ഇസ്‌ലാമോഫോബിയക്കെതിരെ നിലപാടെടുക്കുന്നത് പോലും രാജ്യദ്രോഹമാവുന്നു ഇന്ത്യയിൽ

  90

  I have always defended my country abroad…' —Dr. Zafarul-Islam Khan ...

  ലോക് ഡൗണിന്റെ മറവിൽ രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യ വേട്ടയിൽ പൊതുസമൂഹത്തിന്റെ എന്നല്ല ഫാസിസ്റ്റ് വിരുദ്ധരുടെ ഭാഗത്ത് നിന്ന് പോലും വലിയ പ്രതിഷേധം ഒന്നും കാണുന്നില്ല എന്നത് ഉറഞ്ഞു കൂടിയിരിക്കുന്ന ഭയത്തെ വെളിവാക്കുന്നത് തന്നെയാണ്.ഇത് തന്നെയാണ് ഫാസിസത്തിന്റെ ലക്ഷ്യവും.

  പൗരത്വ പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുത്ത പലർക്ക് മേലും രാജ്യദ്രോഹകുറ്റം പതിഞ്ഞു കഴിഞ്ഞു… പല വിദ്യാർത്ഥികളും മനുഷ്യാവകാശ പ്രവർത്തകരും യു എ പി എ ഭീഷണിയിലാണ്.ഗർഭിണിയായ വിദ്യാർത്ഥിനിയടക്കം യു എ പി എ ചുമത്തപ്പെട്ട് ഏകാന്ത തടവിലാണ്‌.പൗരത്വ പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുത്ത ഇവരുടെ മേൽ കൊടും ഭീകരനിയമങ്ങൾ ചുമത്തി ജയിലിലിടുമ്പോൾ ഭരണകൂടത്തിന് കൃത്യമായ ലക്‌ഷ്യമുണ്ട്.. ലോക് ഡൗൺ കഴിഞ്ഞു പുറത്തിറങ്ങുന്ന മനുഷ്യർ ആരും ഫാസിസം വംശഹത്യ ലക്‌ഷ്യം വച്ച് ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരക്ഷരം മിണ്ടരുത് എന്ന ലക്‌ഷ്യം… ഒരു രാജ്യത്തെ ജനതയെ ഭയത്താൽ തളച്ചിടുക.ബി ജെ പി അതിൽ വിജയിക്കുന്നു എന്ന് ചുറ്റുമുള്ള നിശബ്ദത ചൂണ്ടിക്കാട്ടുന്നുമുണ്ട്.

  പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ നടന്ന വംശീയാക്രമണത്തിന്റെ ആസൂത്രകരും നടത്തിപ്പുകാരും സംഘ് പരിവാർ ആണെന്ന കാര്യത്തിൽ തെല്ലും തർക്കം ഇല്ല.. കലാപത്തിന് ആഹ്വാനം ചെയ്ത സംഘ് പരിവാർ നേതാക്കളും തോക്കും കൊണ്ട് വിദ്യാർത്ഥികളുടെ നേർക്ക്‌ പാഞ്ഞടുത്ത സംഘികളും ഫാസിസത്തിന് മുന്നിൽ കുറ്റക്കാരല്ല… എന്നാൽ പൗരത്വം തങ്ങളുടെ അവകാശം എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് സമാധാനപരമായി സമരം ചെയ്ത പുതുതലമുറയടക്കം രാജ്യദ്രോഹികൾ… എന്തൊരു അനീതിയാണിത്.

  ഏറ്റവും ഒടുവിൽ മൈനോറിറ്റി കമ്മീഷൻ ചെയർമാനും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ സഫറുൽ ഇസ്‌ലാംഖാനെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു.തങ്ങളുടെ നികൃഷ്‌ട രാഷ്ട്രീയത്തി നെതിരെ പ്രതികരിക്കുന്ന സകലരേയും യു എ പി എ പോലുള്ള ഭീകര നിയമങ്ങൾ ഉപയോഗിച്ച് വേട്ടയാടുന്ന ഒരു ഭരണകൂടത്തിന് മുന്നിൽ റാൻ മൂളില്ല എന്നെങ്കിലും നമ്മൾ തീരുമാനമെടുത്തില്ലെങ്കിൽ വൻ ദുരന്തമായിരിക്കും മനുഷ്യരേ നമ്മളെ കാത്തിരിക്കുന്നത്.

  ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വംശീയതക്കെതിരെയുള്ള കുവൈത്ത് പാർലമെന്റ് നിലപാടിനു നന്ദി പറഞ്ഞതിന്റെ പേരിലാണ് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്‌ലാം ഖാനെതിരെ ഇപ്പോൾ രാജ്യദ്രോഹത്തിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ഇസ്‌ലാമോഫോബിയക്കെതിരെ നിലപാടെടുക്കുന്നത് പോലും രാജ്യദ്രോഹമാവുന്ന രാജ്യമായിരിക്കുന്നു ഇന്ത്യ. അഥവാ സംഘ്‌ പരിവാർ വിരുദ്ധ ന്യൂനപക്ഷരാഷ്ട്രീയത്തിന് മുസ്ലിം വേട്ടക്കെതിരായ പ്രതിഷേധങ്ങൾക്ക് ഒരിടവുമില്ലാത്ത ഇന്ത്യയാണ് രാജ്യം ഭരിക്കുന്ന ഹിന്ദുത്വഫാസിസ്റ് ഭരണകൂടം ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.

  ഈ സമയത്ത് തിരിച്ചറിയേണ്ടത് ആർ എസ് എസ്സിന്റെ മുസ്ലിം വിരുദ്ധ അജണ്ടകൾ മാത്രമെല്ല. മതേതരമെന്ന് പറയപ്പെടുന്ന കോൺഗ്രസ്സും സിപിഎമ്മും ആപ്പും മറ്റുമടങ്ങുന്ന ‘ന്യൂനപക്ഷ സംരക്ഷകരുടെ’ മൗനം പൂണ്ട കാപട്യങ്ങളെയും നിഷ്ക്രിയത്വത്തെയും കൂടിയാണ്. ലോക്ക് ഡൗൺ കാലയളവിൽ മാത്രം നടന്ന മുസ്ലിം ആക്ടിവിസ്റ്റുകളുടെയും വിദ്യാർത്ഥികളുടെയും ഭീകരനിയമങ്ങൾ ചാർത്തിയുള്ള അറസ്റ്റിലും വേട്ടയാടലിനും എതിരെ ഈ പാർട്ടികളാരും രംഗത്ത് വന്നിട്ടില്ല.ഭൂരിപക്ഷ സവർണ്ണ താല്പര്യങ്ങളുടെ മാത്രം സംരക്ഷകരായ ഈ പാർട്ടികളെ നിയന്ത്രിക്കുന്നത് ഏറിയും കുറഞ്ഞും രാജ്യത്തെ ഹിന്ദുത്വ പൊതുബോധം തന്നെയാണെന്ന് ഇനിയും തിരിച്ചറിയാതിരുന്നാൽ മുസ്ലിം സമൂഹം കൂടുതൽ കനത്ത വില കൊടുക്കേണ്ടി വരും.