നമ്മൾ നാളെ മരിച്ച് പോയേക്കാം, ഈ മണ്ണ് മൊത്തം ഒലിച്ച് പോയേക്കാം അപ്പോഴും നാം നിലനിൽക്കുക നമ്മുടെ ഭാഷയായ മലയാളത്തിലൂടെയാകും

314

Shameena Begam

എന്റെ മലയാളം

‘ഏതു ഭാഷയിൽ പരീക്ഷ എഴുതാനാ ഉദ്ദേിക്കുന്നത്’? എന്ന ചോദ്യം കേട്ട് അല്പം പോലും സംശയിക്കാതെയാണ് ഇംഗ്ലീഷ് എന്ന് ഞാൻ ഉത്തരം പറഞ്ഞത് . ഇംഗ്ലീഷ് അല്ലാതെ ഒരു ചോയ്സ് ഉണ്ടോ എന്ന് കൗതുകപ്പെട്ടത് നമ്മുടെ നാട്ടിൽ അങിനെ ഒരു ശീലമില്ലാത്തത് കൊണ്ട് തന്നെയാണ്.
വേറെ ഏത് ഭാഷയിൽ കമ്പ്യൂട്ടറിൽ എഴുതേണ്ട പരീക്ഷ എഴുതാൻ സാധിക്കും എന്ന് ചോദിക്കാൻ തോന്നി..ഉത്തരം അക്ഷരാർതഥത്തിൽ അതിശയകരമായിരുന്നു.
നാല് ഭാഷ ലഭ്യമാണ്. അറബിക്.. ഇംഗ്ലീഷ്..മലയാളം.. ഉർദു..
തെരഞ്ഞെടുക്കുന്ന ഭാഷയിൽ പുസ്തകം ലഭിക്കും..ക്ലാസ്സെടുക്കും..പരീക്ഷയും നടത്തും..
അബുദാിയിലെ ഡ്രൈവിംഗ് അകാദമിയിൽ പത്ത് വർഷം മുമ്പുണ്ടായ അനുഭവമാണിത്.

വിദ്യാഭ്യാസം എന്നാൽ അത് ,ഇംഗ്ലീഷ് ഭാഷയിൽ ആണെന്ന ചിന്ത തലച്ചോറിൽ പതിഞിരിക്കുന്നത് , ബൗദ്ധികമായ കൊളോണിയൽ അധിനിവേശത്തിൽ നിന്ന് ഇനിയും മുക്തമാകാത്തത് കൊണ്ടാണെന്ന് എനിക്ക് ബോധ്യമായ നിമിഷങ്ങൾ…!

ആദ്യമായ് സ്വദേശികൾക്കും വിദേശികൾക്കും ഒരുമിച്ചൊരു പാഠ്യ പദ്ധതി തയ്യാറാക്കിയപ്പോൾ അത് ഇംഗ്ലീഷിൽ മാത്രമാക്കാതെ തദ്ദേശീയരുടെ ഭാഷയില് മാത്രമാക്കാതെ മലയാളം കൂടി ഉൾപ്പെടുത്തി പുസ്തകവും അച്ചടിച്ച് ക്ലാസ്സും നൽകാൻ ഒരു വിദേശ രാജ്യം തീരുമാനിക്കുന്നത് മലയാളികൾ ദശകങ്ങളായ്‌ അറബ് നാടുകളിൽ ജോലി ചെയ്യുന്നത് കൊണ്ടോ നൂറ്റാണ്ടുകളോളം അറബികൾ കേരളക്കരയിൽ കച്ചവടം നടത്തിയത് കൊണ്ടോ മാത്രമാവില്ല..ഏത് അറിവും മാതൃഭാഷയിൽ ലഭിക്കുന്നതാണ് അതിന്റെ പൂർണ്ണതയ്ക്കും കൃത്യതയ്ക്കും നല്ലതെന്ന അവബോധം അവർക്ക് ഉള്ളത് കൊണ്ട് കൂടിയാവും..

ബിസി കാലഘട്ടത്തിൽ തന്നെ കേരളത്തിൽ കച്ചവടത്തിനെത്തിയ റോം, ഗ്രീക് ,ഈജിപ്ത്, എഡിയിൽ എത്തിയ അറബികൾ, ഒടുവിൽ എത്തിയ പോർട്ടുഗീസ് ഫ്രഞ്ച് ഇംഗ്ലണ്ട്,കോഴിക്കോട് എന്ന് കരുതി കൊളംബസ് ഇറങ്ങിയ അമേരിക്ക…..ഇവിടെ ഒക്കെ ആണല്ലോ ജോലി അന്വേഷിച്ച് നാം പോകാൻ സാധ്യത ഉള്ള ഗ്ലോബൽ രാജ്യങ്ങൾ ഇവരാരും തന്നെ കേരളത്തിൽ ജോലി ചെയ്യാനുള്ള ചോദ്യപ്പേപ്പർ മലയാളത്തിലും ഉണ്ട് എന്നറിഞ്ഞാൽ പുച്‌ഛിക്കുമെന്ന്‌ തോന്നുന്നില്ല.
ഇത്രകാലവും അങ്ങനെയായിരുന്നില്ലെന്നറിഞാലാവും അത് പരിഹാസ്യമാവുക!
ഒരു പക്ഷെ ,ഇന്ത്യക്കുള്ളിൽ ഫ്ലുവന്റ് ഇംഗ്ലീഷ് ന് ഇപ്പോഴും മാർക്കറ്റ് ഉണ്ടാവും..കാരണം കൊളോണിയൽ ഭൂതം ഇപ്പോഴും നമ്മുടെ തലച്ചോറിൽ കെട്ടിപ്പിച്ചിരിക്കുന്നുണ്ട് എന്നത് തന്നെ… പിന്നെ ഇന്ത്യ ഒട്ടാകെ ഒരു പൊതു ഭാഷയായി ഇംഗ്ലീഷ് ഇന്നും പ്രസക്തമാണ് താനും.

ഉപജീവന ഉപാധിയായ വിദേശ ഭാഷ പരീക്ഷകൾക്ക് പോലും ഉപയോഗിച്ചാൽ അ ഭാഷ ശക്തിപ്പെടുമെങ്കിൽ അതെ യുക്തി തന്നെയാണ് നമ്മുടെ ഭാഷ നമ്മുടെ പരീക്ഷകൾക്ക് ഉപയോഗിക്കേണ്ടതിന് പിന്നിലും ഉള്ളത്‌.
സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ നിലനിർത്തുന്നതിൽ അസ്വാഭാവികത കാണേണ്ടതില്ല.നാം ഇംഗ്ളീഷ് എന്ന് കരുതുന്ന പല സാങ്കേതിക പദങ്ങളും ഇറ്റാലിയ നും ഗ്രീക്കും ഫ്രഞ്ചും ഒക്കെ ആണ്. വളരെ ലളിതമായ തനി മലയാളം കണ്ടെത്താൻ സാധിച്ചാൽ അതും പ്രയോജനകരമാണ്.. ഇംഗ്ളീഷ് ടെക് സ്‌ടുകളിൽ മലയാള പദം ബ്രാക്കടിൽ കൊടുക്കണം. മലയാളം ടെക്സ്റിൽ ഇംഗ്ലീഷ് പദവും.. രണ്ട് മീഡിയങ്ങൾക്കിടയിൽ ഒരു പാലം പണിയാൻ ഇത് സഹായിക്കും. പതിമൂന്നു വയസ്സ് മുതൽ അഞ്ചാറ് കൊല്ലം എൻട്രൻസ് കൊച്ചിങ്ങിൽ മുഖം പൂഴ്ത്തി ഭാഷ പോലും മറന്ന് തുടങ്ങുന്ന പുതിയ തലമുറയെ കൂടുതൽ ഭാഷാ ബോധ്യം ഉള്ളവരാക്കാൻ മനപ്പൂർവ്വം ആയ ഇടപെടലുകൾ ആവശ്യമായത് കൊണ്ടാണത്.
സാങ്കേതിക വിദ്യാഭ്യാസത്തിന് ഇംഗ്ളീഷ് തന്നെ വേണമെന്നു സത്യത്തിൽ നിർബന്ധം ഇല്ല. ഉദാഹരണം ജപ്പാൻ.. ഏറ്റവും മികവു പുലർത്തുന്ന ജാപ്പനീസ് ജനത ഇംഗ്ളീഷ് അറിയാത്തവരാണ്. സ്വന്തം ഭാഷയിലെ വിദ്യാഭ്യാസം ഒരു പക്ഷെ അവരെ കൂടുതൽ ക്രിയാത്മകമാകാൻ സഹായിക്കുന്നുന്നുണ്ടാ കാം.

ഉദരനിമിത്തം സാങ്കേതിക വിദ്യാഭ്യാസം -എന്ന
പേര് പറഞ്ഞ് ഒരു ഭാഷയെയും കൊല്ലാൻ നമുക്കവകാശമില്ല.

ഭാഷ എന്നത് സാങ്കേതിക വിജ്ഞാനം നേടുന്നതിനും വിഭവസമാഹരണത്തിനും ഉള്ള ടൂൾ മാത്രമാണോ? ചരിത്രം തങ്ങൾക്ക നുസൃതമായി ശരിയായോ തെറ്റായോ രേഖപ്പെടുത്താൻ ഉള്ള മാധ്യമം മാത്രമാണോ ഭാഷ ..? അല്ല തന്നെ .. ഓരോ ഭാഷയും കൃത്യമായി തന്റെ ആത്മാവ് കൊണ്ട് നിർവഹിക്കുന്ന നിരവധി ഉത്തരവാദിത്ത ങ്ങൾ ഉണ്ട്. അത് കാണുവാൻ ഉള്ള തെളിഞ്ഞ കാഴ്ച ഉണ്ടാവുക എന്നതാണ് മുഖ്യം.

സ്പെയിനിനും ഫ്രാൻസിനും ഇടയിൽ ഒരു ഭൂവിഭാഗം സംസാരിക്കുന്ന ഭാഷ ഉണ്ട് -ബസ് ക്‌- യൂറോപ്യൻ ഭാഷകളിൽ നിന്ന് വ്യത്യസ്തമായി ദ്രാവിഡ ഭാഷകളായ മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ധാരാളമായി ഉൾക്കൊണ്ടൊരു ഭാഷ… ആദിമ ദ്രാവിഡ സംസ്കാരത്തിന്റെ ജീവചരിത്രം എഴുതുനുതകുന്ന ടൂളാ വുന്നൊരു ഭാഷ.

‘ജാം’ എന്നത് കൊളോണിയൽ സംസ്കാരത്തെ സൂചിപ്പിക്കുന്ന പദമാണ്.
ബ്രെഡിനൊപ്പം കഴിക്കാനും ട്രാഫിക് ജാമായും സുപരിചതമായ പദം. പലതും കൂട്ടിക്കലർന്ന് ഒട്ടിപ്പിടിച്ചൊന്നായ്‌ എന്ന അർത്ഥം വരുന്ന പദം. ഇതേ പദമാണ് ജൂമാ നമസ്കാരത്തി ലെ ജുമാ എന്ന പദത്തിന് കാരണമായ ജം എന്ന അറബി പദം . ജമാ കർനാ എന്ന ഹിന്ദി പദം ..സമാനാ എന്ന ഹിന്ദി പദം..സമൂഹം എന്ന മലയാള പദം…ഇതെല്ലാം ഒരേ ആവിർഭാവ രഹസ്യം പേറുന്നവരാണ്‌. ഇങ്ങനെയാണ് അതിജീവിക്കുന്ന ഏത് ഭാഷയും സാമൂഹ്യ ശാസ്ത്രത്തിന്റെ ടൂൾ ആയി നിലകൊള്ളുന്നത്.

‘സിന്ധൂ ‘നദി പേർഷ്യൻ ഭാഷയിലെ വ്യാകരണ നിയമം അനുസരിച്ചാണ് ഹിന്ദു എന്ന വാക്കായ്‌ പരിണമിച്ചത്. സിന്ദൂനദീ തടത്തിൽ താമസിച്ചവർ ഹിന്ദുക്കൾ ആയത് പേർഷ്യക്കാർ വിളിച്ചത് മുതലാണ്.. ഭാഷ ചില കാലങ്ങളിൽ ഉണ്മയുടെയും പ്രതിരോധത്തിന്റെയും ടൂൾ ആയി മാറുന്നുണ്ട്..ഇത്തരം അറിവിലൂടെ!

ആര്യാധിനിവേശം തുരത്തിയ ദ്രാവിഡർ മലകളിൽ അഭയം പ്രാപിച്ചപ്പോൾ അവരുടെ ശരീരത്തിലെ വർദ്ധിച്ച രോമപ്രകൃതവും ആവാസവും ചേർന്ന് മലയും മുടിയും ഒക്കെ ഒരേ അർത്ഥം പ്രചരിപ്പിച്ചതിന്റെ ഫലമാകാം ‘അനാര്യ’മായതിന്റെ നീചഭാവത്തെ കാണിക്കാൻ ആര്യന്മാർ ഉപയോഗിച്ച പദം
ഏറ്റവും വലിയ തെറി വാക്കായ്‌ നാം നമ്മെ തന്നെ പരിഹസിക്കാൻ നിസ്സങ്കോചം ഇപ്പോഴും ഉപയോഗപ്പെടുത്തി വരുന്നു .ഒരു

പക്ഷെ ഇതൊരു വൈരുദ്ധ്യം ആകാം
.ചില തിരിച്ചറിവ്കളുടെ ടൂൾ ആയി ഭാഷ മാ റുന്നതും ഇങ്ങനെ ഒക്കെയാണ് .

ഇൗ സത്യാനന്തര കാലഘട്ടത്തിൽ ദ്രാവിഡ ഭാഷകൾ ശക്തി പ്രാപിക്കക എന്നത് ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്.

ഭാഷാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട നമ്മുടെ ഫെഡറൽ സംവിധാനത്തിൽ, കേരളത്തിന്റെ ഭൂപ്രകൃതി കേവലം
അതിന്റെ ശരീരം മാത്രമേ ആകുന്നുള്ളൂ.അതിന്റെ സ്വത്വവും അസ്തിത്വവും മലയാള ത്തിലാണ് നില കൊ ള്ളു ന്നത്.
കേരളം ഒരു ചെറിയ പ്രദേശം ആയിരിക്കാം എന്നാൽ മലയാളി ലോകമൊട്ടാകെ വ്യാപിച്ച് കിടക്കുന്നുണ്ട്.മലയാളവും അങ്ങനെ തന്നെ.

നമ്മൾ നാളെ മരിച്ച് പോയേക്കാം.
ഇൗ മണ്ണ് മൊത്തം ഒലിച്ച് പോയേക്കാം.
അപ്പോഴും നാം നിലനിൽക്കുക നമ്മുടെ ഭാഷയായ മലയാളത്തിലൂടെയാകും.

അത് കൊണ്ട് തന്നെ
പി എസ് സിയുടെ ചോദ്യാവലി മലയാളത്തിൽ കൂടി ഉണ്ടാവണം എന്ന ആവശ്യത്തെ ധാർഷ്ട്യത്തോടെയോ ഒത്ത് തീർപ്പ് കരാർ എന്ന നിലയ്‌ക്കോ അല്ല തികച്ചും റൊമാന്റിക് ആയി പി എസ് സി ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്.