അൻപതാം വർഷം നായകനായി തുടരുന്ന ഒരേയൊരു മലയാള നടൻ

0
266

Shamshad Ch

മമ്മൂക്ക നാളെ അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരുപക്ഷേ സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിന്റെ അൻപതാം വർഷം നായകനായി തുടരുന്ന ഒരേയൊരു മലയാള നടൻ. മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അൻപത് വർഷത്തിൽ അധികം സിനിമയിൽ തുടരുന്ന മറ്റൊരു നടൻ മധു സർ ആണ്. പക്ഷേ അദ്ദേഹം നായകനിരയിൽ അല്ല.

1971 ൽ സത്യൻ മാസ്റ്റർ തന്റെ മരണത്തിനു മുൻപ് ഏറ്റവും ഒടുവിലായി അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ഒറ്റ സീനിലൂടെ മലയാളസിനിമയുടെ തിരശീലയിൽ തന്റെ മുഖം പതിപ്പിച്ച ഇരുപതുകാരൻ പയ്യൻ സെറ്റിൽ കിടന്നുറങ്ങുകയായിരുന്ന സത്യൻ മാസ്റ്ററിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് ആ യാത്ര തുടങ്ങിയത്. പക്ഷെ ഒരു ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ സാധിച്ചത് രണ്ടു വർഷങ്ങൾക്ക് ശേഷം 1973 ൽ നസീർ സർ അഭിനയിച്ച ‘കാലചക്ര’ത്തിൽ ആണ്. നസീർ സാറിന്റെ കഥാപാത്രത്തിന് പകരമായി എത്തുന്ന വള്ളക്കാരന്റെ വേഷം ചെയ്ത മമ്മൂക്കയോട് സിനിമയിൽ ആദ്യം നസീർ സർ പറയുന്ന സംഭാഷണം “എനിക്ക് പകരം വന്ന ആളാണല്ലേ?” എന്നായത് യാദൃശ്ചികത. പിന്നെയും വർഷങ്ങൾക്ക് ശേഷം 1979 ൽ മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എംടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിൽ നായകകഥാപാത്രം തന്നെ ചെയ്യാൻ കഴിഞ്ഞെങ്കിലും നിർഭാഗ്യവശാൽ സിനിമ റിലീസ് ചെയ്തില്ല. പിന്നീടാണ് 1980 ൽ എംടി സർ തന്നെ തിരക്കഥ എഴുതിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന സിനിമയിൽ ഉടനീളം ഉള്ള കഥാപാത്രമായി ഒരു പേരോട് കൂടി അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. സിനിമ എന്ന സ്വപ്നത്തെ പിന്തുടർന്ന ആ പയ്യന്റെ സ്വപ്നതുല്യമായ യാത്ര അൻപതു വർഷങ്ങൾക്കിപ്പുറം മലയാളസിനിമയുടെ ചരിത്രം!!

അൻപതു വർഷത്തിനിടെ ചെയ്ത നാനൂറിൽ പരം സിനിമകളിൽ ഒരു ലൈഫ്ടൈം സിനിമ എന്ന നിങ്ങൾക്ക് തോന്നുന്നത്… അതായത് “ഈ ഒരൊറ്റ സിനിമ മാത്രം മതിയല്ലോ മലയാളസിനിമ ഉള്ളടത്തോളം ഈ മനുഷ്യൻ ഓർമ്മിക്കപ്പെടാൻ” എന്ന് തോന്നുന്ന ആ ഒരൊറ്റ സിനിമ ഏതാണ്?