Shamna Sherin ന്റെ ഫേസ്ബുക് പോസ്റ്റ്

സഞ്ജുവും സിസിലിയും. “പൂമുഖപ്പടിയിൽ നിന്നെയും കാത്ത്” (1986)എന്ന സിനിമ കണ്ട മനുഷ്യർക്ക് രണ്ടു കൗമാര കഥാപാത്രങ്ങൾ മാത്രമായിരിക്കില്ല.അതേ സിനിമയിലെ കൊഞ്ചി, കരയല്ലേ..എന്ന പാട്ടു പോലെ ഹൃദയത്തിൽ മുള്ളു പോലെ കുരുങ്ങുന്ന രണ്ടു കഥാപാത്രങ്ങളായിരിക്കും.മക്കൾക്ക് വേണ്ടി വൈകാരികമായി യാതൊരു തരത്തിലും ചേർന്നു പോകാത്ത രണ്ടു പേർ വല്ല വിധേനയും ഒരുമിച്ചു ജീവിതം ഉന്തി തള്ളി നീക്കുക എന്ന സോഷ്യൽ കണ്ടീഷണിങ്ങിന്റെ ഉള്ളിൽ പെട്ട് ശ്വാസം മുട്ടി മരിച്ച രണ്ടു കുട്ടികളായിരുന്നു.

കൂടുമ്പോൾ ഇമ്പമുള്ള സ്ഥലമാണ് കുടുംബം. അതങ്ങനെ ആയിരിക്കുകയും വേണം. അല്ലെങ്കിൽ വീട് എന്നത് കല്ലും സിമന്റും മണലും ചേർത്ത് നിർമിച്ച വെറും കെട്ടിടം മാത്രമാണ്. മനുഷ്യന് വീടുണ്ടാവേണ്ടത് സ്നേഹം കൊണ്ടും കരുതൽ കൊണ്ടും സുരക്ഷിതത്വ ബോധം കൊണ്ടുമാണ്. പങ്കാളിയോടുള്ള അമിത സ്നേഹം എന്ന് ന്യായീകരിച്ചാണ് പലരും ടോക്സിക് ആവുന്നത്. അതു സഹിക്കേണ്ടുന്നതിന് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന് ന്യായം കണ്ടെത്തുന്നിടത്ത് അപ്പുറത്തുള്ള ആൾ വർഷങ്ങളുടെ തഴക്കം കൊണ്ടും പഴക്കം കൊണ്ടും എത്തും.

മകൾക്ക് വേണ്ടി ടോക്സിക് ആയ ഭാര്യയെ സഹിക്കുന്ന, ഭാര്യയെ പേടിച്ചു മകളെ ഓമനിക്കാൻ പോലും പേടിക്കുന്ന ഡോക്ടർ ഐസക്, മകന് വേണ്ടി അതുപോലൊരു ഭർത്താവിനെ ചുമക്കുന്ന യൗവനം വിട്ടു മാറാത്ത അമ്മുക്കുട്ടി.വീട്ടിലെ വീർപ്പു മുട്ടലുകൾക്കിടയിൽ നിന്ന് രക്ഷപ്പെടാൻ ലഹരിയിൽ അഭയം തേടുന്ന സഞ്ജു.എന്നിരുന്നാലും ഗാർഹികാ ന്തരീക്ഷം സാമൂഹിക വിരുദ്ധനായി മാറ്റിയിട്ടില്ലാത്ത സെൻസിബിൾ ആയ ഒരു ചെറുപ്പക്കാരൻ. എപ്പോഴും വിഷാദം മുറ്റി നിൽക്കുന്ന,ഇപ്പോൾ അണ പൊട്ടിയൊഴുകാൻ പാകത്തിൽ വെമ്പി നിൽക്കുന്ന കണ്ണുകളുള്ള സിസിലി. അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കേട്ട് അയൽവാസികൾ വീട്ടിലേക്ക് എത്തി നോക്കുമ്പോൾ, ചിരിക്കുമ്പോൾ വിപരീതദിശയിലെ ബാൽക്കണികളിൽ നിന്ന് നിസ്സഹായരായി മുഖത്തോട് മുഖം നോക്കി നിൽക്കുന്ന രണ്ടു പേർ.ഒരേ ശൂന്യതയിൽ ഹൃദയത്തിന്റെ സമാന ഭാഗം മുറിഞ്ഞു പോയ രണ്ടു പേർ.

ജാലകത്തിര ശീകൾക്കിടയിലൂടെയുള്ള, വീടുകൾക്കിടയിലെ ഓടയിലെ കളിവഞ്ചികളുടെ ഒഴുക്കിലൂടെ, മനോഹരമായ ഗാനങ്ങളിലൂടെ സഞ്ജുവിന്റെയും സിസിലിയുടെയും പ്രണയം കാണിക്കുന്ന സിനിമ ചൈൽഡ് ഹൂഡ് ട്രോമകൾ ഒരു തീവ്രമായ പ്രണയം കൊണ്ടു പോലും കരിച്ചു കളയാൻ സാധിക്കില്ല എന്നുള്ള ഓർമപ്പെടുത്തലാണ്.വിശേഷിച്ചും കലഹാന്തരീക്ഷമുള്ള കുടുംബത്തിൽ അരക്ഷിതരായി ജീവിച്ച കുഞ്ഞുങ്ങളുടെ ട്രോമകൾ. ജീവിതകാലം മുഴുവൻ അതവരെ വേട്ടയാടിക്കൊണ്ടിരിക്കും. സമാനമായ പ്രണയ ബന്ധങ്ങളിലേക്ക് അവർ പോലുമറിയാതെ നടന്നു കയറും. കുട്ടിക്കാലത്തെ സ്നേഹരാഹിത്യം നികത്താൻ പങ്കാളിയിലൂടെ ശ്രമിക്കും. മുഴുവനായി വിജയിക്കില്ല.പരാജയപ്പെടും. അപൂർവങ്ങളിൽ അപൂർവം ചിലർ അതിജീവിക്കും.

ഇത്രയൊന്നും അറിഞ്ഞു കൂടെങ്കിലും വഴക്കടിക്കുമ്പോൾ സ്വന്തം കുഞ്ഞിന്റെ കണ്ണു നിറയുന്നുവെന്നും അവർ ഭയന്ന് വിറക്കുന്നുവെന്നും പോലും മനസിലാക്കാത്ത, തീൻമീശക്കി രുവശവും ഇരുന്ന് പോരടിക്കുന്ന, ഉണ്ണുന്ന പാത്രം മക്കൾക്കു മുന്നിൽ വലിച്ചെറിഞ്ഞു പൊട്ടിക്കുന്ന സമൂഹത്തിലെ മാതൃകാ ദമ്പതികളിൽ പലരും ഒരു പക്ഷേ തങ്ങളുടെ കുട്ടിക്കാലത്തെ ട്രോമകൾ, അതിന്റെ ഫ്രസ്ട്രേഷൻ ഒക്കെ തങ്ങളുടെ മക്കളുടെ മേൽ ചൊരിഞ്ഞു ചരിത്രത്തിനു തുടർച്ച ഉണ്ടാക്കിക്കൊടുക്കുന്നവരാണ്.എനിക്ക് ചെറുപ്പത്തിൽ അച്ഛന്റെ വാത്സല്യം കിട്ടിയിട്ടില്ല, അമ്മയെ തല്ലുന്നത് കണ്ടാണ് ഞാൻ വളർന്നത് എന്നൊക്കെ ആയിരിക്കും അവരുടെ ന്യായീകരണം. സ്വന്തം കുട്ടിക്കാലത്തിന്റെ വിഴുപ്പ് നിഷ്കളങ്കരായ തന്റെ കുഞ്ഞുങ്ങൾ ചുമക്കണം എന്ന സാമാന്യ ബോധം ഇവരിൽ നിന്ന് പ്രതീക്ഷിക്കരുത്. അവരെ സംബന്ധിച്ചു സ്വാർഥമാണ് ജീവിതം.

സ്വന്തം വികാരങ്ങൾക്ക് മാത്രമേ അവർ വാലിഡിറ്റി പ്രതീക്ഷിക്കുന്നുള്ളൂ. “ഞങ്ങൾക്ക് മുന്നിൽ വെച്ച് എന്റെ ഇത്ത എന്റെ വാപ്പാക്ക് ജനിച്ച മകൾ അല്ലെന്ന് എന്റെ വാപ്പ ആക്രോശിക്കുമ്പോൾ ഒന്നു കരയാൻ പോലും പറ്റാതെ നിൽക്കുന്ന എന്റെ ഉമ്മാക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് “എന്ന് കരഞ്ഞു കൊണ്ടു പറഞ്ഞ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. ഇത്തരം വാപ്പമാർ മക്കൾക്ക് എന്ത് തരത്തിലുള്ള സുരക്ഷിതത്വ ബോധമാണ് നൽകുന്നുണ്ടാവുക. രണ്ടു മനുഷ്യർ തമ്മിലുള്ള കമ്പാനിയൻ ഷിപ്പിനെക്കുറിച്ച് എന്ത് തരം വികലമായ ചിത്രമായിരിക്കും ആ കുട്ടികളുടെ മനസ്സിൽ ഉണ്ടാവുക.ഇത്തരം ഗൃഹന്തരീക്ഷം മൂലം പഠനത്തിൽ പിന്നാക്കമാവുന്ന, ലഹരിക്ക് അടിമപ്പെടുന്ന, മാനസിക പ്രശ്നങ്ങൾ ഉണ്ടാവുന്ന,വ്യക്തി ബന്ധങ്ങൾ സുഗമ മായി കൈകാര്യം ചെയ്യുന്നതിൽ കഴിവ്കേടുണ്ടാവുന്ന മക്കളായി അവർ മാറുന്നു.

ഇത്തരം പങ്കാളികൾ ഇന്ന് നന്നാവും നാളെ നന്നാവും എന്ന് കരുതി ശിഷ്ട ജീവിതം ത്യജിക്കുന്ന സ്ത്രീ പുരുഷന്മാരുണ്ട്. ഇത്തരക്കാരെ ശാസ്ത്രീയമായി ചികിൽസിച്ചു നേരെയാക്കാം എന്ന് വെച്ചാൽ ക്ലാരയെപ്പോലെ,വാസുവിനെപ്പോലെ “എന്നെ രോഗിയാക്കിയിട്ട് വേണം നിനക്ക് തോന്നിയ പോലെ ജീവിക്കാൻ” എന്ന സ്ഥിരം പല്ലവി കേൾക്കേണ്ടി വരും എന്നത് മിച്ചം.അവസാനം റെയിൽ വേ ട്രാക്കിൽ, ഒരു മുഴം കയറിന്റെ തുമ്പിൽ സ്വന്തം മക്കൾ ജീവിതമവസാനിപ്പിച്ചു സ്വസ്ഥത യുള്ള ലോകം തേടി പോകുമ്പോൾ നിലവിളിച്ചു കരയാനേ ഇത്തരം രക്ഷിതാക്കൾക്ക് ആവൂ. ടോക്സിക് ആയ പാർട്ണർ മാത്രമല്ല, അത് ക്ഷമിച്ചും സഹിച്ചും മക്കൾക്ക് വേണ്ടി മുന്നോട്ട് പോകാം എന്ന് തീരുമാനിക്കുന്ന പങ്കാളിക്കും കൂടി തുല്യമായി ഇത്തരം ദുരന്തങ്ങളിൽ ഉത്തരവാദിത്തമുണ്ട്. അവസാനം ഇതൊരു പാഠമല്ല,, സത്യമാണ് എന്ന കുറിപ്പോടെയാണ് സിനിമ അവസാനിക്കുന്നത്.

തൊള്ളായിരത്തി എൺപതുകളിലെ സാമൂഹിക സദാചാര സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ ധാരാളം കുടുംബ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഭൂരിഭാഗവും നല്ലനടപ്പില്ലാത്ത മരുമകൾ /ഭാര്യ /അമ്മായി അമ്മ എന്നിവർ കാരണം സന്തുലിതാവസ്ഥ തകരുന്ന കുടുംബങ്ങൾ. അല്ലെങ്കിൽ അവിഹിതമോ ലഹരിയോ ശീലമാക്കിയ നായകൻ. അവരുടെ പ്രണയങ്ങൾ. ഇതിലപ്പുറം ഇത്തരം കുടുംബങ്ങളിലെ കുട്ടികളുടെ വൈകാരിക പ്രതിസന്ധിയെക്കുറിച്ച് ചൈൽഡ് ഹൂഡ് ട്രോമ എന്ന് കേട്ടു കേൾവി പോലുമില്ലാത്ത കാലത്തെ ഭദ്രൻ സിനിമ. പൂമുഖപ്പടിയിൽ ഒരു പ്രണയം കാത്തിരിക്കുന്ന, സമാധാനമുള്ള ജീവിതം കാത്തിരിക്കുന്ന മനുഷ്യരുടെ കഥ. പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള ജീവിത ഗന്ധിയായ സിനിമ.

 

You May Also Like

നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നീലക്കടലിൽ നീന്തിത്തുടിക്കുന്ന പ്രിയ വാര്യർ

മർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് നിറസാന്നിധ്യമായി…

ക്യാപ്ടനു വിട

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.…

അന്തരിച്ച പങ്കജ് ഉദാസ്, സംഗീത ലോകത്തെ ഒരു യുഗം

അന്തരിച്ച പങ്കജ് ഉദാസ്, സംഗീത ലോകത്തെ ഒരു യുഗം കുറച്ചു നാളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ഗസൽ…

വിജയ് നായകനായ വാരിസ് ഡിലീറ്റഡ് സീൻ ആമസോണിൽ ഡിജിറ്റൽ റിലീസ് ചെയ്തു

വിജയ് നായകനായ വാരിസ് ഡെലീറ്റഡ് സീൻ ആമസോണിൽ ഡിജിറ്റൽ റിലീസ് ചെയ്തു. വംശി പൈടിപ്പള്ളി ആണ്…