വീടിനകത്ത് മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവരെ കണ്ടിട്ടുണ്ടോ നിങ്ങൾ ?

342

എഴുതിയത് ഷംസീറ ഷമീർ

കണ്ടിട്ടുണ്ടോ നിങ്ങൾ ???
വീടിന്നകത്ത് മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവരെ ,വെളിയിലിറങ്ങുമ്പോൾ തലകുനിച്ച് വെച്ച് വേഗതയിൽ നടന്ന് പോകുന്നവരെ കാലിന്റെയാ വേഗതയിലും അവരുടെ കണ്ണുകൾ കഴുകനെ പോലെ വട്ടം ചുറ്റുന്നത് കാണാറുണ്ടോ .. ചുറ്റിലും
തന്നെപൊതിഞ്ഞ് കൊണ്ട് വരുന്ന കടന്നൽക്കൂട്ടങ്ങളെ ആട്ടിയോടിക്കാൻ കെല്പ്പില്ലാതെ അതിന്റെ കുത്തേറ്റ് പിടഞ്ഞ് ഒടുവിൽ നീര് വെച്ച് വീർത്ത് ആ കടച്ചിലുമായി തിരികെ വീടണയുമ്പോൾ കൊടിയനീറ്റലിൽ ഉറക്കം നഷ്ടപ്പെടുന്നവരെ.. കാണാറുണ്ടോ നിങ്ങൾ?

അച്ഛൻ ആത്മഹത്യ ചെയ്തതിന് മകൻ അകത്തെ ഇരുട്ടിൽ മറഞ്ഞിരിക്കുന്നു .. ആരും കാണാതെ പൊട്ടിക്കരയുന്നു.
മകൾ ഒളിച്ചോടിയതിന് അച്ഛൻ അപഹാസ്യനായി നാട്ടുവഴി മറക്കുന്നു. മകൻ ജയിലിലായതിന് അമ്മയെ ഉമ്മറപ്പടി കളിയാക്കി ചിരിയ്ക്കുന്നു. എന്ത് തെറ്റു ചെയ്തു ഇവർ?
വളർത്തുദോഷവും ,കുടുംബത്തിന്റെ അന്തസ്സും ,ജീവിത ധൂർത്തും ആകാശം മുട്ടെ ഉയർത്തി പിടിച്ച് സമൂഹത്തിന് നടുവിൽ ഒന്നിനും കൊള്ളാത്തവരാക്കി നിരപരാധികളെ അപഹാസ്യരാക്കുമ്പോൾ അന്തസ്സില്ലാത്തവരെന്ന് വിളിച്ചു പറയുമ്പോൾ നമ്മളിൽ ചില കൂട്ടം ഓർക്കേണ്ട ഒന്നുണ്ട് കൊല്ലാൻ നെഞ്ചിൽ ആയുധം കുത്തിയിറക്കേണ്ട എന്നത് കൊല്ലാൻ കഴുത്തിൽ കയറ് മുറുക്കേണ്ട എന്നത് നാക്ക് കൊണ്ട് ഇഞ്ചിഞ്ചായി കൊന്ന് ജഢമാക്കി നിങ്ങളവരെ വെള്ള പുതപ്പിച്ച് കിടത്തുന്നുണ്ട് !
ജീവിത സമ്പത്തെന്നത് മരണം വരെ തെളിനീരുപോലെ ജീവിയ്ക്കാൻ കഴിയുകയെന്നത് തന്നെയാണ്. പക്ഷേ…. അറിയുമോ നിങ്ങൾക്ക് …
അത് പലർക്കും ശിഥിലമാകുന്നതെവിടെയെന്ന്? കുടുംബത്തിലെ ഒരു വ്യക്തിയുടെ ആത്മഹത്യ, ഒളിച്ചോട്ടം ,ധൂർത്ത് ,മദ്യപാനം ,ജയിൽവാസം അതിന്റെ നിര ഏറെയുണ്ടാകാം…
കുടുംബത്തിൽ പിറന്നവർക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ഭാണ്ഡം തോളിലേറ്റേണ്ടി വരില്ലെന്ന ന്യായം ഒറ്റവരിയിൽ പറഞ്ഞ് വെയ്ക്കുമ്പോൾ മറന്നു പോകുന്ന ഒന്നുണ്ട് വിരളമാണതെന്നത്,, വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റെയിൽവേ പാതകളിലൂടെ കൂകി വിളിച്ചു പായുന്ന തീവണ്ടി കാണാറില്ലേ നിങ്ങൾ
ഇടയ്ക്ക് പാളം തെറ്റുമ്പോൾ മാത്രം ചിന്നിച്ചിതറുന്നത് ,അതേ പോലെ ഈ ജീവിത പാതയിൽ പതിയിരിക്കുന്ന അപകടമറിയാതെ പാളം തെറ്റി പോകുന്നവർ മാത്രമായിരിക്കാം ചിലർ!
അതിനിടിയിൽപ്പെട്ട് ചതഞ്ഞ് തീരുന്ന നിരപരാധികളായവരെ വഴി നടക്കാൻ അനുവദിക്കാതെ തടയിട്ട് വീഴ്ത്തിക്കൊണ്ടിരിക്കുന്ന കുറേ പേരുടെ മുഖത്തേക്ക് നോക്കി ഒന്ന് ചോദിക്കട്ടെ ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം അത് ഒരു വ്യക്തിയുടേതല്ലേ
ഒറ്റ വ്യക്തിയല്ലേ ഓരോരുത്തരും!
ആ ഒറ്റ വ്യക്തിയിലേക്ക് കണ്ണുകൾ തുറന്ന് വെയ്ക്കുമ്പോൾ ചുറ്റിലും മാതാവോ, പിതാവോ ,സഹോദരിയോ ,സഹോദരനോ ആരുമാവട്ടെ എങ്ങിനെയാണ് തെറ്റുകാരാവുന്നത്.
തെറ്റ് ചെയ്തവരെ കുറ്റം പറയാം അതിന് കാരണക്കാരെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടവരേയും ചോദ്യം ചെയ്യാം … ഇവിടെ പ്രതിപാദിക്കുന്നത് അതൊന്നുമല്ലെന്ന് ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ ..
കാരണം ,,ക്ഷമിക്കാൻ കഴിയാത്ത തെറ്റുകളെ വീണ്ടും സഹചാരിയാക്കാൻ നല്ലൊരു മനുഷ്യൻ കൂട്ടാക്കാറില്ലല്ലോ..
നിങ്ങൾക്കറിയോ
വർഷങ്ങൾക്ക് മുൻപ് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്നപ്പോൾ ഡോക്ടർമാർ ഞെരിച്ച് നുള്ളിയാണ് എന്നെ ഇടയ്ക്കിടെ കണ്ണ് തുറപ്പിച്ചിരുന്നത് ആ വേദനയിൽ പുളഞ്ഞ് വലിയ വായിൽ നിലവിളിയ്ക്കുമ്പോൾ
മരണത്തെ വെറുമൊരു നിസാര കാര്യത്തിന് മോഹിച്ച എന്റെയുള്ളിൽ എന്നോട് പുച്ഛമായിരുന്നു.
വെറുമൊരു വാശിയുടെ പുറത്ത് മരിക്കാൻ നോക്കുന്നവരും മരിച്ചവരും കൊല്ലുന്നത് എത്ര ജീവിതങ്ങളെയാണെന്ന് ഇന്ന് തിരിച്ചറിയുമ്പോൾ ആത്മഹത്യയെന്നത് സത്യത്തിൽ ഒരു കുടുംബത്തെ വേരോടെ പിഴുതെറിയാൻ അവിടം ഒളിച്ചുവളരുന്ന കൊലയാളിയാണ്.
കൊടും ക്രൂരനാണ്!
അന്ന് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ നിരപരാധികളായ -എനിയ്ക്ക് ചുറ്റുമുള്ളവരെ ഇന്നും വാക്കുകളിൽ വിഷം പുരട്ടി എത്ര പേർ കൊന്നൊടുക്കുന്നുണ്ടാവുമായിരുന്നെന്നത് എന്നിലെ എന്നോട് എത്ര വട്ടം ഞാൻ ചോദിച്ചു കഴിഞ്ഞിരിക്കുന്നു.
ജീവിതത്തിന്റെ അസ്തമയംവരെ ഭംഗിയുള്ള ചുവന്ന ഗോളമായി നില്ക്കാൻ തെറ്റുകൾ തിരുത്തപ്പെടുമ്പോൾ മാത്രമേ നമുക്ക് സാധ്യമാവുകയുള്ളൂ….
ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കാനും അപകീർത്തിപ്പെടുത്താനും ,പുച്ഛിക്കാനും മടിയില്ലാത്തവരുടെ ഇടയിൽ ശ്വാസം പിടിച്ച് നില്ക്കാതെ മുഖമുയർത്തി നിങ്ങൾ സംസാരിച്ചു നോക്കൂ …
ഹൃദയം ചുട്ട് പഴുത്ത് അകമേ പൊട്ടി പിളരുമ്പോഴും ചിരിച്ചു നോക്കൂ ..
സ്വന്തമായുള്ള വേദനകൾ അങ്ങ് ദൂരെയേതോ കുന്നിൻ ചെരുവിൽ മേയാൻ വിട്ട ആട്ടിൻ പറ്റങ്ങളെ പോലെ അലയുന്നുണ്ടാവും …
ഒറ്റയ്ക്കിരിക്കുമ്പോൾ ഒന്ന് കരയാൻ തോന്നുമ്പോൾ അവയെ മാടി വിളിച്ചു നോക്കൂ കൂട്ടം തെറ്റാതെ ഓടിയെത്തുമവ!
അനുഭവിക്കുമ്പോൾ മാത്രം അറിയാൻ കാത്ത് കിടക്കുന്ന ചിലർക്കൊന്നും ഒരിക്കലും അറിയാത്ത എത്രയോ പാഠങ്ങൾ നിങ്ങൾ വായിച്ച് കഴിഞ്ഞില്ലേ…
ആ നിമിഷം തല നിവർത്തി പിടിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ ..
പിന്നെന്തിന് അടച്ചിട്ട മുറിയിലിരുന്ന് കരയണം

ചോദ്യങ്ങളെ സധൈര്യം നേരിടുമ്പോഴാണ് വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉണ്ടാവുക
പതറാതെ ഉത്തരം കൊടുക്കുമ്പോൾ നിങ്ങളറിയും ഞാൻ വിജയിച്ചു കൊണ്ടിരിക്കുകയാണെന്ന്.
പരിഹസിക്കുന്നവരും ,ചതിച്ചവരും ,
വേദനിപ്പിച്ചവരും ,ഹൃദയം പറിച്ചു കൊണ്ട് പോയവരും അങ്ങിനെ ആർക്കുമാർക്കും എന്നെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് ..
അന്തസ്സും ആഭിജാത്യവുമല്ലല്ലോ വ്യക്തിത്വമെന്നത്
തിരിച്ചറിവല്ലേ ….!
മനുഷ്യന് മനുഷ്യനെ മനസിലാക്കാൻ കഴിയുന്നിടത്ത് മുളപൊട്ടുന്ന ഒന്നുമാത്രമല്ലേ അത്.
ആത്മഹത്യ ചെയ്തവന്റെ വീടിന്ന് കല്ലെറിയുമ്പോൾ ,ഒളിച്ചോടി പോയവളുടെ വീടിന്ന് കല്ലെറിയുമ്പോൾ ,അച്ഛനേതെന്നില്ലാത്ത മക്കളെ പരിഹസിക്കുമ്പോൾ ഓർമ്മിക്കണം ഒരു നിമിഷമെങ്കിലും
ഓർത്ത്കരയുന്നവരാണവരെന്ന്,,
ഉറക്കം എന്നെന്നേക്കുമായി നഷ്ടമായവരാണവരെന്ന് ,,ഓർമ്മിക്കാൻ നല്ലതിനെ തേടുന്നവരാണവരെന്ന് കുത്തുവാക്കുകൾ, കുറ്റപ്പെടുത്തലുകൾ ഒന്നിന് വേണ്ടിയായാലും അത് യോഗ്യമല്ലെന്ന്!

ശേഷിയില്ലാത്തവനെ നിശേഷം തകർക്കാൻ കഴിയും,
പക്ഷേ … മനോഹരമായ ഈ ജീവിതം എന്തിന്റെ പേരിലോ കളഞ്ഞ് പോകുമ്പോൾ പകച്ച്നില്ക്കുകയാണവരും !
കരഞ്ഞ് തളർന്നോ .. ,,,പരിഹാസ്യരായോ അവരും വഴി നടക്കുന്നുണ്ട് .
നിങ്ങളിൽ നിന്നും അവർ ഓടിയൊളിയ്ക്കാതിരിക്കാൻ ഒറ്റ ചോദ്യം മതിയല്ലോ ..
സുഖമല്ലേ ….. നിങ്ങൾക്ക്?