപ്പോര്‍ട്ടിനെതിരെ ഹോമിയോപ്പതി രംഗത്തുള്ളവര്‍ രംഗത്തെത്തി. ഇത്തരമൊരു കുലീന പ്രസിദ്ധീകരണം ഇങ്ങനെയൊരു റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌ ശരിയായില്ല എന്ന്‌ ബ്രിട്ടീഷ്‌ ഹോമിയോപ്പതി അസോസിയേഷന്‍ അന്തസ്സോടെ പ്രതികരിച്ചപ്പോള്‍, കേരളത്തിലെ പ്രസ്സ്‌ക്ലബ്ബുകളിലാകെ ഹോമിയോ സംഘടനാ നേതാക്കള്‍ വാര്‍ത്തസമ്മേളനം നടത്തി, ലാന്‍സെറ്റ്‌ റിപ്പോര്‍ട്ടിന്‌ ആധികാരികതയില്ല എന്ന്‌ പ്രഖ്യാപിച്ചു! ഔഷധക്കമ്പനികള്‍ക്കു വിടുപണി ചെയ്യുകയാണ്‌ ലാന്‍സെറ്റ്‌ എന്നും, ലാന്‍സെറ്റ്‌ മെഡിക്കല്‍ രംഗത്തെ ആധികാരിക പ്രസിദ്ധീകരണമല്ല എന്നുമൊക്കെ ആരോപിക്കപ്പെട്ടു. ‘അലോപ്പതി’ക്കാരുടെ ഗൂഢാലോചനയാണിതെന്നും വാദമുണ്ടായി.

ഹോമിയോപ്പതിക്കെതിരെ എന്തു വിമര്‍ശനമുണ്ടാകുമ്പോഴും ‘അലോപ്പതി’ക്കാരാണ്‌ അതിന്‌ പിന്നിലെന്നത്‌ പതിവായി ഉയരുന്ന ആരോപണമാണ്‌. ഹോമിയോ വിദഗ്‌ധര്‍ സാധാരണ ഉന്നയിക്കാറുള്ള അവകാശവാദങ്ങളുടെ കഥ പോലെ, ഇത്തരം ആരോപണങ്ങള്‍ക്കും തെളിവ്‌ ഹാജരാക്കാറില്ല. ഈ സാഹചര്യത്തില്‍ ‘ലാന്‍സെറ്റ്‌’ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതു തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി ഔഷധങ്ങള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ ഇല്ലയോ എന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയ തര്‍ക്കമല്ല. മൂന്ന്‌ നൂറ്റാണ്ടു മുമ്പ്‌ ജര്‍മന്‍ ഭിഷഗ്വരനായ സാമുവേല്‍ ഹാനിമാന്‍(1755-1843) ഈ ചികിത്സാപദ്ധതി ആവിഷ്‌ക്കരിച്ച കാലം മുതല്‍ ഇത്തരമൊരു തര്‍ക്കം നിലനില്‍ക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും തൃപ്‌തികരമായ ഉത്തരം ഉണ്ടായിട്ടുമില്ല.

ഹോമിയോപ്പതി മരുന്നുകള്‍ ഫലം ചെയ്യുമോ എന്ന സംശയത്തിന്‌ ആധുനികവൈദ്യശാസ്‌ത്രത്തെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമുണ്ടോ? ഹോമോഔഷധങ്ങള്‍ക്കു ഗുണമില്ലെന്ന്‌ പഠനങ്ങളില്‍ തെളിയുന്നതിന്റെ കുറ്റം ഹോമിയോപ്പതിയുടേതല്ല, ശാസ്‌ത്രത്തിന്റേതാണെന്നാണ്‌ പലപ്പോഴും ഉന്നയിക്കപ്പെടുന്ന വിചിത്ര വാദഗതി. ഇത്തരം വാദങ്ങളുടെ കാരണവും പ്രേരണയും തേടിപ്പോയാല്‍ ഹോമിയോപ്പതിയുടെ പിറവി തന്നെ വസ്‌തുനിഷ്‌ഠമായ പഠനങ്ങളുടെയോ, യുക്തിപരമായ തീര്‍പ്പുകളുടെയോ അടിസ്ഥാനത്തിലല്ല ഉണ്ടായതെന്ന സാമാന്യ നിഗമനത്തിലാകും എത്തുക.

മൂന്നു നൂറ്റാണ്ട്‌ മുമ്പാണ്‌ ഹോമിയോപ്പതിയുടെ തുടക്കം. അന്നത്തെ പ്രാകൃതമായ ചികിത്സാരീതിയില്‍ മനംനൊന്ത ഡോ. ഹനിമാന്‍ രൂപപ്പെടുത്തിയ ചികിത്സാരീതിയാണിത്‌. തികച്ചും വ്യക്തിപരമായ അനുഭവങ്ങളുടെയും ആത്മനിഷ്‌ഠാപരമായ നിഗമനങ്ങളുമാണ്‌ അദ്ദേഹത്തെ ഇതിന്‌ പ്രേരിപ്പിച്ചത്‌. മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ, രോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നോ, ഔഷധങ്ങള്‍ ശരീരത്തില്‍ എന്തുഫലമാണുണ്ടാക്കുകയെന്നോ അറിയാത്ത കാലത്താണ്‌ ഹനിമാന്‍ തന്റെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ശരീരത്തിലെ `പ്രകൃതവീര്യങ്ങളു’ (humors)ടെ ദോഷം കൊണ്ടാണ്‌ രോഗം വരുന്നതെന്നാണ്‌ അന്ന്‌ വിശ്വസിച്ചിരുന്നത്‌.

ഐസക്‌ ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിളാണ്‌ ആധുനിക ഭൗതികശാസ്‌ത്രത്തിന്റെ അടിസ്ഥാന സങ്കല്‍പമായ ഗുരുത്വാകര്‍ഷണ ബലത്തെപ്പറ്റി അദ്ദേഹത്തിന്‌ വെളിപാട്‌ നല്‍കിയതെന്നാണ്‌ കഥ. ജസ്യൂട്ട്‌ പാതിരിമാര്‍ മലമ്പനിക്കുള്ള ഔഷധമായി 1632-ല്‍ പെറുവില്‍ നിന്ന്‌ യൂറോപ്പിലേക്കു കൊണ്ടുവന്ന സിങ്കോണ മരത്തിന്റെ തൊലിയാണ്‌ ഹോമിയോപ്പതിയുടെ കാര്യത്തില്‍ `ന്യൂട്ടന്റെ ആപ്പിളാ’യത്‌. 1700-കളുടെ അവസാനമാണ്‌ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഡോ.ഹനിമാന്‍ രൂപപ്പെടുത്തുന്നത്‌. സിങ്കോണ സത്ത്‌ തിന്ന അദ്ദേഹത്തിന്‌, മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും, `ഒരു പ്രത്യേക രോഗത്തിനുള്ള മരുന്ന്‌ ആരോഗ്യവാനായ ഒരാള്‍ കഴിച്ചാല്‍ അതേ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടു’മെന്ന നിഗമനത്തില്‍ അതുവഴി അദ്ദേഹം എത്തിയെന്നുമാണ്‌ ചരിത്രം. `സദൃശം സദൃശത്തെ ഭേദപ്പെടുത്തു’മെന്ന ഹോമിയോപ്പതിയിലെ അടിസ്ഥാനനിയമം (“law of similars”) ഇതില്‍ നിന്നാണ്‌ ഡോ.ഹനിമാന്‍ രൂപപ്പെടുത്തിയതെന്നു കരുതുന്നു.

സിങ്കോണ തൊലിയില്‍ രണ്ട്‌ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്‌-ക്വിനീനും(quinine) സിങ്കോനിഡൈനും (cinchonidine). ഇതില്‍ ക്വിനീന്‍, ചിലരുടെ കാര്യത്തില്‍ അലര്‍ജിയുണ്ടാക്കുന്ന രാസവസ്‌തുവാണ്‌. അലര്‍ജിയുള്ളവര്‍ ഇത്‌ കഴിച്ചാല്‍ ശക്തമായ പനിയുടെ ലക്ഷണങ്ങളും മറ്റ്‌ ശാരീരിക അസ്വസ്ഥതകളും പ്രത്യക്ഷപ്പെട്ടേക്കാം. പ്രശസ്‌തമായ ‘സിങ്കോണടെസ്റ്റി’ലെ ലക്ഷണങ്ങള്‍ പിന്നീട്‌ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത്‌ ക്വിനീന്‍ അലര്‍ജിയുള്ളവരുടെ കാര്യത്തില്‍ മാത്രമാണെ സത്യം പരിഗണിച്ച്‌, പില്‍ക്കാലത്ത്‌ ഡോ.വില്യം ഇ.തോമസിനെപ്പോലുള്ള വിദഗ്‌ധര്‍ എത്തിച്ചേര്‍ നിഗമനം ഇതാണ്‌ – സിങ്കോണ സത്ത്‌ തിന്നപ്പോള്‍ ഡോ. ഹനിമാന്‍ അനുഭവിച്ചത്‌ മലമ്പനിയുടെ ലക്ഷണങ്ങളല്ല, മറിച്ച്‌ ക്വിനീന്‍ അലര്‍ജിയാണ്‌. അപ്പോള്‍ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വം തന്നെ ഡോ.ഹനിമാന്‍ മൂന്നു നൂറ്റാണ്ട്‌ മുമ്പ്‌ അനുഭവിച്ച അലര്‍ജിക്ക്‌ മുകളിലാണ്‌ (അത്‌ അലര്‍ജിയാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞതയ്‌ക്ക്‌ മേലാണ്‌) കെട്ടിപ്പൊക്കിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കാം.

അക്കാലത്ത്‌ നിലനിന്നിരുന്ന ഔഷധങ്ങള്‍ ചെറിയ അളവില്‍ രോഗശമനത്തിന്‌ ഉപയോഗിക്കുകയാണ്‌ ആദ്യമൊക്കെ ഡോ.ഹനിമാന്‍ ചെയ്‌തത്‌. എന്നാല്‍, ശരീരത്തിന്‌ സ്വയം രോഗം ശമിപ്പിക്കാനാകുമെന്നും, അതിനുവേണ്ട ഉത്തേജനം നല്‍കാനായി വളരെ ചെറിയ അളവില്‍ മാത്രമേ ഔഷധങ്ങള്‍ വേണ്ടൂ എന്നും അദ്ദേഹം പിന്നീട്‌ നിരൂപിച്ചു. അതനുസരിച്ച്‌ ഔഷധങ്ങള്‍ക്ക്‌ `നേര്‍പിക്കുന്തോറും വീര്യം കൂടു’മെന്ന ഹോമിയോപ്പതിയുടെ മറ്റോരു പ്രധാന നിയമം(“law of infinitesimals”) ഡോ.ഹനിമാന്‍ രൂപപ്പെടുത്തി. എത്ര നേര്‍പ്പിക്കുന്നോ അത്രയും വീര്യം കൂടുമത്രേ. വെള്ളമുപയോഗിച്ച്‌ (ചിലയവസരങ്ങളില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചും) ഔഷധം നേര്‍പ്പിക്കുമ്പോള്‍ തന്നെ അത്‌ ശക്തിയായി ആവര്‍ത്തിച്ച്‌ കുലുക്കുകയും വേണം. അപ്പോള്‍ ഔഷധവീര്യം ജലത്തിലേക്കു വ്യാപിക്കുകയും, നിലനില്‍ക്കുകയും ചെയ്യും എന്നാണ്‌ ഹനിമാന്‍ വിശ്വസിച്ചത്‌ (ഇത്‌ വെള്ളത്തിന്റെ `ഓര്‍മശക്തി’ മൂലമാണെ്‌ ഡോ.ഹനിമാന്റെ പിന്‍ഗാമികള്‍ വിശദീകരിച്ചു). ധാതുക്കളും സസ്യഭാഗങ്ങളുമൊക്കെ ഉപയോഗിച്ചുള്ള മൂവായിരത്തോളം മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ഇന്നുപയോഗിക്കുന്നുണ്ട്‌. ഇവയില്‍ മിക്കവയും ഡോ.ഹനിമാന്‍ പറഞ്ഞ നേര്‍പ്പിക്കല്‍ നിയമപ്രകാരം നിര്‍മിക്കുന്നവയാണ്‌.

ഈ നേര്‍പ്പിക്കലിന്റെ കാര്യം പരിശോധിക്കുമ്പോഴാണ്‌, ഹോമിയോപ്പതി എന്തുകൊണ്ട്‌ വിവാദവിഷയമായി തുടരുന്നു എന്ന്‌ ഒന്നുകൂടി വ്യക്തമാവുക. പ്രധാനമായും രണ്ടു തരത്തിലാണ്‌ ഹോമിയോ ഔഷധനിര്‍മാണത്തില്‍ നേര്‍പ്പിക്കല്‍ നടക്കുന്നത്‌; ഒന്നിന്‌ പത്ത്‌ എന്ന കണക്കിനും (ഇതിനെ റോമന്‍ ലിപിയായ X കൊണ്ട്‌ സൂചിപ്പിക്കുന്നു), ഒന്നിന്‌ നൂറ്‌ എകണക്കിനും (ഇതിനെ റോമന്‍ലിപിയായ C കോണ്ട്‌ സൂചിപ്പിക്കുന്നു). ഇതില്‍ ആദ്യത്തേതില്‍ ഒരു ഭാഗം ഔഷധദ്രവ്യത്തെ ഒമ്പത്‌ ഭാഗം വെള്ളത്തില്‍ ലയിപ്പിക്കുന്നു(1X). അതില്‍ ഒരു ഭാഗത്തെ വീണ്ടും ഒമ്പതുഭാഗം വെള്ളത്തില്‍ നേര്‍പ്പിക്കുന്നു(2X). അഭികാമ്യമായ `വീര്യം’ ലഭിക്കും വരെ ഈ നേര്‍പ്പിക്കല്‍ തുടരുന്നു. ഗണിതശാസ്‌ത്ര രീതിയില്‍ ഈ നേര്‍പ്പിക്കലിനെ 1X=1/10, 3X=1/1000, 6X=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം.

രണ്ടാമത്തെ മാര്‍ഗത്തില്‍ ഒരു ഭാഗം ഔഷധത്തെ തൊണ്ണൂറ്റൊമ്പത്‌ ഭാഗം വെള്ളത്തിലാണ്‌ ലയിപ്പിക്കുക(1C). അങ്ങനെ കിട്ടുന്ന ലായനിയില്‍ ഒരുഭാഗത്തെ വീണ്ടും തൊണ്ണൂറ്റൊമ്പത്‌ ഭാഗം വെള്ളവുമായി നേര്‍പ്പിക്കുന്നു(2C). ആവശ്യമായ വീര്യം ലഭിക്കും വരെ ഇത്‌ ആവര്‍ത്തിക്കുന്നു. ഇതിനെ 1C=1/100, 2C=1/10,000, 3C=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം. ഹോമിയോപ്പതിയിലെ സാധാരണ ഔഷധങ്ങള്‍ 6X മുതല്‍ 30X വരെ നേര്‍പ്പിക്കലിന്‌ വിധേയമാക്കിയവയാണ്‌. 30C -യോ അതിലേറെയോ നേര്‍പ്പിക്കലിന്‌ വിധേയമായ മരുന്നുകളും വിപണിയിലുണ്ട്‌.

ഒരു 30X മരുന്നെന്നു പറഞ്ഞാല്‍ എന്താണ്‌ അര്‍ത്ഥമെന്നറിയാമോ; ഒരു ഭാഗം ഔഷധദ്രവ്യത്തെ 1,000,000,000,000,000,000,000,000,000,000 ഭാഗം വെള്ളവുമായി ചേര്‍ത്തതിന്‌ തുല്യം. ഒരു ഘനസെന്റിമീറ്റര്‍ വെള്ളത്തില്‍ 15 തുള്ളികളുണ്ടെന്നു കണക്കാക്കിയാല്‍, മേല്‍ സൂചിപ്പിച്ച സംഖ്യയുടെ അത്രയും തുള്ളി വെള്ളം കൊള്ളണമെങ്കില്‍ ഭൂമിയുടേതിന്‌ അമ്പത്‌ മടങ്ങ്‌ വലുപ്പമുള്ള ഒരു ടാങ്ക്‌ വേണ്ടിവരും. 30X ഔഷധത്തിന്റെ കാര്യത്തില്‍, ഇത്രയും തുള്ളി വെള്ളത്തില്‍ ഒരു തുള്ളി ഔഷധമാണ്‌ ലയിച്ചിരിക്കുക. ഹോമിയോപ്പതി നിയമപ്രകാരം ആ വെള്ളത്തിന്‌ മുഴുവന്‍ ഔഷധഗുണം ലഭിക്കുകയും ചെയ്യും!

അങ്ങനെയെങ്കില്‍ 30C വീര്യമുള്ള ഔഷധത്തിന്റെ കാര്യമോ? ഇതില്‍ തുള്ളികളുടെ കണക്കെടുത്താല്‍, ഒരു തുള്ളി ഔഷധം ലയിച്ചിരിക്കേണ്ടത്‌ എത്രമാത്രം വെള്ളത്തിലാണെന്നറിയാമോ? ഭൂമിയുടേതിന്‌ 30,000,000,000 മടങ്ങ്‌ വലുപ്പമുള്ള ടാങ്കില്‍ നിറയുന്നത്ര വെള്ളത്തില്‍. ഔഷധഗുണം ഓര്‍ത്തിരിക്കേണ്ടത്‌ വെള്ളത്തിന്റെ കടമയും! ഇനി മറ്റൊരു തരത്തില്‍ ഈ വസ്‌തുതയെ സമീപിച്ചു നോക്കാം. 30X വീര്യമുള്ള ഹോമിയോ മരുന്നു കഴിക്കുന്നയാള്‍ക്ക്‌, താന്‍ കഴിക്കുന്ന ഹോമിയോഗുളികയില്‍ ഒരു ഔഷധ തന്മാത്രയെങ്കിലും (സാധാരണ ഗതിയില്‍ ഏതൊരു രാസവസ്‌തുവിന്റെയും ഏറ്റവും ചെറിയ യൂണിറ്റാണല്ലോ തന്മാത്ര) ഉണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ എന്തുചെയ്യണം. പ്രശസ്‌ത അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ എല്‍.പാര്‍ക്ക്‌ നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍ അനുസരിച്ച്‌ കുറഞ്ഞത്‌ 200 കോടി ഗുളികയെങ്കിലും കഴിക്കണം!

പനിക്കും സമാന ലക്ഷണങ്ങള്‍ക്കും ഉപയോഗിക്കുന്ന ഒരു ഹോമിയോമരുന്നാണ്‌ `ഓസില്ലോകോക്‌സിനം'(Oscillococcinum). ഒരു 200C ഉത്‌പന്നമാണിത്‌. പുതുതായി കൊന്നെടുത്ത താറാവിന്റെ കരളിന്റെയും ചങ്കിന്റെയും വളരെ ചെറിയൊരു ഭാഗം പല പ്രക്രിയകളില്‍ കൂടി മാറ്റിയുണ്ടാക്കുന്ന ഔഷധദ്രവ്യത്തെ നേര്‍പ്പിച്ചുണ്ടാക്കുന്ന മരുന്നാണിത്‌. താറാവിന്റെ കരളിന്റെയോ ചങ്കിന്റെയോ ഒരു തന്മാത്ര ഒന്നു കഴിഞ്ഞ്‌ 400 പൂജ്യമിട്ടാല്‍ കിട്ടുന്ന അത്രയും ജലതന്മാത്രകളുമായി എന്ന തോതില്‍ ലയിച്ചുണ്ടാകുന്ന മരുന്നാണിത്‌. (പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ’ണ്‌. അത്‌ ഒന്നിനു ശേഷം നൂറ്‌ പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്‌. അതിലും വലുതാണ്‌ മേല്‍പ്പറഞ്ഞ സംഖ്യയെന്നോര്‍ക്കുക). 1996-ല്‍ ഈ മരുന്നിന്റെ ആഗോള വില്‍പന 200 ലക്ഷം ഡോളറിന്റേത്‌ (ഏതാണ്ട്‌ 88 കോടി രൂപ) ആയിരുന്നു. ഈ മരുന്നിന്റെ നിര്‍മാണത്തിന്‌ ഒരു വര്‍ഷം വേണ്ടത്‌ വെറും ഒരു താറാവ്‌ മാത്രം! അതുകൊണ്ട്‌ 1997 ഫിബ്രവരി 17-ന്റെ `യു.എസ്‌. ന്യൂസ്‌ ആന്‍ഡ്‌ വേള്‍ഡ്‌ റിപ്പോര്‍ട്ട്‌’ ഈ മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന താറാവിനെ വിശേഷിപ്പിച്ചത്‌ `20 മില്ല്യണ്‍ ഡോളര്‍ ഡക്ക്‌’ എന്നായിരുന്നു!

ഹോമിയോപ്പതി മരുന്നുകള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നു കണ്ടെത്താന്‍ നടന്നിട്ടുള്ള പഠനങ്ങള്‍ എന്തുകൊണ്ട്‌ വിവാദത്തില്‍ കലാശിക്കുന്നു എന്ന ചോദ്യത്തിന്‌, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉത്തരമാകുന്നു. ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുന്നുള്ളൂ എന്ന `ലാന്‍സെറ്റ്‌’ റിപ്പോര്‍ട്ട്‌, ഇത്തരത്തില്‍ ആദ്യത്തേതായിരുന്നില്ല. ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടന്ന 40 പരീക്ഷണഫലങ്ങളെ സാധാരണ ഔഷധങ്ങളുപയോഗിച്ചു നടന്ന പരീക്ഷണങ്ങളുമായി താരതമ്യം ചെയ്‌ത്‌ 1990-ല്‍ `റിവ്യൂ ഓഫ്‌ എപിഡിമിയോളജി’ പ്രസിദ്ധീകരിച്ച പഠനവും പറഞ്ഞത്‌ മറ്റൊന്നല്ല. ഫാര്‍സ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങളെ വിലയിരുത്തുകയും അവയുടെ ഫലങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്യുന്ന ഫ്രഞ്ച്‌ ജേര്‍ണലാണ്‌ `പ്രിസ്‌ക്രൈര്‍ ഇന്റര്‍നാഷണല്‍’. 1995-ല്‍ ആ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു ഔഷധപഠന അവലോകനം പറയുന്നതിങ്ങനെയാണ്‌: “വളരെയേറെ പഠനങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ടെങ്കിലും, പ്ലാസിബോ നല്‍കുന്ന ഫലമല്ലാതെ അതില്‍ കൂടുതല്‍ എന്തെങ്കിലും ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുന്നു എന്നതിന്‌ തെളിവില്ല”. ഇതുപോലെ, ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുുള്ളൂ എന്ന്‌ വ്യക്തമാക്കുന്ന ഒട്ടേറെ പഠനഫലങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌.

കമ്മീഷന്‍ ഓഫ്‌ ദി യൂറോപ്യന്‍ കമ്മ്യൂണിറ്റീസ്‌ ചുമതലപ്പെടുത്തിയ വിദഗ്‌ധസമിതിയായ `ഹോമിയോപ്പതിക്‌ മെഡിസിന്‍ റിസേര്‍ച്ച്‌ ഗ്രൂപ്പ്‌'(എച്ച്‌.എം.ആര്‍.ജി) 1996 ഡിസംബറില്‍ ഒരു ബൃഹത്തായ റിപ്പോര്‍ട്ട്‌ പുറത്തിറക്കി. നിയന്ത്രിതമായ നിലയില്‍ നടന്ന ഹോമിയോപ്പതി പരീക്ഷണങ്ങളുടെ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാനുള്ളതുമായ പഠനറിപ്പോര്‍ട്ടുകള്‍ വിലയിരുത്തുകയായിരുന്നു ആ ഗ്രൂപ്പിന്റെ കര്‍ത്തവ്യം. ഹോമിയോപ്പതി ഡോക്‌ടര്‍മാരും, ക്ലിനിക്കല്‍ ഗവേഷണത്തില്‍ വൈദഗ്‌ധ്യം നേടിയവരും, ജൈവസാംഖിക വിഗ്‌ധരും ഉള്‍പ്പടെ ഈ രംഗത്തിന്റെ ഒരു പരിഛേദം തന്നെ ആ ഗ്രൂപ്പിലുണ്ടായിരുന്നു.

ഹോമിയോപ്പതിയുടെ ഫലപ്രാപ്‌തിയെ സംബന്ധിച്ച 184 പഠനറിപ്പോര്‍ട്ടുകള്‍ ആ വിദഗ്‌ധഗ്രൂപ്പ്‌ പരിശോധിച്ചു. പരിഗണിക്കാന്‍ യോഗ്യതയുള്ള രീതിയില്‍ നടത്തപ്പെട്ട 17 റിപ്പോര്‍ട്ടുകളേ അതില്‍ അവര്‍ക്ക്‌ കണ്ടെത്താനായുള്ളൂ എന്ന്‌ അന്തിമ റിപ്പോര്‍ട്ട്‌ പറയുന്നു. അവയില്‍ ചില റിപ്പോര്‍ട്ടുകളില്‍ പ്ലാസിബോയെക്കാള്‍ കൂടുതല്‍ ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുതായി കാണിച്ചിരുന്നു. പക്ഷേ, ഈ 17 പഠനത്തിലും പങ്കെടുത്തവരുടെ എണ്ണം തുച്ഛമായിരുന്നു. അതിനാല്‍ അവയുടെ ഫലം ശാസ്‌ത്രീയമായി മുഖവിലയ്‌ക്കെടുക്കാന്‍ കഴിയാത്തതാണെന്ന്‌ സംഘം വിലയിരുത്തി. എന്നുവെച്ചാല്‍, ഭൂരിപക്ഷം ഹോമിയോ ഗവേഷണങ്ങളും ശാസ്‌ത്രീയമായി വിലയിരുത്തപ്പെടാന്‍ യോഗ്യതയില്ലാത്തവയായിരുന്നു എന്നാണ്‌ ഹോമിയോ വിദഗ്‌ധര്‍ ഉള്‍പ്പെട്ട സമിതിയെത്തിയ നിഗമനം എന്നു സാരം.

മതതത്ത്വങ്ങള്‍ പോലെയാണ്‌ ഹോമിയോപ്പതി. മാറ്റമില്ല. ശാസ്‌ത്രത്തിനുണ്ടായ മൂന്നുനൂറ്റാണ്ടിന്റെ വളര്‍ച്ചയോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്‌. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത്‌ മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുതായി കാണാം. ഒപ്പം പിടിച്ചാലെത്താത്ത അവകാശവാദങ്ങളും. വലിയ അവകാശവാദങ്ങള്‍ക്ക്‌ വലിയ തെളിവുകള്‍ വേണം എന്ന പ്രസ്‌താവനയ്‌ക്ക്‌ ഒന്നു ഭേദഗതി വരുത്തി നോക്കൂ. വലിയ അബദ്ധങ്ങള്‍ മറച്ചുവെക്കാന്‍ വലിയ അവകാശവാദങ്ങള്‍ കൊണ്ടു കഴിയുമോ. ഹോമിയോപ്പതിയെന്ന അബദ്ധത്തെ മറച്ചുവെക്കാനാകുമോ, ഈ രംഗത്തുള്ളവര്‍ വലിയ അവകാശവാദങ്ങളുമായി ഇടയ്‌ക്കിടെ രംഗത്തെത്തുന്നത്‌.
അവലംബം

1.THE LANCET, 26 August 2005
2. Homeopathy – Wikipedia
3. Hahnemann’s Homeopathy – Dr.William E. Thomas MD
4. Why Extraordinary Claims Demand Extraordinary Proof – Ed J.gracely, Ph.D
5. The Scientific Evidence on Homeopathy – David W.Ramey
6. Homeopathy: If ‘Less Is More’, Is Nothing Best? – Jack Raso, M.S., R.D.
7. Homeopathy: The Ultimate Fake – Stephen Barrett, M.D.
8. American Council on Science and Health website
9. വിലപേശപ്പെടുന്ന ആരോഗ്യം – ഡോ.മനോജ്‌ കോമത്ത്‌
10. ഹോമിയോവിവാദം എന്ത്‌ -ജോസഫ്‌ ആന്റണി, മാതൃഭൂമി ആരോഗ്യമാസിക, ഒക്ടോബര്‍ 2005

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.