ആരും അനാഥരായി ജനിക്കുന്നില്ല; വായിക്കൂ ഈ കുറിപ്പ്

851

ആരും അനാഥരായി ജനിക്കുന്നില്ല – നാല് വയസ്സുകാരൻ ഏദൻ ഈ അവധിക്കാലം ചിലവഴിക്കുന്നത് അച്ഛനും അമ്മയും “ഫോസ്റ്റർ കെയർ” അഥവാ “അവധിക്കാല പോറ്റിവളർത്തലിനായി” കൂടെ കൂട്ടിയ രണ്ട് ചേച്ചിമാർക്കൊപ്പം!

====

An article by Shamim Rafeek

ഇന്നത്തെ ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഹെഡ് ലൈൻ ഇതാണ് – “കേരളത്തെ ഞെട്ടിച് കുട്ടികളോടുള്ള ക്രൂരത പിന്നെയും”. മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന വാർത്തയാണിത്. ഇത്തരം വാർത്തകൾ എല്ലാവരും അറിയേണ്ടത് തന്നെയാണ്. പക്ഷെ പലപ്പോഴും ഇതേ വാർത്ത തന്നെ ഇവർ വീണ്ടും വീണ്ടും എഴുതും. അത് വായിച്ചു നമ്മുടെ മനസ്സ് പോലും മരവിച്ചു പോവും. പലപ്പോഴും ഞാനാലോചിക്കാറുണ്ട്, കുട്ടികളോട് കാണിക്കുന്ന അതിക്രമങ്ങൾക്കൊപ്പം കുട്ടികളെ സഹായിക്കുന്നവരെ കുറിച്ചുള്ള നല്ല വാർത്തകൾ എന്താണ് ആരും എഴുതാത്തതെന്ന് – അതിനു ന്യൂസ് വാല്യൂ ഇല്ലല്ലോ! ഇതാ അത്തരമൊരു നല്ല കഥ.

Shamim Rafeek
Shamim Rafeek

കേരളത്തിലെ പ്രശസ്ത ഫിനാൻസ് ഗ്രൂപ്പ് ആയ ചിറയത്തു ഗ്രൂപ്പിന്റെ ട്രെയിനിങ് ചെയ്യാനായി അങ്കമാലിയിലെ ഒരു ഹോട്ടലിൽ എത്തിയ ഞാൻ അവിടെ വെച്ചാണ് സ്ഥാപനത്തിന്റെ ഉടമകളായ ശ്രീ ബിജു റാഫേലിനെയും, ഭാര്യ എലിസബത്തിനെയും പരിചയപ്പെടുന്നത്. ഒരു അവധി കാലമായതുകൊണ്ടാവണം അവരുടെ മൂന്നു കുട്ടികളും അവിടെയുണ്ടായിരുന്നു. രണ്ടു മിടുക്കി പെൺകുട്ടികളും, ഒരു കുഞ്ഞു മിടുക്കൻ ആൺകുട്ടിയും. കുട്ടികളെ കുറിച്ച് ചോദിച്ചപ്പോഴാണ് എലിസബത്തിൽ നിന്നും മനസ്സിലായത്, നാല് വയസ്സുള്ള ഏദൻ അവരുടെ കുഞ്ഞാണെന്നും, ആ രണ്ടു പെൺകുട്ടികളെ അവർ മകന് അവധിക്കാല കൂട്ടായി ഫോസ്റ്റർ കെയർ അഥവാ അവധിക്കാല പോറ്റിവളർത്തലിനായി കൂടെ കൂട്ടിയതാണെന്ന്.

ട്രെയിനിങ് കഴിഞ്ഞു വിശദമായി ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലാവുന്നത്. അതെ നമ്മുടെ കുഞ്ഞുങ്ങളൊക്കെ അവധികാലം അടിച്ചുപൊളിക്കുമ്പോൾ, ഓരോ അനാഥാലയത്തിലും, ബാലസംരക്ഷണ കേന്ദ്രത്തിലുമൊക്കെ കഴിയുന്ന കുട്ടികൾക്ക് നമുക്കൊരു നല്ല അവധിക്കാലം നിയമപ്രകാരം കൊടുക്കാനാവുമത്രെ. ഒരു ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ബിജുവും, എലിസബത്തും ദത്തെടുത്ത പത്തും, ഏഴും വയസ്സുള്ള സഹോദരിമാരായ *സ്നേഹയും, *ജൂലിയും *(പേര് മാറ്റിയിരിക്കുന്നു) ഏദൻ എന്ന കുഞ്ഞനുജന്റെ കൂടെ അവധിക്കാലം ചിലവഴിക്കുകയാണ്. ഇവരുടെ സ്വന്തം മക്കളെ പോലെ, നല്ല വസ്ത്രവും, ഭക്ഷണവും, യാത്രയും, കളികളുമൊക്കെയായി ഇവരുടെ കുടുംബാംഗങ്ങൾ ആയി കഴിഞ്ഞു ഈ കുട്ടികൾ. ഇതാരാണെന്ന ചോദ്യത്തിന് എന്റെ ചേച്ചിമാരാണ് എന്നാണ് അഭിമാനത്തോടെ ഏദൻ പറഞ്ഞത്.

എലിസബത് പറഞ്ഞതനുസരിച്ചാണ് ഞാൻ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി “ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ”, പ്രൊട്ടക്ഷൻ ഓഫീസർ ഹഫ്‌സീനയെ വിളിച്ചത്. ഹഫ്‌സീന പറഞ്ഞപ്പോഴാണ് ഈ പുണ്യപ്രവർത്തിയുടെ കാര്യങ്ങൾ മനസ്സിലായത്. “ബാല നീതി നിയമം 2015” പ്രകാരം കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതി പ്രകാരം കുട്ടികളെ പല രീതിയിൽ പുനരധിവസിപ്പിക്കാൻ പറയുന്നുണ്ട്, അതിലൊന്നാണ് “വെകേഷൻ ഫോസ്റ്റർ കെയർ” അഥവാ “അവധിക്കാല പോറ്റി വളർത്തൽ”. 2016 ഇൽ മലപ്പുറത്തും, തിരുവനന്തപുരത്തുമായാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ കേരളമൊട്ടുക്കും വ്യാപിച്ചു കഴിഞ്ഞു. 2019 ഇൽ ഈ അവധിക്കാലത് എറണാകുളം ജില്ലയിൽ മാത്രം 21 കുട്ടികളെയാണ് പല കുടുംബങ്ങൾ ഇതുപോലെ ദത്തെടുത്തിട്ടുള്ളത്. ജില്ലയിലെ നൂറോളം വരുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പന്ത്രണ്ടോളാം കേന്ദ്രങ്ങളാണ് ഇതുമായി സഹകരിക്കുന്നത്.

6 വയസ്സിനും 18 വയസ്സിനുമിടയിലുള്ള കുട്ടികളെ ഇങ്ങിനെ അവധിക്കാലത്തേക്കു ദത്തെടുക്കാം. ദീർഘകാലത്തേക്കു ദത്തെടുക്കുന്നതിനുള്ള മാർഗരേഖകൾ വേറെയാണ്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എല്ലാ ജില്ലകളിലും ഉണ്ട്. അവിടെ അപേക്ഷ കൊടുത്താൽ, ഉദ്യോഗസ്ഥർ വീട്ടിൽ വന്നു വേണ്ട പരിശോധന നടത്തി കുട്ടികളുടെ കോടതിയായ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ റിപ്പോർട്ട് സമർപ്പിക്കും. കമ്മറ്റി അംഗീകരിച്ചാൽ ഇതിനായി കണ്ടെത്തിയ കുട്ടികളെ കാണാൻ അനുവദിക്കും. രണ്ടു കൂട്ടർക്കും സ്വീകാര്യമാണെങ്കിൽ ഉത്തരവ് പ്രകാരം കുട്ടികളെ അവധിക്കാലത്തേക്കു കൂട്ടികൊണ്ടുപോകാം. സമിതിയുടെ നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ അവധിക്കാലം തീരുന്നതോടെ തിരിച്ചു കൊണ്ട് പോയി ആക്കണം. ഇതിനിടയിൽ ഉദ്യോഗസ്ഥർ ഫോൺ വഴിയും, നേരിട്ടും കുട്ടികളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കും.

ഈ കുട്ടികൾ എല്ലാം തന്നെ പല സാഹചര്യങ്ങളിൽ സർക്കാർ ഏറ്റെടുത്ത കുട്ടികളാണ്. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾ. ഇവരെ സർക്കാർ അംഗീകാരമുള്ള പല ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നവരാണ്. ഇവരുടെ വിവരങ്ങൾ പുറത്തു വെളിപ്പെടുത്തരുത് എന്നും നിയമം അനുശാസിക്കുന്നു. നമ്മുടെ കുട്ടികളെ നോക്കുന്ന പോലെ തന്നെ ഇവരെ നോക്കുകയും, നല്ലൊരു അവധിക്കാലം ഇവർക്ക് കൊടുക്കുകയും ചെയ്യണം. ഇതിന്റെ വിശദ വിവരങ്ങൾ http://wcd.kerala.gov.in/children/ലഭ്യമാണ്. കുട്ടികളെ ദത്തെടുക്കാൻ താല്പര്യമുള്ളവർക്ക് ഈ വെബ്‌സൈറ്റിയിലുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇതെഴുതുന്നതിനിടയിൽ എലിസബത്തിനെ വിളിച്ചപ്പോൾ അറിഞ്ഞത് മൂന്ന് കുട്ടികൾക്കും ഈസ്റ്ററിന് പുതിയ ഉടുപ്പ് വാങ്ങാൻ ട്രെൻഡ്‌സിൽ നിൽക്കുകയാണ് എന്നാണ്. രണ്ടു കുട്ടികൾക്ക് നല്ലൊരു അവധിക്കാലം കൊടുക്കാൻ മനസ്സ് കാണിച്ച ബിജുവിനും, എലിസബത്തിനും, ചേച്ചിമാരെ കയ്യും നീട്ടി സ്വീകരിച്ച അവരുടെ കുഞ്ഞു മോനും ദൈവം നല്ലതു വരുത്തട്ടെ. സമൂഹത്തിൽ നന്മയുടെ വിത്ത് വിതയ്ക്കുന്ന ഇവരെ പോലെ ഉള്ളവരാണ് ഭൂമിയുടെ പുണ്യം. കുട്ടികളോട് ക്രൂരത കാണിക്കുന്നവരുടെ കഥ മാത്രമല്ല ഇവരെ പോലെയുള്ളവരുടെ കഥയും എല്ലാവരിലുമെത്തട്ടെ. ആരും അനാഥരായി ജനിക്കുന്നില്ല, പക്ഷെ നമ്മൾ മനസ്സ് വെച്ചാൽ ഒരു കുട്ടിയും അനാഥരായി മരിക്കുകയുമില്ല!

An article by Shamim Rafeek. © Shamim Rafeek 2019.