നോട്ടുകൾ കൂടുതൽ അച്ചടിച്ചാൽ എന്തു സംഭവിക്കും ? ഒന്നാംലോകമഹായുദ്ധ ശേഷമുള്ള ജർമ്മനിയുടെ അവസ്ഥ പരിശോധിക്കാം

280

Sham Naaz

നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിലാണ് നാം ഇപ്പോൾ നില്കുന്നത്; അതിനെ കുറിച്ചല്ല ഞാൻ ഇപ്പോൾ പറഞ്ഞു വരുന്നത് നോട്ട് നിരോധിക്കുന്നത് പോലെ തന്നെ വളരെ അപകടം പിടിച്ച കാര്യമാണ് നോട്ടുകൾ കൂടുതൽ അച്ചടിക്കുന്നത് അതായത് പണപെരുപ്പം (inflation). ഈ അടുത്ത കാലത്തു സിംബാബ്‌വെയിൽ നാം കണ്ടതാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി ‘റോബർട്ട് മുഗാമ്പെ’ സർക്കാർ നോട്ടുകൾ ധാരാളം അച്ചടിക്കുകയും അതിന്റെ പ്രത്യാഘതങ്ങൾ അവിടത്തെ ജനങ്ങൾ അനുഭവിച്ചതും നമ്മൾ എല്ലാവരും അറിഞ്ഞിട്ടുള്ളതായിരിക്കും. ചരിത്രത്തിൽ ഇതേ സാഹചര്യം കടന്നു പോയ ഒരു രാജ്യം ജർമനിയാണ്. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ജർമനിയുടെ സാമ്പത്തികാവസ്ഥ “ക്ലാസിക്കൽ ഗോൾഡ് സ്റ്റാൻഡേർഡ്” സമ്പ്രദായത്തിലായിരുന്നു. അതിനർത്ഥം പ്രചാരത്തിലുള്ള എല്ലാ കറൻസികളുടെയും അടിസ്ഥാനം സ്വർണനിക്ഷേപത്തിന് അനുസരിച്ചായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ വ്യാവസായിക രാഷ്ട്രങ്ങളും അവരുടെ കോളനികളും അവലംബിച്ചു പോന്നിരുന്ന മാർഗമായിരുന്നു ജർമനിയുടേതും.

ഒന്നാം ലോകമഹായുദ്ധത്തിന്റെ വലിയ ചിലവുകൾ വഹിക്കുന്നതിനായി യുദ്ധം തുടങ്ങിയപ്പോൾ ജർമ്മനി സ്വർണ്ണ നിക്ഷേപം പിൻവലിച്ചിരുന്നു. 150 ബില്യൺ മാർക്ക് യുദ്ധചിലവിനായി ജർമൻ ചക്രവർത്തി വില്യം രണ്ടാമൻ (Wilhelm II) ചിലവഴിച്ചിരുന്നു (യുദ്ധാനന്തരം അദ്ദേഹത്തെ 1918 നവംബറിൽ നെതർലാൻഡ്സിലേക്ക് നാടുകടത്തി), അദ്ദേഹത്തിന്റെ ഈ തീരുമാനം കറൻസിയുടെ മൂല്യത്തകർച്ചക്കു വഴിവെക്കുന്നതാണ് എന്ന് അക്കാലത്തെ സാമ്പത്തിക വിദഗ്ദ്ധരിൽ കടുത്ത വിമർശനമുയർന്നു. അമിതമായ കറൻസി അച്ചടി നയവും ജർമ്മൻ സർക്കാർ ആരംഭിച്ചു, അതിനാൽ യുദ്ധം അവസാനിക്കുമ്പോൾ യുദ്ധം ആരംഭിച്ചതിനേക്കാൾ ആറിരട്ടി പണം പ്രചാരത്തിലുണ്ടായിരുന്നു. യു എസ് ഡോളറിനെതിരായി മാർക്കിന്റെ വിനിമയ നിരക്ക് ഒരു ഡോളറിനു 4.2 ഇൽ നിന്ന് 7.9 ലേക്ക് കൂപ്പുകുത്തി, ഇത് യുദ്ധാനന്തര പണപ്പെരുപ്പത്തിന്റെ ആദ്യ സൂചനയായിരുന്നു.

മൂല്യമില്ലാതെ നോട്ടുകൾ കൂട്ടിയിട്ടിരിക്കുന്നു
മൂല്യമില്ലാതെ നോട്ടുകൾ കൂട്ടിയിട്ടിരിക്കുന്നു

ഒന്നാം ലോകമഹായുദ്ധത്തിലെ പരാജിതരിൽ ഒരാളെന്ന നിലയിൽ, ജർമനി വിജയികൾക്ക്, പ്രധാനമായും ഫ്രാൻസിനും ബെൽജിയത്തിനും ആ രാജ്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അമിതമായ നഷ്ടപരിഹാരം നൽകാൻ വെർസൈൽ ഉടമ്പടി പ്രകാരം നിർബന്ധിതരായി. പുതുതായി അധികാരമേറ്റെടുത്ത വെയ്മർ സർക്കാരിന് താങ്ങാനാവാത്ത യുദ്ധ കടബാധ്യതയുണ്ടായി. പരിഹാരമെന്നോണം വെയ്മർ സർക്കാർ കൂടുതൽ പണം അച്ചടിക്കാൻ തുടങ്ങി ഇത് കൂടുതൽ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ജർമനിയെ കൊണ്ടെത്തിച്ചു. അങ്ങനെ 1919 അവസാനത്തോടെ മാർക്കിന്റെ വിനിമയ നിരക്ക് 1 ഡോളറിന് 48 മാർക്കിലേക്കെത്തി.

നോട്ടുകൾ ഉപയോഗിച്ചു അടുപ്പ് കത്തിക്കുന്ന ജർമൻ സ്ത്രീ
നോട്ടുകൾ ഉപയോഗിച്ചു അടുപ്പ് കത്തിക്കുന്ന ജർമൻ സ്ത്രീ

മുൻഗാമികൾ വരുത്തിവെച്ച നഷ്ടപരിഹാരം നൽകുന്നതിന്റെയും ഫലമായി വെയ്മർ സർക്കാർ കണ്ടെത്തിയ മാർഗത്തിന്റെ സങ്കീർണ്ണത മനസിലാക്കാൻ സ്വന്തം നേതാക്കളുടെ കഴിവില്ലായ്മയും കൂടിച്ചേർന്നപ്പോൾ സാമ്പത്തിക രംഗം കൂടുതൽ വഷളായി ഫലമോ 1921 ജൂൺ മുതൽ 1924 ജനുവരി വരെ മൂന്ന് വർഷത്തെ ഉയർന്ന പണപ്പെരുപ്പമാണ് ജർമനിയിൽ രേഖപ്പെടുത്തിയത്. 1921 ഏപ്രിലിൽ, നഷ്ടപരിഹാര കമ്മീഷൻ “ലണ്ടൻ പേയ്മെന്റ് പ്ലാൻ” പ്രഖ്യാപിച്ചു, അതിനനുസരിച്ച് ജർമ്മനി സ്വർണത്തിലോ വിദേശ നാണയത്തിലോ 2 ബില്യൺ സ്വർണ്ണ മാർക്കിന്റെ നഷ്ടപരിഹാരം വാർഷിക ഗഡുക്കളായി നല്കണമെന്നും, കൂടാതെ ജർമ്മനിയുടെ കയറ്റുമതി മൂല്യത്തിന്റെ 26% വും സഖ്യകക്ഷികൾ ആവശ്യപ്പെട്ടു, ജർമനി ഇത് അംഗീകരിച്ചു.

ആദ്യത്തെ ഗഡു 1921 ജൂണിൽ നൽകേണ്ട സമയത്താണ് മാർക്കിന്റെ ദ്രുതഗതിയിലുള്ള മൂല്യത്തകർച്ചയുടെ തുടക്കം ഒരു ഡോളറിന് ഏകദേശം 330 മാർക്കായി കുറഞ്ഞു. നഷ്ടപരിഹാരം നികത്താൻ ജർമനിക്ക് കഴിഞ്ഞില്ല. നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി 1923 ജനുവരിയിൽ ഫ്രാൻസ് ജർമനിയുടെ വ്യവസായ മേഖലയായ റൂർ (Ruhr) കൈവശപ്പെടുത്തി. വ്യാവസായികമായി സമ്പന്നമായ റൂർ വാലി കൈവശപ്പെടുത്തിക്കൊണ്ട് നഷ്ടപരിഹാരം നൽകാൻ ജർമനിയെ നിർബന്ധിതരാക്കാമെന്ന് ഫ്രഞ്ച്, ബെൽജിയൻ സർക്കാരുകൾ പ്രതീക്ഷിച്ചു. ജർമ്മൻ സർക്കാർ റൂറിൽ നിഷ്ക്രിയ

വാൾപേപ്പറായിട്ട് നോട്ടുകൾ ഉപയോഗിക്കുന്ന ജർമൻ യുവാവ്
വാൾപേപ്പറായിട്ട് നോട്ടുകൾ ഉപയോഗിക്കുന്ന ജർമൻ യുവാവ്

പ്രതിരോധ നയത്തിന് ഉത്തരവിട്ടു. അധിനിവേശക്കാരെ ഒരു തരത്തിലും സഹായിക്കുന്ന ഒന്നും ചെയ്യരുതെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. പ്രായോഗികമായി ഇത് അർത്ഥമാക്കിയത് ഒരു പൊതു പണിമുടക്കായിരുന്നു. എന്നാൽ പണിമുടക്കിയ എല്ലാ തൊഴിലാളികൾക്കും സാമ്പത്തിക സഹായം നൽകേണ്ടതുണ്ട്. കൂടുതൽ കൂടുതൽ നോട്ടുകൾ അച്ചടിച്ചാണ് സർക്കാർ പണം നൽകിയത്. ഇതിന്റെ ഫലം ഒരു ഉയർന്ന പണപ്പെരുപ്പമായിരുന്നു. 1922 അവസാനത്തോടെ ബെർലിനിൽ 160 മാർക്കുകൾക്ക് വിലവരുന്ന ബ്രെഡിനു ഒരു വർഷത്തിനുശേഷം 200,000,000,000 മാർക്കുകൾ വേണ്ടിവന്നു.

നിരവധി പരാജയ ശ്രമങ്ങൾക്ക് ശേഷം 1923 ഒക്ടോബറിൽ വെയ്മർ സർക്കാർ പുതിയ കറൻസി അവതരിപ്പിച്ചു ‘റെന്റന്മാർക്’; ഒരു പരിധി വരെ അമിത പണപ്പെരുപ്പം ഫലപ്രദമായി അവസാനിപ്പിക്കാൻ വെയ്മർ സർക്കാരിനു കഴിഞ്ഞുവെങ്കിലും, ജർമ്മൻ സമ്പത്ത് വ്യവസ്ഥയ്ക്കും രാഷ്ട്രീയ വ്യവസ്ഥയ്ക്കും സമൂഹത്തിനും സംഭവിച്ച നാശനഷ്ടങ്ങൾ വളരെ വലുതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു വഴിമരുന്നിട്ടു. രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ, പരോ

വർദ്ധിച്ച ഭക്ഷണത്തിന്റെ വിലകൾ പ്രദർശിപ്പിക്കുന്ന ജർമൻ യുവാവ്
വർദ്ധിച്ച ഭക്ഷണത്തിന്റെ വിലകൾ പ്രദർശിപ്പിക്കുന്ന ജർമൻ യുവാവ്

ക്ഷമായിട്ടാണെങ്കിലും, 1921 മുതൽ 1923 വരെ ജർമ്മനി അനുഭവിച്ച അതിരുകടന്ന പണപ്പെരുപ്പം ഒരു കാരണമായി. ആ കാലയളവിൽ, വിലകൾ 1000%ത്തിലധികം ഉയരുമ്പോൾ വെയ്മർ സർക്കാർ ഒന്നും ചെയ്യാതെ നിസ്സഹായതയോടെ ഇരിക്കുകയും ചെയ്തു. ജർമ്മൻ ജനതയ്ക്ക് സർക്കാരിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, അവർ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കായി കാത്തിരുന്നു.