മരട് പ്രശ്നത്തെ മൂലമ്പള്ളി, മുത്തങ്ങ സംഭവങ്ങളോട് താരതമ്യപ്പെടുത്തുന്നവരോട് ഒരു ഡോക്ടർക്ക് പായാനുള്ളത്

487

Dr Shanavas AR

മരട് ഫ്ലാറ്റ് തന്നെ വിഷയം.

ജോൺ ബ്രിട്ടാസ്, ഡോക്ടർ വി പി ഗംഗാധരൻ തുടങ്ങി സമൂഹത്തിന്റെ ഉന്നത സ്ഥാനത്തുള്ളവർക്ക് അവിടെ ഫ്ലാറ്റ് ഉണ്ടത്രേ? അത് കൊണ്ടാണ് സർക്കാർ പൊളിക്കാതിരിക്കുന്നത് എന്ന് കുറച്ചു പേർ അലമുറ ഇടുന്നുണ്ട്.

അത് പോലെ മൂലമ്പള്ളി, മുത്തങ്ങ എന്നിവ പൊക്കി കൊണ്ട് കുറച്ചു പേർ വന്നിട്ടുണ്ട്.

ഞാനും ഒരു ഫ്ലാറ്റ് ഉടമയാണ്. ഫ്ലാറ്റ് എന്നല്ല ഏത് പ്രോപ്പർട്ടി വാങ്ങുമ്പോഴും ചെയ്യുന്നത് ബാങ്ക് ലോണിന് അപ്ലൈ ചെയ്യുക എന്നതാണ്. ബാങ്കുകൾ എന്റെ ഇൻകം ടാക്സ് റിട്ടേൺ, കെ വൈ സി (know your customer ), വാങ്ങുന്ന പ്രോപ്പർട്ടിയുടെ ആധാരം, മുൻ ആധാരം, മുൻ മുൻ ആധാരം, ലൊക്കേഷൻ, പൊസഷൻ, ഭൂമി കരം അടച്ചത്, ബിൽഡിംഗ്‌ ടാക്സ്, സ്കെച്ച്, 33 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ്, തണ്ടപ്പേർ രജിസ്റ്റർ, കോർപറേഷൻ അപ്പ്രൂവ്ഡ് ബിൽഡിങ് പ്ലാനും പെർമിറ്റും, ടിസി നമ്പർ, കറന്റ്‌ ബിൽ, വാട്ടർ ബിൽ, ഒക്ക്യൂപെൻസി സർട്ടിഫിക്കറ്റ് മുതലായവ വാങ്ങി (ഇനി ചോദിക്കാൻ അണ്ടർ വെയറിന്റെ സൈസ് മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ ) എന്നിട്ട് ഒരു അഡ്വക്കേറ്റിന്റെ ലീഗൽ അഭിപ്രായം എടുക്കാൻ വിടും. പിന്നെ അദ്ദേഹത്തിന്റെ വക കുറെ ഡോക്യൂമെന്റസ്. സത്യം പറഞ്ഞാൽ സഹി കെട്ട് പോകും. ഒടുവിൽ ലോൺ പാസ്സാക്കുമ്പോൾ നമ്മൾ ഒരു ഇൻഷുറൻസ് കൂടി എടുക്കണം – ലോൺ അടക്കുന്ന സമയത്തു നമ്മൾ എങ്ങാനും വടി ആയി പോയാലും ബാങ്കിന് പൈസ കിട്ടണമല്ലോ, അതിന് വേണ്ടി.

ഇങ്ങനെ എല്ലാ കടമ്പകളും കഴിഞ്ഞു ബാങ്ക് ലോൺ പാസ്സാക്കിയ ഒരു പ്രോപ്പർട്ടി വാങ്ങാൻ പിന്നെയും അന്വേഷിക്കണം എന്ന് ഉളുപ്പില്ലാതെ തട്ടി വിടുന്ന കിഴങ്ങന്മാരോട് ഒന്നും പറയാനില്ല.

പിന്നെ 2006 ൽ സി ആർ ഇസഡ് (കോസ്റ്റൽ റഗുലേഷൻ സോൺ) വിജ്ഞാപനത്തിലെ നിർദേശങ്ങളെ കുറിച്ച് എത്ര പേർക്ക് അറിവുണ്ടാകും? ഇപ്പോഴും അതിനെ കുറിച്ച് ആർക്കും വലിയ ധാരണയില്ല എന്നുള്ളതാണ് വാസ്തവം. (വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചു മാത്രം കെട്ടിട നിർമാണാനുമതികൾ നൽകാവൂ എന്നു കാണിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേരള കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റിയുടെ സർക്കുലർ വരുന്നത് തന്നെ 2006 ജൂൺ 17 ന് ആണ് ). മാത്രവുമല്ല രജിസ്ട്രേഷൻ ഫീസും നികുതിയും ഗവണ്മെന്റ് വാങ്ങുകയും ചെയ്തു.

2006ൽ ഫ്ലാറ്റ് കെട്ടാൻ പ്ലാൻ ഇടുമ്പോൾ തന്നെ ബ്രോഷർ അടിച്ചു പൈസ പിരിക്കുന്ന സമയമാണ് -അതായത് വെറും പേപ്പറിൽ മാത്രമുള്ള ഒരു പ്രോജെക്ടിന് പൈസ പിരിക്കുന്നു. സ്വാഭാവികമായും അപ്പോൾ ബുക്ക്‌ ചെയ്താൽ പൈസ കുറവായിരിക്കും. അത് കൊണ്ട് തന്നെ അന്ന് ഒരു 2 ബെഡ്‌റൂം ഫ്‌ളാറ്റിന് 25 ലക്ഷം അത്ര കുറവായിരുന്നു എന്ന് തോന്നുന്നില്ല. ജോൺ ബ്രിട്ടാസും ഡോക്ടർ വി പി ഗംഗാധരനും മറ്റുള്ളവരും അധ്വാനിച്ചു ഇൻകം ടാക്സ് അടച്ചുള്ള പൈസയും ലോൺ എടുത്തും ഫ്ലാറ്റ് വാങ്ങുന്നത് ഒരു ക്രിമിനൽ കുറ്റമാണോ? അവർ കള്ള പണവും നികുതി വെട്ടിച്ചും പൈസ ഉണ്ടാക്കാത്തിടത്തോളം ഫ്ലാറ്റ് വാങ്ങാൻ ഒരു തടസ്സവുമില്ല. പ്രത്യേകിച്ചും മുകളിൽ പറഞ്ഞ എല്ലാ ഡോക്യൂമെന്റസും ഉള്ളപ്പോൾ. ഇനിയും ആർകെങ്കിലും അങ്ങനെ തോന്നിയാൽ അതിനു മലയാളത്തിൽ പറയുന്ന വാക്കുകൾ ആണ് അസൂയ, കുശുമ്പ് മുതലായവ.

ഓർക്കുക ഹൈ കോടതി പോലും അനുകൂല വിധി പറഞ്ഞ ഒരു കേസാണിത്.

അടുത്തത് മൂലമ്പള്ളി, മുത്തങ്ങ എന്നിവ പൊക്കി കൊണ്ട് വരുന്നതാണ്.

വല്ലാര്‍പാടം ടെര്‍മിനലിലേക്കുള്ള നാലുവരി പാതയ്ക്കായിയാണ് മൂലമ്പള്ളി ഒഴിപ്പിക്കൽ നടന്നത്. പദ്ധതി ഉപയോഗപ്പെടുത്തണമെങ്കില്‍ അവിടേക്ക് റോഡു വേണം . വായുവില്‍ കൂടി റോഡ് പണിയാനാവില്ല. അതിനു ഭൂമി വേണം .ആളുകളെ കുടിയൊഴിപ്പിച്ചേ പറ്റൂ.
വേറെ സ്ഥലത്തു പുനരധിവസിപ്പിക്കാമെന്നു സര്‍ക്കാര്‍ പറഞ്ഞതാണ്. ന്യായമായ പ്രതിഫലം കൊടുക്കാം എന്നും പറഞ്ഞു. ആ പ്രതിഫലം ഭൂരിപക്ഷത്തിനു സ്വീകാര്യമായിരുന്നു. കുറച്ചു പേര്‍ പിന്നെയും എതിര്‍ത്തു. അത് പോലെ എന്തെങ്കിലും വികസനത്തിനായി ഒഴിപ്പിക്കണമെങ്കിൽ അത് ചെയ്തേ പറ്റൂ. വികസനത്തിനായി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു ഭൂരിപക്ഷത്തിന് സ്വീകാര്യമായ പ്രതിഫലം നൽകി ഒഴിപ്പിക്കുന്നതും മരട് ഫ്ലാറ്റും എങ്ങനെ ഒന്നാകും?

ആദിവാസികൾക്ക് സ്വന്തമായി സ്ഥലവും സഹായവും നൽകാത്തതിൽ പ്രതിഷേധിച്ച് ആദിവാസി നേതാവ് ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ മുത്തങ്ങയിലെത്തി വനഭാഗം കയ്യേറി അവരുടെ ഊര്‌ സ്ഥാപിച്ചു. അത് കയ്യേറ്റം ആണ്. അത് പട്ടയം , ലൊക്കേഷൻ, പൊസഷൻ, ഭൂമി കരം അടച്ചത്, ബിൽഡിംഗ്‌ ടാക്സ്, സ്കെച്ച്, ബാധ്യത സർട്ടിഫിക്കറ്റ്, തണ്ടപ്പേർ രജിസ്റ്റർ ഒന്നുമില്ലാത്ത വെറും കയ്യേറ്റം. അതും എല്ലാ സർക്കാർ മെഷീനറിയും നൽകിയ സർട്ടിഫിക്കറ്റ് ഉള്ള മരട് ഫ്ലാറ്റും എങ്ങനെ ഒന്നാകും? ഇനി മുത്തങ്ങയിൽ ആദിവാസികൾക്ക് പട്ടയം കിട്ടിയിരുന്നു എങ്കിൽ അത് ഒഴിപ്പിക്കരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

പറഞ്ഞു വന്നത് ഇതാണ് – അതായത് ഇവിടെ ഫ്ലാറ്റ് വാങ്ങിയവർ അല്ല കുറ്റക്കാർ. അതിനു അനധികൃതമായി അനുമതി നൽകുകയും ആവശ്യമായ എല്ലാ സെർടിഫിക്കറ്റ്കളും നൽകിയ വിവിധ ഗവണ്മെന്റ് ഏജൻസികളാണ് കുറ്റക്കാർ. പിന്നെ അവരെ സ്വാധീനിച്ചു ചെയ്യിച്ച ബിൽഡർമാരും. അനുകൂല വിധി നൽകിയ ഹൈകോടതിയും ഇതിന് തണലേകി. കുറ്റക്കാർക്ക്‌ അല്ലേ ശിക്ഷ കൊടുക്കേണ്ടത്?

Dr SHANAVAS A R