രോഗപ്രതിരോധം, അത് അത്ര എളുപ്പമുള്ള കളിയല്ല, നമ്മുടെ ജനിതക ഘടകങ്ങളും വർഷങ്ങളായുള്ള ജീവിത ചര്യയും നമുക്ക് തരുന്ന കഴിവാണ്

55

Shameer v k physician

ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇതിനേക്കാൾ കടുത്ത പരീക്ഷണം ജീവിതത്തിൽ ഉണ്ടാവാനില്ല. പലരുടേയും കോശങ്ങളിലെ അവസാന എ ടി പി യും പിഴിഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. ആത്മാർത്ഥതയുടെ എന്തെങ്കിലും കണിക മനസ്സിലുള്ള നഴ്സുമാർക്കും ക്ലീനിംഗ് സ്റ്റാഫിനും ഹെൽത്ത് ഇൻസ്പെക്റ്റർമാർക്കുമൊന്നും സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയില്ല. ഐസൊലേഷനിൽ ജോലി ചെയ്യുന്ന പി ജി വിദ്യാർത്ഥികൾക്കും ഹൗസ് സർജൻമാർക്കും ‘സ്ട്രെസ് അൾസറിന്റെ’ കാലമാണ്. അതിനിടയിൽ സ്വയം ഇൻഫെക്ഷൻ കിട്ടലും ക്വാറന്റൈനിൽ പോകലും ഒക്കെ വേറെ. അവർക്ക് ഇപ്പോൾ വേണ്ടത് ആശ്വാസമാണ്, പ്രചോദനമാണ്. വിശ്രമം ഈ അവസരത്തിൽ ചോദിക്കുന്നത് അതിമോഹമാകുമെന്ന് ബോദ്ധ്യമുള്ളതുകൊണ്ട് അവർ ചോദിക്കില്ല.
അവരും സോഷ്യൽ മീഡിയ തുറക്കും. വാർത്തകൾ കാണും. ചർച്ചകൾ കേൾക്കും. അപ്പോഴാണ് വൈദ്യശാസ്ത്രത്തിന്റെ വിവിധ ശാഖകൾ തമ്മിലുള്ള താരതമ്യ കരിതേക്കൽ കലാപരിപാടികൾ.

“ജയിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുത് സാറേ” എന്ന് പറയാൻ തോന്നും വാദങ്ങൾ കേട്ടാൽ. അതിനിടക്ക് ബഹുമാനപ്പെട്ട മന്ത്രിയുടെ ഒരു വാചകം ഉയർത്തി കൊണ്ടു വന്നതും കണ്ടു,
‘മോഡേൺ മെഡിസിനിലും കോവിഡിന് ചികിത്സയൊന്നും ഇല്ലല്ലോ’
എന്ന് പറഞ്ഞത്രേ. ചികിത്സ എന്നാൽ ഒരു മരുന്ന് കൊടുത്ത് രോഗകാരണത്തെ പിഴുതെറിഞ്ഞു മ്യൂസിക് ഇട്ട് സ്ലോ മോഷനിൽ നടന്നു പോകൽ അല്ലെന്ന് നല്ല ബോധ്യം ഉള്ള ആളാണ്‌ മന്ത്രി. അതുകൊണ്ട് ആ വാചകത്തിൻ്റെ അർത്ഥം ഇവർ ഉദ്ദേശിച്ച പോലെയൊന്നും ആവില്ലെന്ന് തന്നെ വിശ്വസിക്കുന്നു. ഇപ്പോൾ ഐ സി യു വിൽ അഡ്മിറ്റാകുന്ന പല രോഗികൾക്കും ഒരു ലക്ഷം രൂപയെങ്കിലും ചുരുങ്ങിയത് സർക്കാർ ചെലവാക്കുന്നുണ്ടാകും. ആ വാചകം കൊണ്ട് അങ്ങനെ ഒരു ദുരുദ്ദേശമുണ്ടാവില്ലെന്നതിന് വേറെ തെളിവു വേണ്ടല്ലോ. അതിന്റെ ഫലമായി icu വിൽ ഓക്സിജൻ മാത്രം ഭക്ഷിച്ചു കിടന്നിരുന്ന അബ്ദുള്ളക്കയും മൂസയും ഹനീഫയും വലിയ പെരുന്നാളിന് മട്ടൺ ബിരിയാണി അടിക്കുകയും ചെയ്തു.

2019 ഡിസംബറിൽ ചൈനയിലെ നമ്മൾ ഇതു വരെ കേൾക്കാത്ത ഏതോ പട്ടണത്തിൽ ഏതോ അജ്ഞാത കീടാണു കാരണം ന്യൂമോണിയ വന്നു കുറേ ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയ കളിയാണ്. രണ്ടു മാസം കൊണ്ടു ആ അണുവിന്റെ ജനിതകഘടന ഒരു കടലാസിൽ പകർത്തി അങ്ങ് കൊടുത്തതും, ഇങ്ങ് തോട്ടിൽപാലത്തെ കൃഷ്ണേട്ടന്റെ മൂക്കിൽ നിന്നും ഒരു തുള്ളി സ്രവം എടുത്ത് ഒരു കാർഡിലേക്ക് ഉറ്റിച്ച് അര മണിക്കൂർ കഴിയുമ്പോളേക്കും അതിൽ ഇതേ അജ്ഞാതന്റെ സാന്നിദ്ധ്യം ഉണ്ടെന്നു പറഞ്ഞു കൊടുത്തതും വൈദ്യ ശാസ്ത്രം കൊണ്ടല്ലാതെ കവിടി നിരത്തി അല്ല. ആ അറിവിന്റെ മുകളിൽ കെട്ടിപ്പൊക്കിയ സുരക്ഷിതത്വത്തിന്റെ തണലിൽ നിന്ന് ശാസ്ത്രത്തെ കൊഞ്ഞനം കുത്തുന്നത് നന്ദികേടായി പോകും.

ഇനി മരുന്നിന്റെ ഫലം തെളിയിക്കുന്നത് രോഗമുക്തി ആണെങ്കിൽ മോഡേൺ മെഡിസിനിൽ മരുന്നില്ലെന്ന് ആരും പറയരുത്. ഇന്ന് വരെ മോഡേൺ മെഡിസിൻ ചികിത്സ എടുത്ത ദശ ലക്ഷം ആൾക്കാർ ആണ് കോവിഡ് രോഗമുക്തി നേടിയത്. കേരളത്തിൽ മാത്രം 13000 പേർ. 2500 പേര് രോഗമുക്തി നേടി, 250 പേര് രോഗമുക്തി നേടി എന്നൊക്കെ കണക്ക് കാണിക്കുന്നത് കൊണ്ടു പറഞ്ഞു എന്ന് മാത്രം.
എന്നാൽ മരുന്നിന്റെ ഫലം കണ്ടു പിടിക്കാനും ഊഹമല്ല, ശാസ്ത്രീയ മാർഗങ്ങൾ ഉണ്ട്. പരസ്പരം എല്ലാ രീതിയിലും താരതമ്യം ചെയ്യാൻ കഴിയുന്ന രണ്ട് ഗ്രൂപ്പുകളാക്കി രോഗികളെ തിരിക്കുക. ഒരു കൂട്ടർക്ക് ആ നിശ്ചിത മരുന്ന് കൊടുക്കുക, ഒരു കൂട്ടർക്ക് മരുന്ന് കൊടുക്കാതിരിക്കുക. രണ്ടു ഗ്രൂപ്പിലും ഉണ്ടാകുന്ന ഫലം താരതമ്യം ചെയ്യുക. ഇതിൽ പങ്കെടുക്കുന്ന രോഗിയോ, ചികില്സിക്കുന്ന ഡോക്ടറോ, താരതമ്യം ചെയ്യുന്ന വിദഗ്ദ്ധനോ ആരും അറിയില്ല ആർക്കാണ് മരുന്ന് കിട്ടിയത് കിട്ടാത്തത് എന്ന്. ഒരു രീതിയിലും ഉള്ള വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പഠനത്തെ സ്വാധീനിക്കരുത്, അതിനാണ് ഇങ്ങനെ ഒരു സങ്കീർണമായ ഘടന മരുന്ന് പരീക്ഷണതിന് നൽകിയിരിക്കുന്നത്.

ഹോമിയോയിലും ആയുർവേദത്തിലും ഫലം ഉള്ള മരുന്നുകൾ ഉണ്ടാകുമായിരിക്കും. പക്ഷേ അത് ശാസ്ത്രീയമായി തെളിയിക്കാൻ അവർ പാടു പെടും. കാരണം എന്താണെന്ന് അറിയുമോ? നമ്മുടെ പ്രത്യേക ചിന്താഗതികൾ. മരുന്നിന്റെ ഫലം കണ്ടു പിടിക്കാൻ നടത്തുന്ന പഠനങ്ങൾക്കെതിരെയാണ് നമ്മുടെ നാട്ടിൽ മരുന്ന് പരീക്ഷണം എന്ന ലേബലിൽ കൊലവിളി നടത്തുന്നത്. വാക്‌സിൻ വന്നോ എന്ന് അടിക്കടി അന്വേഷിക്കുന്നില്ലേ, എന്നാൽ അതു പരീക്ഷിക്കാൻ നിന്നു കൊടുക്കുന്ന കുറേ മനുഷ്യന്മാരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വാക്‌സിൻ കണ്ടു പിടിക്കുന്നവർ മാത്രമല്ല മരണം വരെയുള്ള എന്തും സംഭവിക്കാം എന്ന് എഴുതി ഒപ്പിട്ടുകൊടുത്ത സമ്മതപത്രത്തോടെ വാക്‌സിൻ പരീക്ഷിക്കാൻ സ്വന്തം ശരീരം വിട്ടു കൊടുക്കുന്നവർ കൂടി അടങ്ങുന്നതാണ് ശാസ്ത്രം. കേരളത്തിലോ, ഒരു സൂപ്പർ ഹിറ്റ്‌ സിനിമക്കുള്ള ഇതിവൃത്തം മാത്രമാണ് മരുന്ന് പരീക്ഷണം. മനുഷ്യനോട് ചെയ്യുന്ന ഏറ്റവും പൈശാചികമായ പ്രവൃത്തിയായാണ് മാധ്യമങ്ങളും സിനിമകളും ഒക്കെ കൂടി മരുന്ന് പരീക്ഷണങ്ങളെ നിർവചിച്ചു വെച്ചിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനും എല്ലാം നമ്മൾ തെറി വിളിക്കുന്ന ബഹുരാഷ്ട്ര കുത്തകകളെയും വിദേശ ശക്തികളെയുമൊക്കെ നമുക്ക് ആശ്രയിക്കേണ്ടി വരുന്നതും അതുകൊണ്ട് തന്നെ.

കോവിഡ് വന്ന നാളിൽ ഒത്തിരി പ്രശസ്തമായിരുന്ന ക്ളോറോക്വിൻ മരുന്നുകൾക്ക് എന്താണ് സംഭവിച്ചത്? അനേകായിരം രോഗികൾക്ക് നമ്മൾ കൊടുത്തില്ലേ. അവർ എല്ലാം സുഖം പ്രാപിക്കുകയും ചെയ്തു. പാർശ്വ ഫലങ്ങൾ കാര്യമായൊന്നും കണ്ടില്ല. പക്ഷേ ഇന്ന് ആ മരുന്ന് കോവിഡ് ചികിത്സയിൽ നിന്നും പുറത്തേക്കുള്ള വഴിയിലാണ്. കാരണം നേരത്തേ പറഞ്ഞത് പോലത്തെ രണ്ട് ഗ്രൂപ്പാക്കിയുള്ള പഠനങ്ങളിൽ പാവം ക്ളോറോക്വിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നമുക്ക് സ്വന്തമായി ഇതു വരെ ഒരു നിലവാരമുള്ള പഠനം നടത്തി പ്രസിദ്ധീകരിക്കാനും കഴിഞ്ഞില്ല. ഇത് ക്ളോറോക്വിന്റെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ സ്വന്തം എന്ന് കരുതുന്ന പല രോഗങ്ങളിലും (പ്രത്യേകിച്ചും സാംക്രമിക രോഗങ്ങൾ) നമ്മൾ വികസിപ്പിക്കുന്ന മരുന്നുകൾക്കും എല്ലാം ഈ പരിമിതികൾ ഉണ്ടാകും. നമ്മൾ സ്വന്തം പഠനം നടത്തത്തുമില്ല, നടത്തുന്നവരെ സമ്മതിക്കത്തുമില്ല. അതേ സമയം രോഗം യൂറോപ്പിലോ അമേരിക്കയിലോ ആണെങ്കിൽ അവർ കൃത്യമായി പരീക്ഷണങ്ങൾ നടത്തുകയും അതു പ്രസിദ്ധീകരിച്ച് നമ്മളെക്കൊണ്ട് അതു സ്വീകരിപ്പിക്കുകയും ചെയ്യും. അതിനൊന്നും ആരെയും കുറ്റപ്പെടുത്താൻ ഇല്ല, ഉണ്ടെങ്കിൽ അതു നമ്മളെ തന്നെ ആയിരിക്കണം.

ഈ പറഞ്ഞു വരുന്നത് കൊണ്ടു ഹോമിയോ, ആയുർവേദത്തിനെ ഒന്നും കോവിഡ് ചികിൽസിക്കാൻ കൂടെ കൂട്ടരുത് എന്നല്ല അർത്ഥം. അവരെ ഉൾപ്പെടുത്തണം. ഇതു പോലെ അവരെ ആവശ്യം ഉള്ള സമയം ഉണ്ടായിട്ടില്ല. അവർ യോഗ്യന്മാർ ആണ്, എന്തുകൊണ്ടെന്നാൽ ആ ശാഖകളിൽ അംഗീകൃത ബിരുദം ഉണ്ടെങ്കിൽ അവർ രോഗങ്ങളുടെയും രോഗാണുവിന്റെയും അടിസ്ഥാനശാസ്ത്രം മോഡേൺ ഡോക്ടർമാരെ പോലെ തന്നെ പഠിച്ചവരാണ്. പലരും മോഡേൺ മെഡിസിൻ ഡോക്ടർമാരെക്കാൾ മിടുക്കന്മാരും ബുദ്ധിമാന്മാരും ആയിരിക്കും. അവരുടെ കഴിവുകൾ ഉപയോഗിക്കണം.
നമ്മൾ FLTC കളെ കുറിച്ച് പറയുന്നു. അവിടെ ലക്ഷണങ്ങൾ ഇല്ലാത്തവരും വളരെ ചെറിയ ലക്ഷണം ഉള്ളവരുമായ കോവിഡ് അണുബാധിതരെ താമസിപ്പിക്കുന്നു. അവരെ നോക്കാൻ നമുക്ക് ഡോക്ടർമാർ വേണ്ടേ. അറിയേണ്ടത് മോണിറ്റർ ചെയ്യാൻ മാത്രമാണ്. ഏതു രോഗിയാണ് സ്റ്റേബിൾ ആരാണ് ഗുരുതരമാവാൻ സാധ്യത, ഇത്രയും തിരിച്ചറിയാൻ കഴിവുള്ള ആരും അവിടെ ജോലി ചെയ്യാൻ യോഗ്യരാണ്. പിന്നെ എന്തിനു നമ്മൾ മടിക്കണം.

ഇനി FLTC എന്നൊരു സങ്കൽപ്പം ഇല്ലെന്നു വിശ്വസിക്കുക. അതിനാണ് ഫേസ്ബുകിൽ ഏറ്റവും കൂടുതൽ ആളുകൾ അലമുറയിടുന്നത്. സർക്കാർ വഴങ്ങി എന്ന് വിശ്വസിക്കുക. നമ്മൾ മലയാളികൾ ചുമയും പനിയുമായി വീട്ടിൽ നിർദേശങ്ങൾ അനുസരിച്ച് സ്വയം മോണിറ്റർ ചെയ്തു ഇരിക്കുന്നത് ഒന്നു ആലോചിച്ചു നോക്കുക. പുറം രാജ്യങ്ങളിലെ രീതിയാണ്. ശ്വാസം മുട്ട് വന്നാൽ മാത്രം ഇങ്ങോട്ട് വിളിച്ചാൽ മതി, അല്ലെങ്കിൽ നിൽക്കുന്നേടത്ത് തന്നെ നിൽക്കുക എന്നൊരു നിർദേശം കൊടുത്താൽ അത് അച്ചട്ട് അനുസരിക്കുന്ന, അല്ലെങ്കിൽ അനുസരിക്കാതെ വേറെ വഴി ഇല്ലാത്ത ഒരു സമൂഹത്തിൽ നടപ്പാക്കിയ തന്ത്രം ആണ് നമ്മുടെ ആളുകളിലേക്ക് പരിഭാഷപ്പെടുത്തേണ്ടത് എന്ന് ചിന്തിക്കണം. ഇവിടെ ഒരു തലവേദന വന്നാൽ ആ നിമിഷം അത്യാഹിത വിഭാഗത്തിൽ വന്ന് എനിക്കൊരു CT സ്കാൻ എടുക്കണം എന്ന് ആവശ്യപ്പെടുന്ന മലയാളി, ലണ്ടനിൽ വിട്ടു മാറാത്ത തലവേദനക്ക് രണ്ടു മാസത്തിന് ശേഷം കിട്ടിയ ന്യൂറോളജിസ്റ്റിന്റെ അപ്പോയന്റ്മെന്റ് നു വേണ്ടി കാത്തിരിക്കും. ന്യൂയോർക്കിൽ പക്ഷാഘാതത്തിനുള്ള ചികിത്സകൾ കൊടുത്ത് 24 മണിക്കൂർ കൊണ്ടു ഡിസ്ചാർജ് ചെയ്യുമ്പോൾ ഇവിടെ ഒരു വശം തളർന്ന അമ്മയുടെ മകൻ ഒരാഴ്ച കഴിഞ്ഞു പറയും, “ഇപ്പോൾ ഡിസ്ചാർജ് ചെയ്യേണ്ട ഡോക്ടറെ, ഒന്നു പിടിച്ചു നടക്കാറാവട്ടെ”

നടന്നാൽ എല്ലാം നല്ലതു തന്നെ. വീട്ടിൽ ഇരിക്കുന്നതും സ്വയം മോണിറ്റർ ചെയ്യുന്നതും. അതിനു ശ്രമിക്കേണ്ടതുമാണ്. പക്ഷേ നമ്മുടെ ശീലങ്ങൾ ഒരു കോവിഡ് കൊണ്ടു എത്ര മാറുമെന്നതാണ് പ്രശ്നം. പനിയും ചുമയും വരുമ്പോഴേക്കും വീട്ടിൽ നിന്നും ഡോക്ടറെ കാണാതെ സമാധാനം കിട്ടാതെ ഡോക്ടറുടെ ഉപദേശം വേണമെന്ന് പറഞ്ഞാൽ ? സംസാരിക്കണം എന്നെങ്കിലും ആവശ്യപ്പെട്ടാൽ? അപ്പോളും റെഡി ആയി നമുക്ക് ആളുകൾ വേണ്ടി വരും. കോവിഡ് തിരിച്ചറിയുന്ന, സങ്കീർണതകൾ മനസിലാക്കാൻ കഴിയുന്ന, അണുബാധ ഏൽക്കാതെ സ്വയം രക്ഷിക്കാനും മറ്റു രോഗികൾക്ക് കോവിഡ് കിട്ടാതെ നോക്കാനും അറിയുന്ന ഡോക്ടർമാർ. അതിൽ ഹോമിയോ, ആയുർവ്വേദം, മോഡേൺ എല്ലാവരും വേണ്ടി വരും.

പിന്നെ രോഗപ്രതിരോധം, അത് അത്ര എളുപ്പമുള്ള കളിയല്ല. നമ്മുടെ ജനിതക ഘടകങ്ങളും വർഷങ്ങളായുള്ള ജീവിത ചര്യയും നമുക്ക് തരുന്ന കഴിവാണ്. പെട്ടെന്ന് ഒരു അണു പ്രത്യക്ഷപ്പെടുമ്പോൾ എടുത്ത് അണിയുകയും പിന്നീട് അഴിച്ചു വെക്കുകയും ചെയ്യുന്ന ഒരു പടച്ചട്ടയല്ല പ്രതിരോധം. ഒരു വൈറസിന്റെ ഘടന, അതു ശരീരത്തിൽ സഞ്ചരിക്കുന്ന വഴികൾ, അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ, ഇവയെല്ലാം വ്യക്തമാണെങ്കിലേ ഒരു വാക്‌സിൻ പോലും ചിന്തിക്കാൻ പറ്റു. അതിനാൽ വളരെ എളുപ്പത്തിൽ പ്രതിരോധം ആർജിക്കാം എന്ന് മോഹിച്ചാൽ അത് അതിമോഹം ആയിപ്പോകും. പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യട്ടെ, അതിന്റെ കൂടെ ഓരോ മാസ്കും സനിട്ടൈസറും സാമുഹിക അകലത്തിന്റെ സന്ദേശവും കൂടി കൊടുത്താൽ പ്രതിരോധമരുന്ന് ഫലപ്രാപ്തിയിൽ എത്തിക്കാമായിരുന്നു.

അസാധാരണമായ അത്യാഹിതങ്ങൾ വരുമ്പോൾ നമുക്ക് അസാധാരണമായ രീതിയിൽ പ്രവർത്തിക്കേണ്ടി വരും. അത്തരത്തിൽ മോഡേൺ മെഡിസിനും ഹോമിയോയും ആയുർവേദവും എല്ലാം ഐക്യപ്പെട്ട് പ്രവർത്തിക്കുന്ന ഒരു അസാധാരണ സാഹചര്യം ഇപ്പോൾ കാലം ആവശ്യപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.

Previous articleറിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജവാഴ്ച്ച
Next articleചൈനയും കോപ്പിയടിയും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.