ലേബർ റൂമിന്റെ മുന്നിൽ വാലിൽ തീകൊളുത്തിയ ഭർത്താവിന്റെ അനുഭവം

399

Shameer Vk

രാവിലെ ആറു മണി മുതൽ ലേബർ റൂമിന്റെ മുന്നിലെ കാത്തിരിപ്പുസ്ഥലം കാലുകൊണ്ട് അളക്കാൻ തുടങ്ങിയതാണ്. ഒരു ചെരുപ്പ് തേഞ്ഞ് തേഞ്ഞ് തീരാറായി. വൈകുന്നേരം 6 മണി ആയിട്ടും സ്ഥിതി തഥൈവ. മണിക്കൂർ ഇടവിട്ട് ഡോക്ടറും നഴ്സും പറയുന്നത് ഒന്നു തന്നെ, വേദനയുണ്ട്, പക്ഷേ പ്രോഗ്രസ്സ് ഒന്നുമില്ല.

രണ്ടാം മാസത്തിൽ രണ്ട് തുള്ളി രക്തത്തിന്റെ രൂപത്തിൽ അബോഷന്റെ ഭീഷണി മുഴക്കിയവൻ. 5 മാസം തികയും മുൻപ് ബാഗും പൊട്ടിച്ച് പുറത്ത് ചാടാൻ ശ്രമിച്ചവൻ.
അത്ര നേരത്തേ ലീകിംഗ് തൃശൂർ മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ തന്നെ അപൂർവ്വമാണ് പോലും.
“Pray for the best but expect the worst” ( നല്ലതിന് വേണ്ടി പ്രാർഥിക്കുക ,പക്ഷേ ഏറ്റവും മോശം പ്രതീക്ഷിക്കുക).
ഒരു വാചകത്തിൽ ഗൈനക്കോളജി മാഡം എല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു. എപ്പോൾ വേണമെങ്കിലും ഒരു മാംസപിണ്ഡത്തെ ഗർഭപാത്രം പുറം തള്ളിയേക്കാം. ജീവനുള്ളതാവാം, പക്ഷേ ആ ജീവൻ ക്ഷണികമായിരിക്കും. Worst തന്നെ പ്രതീക്ഷിച്ച് ഒരാഴ്ച്ച ലേബർ റൂമിൽ. മിണ്ടാതെ, ഉരിയാടാതെ, അനങ്ങാതെയുള്ള കിടത്തം. ഞങ്ങൾ സ്വന്തം ഡോക്ടർ കുപ്പായം അഴിച്ചു വെച്ചു. ഞങ്ങൾ പച്ചയായ മനുഷ്യരായി. ഒരു കുഞ്ഞിക്കാൽ കാണാൻ വെമ്പുന്ന രണ്ട് സാധാരണ ഹൃദയങ്ങളായി. ആൺ കുട്ടിക്കും പെൺകുട്ടിക്കും വേണ്ടി പ്രത്യേകം പ്രത്യേകം പേരുകൾ ഗൂഗിളിൽ തിരഞ്ഞെ മജ്ജയും മാംസവുമുള്ള മനുഷ്യർ. മുന്നിൽ ബാക്കിയുള്ളത് ഞങ്ങളുടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ മാത്രം. അക്ഷരം തെറ്റാതെ അനുസരിക്കുക തന്നെ. കട്ടിലിന്റെ കാൽ ഇഷ്ടികയാൽ പൊക്കി അനങ്ങാതെ, ഇളകാതെ, അങ്ങനെ….

പ്രതികൂല സാഹചര്യങ്ങളെ വകവെക്കാതെ ഗർഭാശയക്കൂട്ടിൽ അവൻ വളർന്നു. ലീകിംഗിന് ശേഷം ബാക്കിയുള്ള ആം നിയോട്ടിക് ഫ്ലൂയിഡിൽ കുളിച്ച്, കളിച്ച്. അവനെ കാത്തിരിക്കുന്നത് ഏറ്റവും മനോഹരമായ ഒരു ലോകമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ദാസേട്ടൻെറയും കിശോർ കുമാറിന്റേയും പാട്ടുകൾ കേൾപ്പിച്ചു, കഥകൾ പറഞ്ഞു. പലപ്പോഴും അവന്റെ കുസൃതികൾ മാത്രമായി അമ്മയുടെ ശരീരത്തിന്റെ ഒരേയൊരു ഇളക്കം.
പല റെക്കോർഡുകളും തിരുത്തി 5 മാസത്തെ വെറും മാംസക്കഷണത്തിൽ നിന്ന് 9 മാസക്കാരന്റെ പൂർണതയിലേക്ക് അവൻ വളർന്നു.

4 മാസത്തെ പൂർണ്ണവിശ്രമത്തിന് ശേഷം ഭാര്യ കട്ടിൽ മോചിതയായി. ആവേശത്തോടെ പുറത്തേക്കോടുകയായിരുന്നു അവൾ, ആകാശം കാണാൻ, നിലാവു കാണാൻ, മഴ കാണാൻ. അല്ലെങ്കിൽ ഉള്ളിലെ ജീവന് ഇതെല്ലാം പരിചയപ്പെടുത്താൻ. അപ്പോഴോ, അവന് ആ കാഴ്ച്ചകൾ പോരാ!

പുറത്ത് വന്നാൽ കൊള്ളാമെന്ന മെസ്സേജ് വേദന രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.
ഒട്ടും സമയം കളയാതെ വീണ്ടും ലേബർ റൂമിൽ. എന്തോ ലേബർ റൂമിലെ അന്തരീക്ഷം അവന് ഇഷ്ടമല്ല. ഗർഭപാത്രത്തിൽ അള്ളിപ്പിടിച്ച് ഇരുപ്പാണ് പിന്നെ.
12 മണിക്കൂർ പൂർത്തിയാകുന്നു. ലേബർ റൂമിന്റെ പുറത്ത് എനിക്ക് കൂട്ടിന് അവളുടെ അമ്മ. ഇത്തരത്തിലൊരു സാഹചര്യം എങ്ങനെ ലൈറ്റാക്കാമെന്നത് അമ്മയെ കണ്ട് പഠിക്കണം. ലേബർ റൂമിന് മുന്നിൽ തുല്യ ദു:ഖിതരായി ഇരിക്കുന്ന സകലരുടേയും വിശദമായ ഹിസ്റ്ററ്റി എടുത്തു. ഓരോ കേസ് എടുത്തു കഴിയുമ്പോഴും അത് പ്രസന്റ് ചെയ്യാൻ എന്റെ അടുത്തു വരും. ഞാൻ കാലിന് ചെറിയൊരു വിശ്രമം കൊടുത്ത് കഥ കേൾക്കും.
” ഇപ്പോൾ ആ പോയവരില്ലേ, അവർ ഇതേ പോലെ വേദന വന്ന് കാത്തുനിന്ന് കാത്തുനിന്ന് അവസാനം കുട്ടി മരിച്ചു പോയത്രേ! ”
“ഇന്നലെ വേറൊരു കേസ് അവസാനം സിസേറിയന് കയറ്റി ഇപ്പോൾ അമ്മയും കുട്ടിയും ഐസിയുവിലാണത്രേ!”
ആഹാ… ഈ സമയം പറയാൻ പറ്റിയ കഥകൾ ! എന്തൊരു അവസരോചിതം! സ്വന്തം അമ്മയാണേൽ ചീത്ത വിളിക്കായിരുന്നു, ഭാര്യയുടെ അമ്മ ആയി പോയില്ലേ!
“അതൊക്കെ വേറെ വല്ല പ്രശ്നങ്ങളും ഉള്ളതുകൊണ്ടാകും ഉമ്മാ…. ”
ഞാൻ വഴുതി മാറാൻ ശ്രമിച്ചു.
പക്ഷേ വഴുതി രക്ഷപ്പെടുന്നത് ശരീരം മാത്രമാണ്. മനസ്സ് ആ കഥകളിൽ തന്നെ കുരുങ്ങി നിൽപ്പാണ്, അല്ലെങ്കിൽ കഥകൾക്കു മുൻപേ തന്നെ പലതിലും. OBG പുസ്തകങ്ങളിലെ അധ്യായങ്ങളിൽ… ഹൗസ് സർജൻസിക്ക് ലേബർ റൂമിൽ കണ്ട അനവധി ദൃശ്യങ്ങളിൽ… ജീവിതത്തിനും മരണത്തിനുമിടയിൽ നിമിഷങ്ങളുടെ വ്യത്യാസം മാത്രമുള്ള ആംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസം, പൾമണറി എംബോളിസം, പി പി എച്ച്, എക്ലാംപ്സിയ….. നല്ലതൊന്നും ഓർമ്മ വരുന്നില്ല. ശാന്തമായ കടലിൽ ഉയർന്നു പൊങ്ങുന്ന സുനാമി പോലെ, ശാന്തം എന്ന് പ്രതീക്ഷിച്ച എത്ര പ്രസവങ്ങളിലാണ് ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞത്. മുൻപ് ഒരു സൂചന പോലും തരാതെ. ലേബർ റൂം യുദ്ധഭൂമി പോലെയായത്. ലേബർ റൂമിലെ അറ്റൻഡർ മുതൽ പ്രൊഫസർ വരെയുള്ളവർ ഒരാളുടെ ജീവൻ നിലനിർത്താൻ മല്ലിട്ടത്. ട്രോളികൾ ഓപറേഷൻ തിയറ്ററിലേക്ക് പാഞ്ഞത് , കിട്ടാവുന്ന വഴികളിലൂടെ എല്ലാം രക്തവും ഫ്ലൂയിഡുകളും അകത്തേക്ക് പമ്പ് ചെയ്തത്…… വ്യക്തവും അവ്യക്തവുമായ ദൃശ്യങ്ങൾ ഓരോന്നായി മിന്നിമറയുന്നു. ഭാര്യ ഇതൊക്കെ ചിന്തിക്കുന്നുണ്ടാകുമോ, അല്ലെങ്കിൽ വേദനയിൽ എല്ലാം മറന്നിട്ടുണ്ടാകുമോ?

രാത്രി 12 മണി. ഇപ്പോൾ ഏതാണ്ട് 18 മണിക്കൂർ വേദന അവൾ സഹിച്ചു കാണും. വീണ്ടും വിളി. ഇനിയും പ്രോഗ്രസ്സ് ചെയ്തില്ലെങ്കിൽ സിസേറിയന് എടുക്കാം. തലയാട്ടി. ഇനിയിത് വയ്യ. എന്റെ മനസ്സും അവളുടെ ശരീരവും തളർന്നു കഴിഞ്ഞു. ഒന്ന് അവസാനിപ്പിക്കാൻ വേണ്ടത് ചെയ്യണം. പക്ഷേ സിസേറിയൻ ചെയ്യാൻ ആണെങ്കിൽ ഇതുവരെ സഹിച്ച വേദന? അത് ഒരു അമ്മ അറിയണമെന്ന് പ്രകൃതിക്ക് നിർബന്ധമുണ്ടായിരിക്കും.

അടുത്ത വിളി. കുട്ടി ഇറങ്ങി തുടങ്ങിയിരിക്കുന്നു. സുഖപ്രസവത്തിന് തന്നെ ശ്രമിക്കാം. വെറുതേ താഴോട്ടിറങ്ങി പോന്നാൽ പോര, പരിശീലിപ്പിച്ചു വെച്ച നൃത്തച്ചുവടുകൾ പോലെ ആ ശരീരം താളാത്മകമായി തിരിയണം, മറയണം, പുറത്തിറങ്ങി കരയണം. എന്നാലേ ഉദ്യമം വിജയത്തിലെത്തൂ. ഒരു മകനെ / മകളെ സ്വന്തമാക്കാൻ കഴിയൂ.

വീണ്ടും പ്രതിസന്ധികൾ. സമയം പ്രതീക്ഷിച്ചതിലും കൂടുതൽ എടുക്കുന്നു. ഇറക്കത്തിന്റെ ഏതോ ഇടുങ്ങിയ വളവുകളിൽ അവന്റെ കുഞ്ഞു ശരീരം കുടുങ്ങി പോയിരിക്കുന്നു. ഒരു ദൈവദൂതയെ പോലെ ഞങ്ങളുടെ ഡോക്ടർ ലേബർ റൂമിലേക്ക് കുതിക്കുന്നത് എനിക്ക് നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായി കാണാം. ഈ ഒമ്പത് മാസത്തെ പ്രതീക്ഷകൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാവുകയാണോ….

അര മണിക്കൂർ കൂടി കഴിഞ്ഞു കാണും.
മാഡം പുറത്തു വരുന്നു
” ആൺകുട്ടിയാണ്, 3.5 കിലോ തൂക്കമുണ്ട്, അവൻ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു. വാക്വം വേണ്ടി വന്നു, കുഴപ്പങ്ങൾ ഒന്നുമില്ല”

“എൽസീ മാഡം പറഞ്ഞത് ഗർഭിണിയാകുമ്പോൾ സൗന്ദര്യം കൂടിയാൽ പെൺകുട്ടിയാകുമെന്നാ, അപ്പോ എനിക്ക് സൗന്ദര്യം കുറഞ്ഞു അല്ലേ “- ചെറിയൊരു നിരാശ കലർന്ന ഭാര്യയുടെ തമാശ.

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ ആൺകുട്ടി ആയിരിക്കുമെന്ന്” മോൾക്ക് ഇടാൻ വെച്ച പേര് ആരോടും പറയാതെ മനസ്സിൽ തന്നെ സൂക്ഷിച്ച് ഞാനും …… n