മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?

494

മുന്നൂറിലേറെ കുടുംബങ്ങളാണ് മൂലമ്പള്ളിയിലും സമീപ പ്രദേശത്തുമായി സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടത് . വീടുകൾ ജെസിബി കൊണ്ട് ഇടിച്ചിട്ടും പുസ്തകങ്ങള്‍ പൊലീസ് വലിച്ചെറിഞ്ഞും വൃദ്ധരെ പുറത്തേക്ക് വലിച്ചിട്ടും ആഹാരസാധനങ്ങള്‍ വലിച്ചെറിഞ്ഞും സ്ത്രീകളെ മര്‍ദ്ദിച്ചും അന്ന് കിരാതവാഴ്ചയായിരുന്നു. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വാക്കും വെറുംവാക്കായി. പാവപ്പെട്ട മൂലമ്പള്ളിക്കാരോട് കാണിക്കാത്ത നീതി എന്തിനാണ് മരട് ഫ്‌ളാറ്റ് പ്രശ്നത്തിൽ സമ്പന്നമായ ഫ്‌ളാറ്റ് നിവാസികളോട് കാണിക്കുന്നതെന്ന് ചോദ്യവുമായി നടൻ ഷമ്മി തിലകൻ രംഗത്തെത്തി. ഷമ്മിയുടെ കുറിപ്പ് വായിക്കാം

അതിക്രൂരമായ മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ
അതിക്രൂരമായ മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ

ഷമ്മി തിലകൻ എഴുതുന്നു

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

മൂലമ്പള്ളി സമരം
മൂലമ്പള്ളി സമരം

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.

Image result for മൂലമ്പള്ളി